April 25, 2025 |

അദാനിക്ക് സമന്‍സ് അയക്കണം, അമേരിക്കന്‍ അനുകൂല നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍

യുഎസ് സെൻട്രൽ അതോറിറ്റിയിൽ നിന്ന് ലഭിച്ച സമൻസ് അഭ്യർത്ഥന പരിഗണനയിലാണെന്നും കേന്ദ്രം പറഞ്ഞു.

അദാനി കേസിൽ യുഎസിന് അനൂകൂലമായി പ്രതികരിച്ച് കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം. കേസിൽ അദാനിക്ക് സമൻസ് അയക്കാൻ അ​ഹ്മ​ദാ​ബാ​ദ് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യോ​ട് കേന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ നിന്ന് അയച്ച സമൻസ് ​അഹമ്മദാബാദ് സെഷൻസ് കോടതിയിലേക്ക് നൽകിയിരുന്നുവെന്ന്  കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ അതോറിറ്റിയിൽ നിന്ന് ലഭിച്ച സമൻസ് അഭ്യർത്ഥന പരിഗണനയിലാണെന്നും കേന്ദ്രം പറഞ്ഞു. 1965 ലെ ഹേഗ് കൺവെൻഷൻ ഫോർ സർവീസ് ഓഫ് ജുഡീഷ്യൽ ആൻഡ് എക്സ്ട്രാജുഡീഷ്യൽ ഡോക്യുമെന്റ്സ് ഇൻ സിവിൽ ആൻഡ് കൊമേഴ്‌സ്യൽ മാറ്റേഴ്‌സ് പ്രകാരമായിരിക്കും സമൻസ് പരി​ഗണിക്കുകയെന്ന് ഹിന്ദു റിപ്പോർട്ട് ചെയ്തു.

രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹേ​ഗ് കൺവൻഷനുമായി യോജിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് സമൻസിലേതെന്ന് വ്യക്തമായത്. സെഷൻസ് കോടതിയിലേക്ക് അയച്ച കത്തിലെ തിയതി ഫെബ്രുവരി 25 ആണ്. വിദേശത്ത് ഫയൽ ചെയ്യുന്ന കേസുകളിൽ നിയമപരമായ രേഖകൾ നൽകുന്നതിന് സഹായം ആവശ്യപ്പെട്ട് രാജ്യങ്ങൾക്ക് പരസ്പരം ഒരു ഏജൻസിയോട് നേരിട്ട് അഭ്യർത്ഥിക്കാൻ അനുമതി നൽകുന്ന സംവിധാനമാണ് ഹേഗ് കൺവെൻഷൻ. കൈക്കൂലി കേസിൽ ​ഗൗതം അദാനിയ്ക്കും അനന്തിരവനും സമൻസ് അയക്കുന്നതിൽ നിയമ മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷൻ പറഞ്ഞിരുന്നു. എന്നാൽ കൈക്കൂലി കേസിൽ യുഎസ് നിയമസഹായം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഇന്ത്യൻ നിയമ മന്ത്രാലയം ഇതിന് മറുപടി നൽകിയത്. നിയമ സഹായം തേടിയിരുന്നതായി എസ്ഇസി ന്യൂയോർക്ക് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ എസ്ഇസി അവകാശപ്പെടുന്ന സമയത്തോ മൂന്ന് ദിവസത്തിനുള്ളിലോ സഹായ അഭ്യർത്ഥനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നിയമകാര്യ വകുപ്പ് പറഞ്ഞു. യുഎസിലെ സോളാ‌‍ർ പ്രോജക്റ്റുമയി ബന്ധപ്പെട്ട് കൈക്കൂലി ആരോപണത്തിൽ എസ്ഇസിയാണ് ​ഗൗതം അദാനിയ്ക്കും അനന്തരവൻ സാ​ഗ‍ർ അദാനിയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തത്. അദാനി ഗ്രീനിനും അസൂർ പവറിനും ഗുണം ചെയ്യുന്ന തരത്തിൽ മാർക്കറ്റ് വിലയ്ക്ക് മുകളിലുള്ള നിരക്കിൽ ഊർജ്ജം വാങ്ങാനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് വലിയ തുക നൽകിയ വിവരം അമേരിക്കൻ നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചതായി ആരോപിച്ചാണ് കേസ്. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് നടക്കുന്നത്.

ദി ഹിന്ദുവിന് മുമ്പ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ സമൻസ് അപേക്ഷ ലഭിച്ചതായോ അയച്ചതായോ സ്ഥിരീകരിക്കാൻ ഡിഎൽഎ വിസമ്മതിച്ചിരുന്നു. ഈ കേസ് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നെങ്കിലും , പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള യുഎസിലെ പുതിയ ഭരണകൂടം 1977 ലെ ഫോറിൻ കറപ്റ്റ് പ്രാക്ടീസെസ് ആക്റ്റിൽ ഭേദ​ഗതി വരുത്തിയത് അദാനിയ്ക്ക് ​ഗുണം ചെയ്തിരുന്നു. ഗൗതം അദാനിയെയും അനന്തിരവനെയും രക്ഷിക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. യുഎസിൽ ബിസിനസ് പുനരാരംഭിക്കാനുള്ള നടപടികൾ അദാനി ഗ്രൂപ്പ് പുനരാരംഭിച്ചതായി ഫിനാൻഷ്യൽ ടൈംസ് അടുത്തിടെ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ അദാനി വിഷയം ഉയർന്നുവന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഫെബ്രുവരിയിൽ മോദിയുടെ യുഎസ് സന്ദ‍‍‍ർശനത്തിനിടയിൽ ഒരു റിപ്പോർട്ടർ ഈ വിവരം ചോദിച്ചപ്പോൾ, ലോക നേതാക്കൾ കണ്ടുമുട്ടുമ്പോൾ അത്തരം വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല എന്നായിരുന്നു മോദിയുടെ മറുപടി.

content summary: The Centre requests Gujarat court to deliver U.S. summons to Gautam Adani.

Leave a Reply

Your email address will not be published. Required fields are marked *

×