കൊച്ചിന്‍ കസ്റ്റംസ് കഥകളുടെ ലോകമാണ്. തിരമാലയും കടലും കടല്‍ത്തീരവും പായുന്ന ലോഞ്ചുകളും ബോട്ടുകളും മുഴങ്ങുന്ന കപ്പല്‍ സൈറണും, ഉദയവും അസ്തമയവും, സ്വര്‍ണ്ണവും മയക്കുമരുന്നും പകയും ചതിയും സംശയവും, ജീവിതവും മരണവും നിറഞ്ഞ കഥകളുടെ ലോകം.
ആദ്യ ഭാഗം ഇവിടെ വായിക്കാം;ദി കൊച്ചിന്‍ കണക്ഷന്‍: ലഹരി, സെക്‌സ്, പക, ചതി
ഇംഗ്ലണ്ടിന്റെ മണ്ണില്‍ കാല് കുത്താതെ ഇന്ത്യയില്‍ ഇരുന്ന് ഫോണും ഫാക്‌സും വഴി കേസ് നടത്തി വിജയിച്ച്, ലണ്ടനിലെ ഒരു പ്രസാധകനെ മാപ്പ് പറയിച്ച് കൊച്ചി കസ്റ്റംസിന്റെ അഭിമാനം വീണ്ടെടുത്ത കഥയാണ് ഇത്. നാലര കൊല്ലം നീണ്ട ഈ നിയമയുദ്ധം നടത്തിയ അച്യുതമേനോനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ഇന്ത്യന്‍ നിയമചരിത്രത്തില്‍ പുതിയ വിജയക്കുറിപ്പെഴുതി. ഈ സംഭവത്തില്‍ ഇന്ത്യന്‍ കോടതികള്‍ ഇടപ്പെട്ടില്ലെങ്കില്‍ പോലും ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു കേസാണ് ഈ നിയമ പോരാട്ടം. എവിടേയും എന്നും മുന്നോട്ട് വെയ്ക്കാവുന്ന ഒരു മാതൃകയുമാണ്.
1987 ഒക്ടോബര്‍. തന്റെ വിശ്രമ ജീവിതം എറണാകുളത്തെ കാരിക്കാമുറിയിലെ വസതിയില്‍ ശാന്തമായി ചിലവിട്ടിരുന്ന അച്യുതമേനോന്റെ ജീവിതത്തിലേക്ക് കാറ്റും കോളുമായി പുതിയൊരു സംഭവം കടന്നു വന്നു. 1987 ഒക്ടോബറില്‍ ലണ്ടനില്‍ പുതിയതായി ഇറങ്ങിയ ‘The Cochin Connection ‘ – Two against Drug Trade’ എന്ന പുസ്തകം യാദൃശ്ചികമായി അച്യുതമേനോന്റെ കയ്യിലെത്തി, വായന തുടങ്ങിയപ്പോഴാണ് താനും കൊച്ചി കസ്റ്റംസുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന പശ്ചാത്തലമാണ് പുസ്തകത്തിന്റെതെന്ന് മേനോന്‍ അറിഞ്ഞത്. പഴയ മയക്കുമരുന്നു കേസിലെ കൂട്ടാളികളായ ഓസ്‌ട്രേലിയക്കാരന്‍ ബ്രയാന്‍ മില്‍ ഗേറ്റും കാമുകിയായ ആലീസണുമൊത്ത് എഴുതിയ കൊച്ചിന്‍ കണക്ഷന്‍ അച്യുതമേനോനെയും വേണുഗോപാലിനെയും, സര്‍വത്ര അപകീര്‍ത്തിപ്പെടുത്തുന്ന വസ്തുതകള്‍ നിറഞ്ഞ ഒരു പുസ്തകമായിരുന്നു. ആത്യന്തികമായി കൊച്ചിന്‍ കസ്റ്റംസിന്റെ അഴിമതികള്‍ പച്ചയ്ക്ക് വെളിപ്പെടുന്ന വിവരണങ്ങളായിരുന്നു ആ പുസ്തകത്തില്‍.
സത്യസന്ധമായ വിവരണം എന്ന ലേബലില്‍ ലണ്ടനിലെ ചാറ്റോ ആന്‍ വിന്‍ഡസ് എന്ന പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം സര്‍വത്ര കൊച്ചി കസ്റ്റംസിനെ കരിതേയ്ക്കുന്ന കെട്ടുകഥകളായിരുന്നു. ബ്രയാന്റെ പഴയ നുണകള്‍ മനോഹരമായി എഴുതിയ അതിലെ സംഭവങ്ങളും അതിന്റെ ആഖ്യാനശൈലിയും അഗതാ ക്രിസ്റ്റിയുടെയുടേയും ജെയിംസ് ഹാഡ്ലി ചെയ്‌സിനേയും വെല്ലുന്നതായിരുന്നു.
വലിയൊരു കള്ളക്കടത്തു കേന്ദ്രമാണ് കൊച്ചി എന്നാണ് ഈ പുസ്തകം സ്ഥാപിക്കുന്നത്. കൊച്ചിയില്‍ ധാരാളം ഹൈറോയിന്‍ ഫാക്ടറികള്‍ ഉണ്ടെന്നും ഇതിന്റെയെല്ലാം പിറകില്‍ ജെയിംസ് ചാള്‍സ് ഹോവാര്‍ഡ് എന്ന അധോലോക നായകനാണെന്നും കൊച്ചി കസ്റ്റംസിന്റെ അവിഹിതമായ സഹായം കൊണ്ടാണ് ഇയാള്‍ ഈ വന്‍ കള്ളക്കടത്ത് നടത്തുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. കൊച്ചി കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥമാരായ അഡീഷണല്‍ കളക്ടര്‍ വേണുഗോപാലും സൂപ്രണ്ടായ അച്യുതമേനോനും ഭീമമായ തുക കൈക്കൂലി വാങ്ങിയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും കൊച്ചിന്‍ കണക്ഷന്‍ വെളിപ്പെടുത്തി. കോഴിക്കോട് അസിസ്റ്റണ്ട് കളക്ടറായിരിക്കെ കൈക്കൂലി കേസില്‍ പിടിക്കപ്പെട്ട വേണുഗോപാലനെ അഡീഷ്ണല്‍ കളക്ടറായി തരംതാഴ്ത്തിയാണ് കൊച്ചിയിലേക്ക് മാറ്റിയതെന്നും ബ്രയാന്‍ എഴുതി വിട്ടിരുന്നു(ഇന്ത്യന്‍ കസ്റ്റംസില്‍ അസിസ്റ്റന്റ് കളക്ടറെക്കാള്‍ ഉയര്‍ന്ന പദവിയാണ് അഡീഷണല്‍ കളക്ടര്‍ എന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ബ്രയാനില്ലായിരുന്നു).
ജിം ഹോവാര്‍ഡിന്റെ മയക്കുമരുന്നു കള്ളക്കടത്തിനെ കുറിച്ച് വിവരം നല്‍കിയ ബ്രയാനെ ഈ രണ്ട് ഉദ്യോഗസ്ഥമാരുടെ നേതൃത്വത്തില്‍ കൊച്ചി കസ്റ്റംസ് നിരന്തരം വേട്ടയാടിയെന്നും. ഗുണ്ടകളെ അയച്ച് തന്റെ നൗകയായ ടൈഗര്‍ റാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് തന്നെ കുടുക്കാന്‍ നോക്കിയെന്നും. കൊച്ചി കസ്റ്റംസിന്റെ ഉപദ്രവം കലശലായപ്പോള്‍ താന്‍ ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ക്ക് പരാതി അയച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം കൊച്ചിയിലെത്തി കസ്റ്റംസ് ഓഫീസില്‍ ചെന്ന് വേണുഗോപാലിനെ ചെന്ന് കണ്ട് നടപടിയൊന്നുമെടുക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങിയപ്പോഴാണ് ഇവരെല്ലാം ഹോവാര്‍ഡിനെ സഹായിക്കാന്‍ ഒറ്റക്കെട്ടാണെന്ന് മനസ്സിലായതെന്നും ബ്രയാന്‍ എഴുതി.
ഗത്യന്തരമില്ലാതെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറെ കണ്ട് പരാതി നല്‍കാന്‍ മദ്രാസിലേക്ക് പോയ തന്നെ പിന്‍തുടര്‍ന്ന് കൊച്ചി കസ്റ്റംസ് വിട്ട ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും താന്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി ഒരു ട്രക്കില്‍ കയറി രക്ഷപ്പെട്ടെന്നും. ട്രക്കിനെ പിന്‍തുടര്‍ന്ന കസ്റ്റംസിന്റെ ജീപ്പിലിരുന്ന് കഷണ്ടിത്തലയനായ അച്യുതമേനോന്‍ ഉന്നം വെച്ച് തോക്കെടുത്ത് തന്നെ വെടി വെച്ചെന്നും ഭാഗ്യം കൊണ്ട് താന്‍ രക്ഷപ്പെട്ടെന്നും മദാസ് റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ എത്തി പരാതി നല്‍കിയെങ്കിലും അവരും യാതൊരു നടപടിയും എടുക്കാതെ തന്നെ തിരിച്ചയച്ചെന്നും പുസ്തകത്തില്‍ എഴുതി. ഹോളിവുഡ് സിനിമാ സ്റ്റെലില്‍ എഴുതിയ ഈ സാഹസിക കഥ ആര് വായിച്ചാലും വിശ്വസിക്കുന്ന ആഖ്യാനമായിരുന്നു. നൗകയില്‍ ലോകം ചുറ്റിയ സാഹസികാനുഭവം ബ്രയാന്‍ മില്‍ ഗേറ്റിന് വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ ഇത്തരം കഥകള്‍ പറയാന്‍ നല്ല കഴിവായിരുന്നു.
ഇത്തരം സാങ്കല്‍പ്പിക കഥകള്‍ കൊണ്ട് നിറഞ്ഞ കൊച്ചിന്‍ കണക്ഷന്‍ 1987 ചാറ്റോ ആന്റ് വിന്‍ഡസ് ലിമിറ്റഡ് ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. 11.95 പൗണ്ട് ആയിരുന്നു അന്ന് വില (ഇന്നത്തെ 1176 രൂപ) എന്നിട്ടും പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. ഒരു കൊല്ലത്തിന് ശേഷം പേപ്പര്‍ ബാക്ക് എഡിഷനും പുറത്ത് വന്നു. മയക്കുമരുന്ന് ലോകത്തിലെ ‘കുറ്റ കൃത്യങ്ങളുടെ കഥയായതിനാല്‍ പുസ്തകം നല്ല പ്രചാരം നേടി.
സത്യസന്ധമായ വിവരണം എന്ന് പുസ്തകത്തിന്റെ കവറില്‍ ആലേഖനം ചെയ്ത കൊച്ചിന്‍ കണക്ഷനില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന അച്യുതമേനോനും വേണുഗോപാലും ഈ പുസ്തകത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തീരുമാനിച്ചു. ഈ കേസ് ഒരു അഗ്നിപരീക്ഷണമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ, വന്‍ തുക കോടതിച്ചിലവ് വരുന്ന ഈ മാനനഷ്ട കേസുമായി മുന്നോട്ടു പോകാന്‍ ഇരുവരും തീരുമാനിച്ചു. വേണുഗോപാല്‍ മധുരയില്‍ കളക്ടര്‍ ഓഫ് സെന്‍ട്രല്‍ എക്‌സ്സൈസായി ജോലി നോക്കുകയായിരുന്നു. മേനോന്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞിരുന്നെങ്കിലും കേസിന്റെ തെളിവുകളെല്ലാം കൊച്ചി കസ്റ്റംസില്‍ നിന്ന് എടുപ്പിച്ചു. കോടതിച്ചിലവ് പങ്കു വെയ്ക്കാം എന്ന ധാരണയില്‍ ഇരുവരും ഒരു നിയമയുദ്ധത്തിന് തയ്യാറായി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം മനോവിഷമം ഇരുവര്‍ക്കുമുണ്ടാക്കിയതിനാല്‍ എന്ത് വില കൊടുത്തും പോരാടാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.
അതിനിടയില്‍ മറ്റൊരു സംഭവം നടന്നു. കൊളംബിയ പിക്‌ചേഴ്‌സ് ‘കൊച്ചിന്‍ കണക്ഷന്‍’ അടിസ്ഥാനമാക്കി കൊച്ചിയില്‍ വെച്ച് സിനിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടു ‘പല ഹോളിവുഡ് സ്റ്റുഡിയോ കമ്പനികളും ഇത് സിനിമയാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ഈ ബെസ്റ്റ് സെല്ലര്‍ ആയ ‘കൊച്ചിന്‍ കണക്ഷന്’ വേണ്ടി ഹോളിവുഡില്‍ അഞ്ച് തിരക്കഥകള്‍ വരെ എഴുതപ്പെട്ടു. ഹോളിവുഡിലെ അക്കാലത്തെ പ്രശസ്തനായ ലൊക്കേഷന്‍ മാനേജര്‍ തോമസ് മൈക്കിള്‍ കൊച്ചിയില്‍ വരികയും ലൊക്കേഷന്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. ഇതറിഞ്ഞ മേനോന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് എല്ലാ വിവരങ്ങളും കാണിച്ച് ഒരു കത്തെഴുതി, ‘ഇന്ത്യയുടെ സുരക്ഷാ വിഭാഗത്തില്‍ അതീവപ്രധാന്യമുള്ള ഒന്നാണ് കസ്റ്റംസ്. ആ കസ്റ്റംസിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു കെട്ടുകഥ സിനിമയാക്കാന്‍ ഇന്ത്യയില്‍ തന്നെ ചിത്രീകാരണാനുമതി നല്‍കുന്നത് അത്യന്തം ദുഃഖകരമാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി മേനോന് ലഭിച്ചു. ഇന്ത്യന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് കൊളംബിയ പിക്‌ച്ചേഴ്‌സിന് നല്‍കിയ ചിത്രീകരണാനുവാദം റദ്ദാക്കി. ഇത് നിയമയുദ്ധത്തിന് തയ്യാറായ മേനോന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
ലണ്ടന്‍ ഹൈക്കോടതിയില്‍ പുസ്തകത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരു മലയാളി ബാരിസ്റ്ററുമായി അച്യുതമേനോന്‍ ബന്ധപ്പെട്ടു. അയാള്‍ പറഞ്ഞതനുസരിച്ച് ‘കൊച്ചിന്‍ കസ്റ്റംസിനും അച്യുതമേനോനും വേണുഗോപാലിനും എതിരെയുള്ള അപകീര്‍ത്തികരമായ ഒരു ലിസ്റ്റ് കൊച്ചിന്‍ കണക്ഷന്‍ പുസ്തകം വായിച്ച് നോക്കി തയ്യാറാക്കി. പുസ്തകത്തിന്റെ കോപ്പി സഹിതം ലണ്ടനിലെ ബാരിസ്റ്റര്‍ക്ക് അയച്ചു. ഇംഗ്ലണ്ടില്‍ കേസ് നടത്തുന്നത് സൊളിസിറ്റര്‍ എന്ന സീനിയര്‍ അഭിഭാഷകനാണ്. സോളിസിറ്ററും ബാരിസ്റ്ററും കൂടിയാണ് കേസ് കോടതിയില്‍ വാദിക്കുക. അതിന് വേണ്ടി ഒരാളെ കണ്ടെത്താമെന്നും 5000 പൗണ്ട് ഫീസ് (ഇന്നത്തെ അഞ്ചര ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കേണ്ടി വരുമെന്നും 6 മാസത്തിനുള്ളില്‍ കേസ് തീര്‍ക്കാമെന്നും ബാരിസ്റ്റര്‍ അച്യുത മേനോനെ അറിയിച്ചു. പുസ്തകത്തിലെ അപമാനകമായ പരാമര്‍ശങ്ങള്‍ക്ക് പ്രസാധകര്‍ മതിയായ ന്യായീകരണം തന്നില്ലെങ്കില്‍ കനത്ത തുക നഷ്ടപരിഹാരം നിങ്ങള്‍ക്ക് കിട്ടുമെന്നും ബാരിസ്റ്റര്‍ തീര്‍ത്തു പറഞ്ഞു.
അതനുസരിച്ച് 5000 പൗണ്ടും സര്‍വ്വ തെളിവുകളും ലണ്ടനിലെ ബാരിസ്റ്റര്‍ക്ക് അയച്ചു കൊടുത്തു. വാര്‍ത്താ വിനിമയ സംവിധാനത്തില്‍ അക്കാലത്ത് മൊബൈലോ സാമൂഹിക മാധ്യമങ്ങളോ ഇല്ലാത്ത കാലമാണ്. കത്തുകളും ടെലാഗ്രാമുമാണ് വിനിമയത്തിന് ആകെ ആശ്രയം. സാധാരണക്കാര്‍ക്ക് അപ്രാപ്തമായ, ചിലവേറിയ ഐ.എസ്.ഡി ഫോണ്‍ കോളായിരുന്നു ഏറ്റവും പെട്ടെന്ന് ബന്ധപ്പെടാനുള്ള മാര്‍ഗം. ഈ പ്രതികൂല സാഹചര്യങ്ങളിലാണ് ലണ്ടനിലുള്ള പ്രസാധകരുമായി മേനോന്‍ നിയമയുദ്ധത്തിന് തയ്യാറായത്.
അച്യുതമേനോനെയും വേണുഗോപാലിനെയും നിരാശയിലാഴ്ത്തിക്കൊണ്ട് രണ്ടര വര്‍ഷം ഒന്നും സംഭവിക്കാതെ കടന്നുപോയി. ഒടുവില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള പരാതി ബാരിസ്റ്റര്‍ ഒരാള്‍ വഴി അച്ചുതമേനോന് കൊടുത്തു വിട്ടു. പരാതിക്കാരായ രണ്ടു പേരും ആ കോപ്പിയില്‍ ആവശ്യമായ തിരുത്തല്‍ വരുത്തി അത് തിരികെ ലണ്ടനിലേക്ക് തിരിച്ചയച്ചു. 1990 ഡിസംബറില്‍ ഒടുവില്‍ യോഗാ ആന്റ് കമ്പനി എന്ന സോളിസിറ്റര്‍ വഴി ലണ്ടന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അപ്പോഴേക്കും രണ്ടര വര്‍ഷം പിന്നിട്ടിരുന്നു. എന്നാല്‍ ബാരിസ്റ്റര്‍ പണം കൊടുക്കാത്തതിനാല്‍ യോഗാ ആന്റ് കമ്പനി കേസ് മുന്നോട്ട് കൊണ്ടു പോയില്ല. നിയമ പ്രകാരം പണം സോളിസിറ്റര്‍ക്ക് കൊടുത്തുകയും അയാള്‍ ബരിസ്റ്റര്‍ക്ക് ഫീസ് നല്‍കുകയാണ് വേണ്ടിയിരുന്നത്. അതിനിടയില്‍ ഈ ബാരിസ്റ്റര്‍ കമ്പനിയുമായി സഹകരിക്കാത്തതിനാല്‍ യോഗാ ആന്റ് കമ്പനി അയാളെ മാറ്റി മറ്റൊരു ബാരിസ്റ്ററെ നിയമിച്ചു. അയാളുടെ ഫീസ് 500 പൗണ്ട് വീണ്ടും അയച്ചു കൊടുക്കേണ്ടി വന്നു.
കേസില്‍ നിന്ന് ഒഴിവായ ബാരിസ്റ്ററില്‍ നിന്ന് ബാക്കിയുള്ള തുക തിരിച്ച് തരാന്‍ കക്ഷിയായ മേനോന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അയാള്‍ അതിന് തയ്യാറായില്ല. പണം തിരികെ തരില്ലെന്നും തീര്‍ത്ത് പറഞ്ഞ അയാള്‍ പരുഷമായി സംസാരിക്കുകയും എന്ത് വേണെമെങ്കിലും ചെയ്‌തോളു എന്ന അഹംഭാവത്തിന്റെ ഭാഷയില്‍ അച്യുത മേനോനോട് ഫോണില്‍ സംസാരിച്ചു. ‘ഈ മര്യാദകേട് എന്നെ വേദനിപ്പിച്ചു. കാരണം അയാളെന്റെ നിസ്സഹയാവസ്ഥ മുതലെടുക്കുകയായിരുന്നു. കൊച്ചിയിലിരുന്ന് അയാളോട് ഞാന്‍ എങ്ങനെ പണം തിരികെ വാങ്ങും?ആനപ്പുറത്തിരിക്കുന്നവന് നായയെ പേടിക്കേണ്ടതില്ലല്ലോ’ ലണ്ടനിലെ ഒരു മലയാളി ബാരിസ്റ്ററില്‍ നിന്ന് നേരിട്ട തിക്താനുഭവങ്ങളെക്കുറിച്ച് അച്യുത മേനോന്‍ തന്റെ അനുഭവകുറിപ്പില്‍ എഴുതി. ‘ മലയാളികള്‍ ലോകത്ത് എവിടെപ്പോയാലും ഒരു പോലെയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടത് ഇദ്ദേഹവുമായുള്ള പരിചയത്തിലൂടെയാണ്.’ മേനോന്‍ എഴുതി.
ഇംഗ്ലണ്ടിലെ പ്രസാധകരോട് കേസ് പറയാന്‍ പോയ അച്ചുതമേനോന് അത് കൈകാര്യം ചെയ്ത ലണ്ടനിലെ മലയാളി ബാരിസ്റ്ററെ കോടതി കേറ്റേണ്ടി വന്ന വിചിത്രമായ മറ്റൊരു സംഭവമായിരുന്നു പിന്നീടുണ്ടായത്. കക്ഷിയായ തന്നോട് നീതികേട് കാണിക്കുകയും അപമര്യാദയായി പെരുമാറുകയും കക്ഷിയായ തനിക്ക് തരാനുള്ള പണം തരാതെ നെറികേടു കാണിക്കുകയും ചെയ്ത അയാള്‍ക്കെതിരെ , ‘ഇംഗ്ലണ്ടിലെ ബാര്‍ കൗണ്‍സിലേക്ക് അച്യുത മേനോനും വേണുഗോപാലും തെളിവുകള്‍ സഹിതം പരാതി അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് ബാര്‍ കൗണ്‍സിലിന്റെ മറുപടി വന്നു. ‘ബാരിസ്റ്റര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഉടനെ ബാര്‍ കൗണ്‍സില്‍ ഒരു ട്രൈബ്യൂണല്‍ ഉണ്ടാക്കി അയാളെ വിസ്തരിക്കുമെന്നും അതിലുണ്ടായിരുന്നു. പിന്നീട് ബാര്‍ കൗണ്‍സിലിന്റെ വിസ്താരത്തില്‍ ബാരിസ്റ്റര്‍ കുറ്റം സമ്മതിച്ചു. കക്ഷിക്ക് പണം മടക്കിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ആ പ്രശ്‌നം അങ്ങനെ കഴിഞ്ഞെങ്കിലും യഥാര്‍ത്ഥ കേസ് അപ്പോഴും എങ്ങും എത്തിയിരുന്നില്ല.
പ്രസാധകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് കഴിഞ്ഞ് അധികം സമയമാകും മുന്‍പ് ലോകത്തിലെ ഏറ്റവും പ്രശസ്ത സൊളിസിറ്റര്‍ ആയ ഡെന്റണ്‍ ഹാള്‍ ബര്‍ഗിന്‍ ആന്റ് കമ്പനിയുടെ ഒരു കത്ത് അച്യുതമേനോന് ലഭിച്ചു. ചാറ്റോ ആന്റ് വിന്‍ഡസിന് അയച്ച നോട്ടീസ് മറുപടി അയക്കാന്‍ അവര്‍ ഏല്‍പ്പിച്ച വ്യവഹാര ഭീമനായിരുന്നു ഡെന്റണ്‍ ഹാള്‍ ബര്‍ഗിന്‍ ആന്റ് കമ്പനി(ഇന്നത് Dentons എന്നറിയപ്പെടുന്നു). അവര്‍ക്ക് ലോകത്തിലെല്ലായിടത്തും വന്‍നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശാഖകള്‍ ഉണ്ട്. ഭീഷണിയുടെ സ്വരത്തിലായിരുന്നു അവരുടെ കത്ത്. ‘ഈ മാനനഷ്ടക്കേസിലൂടെ സമ്പന്നരാവാം എന്ന വ്യാമോഹമാണെങ്കില്‍ അത് നടക്കില്ല. ഒരു പൗണ്ട് പോലും നഷ്ടപരിഹാരം തരില്ല. കേസിന്റെ ഭാഗമായി നിങ്ങളുടെ സാക്ഷികളെ ഇവിടെ ലണ്ടനില്‍ വരുത്തി വിസ്തരിക്കും. നിങ്ങള്‍ക്ക് ഭീമമായ തുക കേസിന് വേണ്ടി ചിലവാക്കേണ്ടി വരും. കേസ് ജയിച്ചാല്‍ കിട്ടുന്ന തുകയേക്കാള്‍ കൂടുതല്‍ കേസിന് നിങ്ങളെക്കൊണ്ട് ചിലവാക്കിക്കും തുടങ്ങിയ താക്കീതും വാചകങ്ങളടങ്ങിയിരുന്നു. പുസ്തകം ഇനി അച്ചടിക്കുകയില്ലെന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയും അതിലുണ്ടായിരുന്നു.
കത്തിലെ വാചകങ്ങള്‍ അച്യുതമേനോനെയും വേണുഗോപാലിനേയും അല്‍പ്പമൊന്ന് പരിഭ്രാന്തരാക്കി. എതിര്‍ സാക്ഷികളെ വിസ്തരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. തങ്ങളുടെ സാക്ഷികളെ ലണ്ടനില്‍ ഹാജരാക്കാന്‍ വന്‍ ചിലവ് വരും. ലണ്ടനിലെ വക്കീലന്മാരായി ബന്ധപ്പെട്ടപ്പോള്‍ ഇതെല്ലാം ഭയപ്പെടുത്താന്‍ എഴുതിയതാണെന്ന് അവര്‍ പറഞ്ഞു. പക്ഷേ, സിവില്‍ കേസായായതിനാല്‍ എതിര്‍ കക്ഷി ആവശ്യപ്പെടുമ്പോള്‍ പണം കോടതിയില്‍ കെട്ടിവെയ്ക്കണം എന്ന് അവര്‍ പറഞ്ഞു.
ഒരു വന്‍ കിട വ്യവഹാര കമ്പനിയുമായി നിയമ യുദ്ധം ചെയ്യുക, അതും വിദേശത്ത്. അങ്ങേയറ്റം വിഷമകരമാണ്. എതിരാളികള്‍ വന്‍ പുള്ളികളും. എങ്കിലും തങ്ങളുടെ അഭിമാന പ്രശ്‌നമായി ഇരുവരും ഈ കേസ് സ്വീകരിച്ച് കഴിഞ്ഞതിനാല്‍ ജീവമരണ പോരാട്ടം തന്നെ നടത്താന്‍ ഇരുവരും തീരുമാനിച്ചു.
പ്രസാധകരായ ചാറ്റോ ആന്റ് വിന്‍ഡസിനോട് എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ മേനോന്റെ വക്കീലന്മാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള സമയ പരിധി പല തവണ നീട്ടിക്കൊടുത്തിട്ടും അവര്‍ അത് ചെയ്യാത്തതിനാല്‍ മേനോന്റെ വക്കീലന്മാര്‍ അനുകൂലമായ ഒരു എക്‌സ് പാര്‍ട്ടി വിധി സമ്പാദിച്ചു. ജൂറി നിശ്ചയിക്കുന്ന സംഖ്യ മാനനഷ്ടമായി കക്ഷികള്‍ക്ക് നല്‍കാനായിരുന്നു കോടതി വിധി. ഇത് എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അവര്‍ ഉടനെ വിധിക്കെതിരെ അപ്പീലിന് പോയി. പുസ്തകം എഴുതിയവര്‍ ഓസ്‌ട്രേലിയക്കാരാണെന്നും അവരില്‍ നിന്ന് വിവരം ശേഖരിക്കാന്‍ സമയം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാറ്റോ ആന്റ് വിന്‍ഡസ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ് മൂലത്തില്‍ ദി കൊച്ചിന്‍ കണക്ഷന്‍ തങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചിട്ടില്ല എന്ന് അവകാശപ്പെട്ടു. 1987 ല്‍ ഏപ്രിലില്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് പുസ്തകം പ്രസിദ്ധീകരിച്ച് 3 വര്‍ഷത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണം. ഇവിടെ ആ സമയം കഴിഞ്ഞതിനാല്‍ കേസ് തള്ളണം എന്നും അവര്‍ ആവശപ്പെട്ടു.
ഈ വിവരങ്ങള്‍ ഫാക്‌സ് വഴി അച്യുതമേനോനെ അറിയിച്ചു. വാദിക്കാന്‍ ഹാരി ബോഗിസ് റോള്‍ഫ് എന്ന ബ്രിട്ടീഷ് അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും ഒരു ദിവസത്തെ ഫീസ് 500 പൗണ്ട് ഉടനെ അയക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. പുസ്തകങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത രേഖകളും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റൊരു കുഴപ്പം പിടിച്ച ആവശ്യം അതിലുണ്ടായിരുന്നു. കേസ് സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്യാത്തതിന്റെ കാരണം കക്ഷികളായ മേനോനും വേണുഗോപാലും കണ്ടു പിടിക്കണം.
ആദ്യത്തെ ബാരിസ്റ്റര്‍ക്ക് സമയത്തിന് പരാതിയും ഫീസും നല്‍കിയിട്ടും അയാള്‍ രണ്ടര വര്‍ഷം വെച്ച് താമസിച്ചതാണ് വിനയായത്. അത് കോടതിയെ ബോധ്യപ്പെടുത്തുക അപ്രായോഗികമാണ്. ഇത് ഒരു അഴിയാത്ത കുരുക്കായി മേനോന്റെ മുന്നില്‍ നിന്നു. പുതിയ അഭിഭാഷകന്റെ നിര്‍ദേശമനുസരിച്ച് ഈ കേസ് ജയിക്കണമെങ്കില്‍ ഇപ്പോഴത്തെ സൊളിസിറ്റര്‍ കമ്പനിയെ മാറ്റണം. അതനുസരിച്ച് റിച്ചാര്‍ഡ് ആന്‍ഡ് കമ്പനിയിലെ സീനിയര്‍ സൊളിസിറ്റര്‍ വെയിന്‍ ഡിനിക്കോളോവ് എന്ന അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചു. വെയിന്‍ ഡിനിക്കോളോവ് എന്ന പുതിയ അഭിഭാഷകന്‍ അവരോട് പറഞ്ഞത് 3 വര്‍ഷം കേസ് വെച്ച് താമസിച്ചതിന്റെ കാരണം കോടതിയെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഈ കേസ് മുന്നോട്ട് പോകുകയുളളൂ എന്നാണ്. ഈ കാലതാമസം കക്ഷികളായ മേനോന്റെയോ വക്കീലിന്റെയോ കുഴപ്പമല്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇതിന് അനുവദിച്ച സമയം 20 നാള്‍ മാത്രം. അതില്‍ 15 നാള്‍ തീര്‍ന്നു. ബാക്കി 5 ദിവസമുണ്ട്. ഈ പ്രതിസന്ധിയില്‍ മേനോന്‍ വഴിമുട്ടി നിന്നു. ഇത് ശരിയായില്ലെങ്കില്‍ 4 വര്‍ഷത്തെ അദ്ധ്വാനം വൃഥാവിലാകും. കോടതി കേസ് തള്ളും.
മേനോന് കനത്ത സമ്മര്‍ദത്തിലായിരുന്നു. ബുദ്ധി തെളിയാനായി തൊട്ടടുത്ത അമ്പലത്തില്‍ പോയി വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു. അന്ന് രാത്രി 3 മണിക്ക് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മേനോന്റെ മനസ്സില്‍ ഒരു വാക്ക് തെളിഞ്ഞു വന്നു ‘പബ്ലിഷ്’ രാത്രി മൂന്നു മണിക്ക് ഡിക്ഷണറിയില്‍ പരതി പബ്ലിഷ് എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടെത്തി. ‘പുസ്തകങ്ങള്‍, മാസികകള്‍ എന്നിവ അച്ചടിച്ച് പൊതുജനങ്ങള്‍ക്ക് വിറ്റു അറിവുണ്ടാക്കുക. എന്ന് വെച്ചാല്‍ പുസ്തകം അച്ചടിച്ച് ബുക്ക് സ്റ്റാളില്‍ വെച്ചാല്‍ പോര. അത് പൊതു ജനങ്ങള്‍ക്ക് വിറ്റാല്‍ മാത്രമേ, പബ്ലിഷിംഗ് എന്ന ‘പ്രക്രിയ പൂര്‍ണ്ണമാകു. അതായത് പുസ്തകം വിറ്റ ദിവസം മുതല്‍ക്കാണ് ഇന്നു കൊല്ലം കണക്കാക്കേണ്ടത്. അല്ലാതെ അച്ചടി ദിവസം മുതലല്ല. ഈ വസ്തുത നിര്‍ണ്ണായകമായിരുന്നു. കേസിന് കിട്ടിയ പ്രധാന പിടിവള്ളി.
പിറ്റേന്ന് മേനോന്‍ എറണാകുളത്തെ ഭാവി ബുക്‌സില്‍ നിന്ന് 1987 ഡിസംബര്‍ 17ാം തിയതിക്ക് ശേഷം ദി കൊച്ചിന്‍ കണക്ഷന്റെ 2 കോപ്പികള്‍ വിറ്റതിന്റെ ബില്ല് സംഘടിപ്പിച്ചു. 1988 ല്‍ പുസ്തകത്തിന്റെ പേപ്പര്‍ ബാക്ക് എഡിഷന്‍ പുറത്തിറക്കിയ ഇംഗ്ലണ്ടിലെ സ്പിയര്‍ ബുക്‌സിന്റെ വിശാദാംശവും താന്‍ വായിച്ച ഡിക്ഷണറിയിലെ പബ്ലിഷിംഗ് വ്യാഖ്യാനവും ചേര്‍ത്ത്, ലണ്ടനില്‍ അഭിഭാഷകന് നല്‍കി.
കോടതിയില്‍ ഉന്നയിച്ച ഈ വ്യാഖ്യാനത്തിന് ചാറ്റോ ആന്റ് വിന്‍ഡസിന് മറുപടിയില്ലായിരുന്നു. ആദ്യം ഇറക്കിയതും പേപ്പര്‍ ബാക്ക് എഡിഷനും കേസിന്റെ പരിധിയില്‍ വരുമെന്ന് കോടതി വിധിച്ചു. ഇതിന് ചാറ്റോ ആന്റ് വിന്‍ഡസ് സമാധാനം ബോധിപ്പിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്.
എല്ലാ അര്‍ത്ഥത്തിലും തോല്‍ക്കും എന്ന് ഉറപ്പായപ്പോള്‍ ചാറ്റോ ആന്റ് വിന്‍ഡസ്‌ന്റെ അഭിഭാഷകര്‍ അവസാന അടവ് പുറത്തെടുത്തു. പുസ്തകത്തിലെ വസ്തുതകള്‍ സത്യമാണെന്നും അത് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും എതിര്‍ കക്ഷികള്‍ ഇംഗ്ലണ്ടിലെ താമസക്കാരല്ലാത്തതിനാല്‍ കേസിന് വരുന്ന കോടതി ചിലവ് 25 ലക്ഷം രൂപ മുന്‍കൂറായി അവര്‍ കെട്ടിവെയ്ക്കണമെന്ന് കോടതിയോട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അപേക്ഷിച്ചു. ഇത്രയും ഭീമമായ തുക താങ്ങാന്‍ കഴിയാതെ അവര്‍ പിന്‍വാങ്ങും എന്ന പ്രതീക്ഷയായിരുന്നു ചാറ്റോ ആന്റ് വിന്‍ഡസ്‌ന്റെ അഭിഭാഷകര്‍ക്ക്.
എന്നാല്‍ ഈ നിയമയുദ്ധം ഒരു ജീവമരണ പോരാട്ടമായി കരുതിയിരുന്ന മേനോനും വേണുഗോപാലും ഈ അടവ് മുന്‍കൂട്ടി കണ്ടിരുന്നു. 25 ലക്ഷം രൂപ വിദേശത്തേക്ക് അയയ്ക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കില്ല. അതിനാല്‍ എറണാകുളത്തു തങ്ങള്‍ക്കുള്ള വീടുകളുടെ മതിപ്പ് വിലയായ 40 ലക്ഷം രൂപ ഒരു ചാര്‍ട്ടേഡ് അകൗണ്ടിനെക്കൊണ്ട് വില നിര്‍ണ്ണയം നടത്തി ആ സര്‍ട്ടിഫിക്കറ്റ് കോടതിക്ക് സമര്‍പ്പിച്ചു. കോടതി അത് അംഗീകരിച്ച് ചാറ്റോ ആന്റ് വിന്‍ഡസ്‌നോട് എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. തീര്‍ത്തും പരാജിതരായ അവര്‍ അവസാനം മുട്ടുകുത്തി.
എം. അച്യുത മേനോന്റെയും വേണുഗോപാലിന്റെയും ഇന്ത്യന്‍ കസ്റ്റംസിന്റെയും വിജയ മുഹൂര്‍ത്തമായിരുന്നു അത്. അതോടെ ചാറ്റോ ആന്റ് വിന്‍ഡസ് നിരുപാധികം കീഴടങ്ങി. നിങ്ങള്‍ പറയുന്ന ഏത് ഒത്തു തീര്‍പ്പിനും തങ്ങള്‍ തയ്യാറാണെന്ന് ചാറ്റോ ആന്റ് വിന്‍ഡസ് എന്ന പ്രസാധകര്‍ അറിയിച്ചു. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാമെന്ന് അവര്‍ സമ്മതിച്ചു. കക്ഷികളായ മേനോനും വേണുഗോപാലിനും ചാറ്റോ ആന്റ് വിന്‍ഡസ് കക്ഷികളുടെ അഭിഭാഷകര്‍ വഴി 14 ലക്ഷം രൂപ തുകയായ് മാനനഷ്ട പരിഹാരം നല്‍കി. കക്ഷികളോടും ഇന്ത്യന്‍ കസ്റ്റംസിനോടും അവര്‍ നിരുപാധികം മാപ്പു പറഞ്ഞു. മേലില്‍ ഇത് ആവര്‍ത്തിക്കില്ല എന്ന് സാക്ഷ്യപ്പെടുത്തി. അങ്ങനെ കൊച്ചി കസ്റ്റംസിന്റെയും തങ്ങളുടെയും മേല്‍പതിച്ച കളങ്കം പൂര്‍ണ്ണമായി കഴുകി കളഞ്ഞ് ലോകത്തിന് മുന്‍പില്‍ വിജയശ്രീലാളിതരായി അച്യുതമേനോനും സംഘവും അഭിമാനം വീണ്ടെടുത്തു.
വിദേശത്ത് പോകാതെ തന്നെ ഇന്ത്യയില്‍ ഇരുന്ന് ഫോണും ഫാക്‌സും വഴി കേസ് നടത്തി വിജയിച്ച്, ഒരു വിദേശ പ്രസാധകനെ മാപ്പ് പറയിച്ച് നാലര കൊല്ലം നീണ്ട ഈ നിയമയുദ്ധം നടത്തിയ അച്യുതമേനോനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ഇന്ത്യന്‍ നിയമചരിത്രത്തില്‍ പുതിയ അദ്ധ്യായമെഴുതിയവരാണ്. ഇന്ത്യന്‍ കോടതികള്‍ ഈ ചിത്രത്തില്‍ ഇല്ലെങ്കില്‍ പോലും ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു കേസായി കാണേണ്ട ഒന്നും, മുന്നോട്ട് വെയ്ക്കാവുന്ന ഒരു മാതൃകയുമാണ്.
ഈ കേസിലല്ലെങ്കിലും ബ്രയാന്‍ മില്‍ ഗേറ്റിന് വേണ്ടി കഥയുടെ ആദ്യ ഘട്ടത്തില്‍ ജിം ഹോവാര്‍ഡമായുള്ള തുറന്ന യുദ്ധത്തില്‍ കോടതി ഇടപെട്ട് കേസ് വന്നപ്പോള്‍ ബ്രയാന്റെ നൗക ജപ്തി ചെയ്യാന്‍ എറണാകുളം മുന്‍സിപ്പ് കോടതി ഉത്തരവിട്ടപ്പോള്‍ ബ്രയാന്‍ നിയോമോപദേശം തേടിയത് എറണാകുളത്ത് അഭിഭാഷകനായ അഡ്വക്കേറ്റ്. ഡോ. വിന്‍സെന്റ് പാനികുളങ്ങരയോടാണ്. അഞ്ച് പതിറ്റാണ്ടായി ജനകീയ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും, സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ് ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്ന അഡ്വ. ഡോക്ടര്‍ വിന്‍സെന്റ് പാനികുളങ്ങര.
അവശ്യമരുന്നുകളുടെ ലഭ്യതക്കുറവും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരമില്ലായ്മയും ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി കേരള സംസ്ഥാന സര്‍ക്കാരിനോട് വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട വിധിയായ് പ്രഖ്യാപിച്ചത്. കോടതിയില്‍ വാദിയായാലും പ്രതിയായാലും കേസ് സ്വയം മാതൃഭാഷയില്‍ തന്നെ വാദിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന അഡ്വ. ഡോക്ടര്‍ വിന്‍സെന്റ് പാനികുളങ്ങര. ഇപ്പോഴും ജനകീയാപ്രശ്‌നങ്ങളില്‍ സജീവമാണ്.
കാനഡയില്‍ താമസിച്ച് ഓണ്‍ലൈന്‍ വഴി കേരള ഹൈക്കോടതിയില്‍ ഇപ്പോഴും സജീവമായി കേസ് നടത്തുന്ന അഡ്വ. ഡോക്ടര്‍ വിന്‍സെന്റ് പാനികുളങ്ങര. കൊച്ചിന്‍ കണക്ഷന്‍ സംഭവ പരമ്പരകളിലെ പ്രധാന കഥാപാത്രമായ ബ്രയാന്‍ മില്‍ഗേറ്റിന്റെ അഭിഭാഷകനായിരുന്നു. ബ്രയാന്റെ നൗകയുടെ ജപ്തി ഉത്തരവ് മലയാളത്തിലായിരുന്നു. അത് ഇംഗ്ലീഷില്‍ വേണമെന്ന് ആവശ്യപ്പെടാന്‍ പാനികുളങ്ങര ബ്രായാന് നിയമോപദേശം നല്‍കി. ഇംഗ്ലീഷിലുള്ള ഉത്തരവ് വരുമ്പോഴേക്കും ബ്രായന്റെ നൗക മുന്‍സിപ്പ് കോടതിയുടെ അധികാരപരിധിക്ക് മാറ്റിയതിനാല്‍ നടപടി ഉണ്ടായില്ല.
കൊച്ചി കേന്ദ്രീകരിച്ച് വലിയൊരു മയക്കു മരുന്നു ശ്യംഖല അന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അഡ്വ ഡോ. വിന്‍സന്റ് പാനികുളങ്ങര പറയുന്നത്. കളമശേരിയിലെ ഒരു കേന്ദ്രത്തില്‍ രഹസ്യമായി കഞ്ചാവ് ഹാഷീഷ് ആക്കുന്ന രാസപ്രവര്‍ത്തനം നടന്നിരുന്നു. അതീവ രഹസ്യമായി നടന്ന ഈ ‘പ്രവര്‍ത്തനത്തിലൂടെ ജിം ഹോവാര്‍ഡിന്റെ നൗകയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് ഇത് കടത്തിയിരുന്നത്. വിന്‍സന്റ് പറയുന്നു. അക്കാലത്ത് നര്‍ക്കോട്ടിക്ക് സെല്ല് വരുന്നേയുള്ളൂ. ഇന്ത്യയിലെ കോസ്റ്റ് ഗാര്‍ഡ് വികാസം പ്രാപിച്ചിരുന്നില്ല. മയക്കുമരുന്നിന്റെ മായാലോകവും ആപത്തും ജനങ്ങള്‍ക്ക് മുന്നില്‍ പ്രതൃക്ഷമാവാത്ത ഒരു കാലമായിരുന്നു. ഇതേ കുറിച്ച് പരിമിതമായ അറിവേ അധികാരികള്‍ക്കും ഉണ്ടായിരുന്നുള്ളൂ എന്നതും ഇത് നടക്കാന്‍ കാരണമായി.
കൊളംബിയ പിക്‌ച്ചേഴ്‌സിന്റെ ലൊക്കേഷന്‍ മാനേജറായ മൈക്കല്‍ തോമസ് ഈ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാനായി തന്നെ ഒന്നു രണ്ട് തവണ സന്ദര്‍ശിച്ചതായി അഡ്വ ഡോ. വിന്‍സന്റ് പാനികുളങ്ങര ഓര്‍ക്കുന്നു. അത് സിനിമയാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കില്‍ ചില സത്യങ്ങള്‍ പുറംലോകം അറിഞ്ഞേനേ, അഡ്വ ഡോ. വിന്‍സന്റ് പാനികുളങ്ങര പറയുന്നു. 1988 ല്‍ കൊച്ചിന്‍ കണക്ഷന്‍ പ്രസിദ്ധീകരിച്ചതിന് ശേഷം ബ്രയാന്‍ മില്‍ ഗേറ്റ് അഡ്വ ഡോ. വിന്‍സന്റ് പാനികുളങ്ങരയെ കാണാന്‍ വന്നിരുന്നു. ‘അയാള്‍ ‘ദി കൊച്ചിന്‍ കണഷന്‍’പുസ്തകത്തിന്റെ ഒരു കോപ്പി ഒപ്പിട്ട് തരികയും തനിക്ക് നല്‍കിയ നിയമ സഹായത്തിന് നന്ദി പറഞ്ഞ്, ഫീസായി 500 ഡോളര്‍ തരികയും ചെയ്തു. ‘കാനഡയിരുന്ന് അഡ്വ ഡോ. വിന്‍സന്റ് പാനികുളങ്ങര പറയുന്നു.
ഏറെക്കാലത്തിന് ശേഷം 2018 ഒക്ടോബറില്‍ ബ്രയാന്‍ മില്‍ ഗേറ്റ് വീണ്ടും കൊച്ചി സന്ദര്‍ശിച്ചു. പഴയ കഥകളില്‍ നിന്ന് ഇതിന് പിന്‍ബലം നല്‍കുന്ന ഒരു സംഭവം -സ്റ്റെഫന്‍ വുള്‍ഫ് റിപ്പയര്‍ ചെയ്യാന്‍ പോയ ബ്രയാന്‍ അതില്‍ കണ്ടത് ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞു. ‘അത്യാധുനിക ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ശക്തിയേറിയ ട്രാന്‍സ് മീറ്ററുകള്‍, സാറ്റലൈറ്റ് – ലിങ്കഡ് നാവിഗേറ്റര്‍, കമ്പ്യൂട്ടറുകള്‍, ഡാര്‍ക്ക് റും ഉപകരണങ്ങള്‍ എന്നിവയാണ്. അത് സംശയാസ്പദവും അസാധാരണവുമാണ്. സമ്പന്നനായ ബ്രയാന്‍ മില്‍ഗ്രറ്റ് കൊച്ചിന്‍ കണക്ഷന്‍ ചലചിത്രമാക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് തന്നോട് സംസാരിച്ച പത്രലേഖകനോട് സൂചിപ്പിച്ചു. തന്റെ കാമുകി ആലിസണുമായി 10 വര്‍ഷം മുന്‍പ് ബ്രയാന്‍ വേര്‍പിരിഞ്ഞു. പിന്നീട് ഓസ്‌ട്രേലിയയില്‍ ഉള്ള ഒരു ചൈനീസ് ഡോക്ടറെ വിവാഹം കഴിച്ചു. ‘ഇപ്പോള്‍ ഞാന്‍ വിശ്രമജീവിതം ആസ്വദിക്കുന്നു.’ അയാള്‍ പറഞ്ഞു.
കൊച്ചിന്‍ കണക്ഷനിലെ മറ്റൊരു പ്രധാന കഥാപാത്രമായ ജെയിംസ് ഹോവാര്‍ഡ് 1987 ല്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞു. അയാളുടെ കാമുകി ജില്‍ ഗോച്ചര്‍ സിംഗപ്പൂരില്‍ താമസമാക്കി.കൊച്ചി കസ്റ്റംസിന്റെ അഭിമാനം രക്ഷിച്ച് ചരിത്രമെഴുതിയ കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ച അച്യുതമേനോന്‍ 2012 ല്‍ 83 വയസില്‍ എറണാകുളത്ത് വെച്ച് അന്തരിച്ചു. കൊച്ചി കസ്റ്റംസിലെ രാഷ്ട്രപതിയുടെ മെഡല്‍ നേടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനായിരുന്നു അച്യുതമേനോന്‍. 1984 ല്‍ കൊച്ചിയില്‍ ആദ്യമായി ബ്രയാന്‍ മില്‍ഗേറ്റിനെ ബോള്‍ഗാട്ടിയില്‍ വെച്ച് പരിചയപ്പെട്ട ആദ്യത്തെ പത്രപ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തില്‍ ആദ്യമായി ബ്രയാനെ കുറിച് സചിത്ര ലേഖനമെഴുതിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍. സത്യവ്രതന്‍ പിന്നീട്, ഈ കേസും കോളുമൊക്കെ കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം ഇന്റര്‍നെറ്റിലൂടെ പഴയ സുഹൃത്തായ ബ്രയാന്‍ മില്‍ഗേറ്റിനെ പരതി. ‘കൊച്ചിന്‍ കണക്ഷന്‍’ എന്ന പുസ്തകത്തിന്റെ രചിയിതാവ്. നേവല്‍ ആര്‍ക്കിടെക്റ്റ് ഈ പശ്ചാത്തലമുള്ള ബ്രയാന്‍ മില്‍ ഗേറ്റ് എന്ന ആളെ കുറിച്ച് അടിയന്തര വിവരം തരുമോ? എന്നായിരുന്നു സത്യവ്രതന്‍ ഇന്റര്‍നെറ്റില്‍ അയച്ച സന്ദേശം. ഒരാള്‍ മറുപടി തന്നു. ‘കണ്ടു, ഇന്ത്യന്‍ സമുദ്രത്തില്‍ എവിടെയോ ഒരു ബോട്ടില്‍ വെച്ച് കണ്ടു. 2006 സെപ്റ്റംബറില്‍ രാത്രി 11.48 ന് പിന്നെ ഒരു വിവരവും ഇല്ല’.
പത്രപവര്‍ത്തകനായ സത്യവ്രതന്‍ വിശ്രമജീവിതം നയിക്കുന്ന അച്യുതമേനോന്റെ വീട്ടില്‍ ചെന്ന് ഈ സന്ദേശം അദ്ദേഹത്തിന് കൈമാറി. ‘അദ്ദേഹം കണ്ണട എടുത്ത് തുടച്ച് ആ സന്ദേശം ഒന്ന് വായിച്ചു. പിന്നെ മിഴി പൂട്ടി നിശബ്ദനായിരുന്നു. എങ്കിലും തിരകള്‍ ഇരമ്പുന്ന ആ മനസ് ശബ്ദമാനമായിരുന്നു.’ സത്യവ്രതന്‍ എഴുതി. The Cochin Connection, and a historic legal battle, part-2
Content Summary; The Cochin Connection, and a historic legal battle, part-2