ദക്ഷിണ കൊറിയൻ നടി കിം സെ റോണിന്റെ ആത്മഹത്യക്ക് ശേഷം സെലിബ്രിറ്റികളുടെ മേലുള്ള സമ്മർദ്ദത്തെക്കുറിച്ചുള്ള ചർച്ചകളും ഉയരുകയാണ്. മാധ്യമങ്ങളും ആരാധകരും സെലിബ്രിറ്റികളുടെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവർക്ക് അധിക സമ്മർദ്ദം നൽകുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ദക്ഷിണ കൊറിയയിൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.
സിയോളിലെ വീട്ടിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് മരിച്ച നിലയിൽ കണ്ടെത്തിയ നടി കിം സെ റോണിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. തുടർന്ന് ചർച്ചകളും ഊഹാപോഹങ്ങളും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇത് എപ്പോഴാണ് അവസാനിക്കുകയെന്നും എത്ര ജീവനുകൾ ഇനിയും നഷ്ടപ്പെടാനുണ്ടെന്നും ദക്ഷിണ കൊറിയൻ കോളമിസ്റ്റായ യാങ് സുങ്-ഹീ ഒരു വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
തന്റെ ഒമ്പതാം വയസ്സിൽ ബാലതാരമായാണ് കിം സെ റോൺ സിനിമയിലേക്ക് എത്തുന്നത്. 2022 മെയ് മാസത്തില്‍, സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഓൺലൈനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും കിം സെ റോണ്‍ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു.
കിമ്മിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള നെഗറ്റീവ് കഥകൾ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ചിരുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചും വിമർശനങ്ങൾ നടത്തിയിരുന്നു. ഇത് കിമ്മിന്റെ കരിയറിന്റെ തകർച്ചയിലേക്ക് നയിച്ചു. 2023 ലെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ബ്ലഡ്ഹൗണ്ട്സിൽ നിന്നുള്ള മിക്ക രംഗങ്ങളും വെട്ടിക്കുറയ്ക്കുകയും ട്രോളി എന്ന ടിവി നാടകത്തിൽ നിന്ന് അവൾ പിന്മാറുകയും ചെയ്തു. പിന്നീട് ഒരു കോഫി ഷോപ്പിൽ കിം ജോലി ചെയ്തിരുന്നു. എന്നാൽ ജനങ്ങൾ താരം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
നിരന്തരമായ റിഹേഴ്സലുകൾ, വ്യക്തിജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റം, ഭക്ഷണക്രമം, ഓൺലൈൻ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ പരിശോധിക്കപ്പെടണം എന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ പല സെലിബ്രിറ്റികളുടെയും മരണത്തിൽ മാധ്യമങ്ങളിൽ നിന്ന് നേരിടുന്ന സമ്മർദ്ദം ഒരു കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നടൻ ലീ സൺ-ക്യുൻ, നടി ചോയ് ജിൻ-സിൽ, സുള്ളി, ഗൂ ഹാര തുടങ്ങിയ കെ-പോപ്പ് താരങ്ങൾ തുടങ്ങിയവരുടെ മരണത്തിൽ മാധ്യമങ്ങളുടെ അമിതമായ കൈകടത്തൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ സെലിബ്രിറ്റികൾ, പ്രത്യേകിച്ച് സ്ത്രീകൾ നിയമപരമായ പ്രശ്‌നങ്ങൾ നേരിട്ടാൽ പിന്നീട് അഭിനയരംഗത്ത് തുടരാൻ ബുദ്ധിമുട്ടാണ്. മാധ്യമങ്ങളിൽ നിന്നുള്ള നെഗറ്റീവ് വാർത്തകൾ ഭയന്ന് പലരും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് സഹായം തേടുന്നത് പോലും ഒഴിവാക്കുന്നു. സെലിബ്രിറ്റികൾ എപ്പോഴും കുറ്റമറ്റവരായി കാണപ്പെടാൻ സമൂഹം വലിയ സമ്മർദ്ദം ചെലുത്തുന്നു. രാഷ്ട്രീയക്കാരിൽ നിന്നോ ബിസിനസ്സ് നേതാക്കളിൽ നിന്നോ വ്യത്യസ്തമായി സെലിബ്രിറ്റികൾ പൊതു ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് പല താരങ്ങളുടെയും മരണകാരണങ്ങൾ വ്യക്തമാക്കുന്നത്.
Content Summary: The death of actor Kim Sae-ron has led to talks in South Korea about the problem of character assassination against celebrities
Kim Sae-ron South Korea