വാതിലുകൾ തുറക്കാനാകാതെ കംപാർട്ട്മെന്റുകളിൽ കുടുങ്ങിയതിനെ തുടർന്ന് ട്രെയിനിന് നേരെ കല്ലേറ്. മഹാകുംഭമേളയിലേക്ക് സ്നാനത്തിനായി ത്സാൻസിയിൽ നിന്ന് പ്രയാഗ് രാജിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ഹർപാൽപൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കല്ലേറുണ്ടായത്.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യാത്രക്കാർ വാതിലുകൾ തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
മഹാകുംഭിലേക്കുള്ള പ്രത്യേക ട്രെയിൻ തിങ്കളാഴ്ച രാത്രി ഝാൻസിയിൽ നിന്ന് പുറപ്പെട്ടു. ഝാൻസി ഡിവിഷനിലെ ഹർപാൽപൂർ സ്‌റ്റേഷനിൽ എത്തിയപ്പോൾ കമ്പാർട്ടുമെൻ്റിൻ്റെ വാതിലുകൾ പൂട്ടിയിരിക്കുന്നതായി കണ്ട് ഒരു ജനക്കൂട്ടം ട്രെയിനിൻ്റെ ജനാലകൾ തകർത്ത് കല്ലെറിയാൻ തുടങ്ങി. തുടർന്ന് റെയിൽവേ പോലീസും (ജിആർപി) റെയിൽവേ പോലീസ് സേനയും (ആർപിഎഫ്) സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
യുപിയിലെ മഹാ കുംഭമേളയിൽ പുണഅയ സ്നാനത്തിനായി പോകുകയായിരുന്നെന്നും എന്നാൽ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൻ്റെ എല്ലാ വാതിലുകളും ജനലുകളും അടച്ചതിനാൽ തനിക്ക് കയറാൻ കഴിഞ്ഞില്ലെന്നും ഛത്തർപൂരിൽ നിന്നുള്ള യാത്രക്കാരനായ ആർകെ സിംഗ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഹർപാൽപൂർ റെയിൽവേ സ്റ്റേഷനിൽ ഇങ്ങനെയൊരു സംഭവം നടക്കുന്നതായി ഞങ്ങൾ അറിഞ്ഞു. തുടർന്ന് ആർപിഎഫിലെയും ജിആർപിയിലെയും സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ നടപടിയെടുക്കുകയായിരുന്നു. എന്നാൽ ട്രെയിൻ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് അയക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, ഝാൻസി റെയിൽവേ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) മനോജ് കുമാർ പറഞ്ഞു.
ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ഭരണകൂടവുമായി ഏകോപിപ്പിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങൾ റെയിൽവേ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാ കുംഭ വേളയിൽ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മേള സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
Content Summary: The doors were locked;Stone pelted on train going to Mahakumbha Mela
Mahakumbha Mela Harpalpur railway station Prayagraj