മഞ്ഞപ്പിത്തത്തിനും മഞ്ഞ പത്രത്തിനും ചികിത്സ നല്‍കിയ ഒരു വൈദ്യന്റെ കഥയാണത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമ പ്രവര്‍ത്തകനേയും അയാളുടെ മഞ്ഞ പത്രത്തേയും വിറപ്പിച്ച, കുറക്കാലം അജ്ഞാതനായിരുന്ന ഒരു മലയാളിയെ കുറിച്ചാണിത്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇറക്കി മാപ്രയെ വിരട്ടിയ കഥ. ലോക മാധ്യമ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഒന്ന്.
നാല്‍പ്പത്തിയെട്ട് കൊല്ലം മുന്‍പാണ് ഇതേ ദിവസം. ശരിക്ക് പറഞ്ഞാല്‍ 1977 സെപ്റ്റംബര്‍ 15 ന് കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്ന പുതിയ ലക്കം ‘ഓഡിയം മാസിക’ കടകളില്‍ എത്തി. ഓഡിയം ഒരു സിനിമാ സാംസ്‌കാരിക മാസികയാണ്. ആദ്യ പേജില്‍ തന്നെ വന്ന ഉഗ്രന്‍ സംഭവകഥ, വായിച്ച് വായനക്കാര്‍ അന്തം വിട്ടു. അതും എഡിറ്റര്‍ സ്വന്തം പേര് വെച്ച് തുറന്നെഴുതിയ പ്രഖ്യാപനം.
‘ഒരു പത്രാധിപര്‍ എന്ന നിലയില്‍ എന്റെ വായനക്കാരോട് എല്ലാ സത്യവും എന്നും ഞാന്‍ തുറന്നെഴുതിയിട്ടുണ്ട്. മാന്യ വായനക്കാരോട് സത്യമേ പറയൂ. ഇന്നുവരെ ഞാന്‍ മറ്റുള്ളവരുടെ സത്യമാണ് പറഞ്ഞിരുന്നത്. ഇന്ന് ഞാന്‍ ഇതാ എന്റെ സത്യം തുറന്നു പറയുകയാണ്.’
രാംദാസ് വൈദ്യൻ
‘തുടര്‍ന്ന് പത്രാധിപര്‍ തന്റെ കുടുംബ ചരിത്രം പറയുന്നു.
‘എന്റെ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരായിട്ട് എഴുതിയത് പി.വേലു എന്നാണ്. അത് സത്യമല്ല. ഒരു പത്രാധിപര്‍ മാത്രമല്ല, ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍. സംശയം മൂത്തപ്പോള്‍ ഞാന്‍ എന്റെ അമ്മയോട് ചോദിച്ചു’ എന്റെ അച്ഛനാരാണമ്മേ?
അമ്മക്കറിയില്ല. എത്രയാലോചിച്ചിട്ടും അമ്മയ്ക്ക് ഓര്‍മ്മ വരുന്നില്ല.
അതിന് ശേഷം എന്നെക്കാളും 12 വയസ് കൂടുതല്‍ ഉള്ള ആരെ കണ്ടാലും എനിക്ക് സംശയമാണ്. ഈ മനുഷ്യന്‍ എന്റെ അച്ഛനാണോ ? ആ ചിന്തയാണ് പ്രായമായ വരോടൊക്കെ അങ്ങേയറ്റം വിനയം ഞാന്‍ കാണിക്കുന്നത്.’ പ്രായമായവരെ കണ്ടാല്‍ ഞാന്‍ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടുന്നത് കണ്ടിട്ടില്ലേ?
‘എന്റെ സ്വന്തം അമ്മയും സഹോദരികളും വ്യഭിചാരിണികളാണെങ്കില്‍ അതും തുറന്നെഴുതാനുള്ള ആദര്‍ശ ധീരത എനിക്കുണ്ട്’ പത്രാധിപര്‍ മുന്‍ പേജില്‍ തന്നെ എഴുതുന്നു.
‘എന്റെ സത്യം മുഴുവന്‍ മനസ്സിലാക്കാന്‍ വായനക്കാര്‍ എന്റെ രണ്ട് കുട്ടികളുടെ അമ്മയായ രാധാമണിയുടെ കുടുംബ ചരിത്രം കൂടി അറിഞ്ഞിരിക്കണം.
അടുത്ത ലക്കത്തില്‍ എന്റെ ഭാര്യ രാധാമണിയുടെ അമ്മ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൂടെ നിലമ്പൂര്‍ ടി.ബിയില്‍ പോയ കഥയില്‍ തുടങ്ങാം.
ഓഡിയത്തില്‍ കൂടാതെ, പത്രാധിപരുടെ സഹപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ലേഖനങ്ങള്‍ ഉണ്ട്.
ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ:
‘ ചാരിത്ര്യം ! കന്യാത്വം പാതിവ്രത്യം !
സ്ത്രീക്ക് ഭൂഷണം’
സാമൂഹിക സുകൃതക്ഷയത്തെ കുറിച്ച് ലേഖനം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
‘വിവാഹിതകള്‍ പ്രേമിക്കുന്ന കാലം! അവിവാഹിതകള്‍ പ്രസവിക്കുന്ന കാലം, അമ്മമാര്‍ക്ക് കാമുകന്‍മാരുള്ള കാലം അച്ഛന്മാര്‍ വേശ്യത്തെരുവില്‍ ചൂളമടിച്ച് ചുറ്റിത്തിരിയുന്ന കാലം. ഒരേ അവസരത്തില്‍ അഞ്ചും അതിലധികവും കാമുകന്‍മാരുള്ള കാമുകിമാരും അത് പോലെ തിരിച്ച് കാമുകന്‍മാരും നിറഞ്ഞ കാമക്കാലം . ഇത് നിറഞ്ഞ ലോകത്ത് എവിടെ പാതിവ്രത്യം? ലേഖകന്‍ ചോദിക്കുന്നു.
കൂടാതെ ഒരു വ്യഭിചാരക്കേസില്‍ ഈ പത്രാധിപരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ശരിക്കും പെരുമാറിയ സബ് ഇന്‍സ്‌പെക്റ്ററുടെ നടപടിയെ അഭിനന്ദനീയം എന്ന് വിശേഷിപ്പിക്കുന്നുമുണ്ട്. വടകര എ.എസ്.പി. അനന്തരാമനെ പ്രശംസിച്ചു കൊണ്ട് ഓഡിയം പ്രത്യേക കുറിപ്പും ഉണ്ട്. എട്ട് പേജുകള്‍ ഉള്ള ഓഡിയത്തില്‍ പുറത്ത് വരാന്‍ പോകുന്ന തങ്ങളുടെ പുതിയ പ്രസിദ്ധീകരണത്തെ കുറിച്ച് ചെറിയ ഒരു അറിയിപ്പും ഉണ്ട്
‘ സ്ഫുലിംഗം ‘ മിനി മാസിക ഉടന്‍ !. പതിവ് പങ്തികള്‍,
അവസാന പേജില്‍ ഒരു സ്‌പെഷ്യല്‍ സ്റ്റോറിയുണ്ടായിരുന്നു. ഓഡിയം അച്ചടിക്കുന്ന പ്രസ്സിന്റെ ഉടമയുടെ സ്ത്രീവിഷയ കഥകള്‍ .
ഇതെല്ലാം വായിച്ച് വായനക്കാര്‍ക്ക് ഹരം കയറി എല്ലാം കോഴിക്കോട്ടങ്ങാടിയില്‍ അറിയപ്പെടുന്ന കഥാപാത്രങ്ങളായതിനാല്‍ സംഗതി കൊഴുത്തു. പറഞ്ഞ് കേട്ട് ‘ ഓഡിയം’ കോപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
മഞ്ഞപത്രം ഓഡിയം മുൻ പേജ്
ഇനിയാണ്. സംഭവത്തിലെ വഴിത്തിരിവ്.
വൈകുന്നേരമായപ്പോള്‍ സംഗതിയാകെ മാറി. ഓഡിയം പത്രാധിപരും സഹപ്രവര്‍ത്തകരും കടകളില്‍ ഓടിയെത്തി അവിടെയുള്ള ‘ഓഡിയം’ കോപ്പികള്‍ തിരികെ വാങ്ങുന്നു. എജന്റ്മാരെ വീട്ടില്‍ ചെന്ന് കണ്ട് കയ്യിലുള്ള ബാക്കി കോപ്പികള്‍ തിരിച്ചു വാങ്ങുന്നു. ആകെപ്പാടെ ഒരു പരക്കം പറച്ചില്‍. അപ്പോള്‍ ഒരു വാര്‍ത്ത പുറത്ത് വന്നു.
ഇന്ന് ഇറങ്ങിയ ‘ ഓഡിയം’ ഒറിജിനലല്ല. വ്യാജ്യന്‍ !
ശരിക്കുള്ള ഓഡിയത്തിന്റെ വേട്ടക്ക് ഇരയായ ഒരജ്ഞാതന്‍ പകരം വിട്ടാന്‍ അതേ രൂപത്തിലിറക്കിയ വ്യാജനായിരുന്നു ഈ ഓഡിയം.
ഒരു കോപ്പി കിട്ടിയതില്‍ തന്റെ രതിക്കഥകള്‍ വായിച്ച് അരിശം കേറി, ഒറിജിനല്‍ ഓഡിയം അച്ചടിക്കുന്ന പ്രസ് ഉടമ പത്രാധിപരെ വീട്ടില്‍ ചെന്ന് രണ്ട് പൂശിയപ്പോഴാണ് ഒറിജിനല്‍ പത്രാധിപര്‍ വിവരമറിയുന്നത്.
ഇന്ന് മാദ്ധ്യമ പ്രവര്‍ത്തകരെ മാപ്ര എന്ന് വിളിക്കുന്ന അളവ് വെച്ച് നോക്കിയാല്‍ ഓഡിയത്തെ ‘മ പ’ എന്ന് വിളിക്കാം. എന്ന് വെച്ചാല്‍ മഞ്ഞ പത്രം. മാന്യമായി ജീവിക്കുന്നവരെക്കുറിച്ച് പത്രത്തില്‍ അലമ്പ് വാര്‍ത്ത കൊടുക്കും എന്ന് പറഞ്ഞ് വിരട്ടി കാശ് വാങ്ങുന്ന സംവിധാനമാണ് മഞ്ഞ പത്രം..
അറുപതുകളിലും എഴുപതുകളിലും, ഒരാളെ നാണം കെടുത്താനോ, അപകീര്‍ത്തിപ്പെടുത്താനോ ഉപയോഗിക്കുന്ന കേരളീയ തനതു രീതികളിലൊന്നായിരുന്നു ഈ സോദ്ദേശ പത്രപ്രവര്‍ത്തന പ്രസ്ഥാനം. ബ്ലാക്ക് മെയില്‍ ചെയ്ത് കാശ് പിടുങ്ങുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കുറച്ച് പ്രചാരം മാത്രമേ ഇതിനു കാണു. എങ്കിലും ‘അച്ചടിച്ച അക്ഷരങ്ങള്‍ , സത്യങ്ങളാവുകയാണ്. നമുക്കപ്പുറം നിലനില്‍ക്കുന്ന സത്യങ്ങള്‍’ എന്ന ജോനാഥന്‍ ഗുട്ടന്‍ബര്‍ഗിന്റെ ഉദ്ധരണി പ്രകാരം ഈ സത്യങ്ങള്‍ നാടൊട്ടുക്കും പത്രത്തിലൂടെ പ്രചരിക്കുമെന്ന സാധാരണ മനുഷ്യന്റെ ഭീതി മുതലാക്കി പണം പിടുങ്ങുകയാണ് മഞ്ഞ പത്രാധിപരുടെ ലക്ഷ്യം.
ഒരാളുടെ സാമൂഹിക ജീവിതത്തില്‍ അയാള്‍ക്ക് ഒരു നൂറ് പേരോട് ബന്ധമുണ്ടാകും. അവരൊക്കെ ഈ അപകീര്‍ത്തിയുള്ള തന്നെ കുറിച്ച് വന്ന വാര്‍ത്ത, മഞ്ഞ പത്രത്തില്‍ വന്ന അലമ്പ് സാധനം വായിച്ച് തന്റെ മാനം കട്ടപ്പുറത്താകുമെന്നോര്‍ത്ത് പേടിച്ച് പത്രാധിപര്‍ക്ക് കാശ് കൊടുത്ത് ഒതുക്കും. ഇതാണ് മപ സംസ്‌ക്കാരം അല്ലെങ്കില്‍ പത്ര മാര്‍ഗം. പക്ഷേ, അതേ നാണയത്തില്‍ തിരിച്ചടിക്കുന്നവരുണ്ടെന്ന് കോഴിക്കോടെ മപ പത്രാധിപര്‍ അറിഞ്ഞില്ല. അന്ന് നടന്നതും അതാണ്.
കോഴിക്കോട് കളക്ടർ യു. കെ. എസ് ചൗഹാൻ തെങ്ങുകയറ്റ കോളേജ് ഉൽഘാടനം ചെയ്യുന്നു
കോഴിക്കോട് ‘ഓഡിയം’ മഞ്ഞക്ക് പണി കൊടുത്തത് ഇങ്ങനെ… മ പ യുടെ ലേഖകന്‍ കോഴിക്കോടെ ഒരു പ്രമുഖ വ്യക്തിയെ ചെന്ന് കാണുന്നു. അടുത്ത ലക്കം താങ്കളെ കുറിച്ചാണ് കഥകള്‍ അച്ചടി കഴിഞ്ഞു. കാശ് തന്നാല്‍ ഒതുക്കാം. പതിവിനു വിരുദ്ധമായി പ്രമുഖന്‍ അത് ചിരിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ ലേഖകന്‍ ഒന്നു കൂടി പറഞ്ഞു. താങ്കളുടെ സുഹൃത്തുക്കളുടെ കഥകളുമുണ്ട്. അപ്പോള്‍ അയാളൊന്നു ഞെട്ടി. വന്‍ സൗഹൃദവലയമുള്ള ആളാണ്. തന്നെ പറ്റി വരുന്ന വാര്‍ത്ത പോലെയല്ലല്ലോ അവരെ കുറിച്ചുള്ളത്. പറഞ്ഞ കാശ് തരാമെന്നും നാളെ വരാന്‍ പറഞ്ഞ് മപ ലേഖകനെ പറഞ്ഞയച്ചു.
ഉടന്‍ തന്നെ പ്രമുഖന്‍ തന്റെ സുഹൃത്തായ തിരുവനന്തപുരത്തുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്‍ അഥവാ കെ.വി. രാമകൃഷ്ണ അയ്യര്‍, ഐ.എ. എസ് നെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെ ഒന്ന് അച്ചടിക്കുന്നുണ്ടോയെന്ന് അറിയണം. മലയാറ്റൂര്‍ അന്ന് റവന്യൂ ബോര്‍ഡ് മെമ്പറാണ് സര്‍വശക്തന്‍. മഞ്ഞ പത്രമെന്ന് കേട്ട പാടെ മലയാറ്റൂരിന്റെ രക്തം തിളച്ചു. അതിനൊരു കാരണമുണ്ട്. 1968 ല്‍ മലയാറ്റൂര്‍ TCC (ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്) എം.ഡി.യും ചെയര്‍മാനുമായിരിക്കെ കമ്പനിയിലെ യൂണിയനുമായി കലഹിച്ച് തൊഴിലാളികളുമായി ഏറ്റുമുട്ടിയ കാലം.
ഏറെ താമസിയാതെ ആലുവയില്‍ നിന്ന് പുറത്ത് വരുന്ന മഞ്ഞപത്രത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ‘സാഹിത്യകാരനും ഐ.എ.എസ് കാരനും FACT നടുത്തുള്ള പൊതുമേഖല കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ മാന്യനെ എറണാകുളത്തുള്ള… ഹോട്ടലില്‍ വെച്ച് ടിയാന്‍ ഒരു വേശ്യയുമൊത്ത് ശയിക്കുമ്പോള്‍ പോലീസ് പിടികൂടി! അപ്പോള്‍ കഥാനായകന്‍ പോലീസിനോട് കെഞ്ചി.’ ഞാന്‍ ഐ.എ.എസ് ആണെ! വിട്ടയക്കണേ ! ഉടനെ പോലീസെന്താണ് ചെയ്തത്? ഓടടാ എന്ന് പറഞ്ഞു. കഥാനായകന്‍ (ഇനിയുള്ള ഭാഗം, ഇതിനകം ആരെങ്കിലും വായിച്ചിട്ട് ടിയാനെ തിരിച്ചറിഞ്ഞില്ലെങ്കില്‍, അവരുടെ അറിവിലേക്കായ്) കൗപീനവും പൂണുലും അഴിച്ചിട്ട ശേഷം ഒറ്റയോട്ടം.!
ഈ മഞ്ഞ പത്രത്തിന്റെ ഇരുനൂറ് കോപ്പികള്‍ TCC കമ്പനിയില്‍ അത് വിതരണം ചെയ്ത നീചന്മാര്‍ മലയാറ്റൂരിന്റെ ഭാര്യക്കും ഒരു കോപ്പി തപാലില്‍ അയച്ചു. സാദാ തപാലിലല്ല, രജിസ്റ്റര്‍ഡ് തപാലില്‍ തന്നെ സാധനം കിട്ടാതെ പോയാലോ?. ഇങ്ങനെ ഒരിക്കല്‍ മഞ്ഞ പത്രത്തിന്റെ കടിയേറ്റ ആളാണ് മലയാറ്റൂര്‍ ജന്മത്തദ്ദേഹം മ പ യെ മറക്കുമോ?
മലയാറ്റൂര്‍ ഉടനെ കോഴിക്കോട് കളക്ടറെ വിളിച്ചു കാര്യം പറഞ്ഞു. അടിയന്തരാവസ്ഥക്കാലം അവസാനിച്ചതേയുള്ളൂ. എങ്കിലും കളക്ടര്‍ക്കൊക്കെ അധികാരം കൂടുതലാണ്. കളക്ടര്‍ കെ. തെയ്യുണ്ണി. നായര്‍ ഒറിജിനല്‍ ‘ഓഡിയം ‘ഓഫിസ് റെയ്ഡ് ചെയ്തു. അപ്പോള്‍ ഒരു കാര്യം പുറത്ത് വന്നു. അങ്ങനെ ഒന്നും അച്ചടിച്ചിട്ടില്ല. അച്ചടിച്ചു എന്ന് പറഞ്ഞ് വിരട്ടി കാശ് മേടിക്കലാണ് ഓഡിയം ശൈലി. വെറെ ഒരു സംഗതി കൂടി റെയ്ഡില്‍ കണ്ടെത്തി. കോഴിക്കോട് ഒരു പ്രസ്സില്‍ വാരിക അച്ചടിക്കുന്നു എന്ന് സത്യപ്രസ്താവന കളക്ട്രേറ്റില്‍ കൊടുത്തിട്ട്. സാധനം അച്ചടിക്കുന്നത് വടകരയിലും. ഇതിനെതിരെ കളക്ടര്‍ കേസ് ചാര്‍ജ് ചെയ്തു.
കഥ അവസാനിക്കുന്നില്ല. മ പ ലേഖകന്‍ കാശ് വാങ്ങാന്‍ പിറ്റെന്ന് എത്തിയപ്പോള്‍ പ്രമുഖന്‍ അയാളെ കുപ്പിയിലാക്കി. അയാളോട് സൂത്രത്തില്‍ വിവരങ്ങള്‍ തിരക്കി. ഓഡിയം വാര്‍ത്തകള്‍ മുഴുവന്‍ എഴുതുന്നത് താനാണെന്നും. അതിലെ പങ്തി കാരനും താനാണെന്ന് പയ്യന്‍ വെളിപ്പെടുത്തി.
എത്ര ശമ്പളം കിട്ടും ? 500 രൂപ.
ഉടനെ ലേഖകന് 2000 രൂപ കൊടുത്തു.
ഒരു ലക്കം ഓഡിയം തയ്യാറാക്കാന്‍ പറഞ്ഞു. ലേഖകന്‍ പായ നീര്‍ത്തി തച്ചിനിരുന്ന് ലേഖനങ്ങള്‍ എഴുതി. പ്രമുഖന്‍ സാധനം അച്ചടിച്ച് ഓഡിയം വാങ്ങുന്ന കടകളില്‍ എത്തിച്ചു. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ആയതിനാല്‍ ആരുമറിഞ്ഞില്ല. അതാണ് ചൂടോടെ വിറ്റ ഓഡിയം പുതിയ ലക്കം!
മലയാറ്റൂർ രാമകൃഷ്ണൻ
അങ്ങനെ മഞ്ഞ പത്രക്കാരനെ മഞ്ഞ പത്രം കൊണ്ട് തന്നെ വിറപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. ആരാണ് ഇതിന് പിന്നില്‍ എന്ന് കുറച്ചു കാലം അജ്ഞാതമായിരുന്നു. പിന്നീട് ആരാണെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസിലായി.പത്രത്തില്‍ പോലും വാര്‍ത്തയായ് വരാത്ത ഈ സംഭവം പിന്നിട് പലരും എഴുതിയാണ് ഡ്യൂപ്ലിക്കേറ്റിന്റെ പിന്നിലെ വ്യക്തി ആരാണെന്ന് അറിഞ്ഞത്.
ലോകത്തില്‍ മാധ്യമ ചരിത്രത്തില്‍ ഒരിടത്തും നടക്കാത്ത, നടന്നിട്ടില്ലാത്ത ഈ കഥയിലെ നായകന്‍ കോഴിക്കോടെ രാംദാസ് വൈദ്യനായിരുന്നു.
സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച, രസകഷായം കുടിപ്പിച്ച രാംദാസ് വൈദ്യന്‍. ബഹു രസികന്‍. ആയുര്‍വേദപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് രാംദാസ് വൈദ്യരുടെ ജനനം. കോഴിക്കോട് ആര്യവൈദ്യവിലാസിനി വൈദ്യശാലയുടെ സ്ഥാപകനായിരുന്ന കലൂര്‍ നീലകണ്ഠന്‍വൈദ്യരുടെ മകന്‍.
തേങ്ങയിടല്‍ കേരളത്തില്‍ ദുഷ്‌ക്കരമായി. കേറാന്‍ ആളെ കിട്ടാതെയായി. ഉടനെ വൈദ്യര്‍ക്ക് ആശയമുണര്‍ന്നു. ഒരു കേരളത്തില്‍ ഒരു ‘തെങ്ങുകയറ്റ കോളേജ്” സ്ഥാപിക്കുക.’ ഉഗ്രന്‍ ആശയം ഉടനെ പ്രാവര്‍ത്തകമാക്കി. കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജായ തെങ്ങ് കേറ്റ കോളേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.കെ.എസ് ചൗഹാന്‍. പതിവ് നാട മുറിക്കലൊന്നും ഉണ്ടായില്ല. അതിനാല്‍ കോഴിക്കോട് കളക്ടര്‍ ചൗഹാന്‍ തെങ്ങില്‍ കയറിയാണ് കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ചൗഹാന്‍ തെങ്ങേല്‍ വലിഞ്ഞ് കേറി ഉല്‍ഘാടിച്ചപ്പോള്‍ ഭര്‍ത്താവിന് കയറാന്‍ പറ്റുമോയെന്ന് ശങ്കിച്ച് ഭയന്ന് ഭാര്യ നന്ദിത താഴെ നിന്നു. പക്ഷേ, ചൗഹാന്‍ വിജയകരമായി തെങ്ങുകയറ്റം പൂര്‍ത്തിയാക്കി കോളേജ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ത്താ പ്രാധാന്യം നേടിയ ഈ ഉല്‍ഘാടന വാര്‍ത്ത തെങ്ങിനെക്കാള്‍ ഉയരത്തിലെത്തി. ഇന്റര്‍നെറ്റ്, ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, മൊബെല്‍ ഇതാദികള്‍, സോഷ്യല്‍ മീഡിയകള്‍ അന്ന് ഇല്ല ആരും കേട്ടിട്ടുമില്ല. എന്നിട്ടും ഈ വാര്‍ത്ത കടല്‍ കടന്ന് അമേരിക്കയില്‍ വരെ എത്തി. ഇത് ശരിക്കും ഒരു കോളേജാണെന്ന് തെറ്റിദ്ധരിച്ച ‘ന്യൂയോര്‍ക്ക് ടൈംസ്’ വാര്‍ത്ത കൊടുത്തു. തെളിവിനായി പ്രിന്‍സിപ്പല്‍ ചൗഹാന്‍ തെങ്ങ് കയറുന്ന ഡെമോണ്‍സ്‌ട്രേഷന്‍ ഫോട്ടോയും കൊടുത്തു.
രാമദാസ് വൈദ്യന്‍ തന്റെ വീട്ടില്‍ സ്ഥിരമായി തെങ്ങുകയറുന്ന പ്രദീപിനെ കോളേജിന്റെ പ്രിന്‍സിപ്പിളാക്കി. പ്രൊ. പ്രദീപ്, പ്രിന്‍സിപ്പല്‍, ‘തെങ്ങ് കയറ്റകോളേജ് ‘ എന്ന പോസ്റ്റില്‍ പ്രദീപിനെ നിയമിച്ച് നെയിംബോര്‍ഡും സ്ഥാപിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേര്‍ന്ന് രണ്ട് നാള്‍ പഠിച്ചു. വിഷയത്തിന്റെ കാഠിന്യം കാരണം പിന്നെ പഠിക്കാന്‍ വന്നില്ല. അങ്ങനെ കോളേജ് പൂട്ടി. ദോഷം പറയരുതല്ലോ കുറ്റം വൈദ്യരുടെതല്ല, വിദ്യാര്‍ത്ഥികളുടെ അലസതയാണ് കാരണം.
ഒരു മാതിരി മലയാള സാഹിത്യകാരന്മാരെല്ലാം കോഴിക്കോട് കാലു കുത്തിയാല്‍ രാംദാസ് വൈദ്യന്റെ പ്രശസ്തമായ ലോഡ്ജ് – കം – ഗസ്റ്റ് ഹൗസില്‍ നീലഗിരിയില്‍ തങ്ങാനെത്തും… അങ്ങനെ ഒരിക്കല്‍ താമസിക്കുമ്പോള്‍ വയലാര്‍ രാമവര്‍മ്മ ലോഡ്ജ് – കം – ഗസ്റ്റ് ഹൗസിന്റെ ബോര്‍ഡു കണ്ടു ‘നീലഗിരി’. ഉടനെ വയലാറിന്റെ സര്‍ഗപ്രതിഭയുണര്‍ന്നു. പ്രശസ്ത ഗാനം പിറന്നു. ‘നീലഗിരിയുടെ സഖികളെ ജ്വാലാ മുഖികളെ’ 1972 ല്‍ ജയചന്ദ്രന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത പാട്ടായി അത്.
ഒരിക്കല്‍ അവിടെ താമസിച്ച കവി അയ്യപ്പന്‍ മദ്യപിച്ച് ലക്ക് കെട്ട് അലമ്പുണ്ടാക്കിയപ്പോള്‍ വൈദ്യന്‍ പറഞ്ഞു. ‘മുറ്റത്ത് കുട്ടിച്ചാത്തനും കാളിയുമൊക്കെയുണ്ട്. അവരെഴുന്നേറ്റ് വന്നാല്‍ അയ്യപ്പനുണ്ടാകില്ല’ അതോടെ അയ്യപ്പന്‍ ‘ഹരിവരാസനം’ കേട്ട പോലെ ശാന്തനായി ഉറങ്ങി. ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്ക് ബദലായി ”ടെംപിള്‍ അറ്റാച്ച്ഡ് ലോഡ്ജ്” ആയിരുന്നു നീലഗിരി ലോഡ്ജ് കോമ്പൗണ്ടിനുള്ളില്‍ വളരെ ചെറിയൊരു അമ്പലം ഉണ്ടായിരുന്നു. സാധാരണ ഹോട്ടല്‍ കൗണ്ടറുകളുടെ മുന്നില്‍ ഭിത്തിയില്‍ ദൈവങ്ങളുടെ പടം ചില്ലിട്ട് സൂക്ഷിക്കുന്ന പോലെ നീലഗിരിയുടെ കൗണ്ടറില്‍ ഒരു പടം ചില്ലിട്ട് വെച്ചിരുന്നു. അടിയില്‍ എഴുതിയത് ഇങ്ങനെ ‘പിശുക്കിന് പേര് കേട്ട തകഴി നല്‍കിയ പത്ത് രൂപ നോട്ട്’ ഏഷണിക്കാരെ പരിഹസിക്കാനായി പരദൂഷണമല്‍സരം സംഘടിപ്പിച്ചു. മികച്ച പരദൂഷണക്കാരനേയും പരദൂഷണക്കാരിയേയും കണ്ടുപിടിച്ച് വര്‍ഷാവര്‍ഷം ”നാരദര്‍” അവാര്‍ഡ് നല്‍കി ആദരിച്ചു. ലയണ്‍സ് ക്ലബുകാര്‍ സൗന്ദര്യ മത്സരം നടത്തിയപ്പോള്‍ വൈദ്യര്‍ വൈരൂപ്യ മത്സരം സംഘടിപ്പിച്ച്. വിരുപരാജനേയും വിരുപറാണിയേയും തിരഞ്ഞെടുത്തു.
രാവിലെ അലക്കുകാരുടെ മര്‍ദ്ദനവും വൈകീട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളും കേട്ട് ക്ഷമയോടെ സഹിച്ചതിന് മുതലക്കുളത്തെ പൊതു അലക്കുകല്ലുകളെ പൊന്നാടയണിയിച്ച് ആദരിച്ചു. തന്റെ ദാമ്പത്യം 25 വര്‍ഷം തികഞ്ഞപ്പോള്‍ വൈദ്യന് ഒരു ഭൂതോദയമുണ്ടായി. തന്റെ ഭാര്യയുടെ ഇതു വരെയുള്ള സേവനത്തെ മാനിക്കണം. അതിനാല്‍ പ്രതിമാസ പെന്‍ഷന്‍ 100 രൂപ ഇനി മുതല്‍ ഭാര്യ നിര്‍മ്മലക്ക് നല്‍കും. വൈദ്യര്‍ അനങ്ങിയാല്‍ അക്കാലത്ത് കോഴിക്കോട് വാര്‍ത്തയാണ്. പിറ്റേ നാളിലെ പത്രങ്ങളില്‍ ആഗോള ഭര്‍ത്താക്കന്മാര്‍ക്ക് പ്രചോദനമോ പ്രരോദനമോ അനുഭവപ്പെടുന്ന ഈ പെന്‍ഷന്‍ വാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വന്നു.
പാഞ്ഞാളില്‍ മഴ പെയ്യിക്കാന്‍ യാഗവും യജ്ഞവും നടത്തുന്നതിനെ പരിഹസിച്ച് ”കുക്കുടാണ്ഡ യജ്ഞം” സംഘടിപ്പിച്ചു. യാഗവും യജ്ഞവും കഴമ്പില്ലാത്തതെന്ന് തെളിയിക്കാന്‍ പ്രസിദ്ധരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തി. യജ്ഞം സമാപിച്ചപ്പോള്‍ പ്രസാദമായി ചിക്കന്‍ ബിരിയാണി വിതരണം ചെയ്തു.
അക്കാലത്തെ സാഹിത്യകാരന്മാരെല്ലാം വൈദ്യരെ വളരെ ആദരവോടെയാണ് കണ്ടിരുന്നത്. ‘എഴുതാത്ത ബഷീര്‍” എന്നാണ് അവരെല്ലാം വൈദ്യരെ വിശേഷിപ്പിച്ചിരുന്നത്. വൈദ്യരുടെ ഇമ്മാരി തലതിരിഞ്ഞ ചെയ്തികള്‍ കണ്ടപ്പോഴാണ് വി. കെ. എന്‍ പറഞ്ഞത്. ”വൈദ്യര്‍ എഴുതാന്‍ തുടങ്ങിയെങ്കില്‍ നമ്മളെല്ലാം കുത്തുപാളയെടുക്കുമായിരുന്നു”.
‘അക്കാലത്ത് ബോബെയില്‍ ഇരുന്ന് വൈദ്യരുടെ തലതിരിഞ്ഞ കലാപരിപാടികള്‍ സശ്രദ്ധം വീക്ഷിക്കുകയായിരുന്ന, എന്തിനേയും തലകുത്തി നിന്ന് നോക്കുന്ന മറ്റൊരു സാഹിത്യ മര്‍മ്മാണി വൈദ്യന്‍ എം.പി. നാരായണ പിള്ള. മഞ്ഞ പത്രക്കാരനെ വൈദ്യന്‍ വിരട്ടിയ സംഭവകഥയറഞ്ഞപ്പോള്‍ ഉടനെ നാണപ്പന്‍ പങ്തിയില്‍ തന്റെ നിലപാട് എഴുതി. ‘ ഈ സംഭവകഥ കേട്ടതിന് ശേഷം ഞാന്‍ പത്രാധിപന്മാരേയോ പത്ര മുതലാളിമാരേയോ പേടിച്ചിട്ടില്ല. അച്ചു പെറുക്കി വെച്ച് ട്രെഡില്‍ മെഷീനില്‍ നാലു പേജിറക്കുന്ന കാലത്ത് ഇത്തരം കളി കളിക്കാമെങ്കില്‍ സ്‌കാനിംഗും കമ്പ്യൂട്ടറിലെ ടൈപ്പ് സെറ്റിങ്ങും’ ക്വാര്‍ക്ക് എക്‌സ്പ്രസ് പോലുള്ള സോഫ്റ്റ് വെയറുകളുള്ള ആധുനിക യുഗത്തില്‍ ആരെയാണ് വിരട്ടാന്‍ വയ്യാത്തത്? റൂപ്പര്‍ട്ട് മര്‍ദ്ദോക്കിനെ വിരട്ടണോ?
അരവിന്ദൻ്റെ ‘ ചെറിയ മനുഷ്യരും വലിയ ലോകവും ‘ എന്ന കാർട്ടൂൺ പരമ്പരയിലെ മഞ്ഞപത്രക്കാരൻ
2018 ല്‍ നൂറു വര്‍ഷം പഴക്കമുള്ള ‘നീലഗിരി’ പൊളിച്ച് മാറ്റും വരെ ലോഡ്ജിന്റെ വരാന്തയില്‍ ഒരു ചിത്രം ഭിത്തിയില്‍ ഉണ്ടായിരുന്നു. വയലാര്‍ രാമവര്‍മ്മയുടെ ഒരു ചിത്രം. തന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മടിക്കാത്ത സ്‌നേഹസമ്പന്നനായ വയലാര്‍ രാംദാസ് വൈദ്യന് തന്റെ ദേവസ്പര്‍ശമുള്ള വരികളിലൂടെ സ്‌നേഹാദരങ്ങള്‍ നല്‍കി പണ്ടേ ഒരു കവിതയും എഴുതിയിരുന്നു.
‘നീയാം സ്‌നേഹപയോധരത്തെ-
യൊരു നാളെത്തിപ്പിടിച്ചേന്‍-
ഞൊറിഞ്ഞീ യാഗാശ്രമ മണ്‍വിളക്കിനരികില്‍
രാമാംബരം നീര്‍ത്തുവാന്‍
മായാംഭോധി കടഞ്ഞുയര്‍ന്ന കവിതേ,
നീ നിന്റെയന്തര്‍മുഖ-
ശ്രീയാലെന്നില്‍ രചിച്ച ദിവ്യസുരഭീ-
പുഷ്പങ്ങളോര്‍ക്കുന്നു ഞാന്‍ ‘ .
ഇരുപത്തിയേഴ് വര്‍ഷം മുന്‍പ്,1998 ഒക്ടോബറില്‍ രാംദാസ് വൈദ്യന്‍ വിടവാങ്ങി. സമൂഹത്തിലെ തിന്മകള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, സമൂഹത്തിലെ പല ദുഷ്പ്രവണതകള്‍ക്കുമെതിരെയും നര്‍മ്മത്തില്‍ ചാലിച്ച ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ച ഒരു സ്ഥാപനം അതോടെ ഇല്ലാതായി. സമൂഹത്തില്‍ താന്‍ അവതരിപ്പിക്കുന്ന തന്റെ തലതിരിഞ്ഞ പല കുസൃതികളിലും ചിന്തിപ്പിക്കുന്ന ഒരു സത്യമെങ്കിലും ലോകത്തിനായി അദ്ദേഹം ഒളിപ്പിച്ച് വെച്ചിരുന്നു. വെറുതെ പ്രസിദ്ധി നേടാന്‍ തീയിലും വെള്ളത്തിലും ചാടുന്ന അല്‍പ്പബുദ്ധികളില്‍ നിന്ന് രാംദാസ് വൈദ്യനെ വ്യത്യസ്തമാക്കിയതും ഇതായിരുന്നു.
ഒട്ടും തമാശയില്ലാത്ത, കുസൃതിയില്ലാത്ത, ഒരു കാര്യം സമൂഹത്തിനായി വൈദ്യര്‍ ചെയ്തിരുന്നു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ സ്വര്‍ണ്ണ മെഡല്‍ നേടി പാസായ രാംദാസ് വൈദ്യന്‍ ദരിദ്രരായ രോഗികള്‍ക്ക് തന്റെ മരണം വരെ സൗജന്യമായിയാണ് ചികില്‍സ നല്‍കിയത്. The doctor who treated the Mapra and Manjapatram
Content Summary: The doctor who treated the Mapra and Manjapatram
Leave a Comment