July 16, 2026 |
Share on

അയ്യപ്പന്റെ ഉറക്കുപാട്ടെഴുതിയ കുടുംബത്തിലെ ഇളമുറക്കാരന്‍, അച്ഛന്‍ ദേവസ്വം കോണ്‍ട്രാക്ടര്‍; ആരാണ് എ പത്മകുമാര്‍ ?

ദേവസ്വം പ്രസിഡന്റായിരിക്കെ പാര്‍ട്ടിക്ക് അനഭിമതന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ശബരിമലയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാല്‍ ഉള്ളതെന്ന് തന്നെ പറയാം.

ശബരിമലയിലെ ദേവസ്വം കോണ്‍ട്രാക്ടര്‍ ആയിരുന്നു പത്മകുമാറിന്റെ പിതാവ് പി അച്യുതന്‍ നായര്‍. ശബരിമലയിലെ വെടി, തേങ്ങ കരാറുകാരന്‍. വര്‍ഷങ്ങളോളം പത്മകുമാറിന്റെ കുടുംബം തന്നെയായിരുന്നു ഈ കരാര്‍ ഏറ്റെടുത്തിരുന്നത്.

ഇതിന് പുറമെയാണ്, ശബരിമലയിലെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയ പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ കുടുംബത്തിലെ ഇളമുറക്കാരന്‍ കൂടിയാണ് എ പത്മകുമാര്‍.

പത്മകുമാറിന്റെ ജീവിതരേഖ

1957 മെയ് 27 ന് പത്തനംതിട്ടയിലെ ആറന്മുളയിലായിരുന്നു ജനനം. ചങ്ങനാശേരി എന്‍എസ്എസ് കോളേജിലും ആലപ്പുഴ എസ്ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം സി.പി.എം. രംഗത്തേക്ക് വരുന്നത്. 25-ാം വയസില്‍ അദ്ദേഹം സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയായി.

1983 ല്‍ സിപിഎമ്മിന്റെ ആദ്യ ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ രൂപീകൃതമായപ്പോള്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗമായി.

ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 34-ാം വയസില്‍, 1991 ല്‍ കോന്നിയില്‍ നിന്നും നിയമസഭാംഗമായി.

1996 ല്‍ സിറ്റിങ് സീറ്റില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടു. പിന്നീട് 2001 ല്‍ ആറന്‍മുളയില്‍ നിന്നും മത്സരിച്ചെങ്കിലും തോല്‍വി നേരിട്ടു.

പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയില്‍, പിണറായി വിജയന്‍ പക്ഷത്തിനായി ഉറച്ചുനിന്ന് പോരാട്ടം നയിച്ച നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പിണറായി പക്ഷത്തെ കരുത്തനായാണ് പത്മകുമാര്‍ കണക്കാക്കപ്പെട്ടിരുന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ പാര്‍ട്ടിക്ക് അനഭിമതന്‍

2017ലാണ് എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായത്. ശബരിമലയില്‍ സ്ത്രീപ്രവേശന വിവാദം കൊടുമ്പിരികൊണ്ടിരുന്ന സമയത്താണ് അദ്ദേഹം ബോര്‍ഡ് ഭരിച്ചിരുന്നത്. ഈ വിഷയത്തില്‍, ആചാരലംഘനം നടത്തി സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായി അദ്ദേഹം സ്വീകരിച്ച ഈ നിലപാടുകള്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് കാരണമായി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയതും പാര്‍ട്ടിക്ക് അനിഷ്ടമുണ്ടാക്കി.

കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതില്‍, സോഷ്യല്‍ മീഡിയയില്‍ പത്മകുമാര്‍ പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. ഇതോടെ പാര്‍ട്ടിക്ക് അനഭിമതനായ നേതാവായി. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും പുറത്താക്കപ്പെട്ടു.

സിപിഎം പത്തനംതിട്ട മണ്ഡലത്തില്‍ ഏറെ പ്രതീക്ഷ വച്ച നേതാവായിരുന്നു പത്മകുമാര്‍. എന്നാല്‍ 1991 ല്‍ കോന്നി എംഎല്‍എ ആയതൊഴിച്ചാല്‍, പിന്നീട് രാഷ്ട്രീയഭാവിയില്‍ കാര്യമായ ഉയര്‍ച്ചയുണ്ടായില്ല.

ശബരിമലയുമായി ആഴമേറിയ ബന്ധമുള്ളപ്പോഴും, സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ എ പത്മകുമാറിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

Content Summary: Who is A. Padmakumar, who was arrested in connection with the Sabarimala gold theft

Leave a Reply

Your email address will not be published. Required fields are marked *

×