ജാതി സെൻസസിന് വിരുദ്ധമായിട്ടുള്ള നിലപാടുകളാണ് ഇക്കഴിഞ്ഞ വർഷങ്ങളിലായി കേന്ദ്ര സർക്കാർ സ്വീകരിച്ച് പോന്നിട്ടുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ രാജ്യത്തെ പൊതുസെൻസിന് ഒപ്പം ജാതി സെൻസസ് കൂടി നടത്താനുള്ള തീരുമാനവുമായി രംഗത്തു വന്നിരിക്കയാണ് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി സര്‍വേയാണെന്നും ജാതി സെന്‍സസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്രത്തിനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞത്
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പലപ്പോഴായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അപ്പോഴൊക്കെ ഈ ആവശ്യത്തോട് മുഖം തിരിഞ്ഞുള്ള സമീപനമാണ് ബിജെപി സ്വീകരിച്ചത്. ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്ന ആരോപണങ്ങളുമുയരുന്നുണ്ട്. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന നിലപാടുകളാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നതും. ഈ ചർച്ചകൾക്കിടയിൽ ജാതി സെൻസസ് എന്താണെന്ന ചോദ്യവുമുയരുന്നുണ്ട്.
എന്താണ് ജാതി സെൻസസ് ?
ജാതി അടിസ്ഥാനത്തിലുള്ള ആളുകളുടെ എണ്ണത്തെയാണ് ജാതി സെൻസസെന്ന് പറയുന്നത്. എണ്ണം എന്നതിനപ്പുറത്തേക്ക് ഓരോ വിഭാഗവും കൈയടക്കി വച്ചിരിക്കുന്ന അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും ഇതിൽ ഉൾപ്പെടുന്നു. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകൾ വിഭവങ്ങളുടെ വിതരണം എന്നിവയെക്കുറിച്ചെല്ലാം സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കുന്നു.
സ്വതന്ത്ര ഇന്ത്യയിലെ 1951 മുതല്‍ 2011 വരെയുള്ള ഓരോ സെൻസസിലും പട്ടിക ജാതി വർഗ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാം. എന്നാൽ മറ്റു ജാതികളെക്കുറിച്ച് അത്തരം സ്ഥിതി വിശേഷങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 1931 വരെയുള്ള സെൻസെസിൽ ഈ വിവരങ്ങളെല്ലാം അടങ്ങിയിരുന്നു. ഇന്ത്യയില്‍ ലഭ്യമായ ജാതി സെന്‍സസ് ഡാറ്റ 1931ലെ സെന്‍സസിലേതാണ്. 1941ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന്റെ അവസാന സെന്‍സസില്‍ ജാതി ഡാറ്റ ശേഖരിച്ചിരുന്നുവെങ്കിലും കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല. സ്വാതന്ത്ര്യത്തിനുശേഷം, സെന്‍സസ് 1951 – കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാരുടെ മാത്രം ജാതി വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. ജാതി അടിസ്ഥാനത്തിൽ കൃത്യമായ ഒരു കണക്കില്ലാത്തത് കൊണ്ട് ഒബിസി വിഭാഗത്തിന്റെ ജനസംഖ്യ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. മണ്ഡല്‍ കമ്മീഷന്‍ ഒബിസി ജനസംഖ്യ 52 ശതമാനമായി കണക്കാക്കിയിരുന്നു.
ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യം പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഈ ആവശ്യത്തിനെതിരെ മുന്നോക്ക വിഭാഗം പലപ്പോഴായി എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിതീഷ് കുമാർ യാദവിന് പുറമേ ബിജെപി നേതാവായ പങ്കജ് മുണ്ഡേയടക്കം പലരും ഈ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇതിനെ തുടർന്ന് ഒബിസി വിഭാഗത്തിന്റെ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഉത്തരവിട്ടെങ്കിലും പുരോഗതിയുണ്ടായില്ല. സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസിന്റെ (SECC) ഭാഗമായി 2011ലെ സെന്‍സസില്‍ ജാതി വിവരങ്ങൾ ശേഖരിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഡാറ്റ ഒരിക്കലും പുറത്തുവിട്ടിരുന്നില്ല.
സെൻസസിനോടുള്ള സംഘപരിവാർ സമീപനം
ജാതി സെൻസസിനോട് അനുകൂലമായ സമീപനമല്ല, ബി.ജെ.പി.യും കേന്ദ്ര സർക്കാരും ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പ്രധാന ഘടകകക്ഷികളായ ജെ.ഡി.യു., ടി.ഡി.പി. എന്നിവർ അനുകൂലമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെ രാഷ്ട്രീയ വത്കരിച്ച് ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കേന്ദ്ര സർക്കാർ തന്നെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി സെൻസസ് നടപ്പിലാക്കുമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2023ൽ നിതീഷ് കുമാർ യാദവിന്റെ നേതൃത്വത്തിൽ ബീഹാറിൽ ജാതി സെൻസസ് പൂർത്തിയാക്കിയത് ബിജെപിയ്ക്ക് തിരിച്ചടിയായി തീർന്നിരുന്നു. 2024 തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരെ കോൺഗ്രസ് പ്രചരാണായുധമാക്കിയതും ഇതേ വിഷയം തന്നെ. ഇതോടെ സെൻസസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലുമായി ബിജെപി. ഈ തിരിച്ചറിവാകാം ജാതി സെൻസസെന്ന ആശയം നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചതെന്ന് കരുതാം.
content summary: The central government has decided to include caste data in the upcoming population census
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.