February 14, 2025 |
Share on

എച്ച് ആന്റ് എമ്മിനും സാറക്കും എതിരാളി; അജിയോ വെബ്സൈറ്റിലൂടെ തിരിച്ചുവരവിനൊരുങ്ങി ഷെയിൻ

ടിക് ടോക്കിന് ശേഷം അതിവേഗം വളരുന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് ഷെയിൻ

നാലര വർഷത്തെ വിലക്കിന് ശേഷം റിലയൻസ് റീടെയിലുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി ചൈനീസ് ഫാസ്റ്റ് റീടെയിലർ ഷെയിൻ. 2020 ജൂൺ 29ന് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ച 200 ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ ഷെയിനുമുണ്ടായിരുന്നു.

റിലയൻസിൻ്റെ ഫാഷൻ വെബ്‌സൈറ്റായ അജിയോ ഡോട്ട് കോമിലെ പരീക്ഷണ ലോഞ്ചിലൂടെയാണ് ഷെയ്ൻ തിരിച്ചുവരവ് നടത്തുന്നത്. കാഷ്വൽ പാശ്ചാത്യ വസ്ത്രങ്ങളിലാകും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റ് റിലയൻസ് പ്ലാറ്റ്‌ഫോമുകളിലേക്കും ഷെയിൻ എത്തുമെന്നാണ് സൂചന.

നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെയ്ൻ, ഫാഷൻ വിപണിയിൽ ടാറ്റയുടെ സുഡിയോ, ഫ്ലിപ്കാർട്ടിൻ്റെ മിന്ത്ര തുടങ്ങിയ ബ്രാൻഡുകൾക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷമാണ് റിലയൻസ് റീട്ടെയിൽ ഷെയിനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

2024 സെപ്റ്റംബറിൽ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഫാഷൻ വെബ്‌സൈറ്റായി ഷെയിൻ മാറി. ആ​ഗോള വെബ് ട്രാഫിക് ഉയർന്നതോടെ നൈക്കി, എച്ച് ആൻഡ് എം, സാറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെയും ഷെയിൻ മറികടന്നു. ഷെയിനിന്റെ ഉപയോക്താക്കളുടെ എണ്ണം അതിവേ​ഗം വളരുകയായിരുന്നു. ഷെയിനിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുന്ന ഉപയോക്താക്കൾ ജനുവരി മുതൽ ഓഗസ്റ്റ് വരെ ഏകദേശം 40% വർദ്ധിച്ചു. ടിക് ടോക്കിന് ശേഷം അതിവേഗം വളരുന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് ഷെയിൻ.

ഷെയിൻ, തെമു തുടങ്ങിയ ഡിസ്‌കൗണ്ട് റീട്ടെയിലർമാരുമായി മത്സരിക്കുന്നതിനായി ആമസോൺ 20 ഡോളറിന് താഴെയുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കുറഞ്ഞ നിരക്കിലുള്ള ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. ഷെയ്‌നിൻ്റെ പ്രധാന യുഎസ് ഉപഭോക്താക്കൾ യുവതികളാണ്. ഉത്പന്നങ്ങൾക്ക് കുറഞ്ഞ വില ഈടാക്കി കൊണ്ട് ഷെയ്‌നിൻ്റെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ഇപ്പോൾ ആമസോണിന്റെ ലക്ഷ്യം.

ഫ്രഞ്ച് ഉപഭോക്തൃ പ്രസിദ്ധീകരണമായ എൽഎസ്എയുടെ അഭിപ്രായത്തിൽ, 2023 ലെ ഫ്രാൻസിലെ ഷെയ്‌നിൻ്റെ വിൽപ്പന എച്ച് ആൻഡ് എം, പ്രിമാർക്ക്, കിയാബി എന്നിവയെ മറികടന്നു. സാറയ്ക്ക് ശേഷം രണ്ടാമത്തെ വലിയ ഫാഷൻ ബ്രാൻഡായി ഷെയിൻ
മാറി.

2024 അവസാനത്തോടെ, ഷെയിനിൻ്റെ ഫ്രഞ്ച് വിൽപ്പന സാറയെ മറികടന്നതായാണ് കരുതപ്പെടുന്നത്. റിലയൻസ് റീട്ടെയ്‌ലും റോഡ്‌ജെറ്റ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡും ഒരു പ്രാദേശിക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുന്നതിന് പങ്കാളികളായി, ഇന്ത്യൻ നിർമ്മാതാക്കളെയും വിതരണക്കാരെയും ഷൈൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ബന്ധിപ്പിക്കുന്നു. ഷെയ്‌നിൻ്റെ ഇന്ത്യൻ പ്ലാറ്റ്‌ഫോം ഡാറ്റ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സ്ഥിരീകരിച്ചു. ടെക്‌സ്‌റ്റൈൽ മന്ത്രാലയവും മറ്റ് മന്ത്രാലയങ്ങളും റിലയൻസ് റീട്ടെയിലിൻ്റെ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്.

Content Summary: The Chinese brand challenging Zara and H&M now arriving on Reliance’s Ajio website
Ajio Reliance Retail Zara H&M

×