ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ്; 2027ലെ സെൻസസിന് 14,619 കോടി രൂപ ആവശ്യപ്പെട്ട് ആ‍‍ർജിഐ

രണ്ട് ഘട്ടങ്ങളായാവും സെൻസസ് നടത്തുക

2027ലെ സെൻസസ് നടത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് 14,619 കോടി രൂപ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. 2021ലെ സെൻസസ് കോവിഡ്19 മഹാമാരി കാരണം മാറ്റിവെച്ചിരുന്നു, തുടർന്നാണ് 2027ൽ നടത്താൻ തീരുമാനിച്ചത്.

സെൻസസിന്റെ രണ്ട് ഘട്ടങ്ങൾക്കുമായാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബറിൽ, 8,754.23 കോടി രൂപയ്ക്ക് 2021 ലെ സെൻസസ് നടത്താനും 3,941.35 കോടി രൂപയ്ക്ക് ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) അപ്ഡേറ്റ് ചെയ്യാനുമുള്ള നിർദേശത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2011-ൽ നടന്ന അവസാന സെൻസസിന് 2,200 കോടി രൂപയായിരുന്നു ചെലവ് എന്നാൽ 2027-ലെ സെൻസസിന് ഏകദേശം 14,619 കോടി രൂപ വേണ്ടിവരുമെന്നാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ വാദം. ഇത് 2011നെ അപേക്ഷിച്ച് ആറിരട്ടിയിലധികം വർധനവാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ഡാറ്റ ശേഖരണം നടത്തുക. പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവും ഉണ്ടാകും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജാതി തിരിച്ചുള്ള വിവരങ്ങൾ ഈ സെൻസസിൽ ശേഖരിക്കും.

രണ്ട് ഘട്ടങ്ങളായാവും സെൻസസ് നടത്തുക. ഒന്നാം ഘട്ടം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാവും നടക്കുക. വീടുകളുടെ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങളാവും ഒന്നാം ഘട്ടത്തിൽ ശേഖരിക്കുക. ജനസംഖ്യാ കണക്കെടുപ്പ് രണ്ടാം ഘട്ടത്തിലും നടക്കും. 2027 ഫെബ്രുവരിയിലാവും ഈ ഘട്ടം ആരംഭിക്കുക. ഇതിൽ ജനസംഖ്യ, മതം, ജാതി, ഭാഷ, സാമ്പത്തിക നില, സാക്ഷരത തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നു.
2011ലെ സെൻസസിന്റെ നടത്തിപ്പിനായി 27 ലക്ഷം ജീവനക്കാരെയാണ് വിന്യസിച്ചത്. എന്നാൽ 2027ൽ ഇത് 35 ലക്ഷത്തിലധികമായി വർധിക്കും. 2027ലെ സെൻസസ്, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലഡാക്ക്, ജമ്മു-കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുവീഴ്ചമേഖലകളിൽ 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും മറ്റിടങ്ങളിലെല്ലാം 2027 ഫെബ്രുവരി ഒന്നുമുതലുമാണ് സെൻസസ് ആരംഭിക്കുക. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതിസെൻസസും ഇതോടൊപ്പം നടക്കും.

content summary: The Home Ministry has requested a budget of  14,619 crore for the 2027 Census

അഴിമുഖം ഡെസ്‌ക്:
Leave a Comment