June 08, 2026 |

ചരിത്രം മായ്ക്കുന്ന പുരാരേഖാ വകുപ്പ്; പൈതൃകത്തോടും ഖജനാവിനോടും അനീതി

വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നാടിന്റെ അവശേഷിപ്പുകള്‍ നാശമടയുന്നു

ചരിത്രരേഖകളുടെ സംരക്ഷകരാകേണ്ട സംസ്ഥാന പുരാരേഖാ വകുപ്പിലെ ചരിത്രാവശേഷിപ്പുകള്‍ സംരക്ഷണമില്ലാതെ നാശമടയുന്നു. സംസ്ഥാന പൈതൃകങ്ങളുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന രേഖകളാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ നശിച്ചുകൊണ്ടിരിക്കുന്നത്. താളിയോല കൈയെഴുത്ത് പ്രതികള്‍ ഉള്‍പ്പെടെയുള്ളവയുടെ അപൂര്‍വശേഖരമാണ് നാശമടയുന്നത്. വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യങ്ങള്‍ക്ക് വേണ്ടത്ര നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്നത്.the department of archives is erasing history

സംസ്ഥാനത്തിന്റെ ചരിത്രം പറയുന്ന 15, 16 നൂറ്റാണ്ടുകളിലെ വിലപ്പെട്ട രേഖകളാണ് സംരക്ഷണമില്ലാതെ നാശമടയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതുരേഖാ ബില്‍ നിയമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഇനിയും അകലെയാണ്. പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് നിലവില്‍ ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രപ്രധാനമായ പുരാരേഖകള്‍ എല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്. രാമചന്ദ്രന്‍ കടന്നപള്ളി മന്ത്രിയായി വന്നശേഷം 2019-20 കാലഘട്ടത്തിലാണ് അവിടെ താളിയോള രേഖാ മ്യൂസിയം ഉണ്ടാക്കണമെന്ന പ്രൊപ്പോസല്‍ കൊണ്ടുവന്നത്. ഇതുപ്രകാരം പ്രധാന കെട്ടിടത്തിന്റെ മുകള്‍ നിലയിലായി രേഖാശേഖരങ്ങളും താഴെ ഓഫീസുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗം താളിയോല രേഖാമ്യൂസിയത്തിനായി ഉപയോഗപ്പെടുത്തി.

archives building

മ്യൂസിയത്തിന്റെ മേല്‍ക്കൂര ടാര്‍പോളിന്‍ കൊണ്ട് മറച്ച നിലയില്‍

മ്യൂസിയത്തിന്റെ ‘സ്ട്രക്ചറല്‍ സ്‌ട്രെംങ്തനിംഗി’നും താളിയോള രേഖാ മ്യൂസിയത്തിനുമായി ആറ് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ശരിയായ മോണിറ്ററിങ് നടത്താത്തതിനാല്‍ സ്ട്രക്ചറല്‍ സ്‌ട്രെംങ്തനിംഗ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. കാലപ്പഴക്കവും നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍കൊണ്ടുള്ള മോടി പിടിപ്പിക്കലും മൂലം കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടര്‍ന്നുവീണും തുടങ്ങി. മുകള്‍ഭാഗം ചോര്‍ന്നൊലിക്കുകയും ചുരുളുകള്‍ നശിക്കുകയും ചെയ്യുമ്പോള്‍ അതിന് പരിഹാരമുണ്ടാക്കാതെ താഴെ മ്യൂസിയമാക്കുന്ന അശാസ്ത്രീയ പ്രവൃത്തികളാണ് ചെയ്തത്. വെള്ളം വീണ് ദ്രവിച്ചത് പുറമേ കാണാതിരിക്കാന്‍ പലകകൊണ്ട് അടയ്ക്കുന്ന ‘സ്ട്രക്ചറല്‍ സ്‌ട്രെംങ്തനിംഗ്’ ആണ് നടത്തിയത്. ജനല്‍ ദ്രവിച്ചതിന് മുകളില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടുവച്ച് അടച്ചു. കൂടാതെ താഴത്തെ നിലയിലെ താളിയോള മ്യൂസിയത്തിനായി അനുവദിച്ച പണം ഉപയോഗിച്ച് ആളുകളുടെ കണ്ണില്‍ പൊടിയിടാനായി താല്കാലിക മുഖംമിനുക്കല്‍ മാത്രം നടത്തി വിലകുറഞ്ഞ പ്ലാസ്റ്റര്‍ ഓഫ് പാരീസിലുള്ള പുരാരേഖകള്‍ ലൈറ്റൊക്കെ സെറ്റ് ചെയ്ത് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്. അനുവദിച്ച തുക വേണ്ട രീതിയില്‍ വിനിയോഗിക്കാത്തതിനെതിരെ ഓഡിറ്റ് റിപ്പോര്‍ട്ടിലും രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ജനങ്ങളുടെ നികുതി പണം പൈതൃക സംരക്ഷണത്തിനായി സര്‍ക്കാര്‍ നീക്കിവച്ചിട്ടും പുരാരേഖാ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വിലമതിക്കാനാകാത്ത ചരിത്ര രേഖകളാണ് നശിക്കുന്നത്.

erasing documents

പൊടിഞ്ഞുപോയ ഗസറ്റുകള്‍

പുരാരേഖാ വകുപ്പ് മുന്‍ ഡയറക്ടറും റിസര്‍ച്ചറുമായ ഡോ. റെയ്മണ്‍ ഈ ശോച്യാവസ്ഥയ്ക്കെതിരെ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുകയാണ്. പുരാരേഖ വകുപ്പിന്റെ പ്രാഥമിക ദൗത്യം എന്നത് രേഖകള്‍ സംരക്ഷിക്കുകയും റിസര്‍ച്ചേഴ്‌സിന് കൈമാറുകയുമാണ്. നാടിന്റെ സംസ്‌കാരം പേറുന്ന ഈ പൈതൃക സമ്പത്തിന്റെ സംരക്ഷണത്തിനായി സര്‍ക്കാര്‍ തന്നെ പണം വകയിരുത്തിയിട്ടും അവ സംരക്ഷിക്കാതെ നാശത്തിലേക്ക് തള്ളിവിടുന്നത് നിരാശാജനകമാണ്.

ലോകത്തിലെ തന്നെ ഏറ്റവും അപൂര്‍വവും 300 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ രേഖകളാണ് പുരാരേഖ വകുപ്പിന് കീഴിലെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ചുരുണ, ഓലരേഖകള്‍. കൂടാതെ മതിലകം രേഖകള്‍, ചുരുണകള്‍, നീട്ടുചുരുണകള്‍, ഒഴുക്ക് ചുരുണകള്‍ തുടങ്ങിയവയുടെ വലിയ ശേഖരവും വകുപ്പിന് കീഴില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ നാമാവശേഷമാകാതെ ഇപ്പോഴും നിലനില്‍ക്കുന്നതിന് കാരണം പ്രകൃതിദത്തമായ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നും വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

150 വര്‍ഷം പഴക്കമുള്ള അപൂര്‍വ രേഖകളും വകുപ്പിന് കീഴില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍, തിരുക്കൊച്ചി ഗസറ്റുകളും, തിരുവിതാംകൂര്‍ ഹൈക്കോടതി രേഖകളും നീട്ടുരേഖളും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പേപ്പര്‍ രേഖകളും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ അംഗീകൃത രേഖകളാകട്ടെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും മറ്റുമായി പ്രധാന സമുച്ചയത്തില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള കുടുസുമുറിയായ ഹാളിലാണ് ലഭ്യമാക്കുന്നത്. മഴക്കാലത്ത് ജീവനക്കാര്‍ കുട പിടിച്ചാണ് ഇത്തരം രേഖകള്‍ ഗവേഷണഹാളിലേക്ക് എത്തിക്കുന്നത്. 300 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വരേഖകള്‍ ഈര്‍പ്പം തട്ടി നശിക്കുമെന്നതും വകുപ്പ് അധികൃതര്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.

documents

പുരാരേഖ വകുപ്പിന്റെ സംരക്ഷണയിലെ താളിയോല ശേഖരം (ഫയല്‍ ചിത്രം)

പല രേഖകളും ഗവേഷണത്തിന്റെ ഭാഗമായി ഡിജിറ്റലൈസേഷന് കൊണ്ടുപോകുന്ന ഗവേഷകര്‍ക്ക് അവ തിരികെ ഏല്‍പിക്കാന്‍ കഴിയാതെ പൊടിഞ്ഞുപോകുന്നു. മുമ്പ് കൊണ്ടുപോയ ഡോക്യുമെന്റ്‌സുകള്‍ പിന്നീട് ഗവേഷകര്‍ക്ക് കിട്ടാനില്ലാത്ത അവസ്ഥയുമാണ് നിലനില്‍ക്കുന്നത്. മുകളിലത്തെ നിലയില്‍ നിന്നും വെയിലത്തും മഴയത്തും രേഖകള്‍ താഴത്തെ നിലയിലേക്ക് എത്തിക്കുമ്പോള്‍ പലതും നശിക്കുന്നു. ഈ രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നരക്കോടി അനുവദിച്ചിട്ടും മുഖം മിനുക്കി എന്ന് പറയുകയല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഒന്നും നടന്നിട്ടില്ല. മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ ഓടുകള്‍ തകര്‍ന്ന് വെള്ളവും വെയിലും അകത്ത് കടക്കാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ മുകള്‍ നില ടാര്‍പോളിന്‍ ഇട്ട് വലിച്ച് കെട്ടിയ രീതിയിലുമാണ്. വിശാലമായ റിസര്‍ച്ച് ഹാള്‍ പുരാരേഖാ വകുപ്പിന്റെ പ്രധാന കെട്ടിടത്തില്‍ ഉള്ളപ്പോഴാണ് ഈ കുടുസുമുറിയില്‍ ആര്‍ക്കുംവേണ്ടാത്ത തരത്തില്‍ നാടിന്റെ അവശേഷിപ്പുകള്‍ ചിതലരിക്കത്തക്കവിധം അനാഥമായി കിടക്കുന്നത്.the department of archives is erasing history

Content Summary: the department of archives is erasing history

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×