‘അമ്മയ്ക്കായി ദയ യാചിക്കാൻ മകളെത്തി’ ; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി സൂചന

അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം

യെമൻ പൗരനെ വധിച്ചതുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസാണ് അറിയിച്ചത്. മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

നിമിഷ പ്രിയയുടെ 13 വയസുകാരി മകൾ മിഷേൽ അടക്കമുള്ളവർ യെമനിൽ എത്തി. പിതാവ് ടോമി തോമസിനും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ കെ എ പോളിനുമൊപ്പമാണ് മിഷേൽ യെമനിൽ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയ യാചിക്കാനാണ് കുട്ടി എത്തിയത്.

അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. എന്നാൽ ഉടൻ മോചിതയാകില്ലെന്നാണ് വിവരം. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക.

നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. ഇത് നിമിഷ പ്രിയയുടെ കുടുംബത്തിനും മലയാളികൾക്കും വലിയ ആശ്വാസമാണ് നൽകിയത്. ഇതിനു പിന്നാലെയാണ് കൂടുതൽ ആശ്വാസം നൽകുന്ന വാർത്തയെത്തിയത്. കാന്തപുരത്തിൻ്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് നിയോഗിച്ച യെമൻ പണ്ഡിത സംഘം, നോർത്തേൺ യെമനിലെ ഭരണാധികാരികൾ, അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരും. ഈ ചർച്ചകളിലായിരിക്കും ദിയാധനം (രക്തപ്പണം) ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ തീരുമാനിക്കുക.

വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

content summary: The death penalty for Malayali nurse Nimishapriya has been cancelled, and her daughter and husband are currently in Yemen seeking her release

This post was last modified on July 29, 2025 6:52 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment