July 16, 2025 |

ദേവസ്വം ബോർഡ് നിലനിർത്തുന്നത് അബ്രാഹ്മണരായ പൂജാരിമാർ

മണ്ടത്തരമാണ് ബാലു കാണിച്ചത്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിതനായിരുന്ന ബാലുവിന്റെ രാജിയില്‍ പ്രതികരിച്ച് പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ കെഎസ് രാകേഷ്. ‘എനിക്ക് നേരിട്ട അതേ പ്രശ്നം തന്നെയാണ് ബാലുവിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലൂടെ കീഴാചാരങ്ങള്‍ അതുപോലെ അനുവര്‍ത്തിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ ആര് ചെയ്യണമെന്ന് പറയുന്നില്ല. മുടക്കം കൂടാതെ നടക്കണമെന്നേ ഉള്ളൂയെന്നും’ രാകേഷ് അഴിമുഖത്തോട് പറഞ്ഞു.

‘കഴകക്കാരന് ഒരിക്കലും ശ്രീലകത്തേക്ക് കയറുകയോ മന്ത്രദീക്ഷ കൊടുക്കുകയോ വേണ്ട. ആ ജോലി ചെയ്യാന്‍ ബാലു യോഗ്യനായത് കൊണ്ടാണല്ലോ ദേവസ്വം റിക്യൂട്ട്മെന്റ് ബോര്‍ഡ് അയാളെ നിയമിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍ കേസിന് പോയാലും അത് നിലനില്‍ക്കുകയില്ല. കേസ് തള്ളിപ്പോകുമെന്നത് ഉറപ്പാണ്.

ഇന്ന് കൊച്ചിന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളൊക്കെ നിലനില്‍ക്കുന്നത് അബ്രാഹ്‌മണരായ പൂജാരിമാര്‍ ഉള്ളതുകൊണ്ടാണ്. ബ്രാഹ്‌മണ പൂജാരിമാര്‍ ഇന്ന് ഉദ്യോഗാര്‍ത്ഥികളായി ഇന്റര്‍വ്യൂവിന് വരുന്നത് പോലും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 80-85 ശതമാനവും അബ്രാഹ്‌മണരായ ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ഞാന്‍ കേസുമായി പോയിരുന്ന സമയത്ത് എനിക്കും ഭീഷണികള്‍ ഉണ്ടായിരുന്നു. നിന്റെ അച്ഛന് എത്രയോ ക്ഷേത്രങ്ങളില്‍ താന്ത്രിക ജോലികള്‍ ഉണ്ട്. പിന്നെ എന്തിനാണ് ഈ ഒറ്റത്തോര്‍ത്തും ഉടുത്ത് ക്ഷേത്രത്തില്‍ ശാന്തിയാകാന്‍ പോകുന്നത്. നീ ശാന്തിയല്ലേ, എന്തിനാണ് ബ്രാഹ്‌മണരുടെ ശാപമേല്‍ക്കുന്നത്. അവരുടെ ജോലി കളഞ്ഞിട്ട് നിനക്ക് എന്ത് കിട്ടാനാണ്. എന്നൊക്കെ പറഞ്ഞ് ഒത്തിരിപ്പേര്‍ ഫോണ്‍ വഴി എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ഞാന്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല. കാരണം ശ്രീനാരായണ ഗുരുദേവന്റെ സ്വപ്നസാക്ഷാത്ക്കാരമായിരുന്നു അത്. വിദ്യകൊണ്ട് പ്രബുദ്ധരാകുക. ഗുരു വിപ്ലവാത്മകമായി പ്രതിഷ്ഠ ചെയ്ത ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഈ ഭീഷണികള്‍ കൊണ്ടൊന്നും ഞാന്‍ ഭയന്നുമില്ല പിന്‍മാറിയതുമില്ല. പിന്നെ പല സംഘടനകളും എനിക്ക് പിന്തുണയുമായും വന്നു.

ബാലുവിന് കഴക ജോലി അറിയാവുന്നതുകൊണ്ടും, കഴിവുള്ളതുകൊണ്ടും,അയാള്‍ക്ക് ഭക്തിയുള്ളതുകൊണ്ടും ആകുമല്ലോ ഈ ജോലിക്ക് ശ്രമിച്ചതും കിട്ടിയതും. പിന്നെ പിന്മാറേണ്ട കാര്യമില്ലല്ലോ. ശുദ്ധമായ മണ്ടത്തരമാണ് ബാലു കാണിച്ചത്. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ താല്പര്യമില്ലായിരുന്നുവെങ്കില്‍ ഈ ജോലിക്ക് അപേക്ഷിക്കരുതായിരുന്നു. ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ബാലുവിന് അനുകൂലമാണെങ്കില്‍ എന്തിന് അയാള്‍ ഭയക്കണം.

ഈഴവ സമുദായത്തിലുള്ള ഒരാള്‍ ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് ഭക്തന്‍ എന്ന നിലയ്ക്ക് തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാണിച്ച് ആദിത്യന്‍ നമ്പൂതിരിയായിരുന്നു എനിക്കെതിരെ കേസ് കൊടുത്തിരുന്നത്. അതുവരെ ആ ക്ഷേത്രത്തില്‍ ബ്രാഹ്‌മണര്‍ മാത്രമേ പൂജ നടത്തിയിരുന്നുള്ളൂ. ബ്രാഹ്‌മണരില്‍ തന്നെ കേരള, തുളു ബ്രാഹ്‌മണര്‍ക്ക് മാത്രമായിരുന്നു പൂജയ്ക്ക് അവകാശം ഉണ്ടായിരുന്നത്. അതുവരെ ബ്രാഹ്‌മണര്‍ക്ക് മാത്രമെന്ന കീഴ്വഴക്കമാണ് എന്റെ നിയമനത്തിലൂടെ ലംഘിക്കപ്പെട്ടത്. ആ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ ബ്രാ്ഹമണരില്‍ മാത്രമാക്കപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹൈക്കോടതിയില്‍ കേസ് കൊടുത്തത്.

കീഴാചാര, കീഴ്വഴക്കം എന്ന് പറയുന്നത് ചെയ്തുകൊണ്ടിരുന്ന രീതിയില്‍ തന്നെ തുടരണം എന്നും അല്ലാതെ ആര് ചെയ്യണം എന്നോ, ഇന്നയാള്‍ തന്നെ ചെയ്യണമെന്നോ പറയുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതിയും സുപ്രീംകോടതിയും പ്രതികരിച്ചത്.

കഴിഞ്ഞ കുറേ കാലമായി ഞാന്‍ ദേവസ്വം റിക്യൂട്ട്മെന്റ് ബോര്‍ഡിന്റെ ശാന്തി നിയമനത്തിന്റെ സബ്ജക്റ്റ് എക്സ്പേര്‍ട്ടായിരുന്നു. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിലെ 400 ലധികം ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അതില്‍ അവര്‍ പറയുന്ന സിലബസ് പ്രകാരം താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുക. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതില്‍ യോഗ്യതയുണ്ടെങ്കില്‍ അവരെ സെലക്ട് ചെയ്യും. അല്ലാതെ ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനേന്നോ ഒന്നും ഇല്ല. എന്റെ കേസ് നടന്ന സമയത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളാണ് ഇല്ലാതായത്.

200 ഓളം ക്ഷേത്രങ്ങളില്‍ അച്ഛന് താന്ത്രിക അവകാശമുണ്ട്. അതുകൊണ്ട് അച്ഛന്റെ കൂടെ പ്രാക്ടീസ് ചെയ്യാനും താന്ത്രിക കാര്യങ്ങള്‍ പഠിക്കാനുമാണ് 12 വര്‍ഷം ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തതിന് ശേഷം ഞാന്‍ മാറിയത്. അച്ഛന്റെ കാലശേഷം ഈ 200 ഓളം ക്ഷേത്രങ്ങളില്‍ ഞാനിന്ന് താന്ത്രിക കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി കൂടിയാണ് ഞാന്‍. അങ്ങനെയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ വരുന്നത്. ഇതിന് മുമ്പും കൊച്ചിന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലും ഇന്റര്‍വ്യൂ ബോര്‍ഡില്‍ വന്നിട്ടുണ്ടെന്നും’ രാകേഷ് അഴിമുഖത്തോട് പ്രതികരിച്ചു.

ഫെബ്രുവരി 24 നായിരുന്നു ഈഴവ യുവാവായ വിഐ ബാലു കഴക ജോലിക്കായി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിയമിതനായത്. എന്നാല്‍ നിയമനത്തിന് പിന്നാലെ കൂടല്‍മാണിക്യ ക്ഷേത്രതന്ത്രിമാര്‍ സമരം നടത്തുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ബാലു അവധി തീര്‍ന്ന ബുധനാഴ്ച പുലര്‍ച്ചെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആരോഗ്യപരവും വ്യക്തിപരമായ കാരണങ്ങളുമാണ് രാജി കാരണമായി ബാലു വ്യക്തമാക്കിയത്.koodalmanikyam kazhakam issue; the devaswom board is managed by non-brahmin priests

Content Summary: koodalmanikyam kazhakam issue; the devaswom board is managed by non-brahmin priests

Leave a Reply

Your email address will not be published. Required fields are marked *

×