”മാസങ്ങളോളം ഞങ്ങള്‍ തെരുവില്‍ നടത്തിയ സമരങ്ങളുടെ പ്രയത്‌നഫലമാണ് ബജറ്റിലെ ഈ തുക വകയിരുത്തല്‍. പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിന്റെ വിജയം കൂടിയാണ് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയ വര്‍ധന” എന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (KAHWA) സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബിന്ദു. സംസ്ഥന ബജറ്റില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുമ്പോഴും, അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടം തുടരും. ഞങ്ങള്‍ ഉന്നയിച്ച അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ പലതും അവഗണിക്കപ്പെടുകയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി.
21,000 രൂപ ഓണറേറിയം വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അത് നേടിയെടുക്കുന്നത് വരെ സമരവുമായി ഞങ്ങള്‍ മുന്നോട്ട് പോകും. ഫെബ്രുവരി 10 ന് ഞങ്ങളുടെ സമരത്തിന്റെ ഒന്നാം വാര്‍ഷികമാണ്. അതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഞങ്ങള്‍ സമരപരിപാടികള്‍ നടത്തുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
സമരവീര്യത്തിന്റെ അംഗീകാരം
കഴിഞ്ഞ നവംബറിലെ 1000 രൂപ വര്‍ദ്ധനവിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 1000 രൂപ കൂടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ 8000 രൂപയായ ഓണറേറിയം ഇതോടെ 9000 രൂപയാകും. ”ഇത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് ഞങ്ങള്‍ തെരുവില്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ ഫലമാണ്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഈ തുകയെങ്കിലും വകയിരുത്തിയത്” ബിന്ദു അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.
ഇന്‍സെന്റീവിലെ കെണി
ബജറ്റ് പ്രഖ്യാപനത്തില്‍ സന്തോഷിക്കുമ്പോഴും വേതനം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരിന്റെ ഇന്‍സെന്റീവിലെ നിബന്ധനകള്‍ പല ആശമാര്‍ക്കും പ്രയാസമാണ്. ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ പഴയ മാനദണ്ഡങ്ങളെല്ലാം പിന്‍വലിച്ചെങ്കിലും, നിലവിലെ ‘സ്‌പെഷ്യല്‍ ഇന്‍സെന്റീവ്’ അടിസ്ഥാനമാക്കിയുള്ള വേതനം വിവേചനപരമാണ്.
500 രൂപയുടെ സ്‌പെഷ്യല്‍ ഇന്‍സെന്റീവ് ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ജോലികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഓണറേറിയം പകുതിയായി വെട്ടിക്കുറയ്ക്കുന്നു. ഗര്‍ഭിണികള്‍, കുട്ടികളുടെ കുത്തിവയ്പ് തുടങ്ങിയവയാണ് സ്‌പെഷ്യല്‍ ഇന്‍സെന്റീവ് കാറ്റഗറിയില്‍ വരുന്നത്. നഗരപ്രദേശങ്ങളില്‍ വീടുകള്‍ അടുത്തടുത്തായതിനാല്‍ ഇന്‍സെന്റീവ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഇടുക്കി, വയനാട് പോലുള്ള മലയോര മേഖലകളില്‍ വീടുകള്‍ കിലോമീറ്ററുകള്‍ അകലെയാണ്. അവിടെ സ്‌പെഷ്യല്‍ ഇന്‍സെന്റീവില്‍ 10 രൂപയുടെ കുറവ് വന്നാല്‍ പോലും 8000 രൂപ കിട്ടേണ്ടിടത്ത് വെറും 4000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഈ പ്രവണത സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനൊക്കെ എതിരായാണ് ഞങ്ങള്‍ വീണ്ടും സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആശമാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് കേന്ദ്രഗവണ്‍മെന്റാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യവസ്ഥ വയ്ക്കാന്‍ പാടില്ലാത്തതാണ്. അത് ചട്ടവിരുദ്ധമാണ്. ഇത് ഞങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെടുത്തിക്കൊടുത്തതുമാണ്. അതിനാല്‍ സ്‌പെഷ്യല്‍ ഇന്‍സെന്റീവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥ എടുത്തുമാറ്റുമെന്ന് ഞങ്ങള്‍ക്ക് തന്ന ഉറപ്പ്. ഈ വിഷയത്തില്‍ ഞങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്.
കൂടാതെ വിരമിക്കല്‍ ആനുകൂല്യം ഞങ്ങളുടെ സമരത്തിലെ പ്രധാന ആവശ്യമായിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ആ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബിന്ദു അഴിമുഖത്തോട് വ്യക്തമാക്കി.
കാലോചിത മാറ്റം
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് സമരത്തിന്റെ ഫലമായല്ലെന്ന് ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എംബി പ്രഭാവതി അഴിമുഖത്തോട് പ്രതികരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നടപ്പിലാക്കി വരുന്ന കാലാനുസൃതമായ വര്‍ദ്ധനവിന്റെ തുടര്‍ച്ചയാണിത്. ”എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വെറും 1000 രൂപ മാത്രമായിരുന്നു ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം. അവിടെനിന്ന് ഘട്ടംഘട്ടമായാണ് തുക 7000 രൂപയിലേക്ക് എത്തിയത്. ഇപ്പോള്‍ പ്രഖ്യാപിച്ച 1000 രൂപയുടെ വര്‍ദ്ധനവും സര്‍ക്കാരിന്റെ ഇതേ നിലപാടിന്റെ ഭാഗമാണ്. ഒരു വിഭാഗം ആളുകള്‍ സമരം നടത്തുന്നതിന് മുന്‍പും ഈ സര്‍ക്കാര്‍ പലതവണ ഓണറേറിയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്” പ്രഭാവതി ചൂണ്ടിക്കാട്ടി.
ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രമായുള്ള പ്രത്യേക പരിഗണനയല്ല ബജറ്റില്‍ ലഭിച്ചതെന്നും സ്‌കീം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരെയും സര്‍ക്കാര്‍ ഒരേപോലെയാണ് പരിഗണിച്ചിരിക്കുന്നതെന്നും എം.ബി. പ്രഭാവതി അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.
Content Summary: The honorarium hike in the budget is a victory for the Asha workers struggle
This post was last modified on January 30, 2026 8:32 am
Leave a Comment