January 21, 2025 |
Avatar
അമർനാഥ്‌
Share on

ദി കൊച്ചിന്‍ കണക്ഷന്‍: ലഹരി, സെക്‌സ്, പക, ചതി

40 വര്‍ഷം മുന്‍പ് കൊച്ചിയെ ലോകം ഉറ്റു നോക്കിയ ലഹരി വിവാദത്തിന്റെ കേന്ദ്രമാക്കിയ ഒരു ത്രില്ലര്‍ കഥ; ഭാഗം-1

ലണ്ടനിലെ പുസ്തക പ്രസാധകര്‍ കൊച്ചി കസ്റ്റംസിനോട് മാപ്പു പറഞ്ഞ കഥ, ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി സിനിമയാക്കാന്‍ അനുമതി നിഷേധിച്ച കഥ, അറബിക്കടലിന്റെ റാണി കൊച്ചിയെ ലഹരിയുടെ സാമ്രാജ്യമാക്കാന്‍ ശ്രമിച്ച കഥ…

‘അവളുടെ കണ്ണുകളില്‍ ദൈവികതയുണ്ട്,
അവളുടെ മുഖത്ത് ശാന്തതയുണ്ട്,
അവളുടെ ആത്മാവില്‍ പരിശുദ്ധിയുണ്ട്,
അവള്‍ സമൃദ്ധമായ ചാരുതയും കൃപയും നിറഞ്ഞു കവിയുന്നു.
അവളായിരിക്കുന്നതില്‍ ലാളിത്യമുണ്ട്
അവള്‍ എനിക്ക് പ്രകൃതിയുടെ സമ്മാനമാണ്
അവളുടെ സമൃദ്ധമായ പ്രകൃതി സൗന്ദര്യം കൊണ്ട്
അവള്‍ക്ക് നിഷ്‌കളങ്കതയുണ്ട്,
മാത്രമല്ല അവള്‍ വളരെ ചീത്തയുമാണ്!
ഞാന്‍ തലകുനിച്ചു വീണുകൊണ്ടേയിരിക്കുന്നു
അവളോട് പ്രണയം… അവളുടെ ബാലിശമായ ധീരതയാല്‍
അവള്‍ എന്നെ കൂടുതല്‍ രസിപ്പിക്കുന്നു!
അതെ, അവള്‍ എന്റെ മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയാണ്,
അവള്‍ മറ്റാരുമല്ല,
എന്റെ പ്രിയപ്പെട്ട, പ്രിയ കൊച്ചി.’

അപര്‍ണ ചാറ്റര്‍ജി

നാല് പതിറ്റാണ്ട് മുന്‍പ് ജനുവരിയിലെ മഞ്ഞു വീണ ആദ്യ രാവുകളില്‍ കൊച്ചിക്കായലില്‍ ആരംഭിച്ച ആ സംഭവ പരമ്പര വിഷയമായ പുസ്തകം സിനിമയാക്കിയിരുന്നെങ്കില്‍ അതൊരു ഉഗ്രന്‍ ഹോളിവുഡ് ത്രില്ലറായേനെ അക്കാലത്തെ സൂപ്പര്‍ താരങ്ങളായ മൈക്കിള്‍ ഡഗ്ലസോ, സില്‍വസ്റ്റര്‍ സ്റ്റാലോണോ, ഹാരിസണ്‍ ഫോര്‍ഡോ നായകനാകേണ്ട, ആക്ഷനും, പകയും, സെക്‌സും, സ്റ്റണ്ടും, സസ്‌പെന്‍സും, നിറഞ്ഞ ഒന്നാന്തരം ത്രില്ലര്‍. കൊച്ചി തുറമുഖത്ത് അരങ്ങേറിയ ആ സംഭവ പരമ്പരകള്‍ ചേര്‍ന്ന, ഒരു ക്ലാസിക്ക് ഹോളിവുഡ് ചിത്രത്തിന് വേണ്ട ചേരുവകള്‍ എല്ലാം ആ പുസ്തകത്തിലുണ്ടായിരുന്നു.

The cochin connection

ദി കൊച്ചിന്‍ കണക്ഷന്‍ ,ബ്രയാൻ മിൽ ഗേറ്റ്, ആലീസ്’ മിൽ ഗേറ്റ്

‘കൊച്ചിന്‍ കണക്ഷന്‍- മുപ്പത്തേഴ് വര്‍ഷം മുന്‍പ്’ ലണ്ടനില്‍ പുറത്ത് വന്ന ഒരു പുസ്തകമാണ്. സത്യസന്ധമായ ആവിഷ്‌കരണം എന്ന കുറിപ്പോടെ വന്ന ആ പുസ്തകത്തിന്റെ ഉള്ളടക്കം അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി കള്ളക്കടത്തും മയക്കു മരുന്ന് വില്‍പനയുടെ അന്താരാഷ്ട്ര കേന്ദ്രവുമാണ് എന്ന് സ്ഥാപിക്കുന്നതായിരുന്നു. ‘ചുഴികളുള്ള ഈ തുറമുഖം മുതലകള്‍ വാഴുന്ന നഗരമാണ്. അവിഹിതമായി എന്തും നടക്കുന്ന നഗരമാണ് കൊച്ചി ‘എന്ന് 240 പേജുകളുള്ള ആ പുസ്തകം വിശദീകരിച്ചു. 80 കളിലെ തുടക്കത്തില്‍ ‘കൊച്ചി നഗരത്തിനാണ് ഈ അധോലോക പരിവേഷം ചാര്‍ത്തിക്കിട്ടിയത്.

ലണ്ടനിലെ ചാറ്റോ ആന്റ് വിന്‍ഡസ് എന്ന പ്രസാധകര്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയത് ഓസ്ട്രലിയക്കാരായ ബ്രിയാന്‍ മില്‍ ഗേറ്റും ആലിസണ്‍ മില്‍ഗേറ്റും ചേര്‍ന്നായിരുന്നു. പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ, അനേകായിരം കോപ്പികള്‍ ചൂടപ്പം പോലെ വിറ്റു പോയി. അടുത്ത വര്‍ഷം തന്നെ ഇതിന്റെ പേപ്പര്‍ ബാക്ക് പതിപ്പും ഇറങ്ങി.
ഹോളിവുഡിലെ സിനിമാക്കാരുടെ ഇടയില്‍ അതിവേഗത്തില്‍ ചര്‍ച്ചയായ ഈ ത്രില്ലര്‍ കൊച്ചിയിലെ മയക്കു മരുന്നു ലോകത്തിലെ കുറ്റകൃത്യങ്ങളും കൊച്ചിന്‍ കസ്റ്റംസിനെ സര്‍വത്ര അപകീര്‍ത്തിപ്പെടുന്ന പരാമര്‍ശങ്ങള്‍ നിറഞ്ഞതുമായിരുന്നു. അസാമാന്യ ആഖ്യാനരീതിയില്‍ എഴുതപ്പെട്ട ഈ പുസ്തകം ചലചിത്രമാക്കാന്‍ ഹോളിവുഡിലെ പ്രശസ്തരായ കൊളംബിയ പിക്‌ചേഴ്‌സ് തയ്യാറായി.

ലണ്ടനിലെ ഒരു പ്രസാധകര്‍ കൊച്ചിയെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ എന്താണ് കാരണം? പുസ്തകത്തില്‍ പറയും പോലെ കൊച്ചി എങ്ങനെ മയക്കുമരുന്ന് കേന്ദ്രമായി? ഓസ്ട്രലിയക്കാരായ ബ്രിയന്‍ മില്‍ ഗേറ്റും ആലിസണും കൊച്ചിയുടെ കറുത്ത അദ്ധ്യായങ്ങള്‍ എങ്ങനെ എഴുതി? കൊച്ചി കസ്റ്റംസ് ഇതിനെ എങ്ങനെ നേരിട്ടു? ഈ ചോദ്യത്തിന്റെ ഉത്തരമായി, കൊച്ചിന്‍ കണക്ഷന്‍ എന്ന വിവാദ പുസ്തകത്തിന്റെ കഥയാരംഭിക്കുന്നു.

നാല്‍പ്പത്തി രണ്ട് വര്‍ഷം മുന്‍പാണ് 1982 ലാണ് ഈ കഥയിലെ ഒരു നായകനും വില്ലനുമൊക്കെയായ ഓസ്‌ട്രേലിയക്കാരന്‍ ജെയിംസ് ചാള്‍സ് ഹോവാര്‍ഡ് എന്ന 60 കാരനും അയാളുടെ കാമുകി സുന്ദരിയായ ജില്‍ ഗോച്ചറും സ്റ്റെപ്പന്‍ വൂള്‍ഫ് എന്ന നൗകയില്‍ കൊച്ചി തുറമുഖത്ത് വരുന്നത്. നൗകയില്‍ ലോക സമുദ്രസഞ്ചാരം നടത്തുന്ന സാഹസികരില്‍ പെട്ടവരായിരുന്നു ഇരുവരും. ആറടി ഉയരം ഹോളിവുഡ് വില്ലന്മാരുടെ രൂപം, കട്ടി മീശ, സണ്‍ഗ്ലാസ്, തലയില്‍ വലിയ സണ്‍ഹാറ്റ് ഇംഗ്ലീഷ് വില്ലന്മാരുടെ പോലെ ദൃഡഗാത്രന്‍, ചുണ്ടില്‍ എപ്പോഴും എരിയുന്ന സിഗാര്‍. ആജ്ഞാശക്തിയുള്ള കണ്ണുകള്‍. ഒരു അസാധാരണ മനുഷ്യന്‍. അതായിരുന്നു ജെയിംസ് ഹോവാര്‍ഡ്.

James Charles Howard

ജെയിംസ് ചാൾസ് ഹോവാർഡ്

കസ്സ്റ്റംസുകാരുമായുള്ള വിശദമായ കുടിക്കാഴ്ചയില്‍ അയാള്‍ കസ്റ്റംസ് ഓഫീസറായ അച്യുതമേനോനോട് പറഞ്ഞ കഥ മറ്റൊരു ത്രില്ലര്‍ കഥയായിരുന്നു. പെര്‍ത്തില്‍ ജനിച്ച ജെയിംസ് ഹോവാര്‍ഡ് അമ്മയില്ലാതെ വളര്‍ന്ന ഒരു തെമ്മാടിയായി. വഴക്കാളിയും പിടിച്ച് പറിക്കാരനുമായി. ജയില്‍ ശിക്ഷ കിട്ടി. ഒടുവില്‍ പട്ടാളത്തില്‍ ചേര്‍ന്നു. അവിടെ വെച്ച് ഒരു ന്യൂസ് ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടു. പട്ടാളം ഉപേക്ഷിച്ച് ന്യൂസ് ഫോട്ടോഗ്രാഫറായി. സംഘര്‍ഷ മേഖലകളില്‍ ചെന്ന് സാഹസികമായി ഫോട്ടോ എടുത്തു. തെക്കെ ആഫ്രിക്കയില്‍ 129 കറുത്ത വര്‍ഗക്കാരെ വെള്ളക്കാരായ പൊലീസുകാര്‍ കൂട്ടക്കൊല ചെയ്തതിന്റെ പടം എടുത്തതിന് ജയിലായി. 1963 ല്‍ ഇറാഖിലെ കാസിം രാജാവിനെ കൊലപ്പെടുത്തിയപ്പോള്‍ ശവശരീരം ഉറുമ്പുകള്‍ക്ക് തിന്നാന്‍ ഇട്ടുകൊടുത്തതിന്റെയും, ഉഗാണ്ടയില്‍ ഈദി അമീന്‍ മനുഷ്യ മാംസം ഭക്ഷിക്കുന്നതിന്റെയും ഫോട്ടോ സാഹസികമായി എടുത്തു നെഗറ്റീവ് ഒളിച്ച് കടത്തി പത്രങ്ങള്‍ക്ക് വിറ്റ് വന്‍തുക സമ്പാദിച്ചു. താന്‍ ധാരാളം പണം സമ്പാദിച്ചെന്നും ഇനി വിശ്രമിക്കണം. തന്റെ സാഹസിക ജീവിതം ആത്മകഥയാണ് ഈ മനോഹരമായ കൊച്ചിയിലിരുന്ന് അത് എഴുതണം. അതിശയോക്തി നിറഞ്ഞ ഈ കഥ കേട്ട കസ്റ്റംസ് ഓഫീസര്‍ അച്യുതമേനോന്‍ ‘ഇയാള്‍ ചില്ലറക്കാരനല്ല’ എന്ന് മനസിലാക്കി കസ്റ്റംസിന്റെ നേരിട്ട് നിരീക്ഷണത്തിലുള്ള നോട്ടപ്പുള്ളിയുമാക്കി.

തന്റെ നൗക സ്റ്റെപ്പന്‍ വൂള്‍ഫിന് അറ്റകുറ്റപ്പണി ആവശ്യമായതിനാല്‍ ജിം ഹോവാര്‍ഡ് കൊച്ചിയിലെ ഒരു മൈറൈന്‍ വര്‍ക്ക് ഷോപ്പിലേക്ക് നൗക മാറ്റി. കാമുകി കാമുകന്മാരായ അവര്‍ ബോള്‍ഗാട്ടി പാലസില്‍ മുറിയെടുത്ത് താമസമാരംഭിച്ചു. വെല്ലിംഗ് ടണ്‍ ഐലന്റിലെ ഒരു ബാങ്കില്‍ അവര്‍ക്ക് വിദേശത്ത് നിന്ന് പണം വന്നിരുന്നു. നാല് മാസം അങ്ങനെ കടന്നു പോയി. ബോള്‍ഗാട്ടിയില്‍ ജില്‍ ഗോച്ചര്‍ സാധുക്കളായ കുടുംബത്തിലെ ചെറിയ കുട്ടികളെ പരിപാലിക്കുകയും അവര്‍ക്ക് കളിപ്പാട്ടവും കുപ്പായങ്ങളും വാങ്ങിക്കൊടുക്കുകയും അവരെ ശുചിത്വജീവിതം പഠിപ്പിക്കുകയും ചെയ്ത് ചെറിയൊരു സാമൂഹിക പ്രവര്‍ത്തകയെ പോലെ ബോള്‍ഗാട്ടിയില്‍ പ്രവര്‍ത്തിച്ചു.

അങ്ങനെയിരിക്കെയാണ് കഥയില്‍ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് പുതിയൊരു നൗക 1983 ജനുവരി 5 ന് ബോള്‍ഗാട്ടിയിലെ ജെട്ടിയില്‍ നങ്കൂരമിട്ടത്. ‘ടൈഗര്‍ റാഗ്’ എന്ന ഈ പുതിയ നൗകയിലെ യാത്രക്കാര്‍ പുതിയ അതിഥികളായി ബോള്‍ഗാട്ടിയില്‍ ഇറങ്ങി. ഓസ്‌ട്രേലിയക്കാരനായ ബ്രയാന്‍ മില്‍ഗേറ്റും സുന്ദരിയായ കാമുകി ആലിസണ്‍ മില്‍ഗേറ്റും. സമുദ്രസഞ്ചാരം നടത്തുന്ന സാഹസികര്‍ തന്നെയായിരുന്നു അവരും. നാല് കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ‘ഒബ്‌സര്‍വര്‍ സിംഗിള്‍ ഹാന്‍ഡഡ് ട്രാന്‍സ് അറ്റ്‌ലാന്റിക്ക് യാട്ട് റേസ്’ എന്ന വിഖ്യാതമായ കപ്പലോട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാനുള്ള യാത്രയില്‍ ടൈഗര്‍ റാഗ് നൗകക്ക് കേടുപാടുകള്‍ പറ്റി. അത് നന്നാക്കാനാണ് കൊച്ചിയില്‍ എത്തിയത്. കാര്യങ്ങളെല്ലാം കേട്ട കൊച്ചിന്‍ കസ്റ്റംസ് ഈ കഥ തൊണ്ട തൊടാതെ വീഴുങ്ങാന്‍ തയ്യാറായില്ല. ഹോവാര്‍ഡ് പറഞ്ഞതൊക്കെ കെട്ടു കഥകളാണെന്ന് അവര്‍ക്ക് തോന്നി. അന്ന് മുതല്‍ ഈ പുതിയ അതിഥികളും കസ്റ്റംസിന്റെ നിരീക്ഷണത്തിലായി.

Post Thumbnail
അംബാനി കല്യാണം: പ്രതിരോധ വിമാനത്താവളം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടായിവായിക്കുക

താമസിയാതെ രണ്ട് സാഹസിക കപ്പലോട്ടക്കാരും കാമുകിമാരും പരസ്പരം കണ്ടുമുട്ടി സ്‌നേഹിതന്മാരായി. ലഹരി നിറഞ്ഞു ‘ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി’ സൗഹാര്‍ദ്ദം വളര്‍ന്നു. അതിനിടയില്‍ ബ്രയാന്‍ മില്‍ ഗേറ്റ് താന്‍ ഒരു നേവല്‍ ആര്‍ക്കിടെക്റ്റാണെന്നും ‘സ്റ്റെഫന്‍ വുള്‍ഫ്’ നൗക താന്‍ റിപ്പയര്‍ ചെയ്യാമെന്നും ഹോവാര്‍ഡിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതനുസരിച്ച് ഫീസായി അഡ്വാന്‍സായി അന്നത്തെ വന്‍തുകയായ 50000 രൂപ (1983ലെ അമ്പതിനായിരം!) ബ്രയാന്‍ ഹോവാര്‍ഡില്‍ നിന്ന് കൈപ്പറ്റി. ഇതിനിടെ ഹോവാര്‍ഡ് അയാളുടെ എന്തോ ആവശ്യത്തിനായി ഇംഗ്ലണ്ടിലേക്ക് തിരികെ പോയി. ആ തക്കത്തില്‍ അയാളുടെ കാമുകിയായ ജില്‍ ഗോച്ചറില്‍ നിന്നും ബ്രയാന്‍ കുറെ പണം കൂടി നൗകയുടെ റിപ്പയറിനെന്ന് പറഞ്ഞ് വാങ്ങി.

ഇതിനിടയില്‍ കസ്റ്റംസ്‌കാര്‍ സ്റ്റെഫന്‍ വുള്‍ഫിന്റെ പണി ചെയ്യുന്ന മറൈന്‍ വര്‍ക്ക് ഷോപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ബ്രയാന് നൗകയുടെ സാങ്കേതിക വിവരങ്ങള്‍ ഒന്നും തന്നെ പിടിയില്ലെന്നും അയാളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ സ്റ്റെഫന്‍ വുള്‍ഫിന്റെ കാര്യം തകരാറാവുമെന്ന് അവര്‍ കസ്റ്റംസുകാരെ അറിയിച്ചു.

ഇതിനിടയില്‍ ‘ഹെന്‍ട്രി മിച്ചല്‍’ എന്ന കപ്പലില്‍ ഹോവാര്‍ഡ് കൊച്ചിയില്‍ തിരിച്ചെത്തി. തന്റെ നൗകയായ സ്റ്റെപ്പന്‍ വൂള്‍ഫിന്റെ ബ്രയാന്‍ ചെയ്ത അറ്റകുറ്റപ്പണി കണ്ട അയാള്‍ ഞെട്ടിപ്പോയി. ‘നിങ്ങള്‍ എന്ത് പണിയാണ് ഈ ചെയ്തത്. ഇങ്ങനെയാണെങ്കില്‍ ഇത് കടലില്‍ മുങ്ങുമല്ലോ. നിങ്ങള്‍ എവിടെ നിന്നാണ് കപ്പല്‍ സര്‍വ്വേ പഠിച്ചത്. ഈ പണിയില്‍ നിങ്ങള്‍ക്ക് യാതൊരു അടിസ്ഥാന വിവരവും ഇല്ല. നിങ്ങളൊരു വ്യാജനാണെങ്കില്‍ ഞാന്‍ ഒരു പാഠം പഠിപ്പിക്കും’, ഹോവാര്‍ഡ് ഗര്‍ജ്ജിച്ചു. താളം തെറ്റിയ തന്റെ നൗകയുടെ അറ്റകുറ്റപ്പണി കണ്ട് അയാളുടെ സമനില തെറ്റിയിരുന്നു.

ബ്രയാന്‍ തന്റെ പണി ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. പക്ഷേ, കോപം കൊണ്ട് വിറച്ച ഹോവാര്‍ഡ് അതൊന്നും ചെവിക്കൊണ്ടില്ല. ഒടുവില്‍ അത് കയ്യാങ്കളിയുടെ വക്കിലെത്തി. ഒടുവില്‍ മറൈന്‍ വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാര്‍ ഇടപെട്ട് അവരെ പിടിച്ചു മാറ്റി. അതോടെ ഹോവാര്‍ഡ് ബ്രയാന്റെ സേവനം അവസാനിപ്പിച്ചു. മാത്രമല്ല അത് വരെ തന്നില്‍ നിന്ന് വാങ്ങിയ പണത്തിന്റെ വിശദാംശങ്ങള്‍ തരണമെന്നും രോഷാകുലനായി ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടു. ബ്രയാന്‍ ഒന്നും മിണ്ടാതെ സ്ഥലം വിട്ടു.

പിറ്റെ ദിവസം ഹോവാര്‍ഡ് കാര്യങ്ങളെല്ലാം തന്റെ കാമുകിയായ ജില്‍ ഗോച്ചറെ ഏല്‍പ്പിച്ച്, താന്‍ വന്ന കപ്പലായ ഹെന്‍ട്രി മിച്ചലില്‍ സിംഗപ്പൂര്‍ക്ക് യാത്ര തിരിച്ചു. അതോടെ ബ്രയാനും ജിമ്മും അകന്നു മാത്രമല്ല, ബദ്ധശത്രുക്കളായി. തുടര്‍ന്നുള്ള സംഭവങ്ങള്‍ നടന്നത് അപസര്‍പ്പക കഥ പോലെയായിരുന്നു. ഈ ത്രില്ലര്‍ കഥയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി നിരന്നവര്‍, കൊച്ചിയിലെ പോലീസും രഹസ്യപ്പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും അഭിഭാഷകരുമാണ്.

ഇതെല്ലാം നിരീക്ഷിച്ചിരുന്ന കൊച്ചിന്‍ കസ്റ്റംസിലെ ഓഫീസര്‍ അച്യുത മേനോന്‍ ഉടനെ തന്റെ സഹപ്രവര്‍ത്തകനായിരുന്ന കസ്റ്റംസ് കളക്ടര്‍ വേണുഗോപാലനുമായി ചേര്‍ന്ന് ബ്രയാനെ ചെന്ന് കണ്ടു. ഹോവാര്‍ഡിനെ കുറിച്ച് അയാളില്‍ നിന്ന് ഈ സാഹചര്യത്തില്‍ വിവരം കിട്ടും എന്നതായിരുന്നു അതിന് കാരണം.

achuthamenon

എം. അച്യുതമേനോൻ , കൊച്ചി കസ്റ്റംസ്

പകയുടെ എരിയുന്ന കനലുമായി കഴിയുകയായിരുന്ന ബ്രയാന്‍, ഹോവാര്‍ഡിനെ കുറിച്ച് അവരോട് പറഞ്ഞ കഥകള്‍ ഇങ്ങനെ; ‘അയാള്‍ ഒരു അന്താരാഷ്ട ചാരനാണ്. അത് കൊണ്ടാണ് ഞാന്‍ അയാളുമുള്ള സഹകരണം ഒഴിവാക്കിയത്. അയാളുടെ നൗകയായ സ്റ്റെപ്പന്‍ വൂള്‍ഫിന്റെ രഹസ്യ അറകളില്‍ 50 കിലോ ഹാഷിഷ് ഒളിച്ചു വെച്ചിട്ടുണ്ട്’ എന്നൊക്കെയായിരുന്നു. ഇരുവരും തമ്മിലുള്ള ശത്രുത അറിയാവുന്ന കസ്റ്റംസുകാര്‍ ആദ്യം അത് മുഖവിലക്കെടുത്തില്ലെങ്കിലും മയക്കു മരുന്ന് ഉണ്ടോ എന്ന് നൗകയില്‍ പരിശോധന നടത്താന്‍ പിന്നീട് അവര്‍ തീരുമാനിച്ചു.

പിറ്റേദിവസം ബ്രയാന്‍ തന്നെ നേരിട്ട് കസ്റ്റംസ് ടീമിനെ കണ്ടു താന്‍ ഒപ്പം വന്ന് ഒളിച്ച് വെച്ച സ്ഥലം കാണിച്ചു തരാമെന്നും പറഞ്ഞ് റെയ്ഡ് പാര്‍ട്ടിയുടെ കൂടെ ചെന്നു. മറൈന്‍ വര്‍ക്ക്‌ഷോപ്പില്‍ ചെന്ന് സ്റ്റെപ്പന്‍ വൂള്‍ഫിന്റെ പരിശോധനക്കായി അതിലെ പലകകള്‍ അഴിച്ച് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്റ്റെപ്പന്‍ വൂള്‍ഫ് ഒരു പലക കൂമ്പാരമായി മാറി. പക്ഷേ, മയക്കു മരുന്നിന്റെ ഒരു പൊടി പോയിട്ട് സംശയാസ്പദമായി ഒന്നും തന്നെ അവര്‍ക്ക് നൗകയില്‍ നിന്ന് ലഭിച്ചില്ല.

അപ്പോള്‍ ബ്രയാന്റെ തനിനിറം പുറത്തുവന്നു. അയാള്‍ പറഞ്ഞു;’അവനോട് പകരം വീട്ടാനാണ് ഞാനിതെല്ലാം ചെയ്തത്. ഇനി ഈ ബോട്ട് റിപ്പയര്‍ ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടി വരും. അതിനാണ് ഞാന്‍ ഈ കളി കളിച്ചത്. ഈ ബ്രയാനും ചിലതെല്ലാം ചെയ്യാന്‍ പറ്റുമെന്ന് അവര്‍ മനസിലാക്കട്ടെ”. കൂടുതലൊന്നും ചെയ്യാനാവാതെ കസ്റ്റസുകാര്‍ തികഞ്ഞ അസംതൃപ്തി പ്രകടിപ്പിച്ച് പിന്‍വാങ്ങി.

പിന്നെയും ബ്രയാന്‍, ഹോവാര്‍ഡിനെക്കുറിച്ച് കള്ളക്കഥകളുമായി ഒന്നു രണ്ട് തവണ കസ്റ്റംസുകാരെ സമീപിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. അതോടെ കൊച്ചി കസ്റ്റംസിനോടും അയാള്‍ക്ക് പകയായി. രണ്ട് ശത്രുക്കളോടും പ്രതികാരം ചെയ്യാന്‍ അയാള്‍ കാത്തിരുന്നു. ഇതിനിടയില്‍ ഹോവാര്‍ഡിന്റെ കാമുകി ജില്‍ ഗോച്ചറെ ബ്രയാന്‍ വശത്താക്കി. തന്റെ കാമുകി ആലിസണിന്റെ സഹായത്തോടെ ജില്‍ ഗോച്ചറെ തന്റെ നൗകയിലേക്ക് താമസം മാറ്റിച്ചു. അങ്ങനെ ഹോളിവുഡ് സിനിമാ സ്റ്റെലില്‍ രണ്ട് സുന്ദരികളോടൊപ്പം ബ്രയാന്‍ ടൈഗര്‍ റാഗില്‍ സസുഖം വാണു. കഥ കൂടുതല്‍ സംഭവ ബഹുലമാകാന്‍ തുടങ്ങുകയായിരുന്നു.

സിംഗപ്പൂരില്‍ നിന്ന് തിരികെ ബോള്‍ഗാട്ടിയിലെത്തിയ ഹോവാര്‍ഡ് കാര്യങ്ങളറിഞ്ഞ് ഞെട്ടിപ്പോയി. തന്റെ പണം തട്ടിയെടുത്ത ശത്രു തന്റെ കാമുകിയേയും തട്ടിയെടുത്ത് അയാളുടെ പാളയത്തില്‍ അനുഭവിക്കുന്നത് കണ്ട് അയാള്‍ നീറിപ്പുകഞ്ഞു. അര ലക്ഷം രൂപ ചിലവിട്ടിട്ടും തന്റെ നൗകയായ സ്റ്റെപ്പന്‍ വൂള്‍ഫിന്റെ തകര്‍ന്ന പലകകളുടെ കൂമ്പാരം അയാളെ നോക്കിച്ചിരിച്ചു. അയാള്‍ നടത്തിയ അന്വേഷണത്തില്‍ കപ്പല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ബ്രയാന് ഒരു സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന് ലണ്ടനിലെ ‘ലോയ്ഡ് ഇന്‍സ്റ്റിട്യൂട്ട്’ ഹോവാര്‍ഡിനെ അറിയിച്ചു. അതായത് ബ്രയാന്‍ മില്‍ ഗേറ്റ് വ്യാജ്യ മറൈന്‍ ആര്‍ക്കിടെക്റ്റാണ്. അതോടെ അയാള്‍ക്ക് കലികയറി, പിന്നീട് വളരെ കഷ്ടപ്പെട്ട് അയാള്‍ നഷ്ടപ്പെട്ട തന്റെ കാമുകി ജില്‍ ഗോച്ചറെ തിരിച്ച് പിടിച്ചു. പോയ പണത്തിന്റെ കാര്യത്തിനായി അയാള്‍ കോടതിയെ സമീപിച്ചു.

Post Thumbnail
കോട്ടയിലെ 'കൊലയാളി' സീലിംഗ് ഫാനോ?വായിക്കുക

ഒരു ദിവസം എറണാകുളത്തെ ഷണ്‍മുഖം റോഡിനടുത്തുള്ള ബോട്ട് ജെട്ടിയില്‍ ജെയിംസ് ഹോവാര്‍ഡും ബ്രയാന്‍ മില്‍ഗേറ്റും മുഖാമുഖം കണ്ടു മുട്ടി. പിന്നെ നടന്നത് ഹോളിവുഡ് സ്റ്റെലിലില്‍ പൊരിഞ്ഞ അടിയായിരുന്നു. രണ്ട് സായ്പ്പുമാര്‍ തമ്മില്‍ പട്ടാപ്പകല്‍ നടന്ന മല്ലയുദ്ധം സിനിമയിലല്ലാതെ ആദ്യമായി ലൈവായി കണ്ട കൊച്ചിക്കാര്‍ അന്തം വിട്ടു. അരമണിക്കൂര്‍ നീണ്ട ഹോളിവുഡ് സ്റ്റെല്‍ സംഘട്ടനം പോലീസ് രംഗത്തെത്തി അവസാനിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ട് പേരെയും പോലീസ് ആശുപത്രിയിലാക്കി. പിറ്റെ നാളിലെ പത്രങ്ങളെല്ലാം വാര്‍ത്തയായ ഈ സംഭവം പിന്നീട് രാജാന്തര വാര്‍ത്തയാകാന്‍ പോകുന്നതിന്റെ ആരംഭമാണെന്ന് അപ്പോള്‍ കൊച്ചി കസ്റ്റംസ് ഉള്‍പ്പടെ ആരും കരുതിയില്ല.

ഈ സംഭവത്തോടെ ബ്രയാന്‍ മില്‍ഗേറ്റിന്റെ പക പതിമടങ്ങായി വര്‍ദ്ധിച്ചു. അയാള്‍ കൊച്ചിയില്‍ പുറത്ത് വരുന്ന ഒരു ഇംഗ്‌ളീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടറെ പാട്ടിലാക്കി. ബ്രയാനും കാമുകിയും റിപ്പോര്‍ട്ടറും ചേര്‍ന്ന് ആ പത്രത്തിന്റെ എഡിറ്ററെ കണ്ടു. തുടര്‍ന്ന് ആ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ കൊച്ചിയില്‍ വെച്ച് ഒരു ഓസ്‌ട്രേലിയന്‍ മയക്കുമരുന്നു കള്ളക്കടത്തുകാരന്‍ ബ്രയാനെയും കാമുകിയേയും പോലീസിന്റെ കണ്‍മുന്‍പില്‍ വെച്ച് ആക്രമിച്ചെന്നും പോലീസില്‍ പരാതിപ്പെട്ടെങ്കിലും അവര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നായിരുന്നു പത്രവാര്‍ത്തയുടെ ചുരുക്കം.

ഈ വാര്‍ത്ത ഹോവാര്‍ഡിനെ ഭയപ്പെടുത്തിയെങ്കിലും അയാള്‍ പത്രത്തിനെതിരെയും ബ്രയാനെതിരെയും മാനനഷ്ട കേസ് ഫയല്‍ ചെയ്തു. കോടതി ഈ കേസില്‍ ഇടപെട്ട് ബ്രയാന്‍ മില്‍ ഗേറ്റിന്റെ നൗകയായ ‘ടൈഗര്‍ റാഗ്’ പിടിച്ചെടുത്തു. താവളം നഷ്ടപ്പെട്ട ബ്രയാന്‍ ഗത്യന്തരമില്ലാതെ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറി.

1983  നവംബറില്‍ അമേരിക്കയില്‍ ന്യൂജേഴ്‌സിയില്‍ കടലില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കപ്പലില്‍ നിന്ന്  14 ടണ്‍ ‘ഹാഷിഷ് കട്ടകള്‍’ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തെന്നും 100 ദശലക്ഷം ഡോളര്‍ വില വരുന്ന ഈ പിടിച്ചെടുക്കല്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടയാണെന്നും അമേരിക്കന്‍ പത്രങ്ങളില്‍ വലിയ വാര്‍ത്ത വന്നു. ഈ വാര്‍ത്തയുടെ പിന്നാലെ 1984 ജനുവരി 8ാം തിയതി ഇംഗ്ലണ്ടില്‍ പ്രശസ്തമായ ‘ലണ്ടന്‍ ടൈംസ് ‘ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നു. അമേരിക്കയില്‍, പിടിച്ചെടുത്ത ഹാഷിഷ് കയറ്റിയത് കൊച്ചിയില്‍ നിന്നാണെന്നും 9 മാസം മുന്‍പ് ഈ കപ്പല്‍ കൊച്ചിയില്‍ ഉണ്ടായിരുന്നെന്നും, കൊച്ചിയില്‍ താമസിക്കുന്ന ജെയിംസ് ചാള്‍സ് ഹോവാര്‍ഡ് എന്ന ഓസ്ട്രലിയക്കാരനാണ് ഇതിന്റെ പിന്നിലെന്നും അമേരിക്കന്‍ പത്രങ്ങളിലെ വാര്‍ത്ത ഒന്നു കൂടി പൊലിപ്പിച്ച് ലണ്ടന്‍ ടൈംസ് വാര്‍ത്ത കൊടുത്തു.

cochin shipyard

ഈ വാര്‍ത്ത ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ചു. ടൈംസിലെ വാര്‍ത്തയുടെ ചുവട് പിടിച്ച് ഇന്ത്യയിലെ ദേശീയ പത്രങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ കൊച്ചി അന്തര്‍ദേശിയ മയക്കുമരുന്നു കേന്ദ്രമാണെന്ന പ്രചാരം ഉയര്‍ന്നു. മലയാളത്തിലെ പ്രധാന പത്രങ്ങള്‍ ഇത് ആദ്യം ഗൗനിച്ചില്ലെങ്കിലും ചെറുകിട പത്രങ്ങള്‍ സണ്‍ഡേ ടൈംസിലെ വാര്‍ത്തയെ അടിസ്ഥാനമാക്കി അമേരിക്കയില്‍ പിടിച്ചെടുത്ത ഹാഷിഷ് ഇടുക്കിയിലെ കഞ്ചാവ് തോട്ടങ്ങളില്‍ സംസ്‌കരിച്ചതാണെന്ന് വരെ എഴുതി വിട്ടു. ഈ വാര്‍ത്ത കൊച്ചി കസ്റ്റംസിന്റെ ആത്മവീര്യം കൊടുത്താന്‍ പോന്നതായിരുന്നു. രാജ്യാന്തര പ്രചാരം നേടിയ ഈ വാര്‍ത്ത അവരെ പ്രതിക്കൂട്ടിലാക്കി. അതോടെ ലോകത്തിന് മുന്നില്‍ കൊച്ചി കസ്റ്റംസ് ഈ കഥയിലെ വില്ലനായി മാറി.

കൊച്ചിയില്‍ വന്ന് പോയ പോയ എ.വി. ഹെറ്റി മിച്ചല്‍ എന്ന കപ്പലാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതെന്ന വാര്‍ത്ത ശരിയാണെന്ന് വന്നതോടെ ഈ മയക്കു മരുന്നു വേട്ടയുടെ വാര്‍ത്ത ലോകം മുഴുവനും പരന്നു. ഈ വാര്‍ത്ത ഓസ്‌ട്രേലിയന്‍ പത്രത്തില്‍ നിന്നറിഞ്ഞ ബ്രയാന്‍ മില്‍ഗേറ്റ് ഉടനെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ടു. അയാളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത ഒരു ലോട്ടറിയടിച്ച പോലെയായിരുന്നു. ഒരേ സമയം ബദ്ധശത്രുവായ ജെയിംസ് ഹോ വാര്‍ഡിനോടും തന്നെ ദ്രോഹിച്ച കൊച്ചി കസ്റ്റംസിനോടും ഒരേ സമയം പകരം വീട്ടാന്‍ ഒരു സുവര്‍ണാവസരമാണ് വീണ് കിട്ടിയിരിക്കുന്നത്. ഈ കപ്പലിന്റെ പേര് ‘ഹൈറ്റി മിച്ചല്‍’ എന്നാണെങ്കില്‍ ആ മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് കയറ്റിയതാണെന്നു. ജെയിംസ് ചാള്‍സ് ഹോവാര്‍ഡ് എന്ന മയക്കു മരുന്നു രാജാവ് കൊച്ചി കേന്ദ്രീകരിച്ച് നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്രാ മയക്കുമരുന്നു സംഘമാണ് ഇതിന് പിന്നിലെന്നും ഇത് സംബന്ധിച്ച് എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡുമായി താന്‍ സഹകരിക്കാന്‍ തയ്യാറാണെന്നും അയാള്‍ അവരെ അറിയിച്ചു.

ഇത്രയുമായപ്പോള്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ബ്രയാന്‍ മില്‍ ഗേറ്റിനെ അമേരിക്കയിലേക്ക് ക്ഷണിച്ചു. അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ് മെന്റിന്റെ അറ്റ്‌ലാന്റ് സിറ്റി ഓഫീസിലെത്തിയ അയാള്‍ക്ക് പറയാനുണ്ടായിരുന്നത് പഴയ കൊച്ചി കഥകള്‍ മാത്രമായിരുന്നു. കൊച്ചി വലിയ മയക്കുമരുന്ന് കേന്ദ്രമാണെന്നും ഹോവാര്‍ഡാണ് ഇതിന്റെ പിന്നിലെന്നും അയാള്‍ അവരെ ധരിപ്പിച്ചു. കൗശലക്കാരനായ അയാള്‍ ഇംഗ്ലണ്ടിലെ സണ്‍ഡേ ടൈംസിന്റെ അമേരിക്കന്‍ ബ്യൂറോവില്‍ ചെന്ന് ഈ കഥകളെല്ലാം ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു. കൊച്ചി കസ്റ്റംസിന്റെയും പോലീസിന്റെയും വേട്ടയാടല്‍ സഹിക്കാതെയാണ് താനും കാമുകിയും ഓസ്ട്രലിയയിലേക്ക് തിരികെ പോയതെന്നും തങ്ങള്‍ കൊടുത്ത വിവരമനുസരിച്ചാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഈ മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് ബ്രയാന്‍ സണ്‍ഡേ ടൈംസിന്റെ അമേരിക്കന്‍ പ്രതിനിധിയോട് പറഞ്ഞു. അസാമാന്യരീതിയാല്‍ കഥ പറയാന്‍ കഴിവുള്ള ബ്രയാന്‍ മില്‍ഗേറ്റിന്റെ വാക്കുകള്‍ ആ പത്ര ലേഖകന്‍ വിശ്വസിച്ചു. അങ്ങനെയാണ് 1984 ജനുവരി 8 ന് സണ്‍ഡേ ടൈംസ് ദിനപത്രത്തില്‍ ‘ദി കൊച്ചിന്‍ കണക്ഷന്‍’ എന്ന ശീര്‍ഷകത്തില്‍ കൊച്ചിക്ക് അപകീര്‍ത്തിപരമായ വിവാദ വാര്‍ത്ത വന്നത്.

ഹൈറ്റിയില്‍ നിന്നും പിടിക്കെടുത്ത ഹാഷിഷ് കട്ടകള്‍ കൊച്ചിയില്‍ നിന്ന് കയറ്റിയതാണെന്നും. കൊച്ചി അന്താരാഷ്ട്ര മയക്കു മരുന്ന് കച്ചവടക്കാരുടെ ഒരു വിഹാരരംഗമാണെന്നും സണ്‍ഡേ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ ഈ സംഭവം വാര്‍ത്തയിലൂടെ കൊഴുപ്പിച്ചത്. ലണ്ടന്‍ ടൈംസിലെ വാര്‍ത്ത കൊച്ചി കസ്റ്റംസിന്റെ ആത്മവീര്യത്തെ പിടിച്ചു കുലുക്കി. അന്ന് കേരള ഡി.ജി.പിയായ മധുസൂദനന്‍ കൊച്ചി ഡി. ഐ. ജി കൃഷ്ണന്‍ നായരെ ഫോണില്‍ വിളിച്ച് ജാഗ്രത പാലിക്കാനാവശ്യപ്പെട്ടു. ആരോപണങ്ങളുടെ ഗൗരവവും ആഴവും കൊച്ചി കസ്റ്റംസിനെ കൊടും സമര്‍ദ്ദത്തിലാക്കി. കൊച്ചിയില്‍ ഇത്രയധികം മയക്കുമരുന്നു കള്ളക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം കൊച്ചി കസ്റ്റംസിന് തന്നെയാണ്. അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയുള്ളവരാണ് കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാര്‍. തങ്ങളുടെ കണ്ണ് വെട്ടിച്ച് ഇത്രയും വലിയ കള്ളക്കടത്ത് കൊച്ചിയില്‍ നടക്കില്ല. അതിനാല്‍ ഇത് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് അവര്‍ക്കറിയാമായിരുന്നു.

Post Thumbnail
ദി കൊച്ചിന്‍ (കണക്ഷന്‍) ഡിസ്‌കണക്റ്റഡ്: ഭാഗം-2വായിക്കുക

വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍ ബ്രയാന്‍ മില്‍ ഗേറ്റ് പറഞ്ഞത് നുണയാണ് എന്ന് മനസിലാകും. 18 ടണ്‍ കേവുഭാരമുണ്ടായിരുന്ന ഹൈറ്റി മിച്ചലില്‍ 14 ടണ്‍ മയക്കു മരുന്ന് ഒളിച്ച് വെയ്ക്കുക അസാദ്ധ്യമാണ്. മാത്രമല്ല ഈ കപ്പല്‍ യാത്രാ മദ്ധ്യേ സിംഗപ്പൂരില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ആ സമയത്ത് കപ്പല്‍ പെയ്ന്റ് ചെയ്യുകയും കപ്പല്‍ പുതിയ ഉടമസ്ഥതയിലാവുകയും ചെയ്തിരുന്നു. ഹൈറ്റി മിച്ചല്‍ എന്ന് പേര് മാറ്റി കപ്പലിന് പുതിയ ഉടമകള്‍ എം.വി. ഹെറ്റി എന്ന പുതിയ പേര് നല്‍കി. മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് കയറ്റിയതാണെങ്കില്‍ സിംഗപ്പൂരില്‍ വെച്ച് തന്നെ അത് പിടിക്കപ്പെടുമായിരുന്നു.

Customs office

കൊച്ചി കസ്റ്റംസ് ഓഫീസ്

കൊച്ചി കസ്റ്റംസിലെ കളക്ടര്‍ വേണുഗോപാലും മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ അച്യുതമേനോനും തങ്ങളുടെ ഓഫീസിന് മേല്‍ പതിച്ച കളങ്കം കഴുകിക്കളയാനും ആരോപണം തെറ്റാണെന്ന് തെളിയിക്കാനും ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനും ദൃഡപ്രതിജ്ഞയെടുത്തിരുന്നു. അവര്‍ അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റുമായും ഇന്റര്‍ പോളുമായും ബന്ധപ്പെട്ടു. ന്യുജേഴ്‌സിയില്‍ പിടിച്ചെടുത്ത മയക്കുമരുന്ന് കൊച്ചിയില്‍ നിന്ന് കയറ്റിയതാണോ? ആണെങ്കില്‍ അതിന്റെ പിന്നിലുള്ളതായി കരുതുന്ന ചാള്‍സ് ഹോവാര്‍ഡ് ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ട് എന്നൊരു സന്ദേശം അവര്‍ ഇരുവര്‍ക്കും അയച്ചു. പിറ്റേന്ന് പഴയ വില്ലന്മാരിലൊരാളായ ഹോവാര്‍ഡ് കസ്റ്റംസ് ഓഫീസില്‍ അച്യുതമേനോന്റെ മുറിയില്‍ പ്രതൃക്ഷപ്പെട്ടു. അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. അയാള്‍ പറഞ്ഞു; ‘മിസ്റ്റര്‍ മേനോന്‍ ആ കുരങ്ങന്‍ ചെയ്ത് വച്ചതു കണ്ടില്ലേ? കൊച്ചിയില്‍ നിന്ന് ഞാനാണത്രെ ഹാഷിഷ് കയറ്റിയയച്ചത്. അവനോട് ഞാനിതിന് പകരം ചോദിക്കും.’

ഈ അവസരം പാഴിക്കാതെ മേനോന്‍ ചോദിച്ചു; ‘കൊച്ചിയില്‍ നിന്നല്ലെങ്കില്‍ കപ്പലില്‍ ഹാഷിഷ് എങ്ങനെ വന്നു.?

നിവൃത്തിയില്ലാതെ ഹോവാര്‍ഡ് സത്യം പറഞ്ഞു; ‘ഞാന്‍ ആ കപ്പലിന്റെ ഉടമസ്ഥനുമായി സംസാരിച്ചു. മയക്കു മരുന്ന് ഒമാനില്‍ നിന്ന് കയറ്റിയതാണ്. മാത്രമല്ല അത് കള്ളക്കടത്തല്ല. അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ട് അഫ്ഗാന്‍ ഗറില്ലകളില്‍ നിന്ന് വാങ്ങുന്നതാണ്. പകരമായി റഷ്യയോട് പോരാടാന്‍ അവര്‍ക്ക് (താലിബാന് )ആയുധങ്ങള്‍ അമേരിക്ക നല്‍കും. സിഐ എയുടെ Arms for drugs എന്ന പദ്ധതി പ്രകാരമാണിത്. അഫ്ഗാനിസ്ഥാനില്‍ സുലഭമായി കിട്ടുന്ന ഹാഷിഷും ഹെറോയിനും എതെങ്കിലും തരത്തില്‍ കള്ളക്കടത്തായി അമേരിക്കയില്‍ എത്തും. അത് തടയാന്‍ സി ഐ എ നേരിട്ട് വാങ്ങി അവ അമേരിക്കയില്‍ എത്തിച്ച് നശിപ്പിക്കുന്നു. അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയെന്നത് അമേരിക്കയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. ഒരു വെടിക്ക് രണ്ട് പക്ഷി. നിങ്ങള്‍ അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിനോട് ചോദിക്കൂ. സി ഐ എ കഥയൊഴിച്ച് ബാക്കിയെല്ലാം അവര്‍ പറയും. ഞാന്‍ ഇവിടെയുണ്ടാകും. എന്റെ നിരപരാധിത്വം എനിക്ക് തെളിയിച്ചേ പറ്റൂ.’ ഇതോടെ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി. പക്ഷേ, മോനാനും വേണുഗോപാലും അമേരിക്കന്‍ ഏജന്‍സിയുടെ മറുപടിക്ക് കാത്തിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വന്ന അമേരിക്കന്‍ ഏജന്‍സിയുടെ സന്ദേശം മേനോന്റെയും കൊച്ചി കസ്റ്റംസിന്റെയും മനംകുളിര്‍പ്പിച്ചു. അമേരിക്കന്‍ ഏജന്‍സി വ്യക്തമായി കാര്യങ്ങള്‍ എഴുതിയിരുന്നു. ‘എം.വി. ഹെറ്റി എന്ന കപ്പലില്‍ നിന്ന് ഹാഷിഷ് പിടിച്ചത്. ആരും മുന്‍കൂട്ടി അറിവ് തന്നതനുസരിച്ചല്ല. അവിടെ നിരീക്ഷണം നടത്തിയിരുന്ന അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് സംശയം തോന്നി കപ്പല്‍ പരിശോധിച്ചപ്പോഴാണ് ഹാഷിഷ് പിടിക്കപ്പെട്ടത്. ഇതുമായി ബ്രയാന്‍ എന്നൊരു ഓസ്‌ട്രേലിയക്കാരന്‍ കുറെ കഥകളുമായി ഞങ്ങളെ സമീപിച്ചിരുന്നു. പിടിച്ചെടുത്ത ഹാഷിഷ് ഒമാനില്‍ നിന്ന് കയറ്റിയതാണെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിന് ഇന്ത്യയുമായോ ഇന്ത്യയില്‍ താമസിക്കുന്ന ആരുമായോ യാതൊരു ബന്ധവുമില്ല. ഇന്റര്‍ പോളും മയക്കു മരുന്ന് ഒമാനില്‍ നിന്ന് കയറ്റിയതാണെന്ന് സന്ദേശമയച്ചതിനാല്‍ എല്ലാം പകല്‍ പോലെ വ്യക്തമായി.

അതോടെ എല്ലാം കലങ്ങിത്തെളിഞ്ഞു. കൊച്ചിക്ക് വന്ന മാനക്കേട് ഇല്ലാതായി. എല്ലാ പത്രങ്ങളിലും വിശദമായി ഈ വാര്‍ത്ത വന്നതോടെ ലോകത്തിന്റെ മുന്നില്‍ അറബിക്കടലിന്റെ റാണിക്ക് വന്ന മാനഹാനി ഇല്ലാതായി. കൊച്ചി ഒരിക്കല്‍ കൂടി കളങ്കമില്ലാത്തവളായി. കൊച്ചിയിലെ കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ അച്യുതമേനോനും വേണുഗോപാലും നിതാന്ത ജാഗ്രതയോടെ പ്രശ്‌നം കൈകാര്യം ചെയ്തതോടെയാണ് കൊച്ചി കസ്റ്റംസ് ഈ അപമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

costumes

1984 ല്‍ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ വെച്ച് കസ്റ്റംസില്‍ പല മയക്കുമരുന്ന് കേസുകള്‍ ചുരുളഴിച്ചതിന് അംഗീകാരമായി കൊച്ചി കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അച്യുതമേനോനെ രാഷ്ട്രം ആദരിച്ചു. അശോകാ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ അന്നത്തെ ധനകാര്യ മന്ത്രി വി.പി.സിംഗ് അച്യുതമേനോന് അവാര്‍ഡ് നല്‍കി. കൊച്ചി കസ്റ്റംസിന്റെ 120 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വിശിഷ്ട സേവനത്തിന് രാഷ്ട്രം ബഹുമതി നല്‍കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് മായംപുറത്ത് അച്യുതമേനോന്‍. കേരളത്തിനും കൊച്ചി കസ്റ്റംസിനും അഭിമാനകരമായ നിമിഷങ്ങളായിരുന്നു അത്. ഒരു വര്‍ഷത്തിന് ശേഷം അച്യുതമേനോന്‍ കസ്റ്റംസിലെ സാഹസങ്ങള്‍ക്ക് വിരാമിട്ടുകൊണ്ട് ജോലിയില്‍ നിന്ന് വിരമിച്ചു. ജീവിത സായാഹ്നത്തില്‍ എറണാകുളത്ത് കാരിക്കാമുറിയിലെ തന്റെ വസതിയില്‍ സമാധാനപരമായ വിശ്രമ ജീവിതത്തിലേക്ക് നീങ്ങി.

എന്നാല്‍ കഥ അവസാനിച്ചിട്ടില്ലായിരുന്നു. മറ്റൊരു കഥയായി കൊച്ചിയിലേത് തിരികെ വരികയായിരുന്നു. ഏറെ താമസിയാതെ പഴയ ‘ടൈഗര്‍ റാഗ്’ എന്ന കപ്പല്‍ അച്യുതമേനോന്റെ വിശ്രമ ജീവിതത്തിലേക്ക് അദ്ദേഹത്തെ തേടി വന്നു വീണ്ടും സൈറണ്‍ മുഴക്കി.

ആ കഥയുടെ പശ്ചാത്തലം ലണ്ടനും കൊച്ചിയുമായിരുന്നു. തിരമാലയും, കടല്‍ത്തീരവും പായുന്ന ലോഞ്ചുകളും കപ്പല്‍ സൈറണുകളും, ഉദയവും അസ്തമയവും സംശയങ്ങളും നിറഞ്ഞ കസ്റ്റംസിന്റെ കഥാ ലോകത്തേക്ക് കൊച്ചി നഗരം വീണ്ടും വഴുതി വീണു. കൊച്ചിന്‍ കണക്ഷന്‍ വീണ്ടും ചക്രവാള സീമയില്‍ പ്രതൃക്ഷപ്പെടുകയാണ്.  The drug case in which kochi was accused and the controversial book The Cochin Connection

തുടരും…

Content Summary; The drug case in which kochi was accused and the controversial book The Cochin Connection

×