‘ലമ്പന്‍’ മാധ്യമങ്ങള്‍

കുത്തക മുതലാളിമാര്‍ കയ്യടക്കുന്ന മാധ്യമമേഖല

എന്ത് അനാശാസ്യ പ്രവര്‍ത്തി ചെയ്തും സകല സദാചാരമൂല്യങ്ങള്‍ ലംഘിച്ചും പണവും അധികാരവും സ്വാധീനവും സമാഹരിക്കുകയും അത് പ്രയോഗിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ എന്ന അര്‍ഥം വരുന്ന ലമ്പന്‍ (Lumpen) എന്ന പദം ആംഗലേയത്തില്‍ പ്രയോഗിച്ച് കണ്ടിട്ടുണ്ട്. പണവും അധികാരവും ആനുകൂല്യങ്ങളും ഏത് വളഞ്ഞ വഴിയിലൂടെ സമ്പാദിക്കുന്നതും മിടുക്കാണ് എന്ന് കരുതുന്നവരാണ് ഇവര്‍. വിപ്ലവ മുന്നേറ്റങ്ങളില്‍ വിശ്വാസവും താല്‍പ്പര്യവും കാണിക്കാത്ത തൊഴിലാളി വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്ന ലമ്പന്‍ പ്രൊട്ടേറിയേറ്റ് എന്ന മാര്‍ക്‌സിയന്‍ പ്രയോഗത്തില്‍ നിന്നാണത്രെ, ഇതിന്റെ ഉത്ഭവം. തെണ്ടിത്തരം കാണിക്കുന്നവര്‍ എന്ന് മലയാളത്തില്‍ ഇതിനെയങ്ങ് സംക്ഷേപിക്കാം-ഏത് കുറുക്കുവഴി ഉപയോഗിച്ചും അധികാരവും പണവും ആര്‍ജിക്കാന്‍ ആര്‍ത്തി പൂണ്ട് നടക്കുന്ന തത്വദീക്ഷയില്ലാത്ത ആളുകള്‍ എന്ന് ചുരുക്കം. മാര്‍ക്‌സ് ഈ പദം പ്രയോഗിക്കുമ്പാള്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള ആശയവ്യക്തതയില്ലാത്ത തൊഴിലാളികളെ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. ഇപ്പോള്‍ ആ അവസ്ഥ മാറി. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ലമ്പന്‍ ഘടകങ്ങള്‍ രൂപംകൊണ്ടിരിക്കുന്നു. അധികാരവും പണവും പ്രശസ്തിയും കരസ്ഥമാക്കാന്‍ എവിടെയും ചാടി വീണ് എന്തും ചെയ്യാന്‍ മടിക്കാത്ത സ്വയം പ്രഖ്യാപിത വമ്പന്മാര്‍.

ഇത്തരക്കാര്‍ പക്ഷേ, വാര്‍ത്താവ്യവസായത്തില്‍ ചാടിവീഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവുമായി പ്രബുദ്ധ ജനതയെന്ന് വാഴ്ത്തപ്പെടുന്ന കേരളത്തില്‍ പ്രത്യേകിച്ചും! കാരണം, അതിന് ഇത്തരം ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ആന്തരിക ശക്തി ഈ രംഗത്തിനുണ്ടായിരുന്നു. സമൂഹം അര്‍പ്പിക്കുകയും തിരിച്ച് നല്‍കുകയും ചെയ്തിരുന്ന പവിത്രമായ ഒരു പരസ്പര വിശ്വാസം വാര്‍ത്താ വ്യവസായവും ജനങ്ങളും തമ്മില്‍ ഉണ്ടായിരുന്നു. ആ പാരസ്പര്യം മൂലം ഇതൊരു വ്യവസായമായിരിക്കുന്ന സമയത്ത് തന്നെ ആ ലേബല്‍ ഇല്ലാതാകുകയും മാധ്യമം എന്ന പൊതുസംജ്ഞയില്‍ വ്യവഹരിക്കപ്പെടുകയും ഒരു പബ്ലിക് ട്രസ്റ്റ് എന്ന രീതിയില്‍ ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു നില രൂപപ്പെട്ടു.

ജനങ്ങളില്‍ നിന്ന് ആവാഹിച്ച് കിട്ടുന്ന ആ അധികാരത്തില്‍ നിന്നാണ് വാര്‍ത്താവ്യവസായവും അതിലെ തൊഴിലാളികളായ പത്ര/മാധ്യമപ്രവര്‍ത്തക വിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും സമൂഹം വിലമതിച്ചിരുന്നത്, പത്രപ്രവര്‍ത്തകര്‍ക്ക് അധികാരകേന്ദ്രേങ്ങളോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവകാശം കിട്ടിയതും അധികാരകേന്ദ്രങ്ങള്‍ അവരോട് മറുപടി പറയാന്‍ ബാധ്യസ്ഥമാണെന്ന് വന്നതും ഈ പാരസ്പര്യത്തിന്റെ ഭാഗമായാണ്. അതിന്റെ ഫലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും, ചില മര്യാദകള്‍ പാലിച്ചു പോന്നു. അങ്ങനെ രൂപപ്പെട്ട മര്യദകളെയും ബാധ്യതകളെയും പെരുമാറ്റത്തേയും എല്ലാം ചേര്‍ത്താവണം മാധ്യമ ധര്‍മ്മം എന്ന സങ്കല്‍പം രൂപപ്പെട്ടത്. പത്രങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് പത്ര ധര്‍മ്മം എന്ന് ആദരപൂര്‍വ്വം വിളിച്ചുപോന്ന ഈ സങ്കല്‍പത്തെ വാര്‍ത്താ ടെലിവിഷന്‍ കാലത്ത് മാധ്യമധര്‍മ്മം എന്ന് വിളിക്കാന്‍ ആരംഭിച്ചു. ജനാധിപത്യമാണ് ഈ വ്യവസായത്തിന്റെ ജീവവായു എന്ന വിശ്വാസം ആയിരുന്നു ഇതിന് കാരണം.

ഭരണഘടനയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് പ്രധാന അസംസ്‌കൃതവസ്തു എന്ന പൊതുബോധം മൂലം ഈ വ്യവസായത്തെ വിശിഷ്ട പദവിയും സവിശേഷാധികാരങ്ങളുമുള്ള ഒരു ദൗത്യമായി സമൂഹം പരിഗണിച്ചു. അതിനാല്‍ തന്നെ തങ്ങള്‍ക്ക് വേണ്ടിയാണ് ഇത് നിലകൊള്ളുന്നത് എന്ന് സമൂഹം വിശ്വസിക്കുകയും ചെയ്തു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതൃത്വം സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടായത് ഇതിന്റെ മഹത്വത്തിന് മാറ്റ് കൂട്ടുകയും ചെയ്തു. ജനപ്രതിനിധികളേക്കാള്‍ ഏറെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് വാര്‍ത്താമാധ്യമങ്ങളാണെന്ന ഒരു ധാരണ പോലും ഇങ്ങനെ രൂപപ്പെട്ടു. പരാതി പഞ്ചായത്താപ്പീസില്‍ കൊടുക്കുന്നതിനൊപ്പം പത്രമാപ്പീസിലും കൊടുക്കുന്നതാണ് ജനങ്ങളുടെ സ്വഭാവം. മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമായി തത്വദീക്ഷയും താരതമ്യേനെ ആദര്‍ശനിഷ്ടയും നിലപാടും സമൂഹത്തോടുള്ള പ്രതിബദ്ധതയും പരിഗണനയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതാണ് വാര്‍ത്താവ്യവസായത്തെ മറ്റ് വ്യവസായങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നത്.

ആ കാലം അവസാനിച്ചിരിക്കുന്നു. മറ്റേതൊരു ലാഭമുണ്ടാക്കുന്ന വ്യവസായവും പോലെ വാര്‍ത്താ വ്യവസായവും ലാഭമുണ്ടാക്കുന്നതും മൂലധന താല്‍പ്പര്യം സംരക്ഷിക്കുന്നതുമായ ഒന്ന് മാത്രമാണെന്ന് മറയില്ലാതെ സമ്മതിക്കുന്നതിന്റെ ദൃഷ്ഠാന്തമാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിശുദ്ധ പശു എന്ന് വാഴ്ത്തപ്പെട്ടിരുന്ന വാര്‍ത്താവ്യവസായത്തില്‍ തുടക്കത്തില്‍ പറഞ്ഞ സ്വഭാവ സവിശേഷതകള്‍ ഉള്ള ആളുകള്‍ പ്രവേശിച്ചുകഴിഞ്ഞു- ലമ്പന്‍ സംസ്‌കാരവും അതിന്റെ മൂലധനവും ഈ വ്യവസായത്തില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അതിന്റെ ദൃഷ്ടാന്തമാണ് ഏഷ്യനെറ്റ്, റിപ്പോര്‍ട്ടര്‍ ന്യൂസ് ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ ഇപ്പോള്‍ നടക്കുന്ന തെരുവ് പോരാട്ടം. മലയാള വാര്‍ത്താ വ്യവസായികളും അതിലെ തൊഴിലാളികളും ലമ്പനിസത്തിലേക്ക് അതിവേഗം തെന്നി മാറി കൊണ്ടിരിക്കുന്നു. പാരമ്പരാഗത മാധ്യമങ്ങളില്‍ പോലും ലമ്പന്‍ ഘടകങ്ങള്‍ ഉദയം കൊള്ളുന്നതിന്റെ അനുഭവങ്ങള്‍ സമൂഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മത്സരിച്ചുക്കൊണ്ടിരുന്ന പാപ്പരാസിയില്‍ നിന്നും പോരടിക്കുന്ന മാപ്രവല്‍ക്കരണത്തിലേക്ക് അത് എത്തിക്കഴിഞ്ഞു. വെറുതെയല്ല പൊതുസമൂഹം ഈ വ്യവസായത്തില്‍ പണി എടുക്കുന്നവരെ മാപ്ര എന്ന് വിളിക്കുന്നത്.

വാര്‍ത്താ വ്യവസായത്തിലെ കോര്‍പ്പറേറ്റ് അധിനിവേശത്തെ കുറിച്ച് നമുക്കറിയാം. മാധ്യമപണ്ഡിതന്മാര്‍ അതേക്കുറിച്ച് വാചാലരാണ്. നാം സമൂഹം അത് അനുഭവിക്കുന്നു; വ്യാപകമായി തന്നെ ചര്‍ച്ച ചെയ്യുന്നു. പക്ഷെ, ഈ വിശുദ്ധ വ്യവസായത്തിലേക്ക് ക്രിമിനല്‍ മൂലധനത്തിന്റെ അധിനിവേശം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത് സംഭവിച്ചതിന്റെ ഫലമാണ് വാര്‍ത്താ ടെലിവിഷന്‍ രംഗത്ത് ഇന്ന് കാണുന്ന പ്രവണതകള്‍. നിരവധി മാരകമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയും തട്ടിപ്പുകാരന്‍ എന്ന് മുദ്രയടിക്കപ്പെട്ട ആളുമാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുതല്‍ മുടക്കുകാരന്‍. അയാളുടെ ചരിത്രം കേരളത്തിന്റെ മുമ്പില്‍ തുറന്ന പുസ്തകമായി കിടക്കുന്നതിനാല്‍ ആവര്‍ത്തിക്കുന്നത് അരോചകമാവും. അത്തരമൊരു വ്യക്തി ഒരു വാര്‍ത്താ സ്ഥാപനത്തില്‍ മുതല്‍ മുടക്കുക മാത്രമല്ല, അതിന്റെ പത്രാധിപ പദവിയില്‍ കയറിയിരുന്ന് സമൂഹത്തെ വിചാരണ ചെയ്യുകയും ന്യായാന്യായങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ കേരളസമൂഹത്തെ മുഴുവന്‍ അവരുടെ ദൗര്‍ബല്യങ്ങളില്‍ ഒന്നായ ഫുട്‌ബോള്‍ കമ്പത്തിന്റെ പേരില്‍ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കാനാവുന്ന ഒരു വമ്പന്‍ തട്ടിപ്പ് ആവിഷ്‌കരിക്കുന്നു. അത് കണ്ടാമൃഗത്തെ വെല്ലുന്ന ചര്‍മ്മബലത്തോടെ നിന്ന് ന്യായീകരിക്കുന്നു.

മറുഭാഗത്ത്, രാജ്യത്തെ ഇലക്ട്രോണിക് വ്യവസായത്തിലെ തലതൊട്ടപ്പന്മാരായിരുന്ന ബി.പി.എല്‍ എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ആണ് ഏഷ്യനെറ്റ് ടി വിയുടെ തലപ്പത്ത് അദൃശ്യ സാന്നിധ്യമായി നില്‍ക്കുന്നത്. തന്റെ ഭാര്യാപിതാവ് സ്ഥാപിച്ച ബി.പി.എല്ലിന്റെ നിയന്ത്രണം രാജീവ് ചന്ദ്രശേഖറിന്റെ കൈയ്യില്‍ വന്നതിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം ബി.ജെ.പി നേതാവായതോടെ സജീവ ചര്‍ച്ചയായിട്ടുണ്ട്. അക്കാലത്ത് തന്നെയാണ് തന്റെ ഇന്‍വെസ്റ്റ്‌മെന്റ്റ് കമ്പനിയായ ജൂപ്പിറ്റര്‍ ഫൈനാന്‍സ് വഴി അദ്ദേഹം ഏഷ്യനെറ്റ് കരസ്ഥമാക്കിയത്. ഈ സമയത്താണ് രാജീവ് പാര്‍ലമെന്റ്ററി രാഷ്ട്രീയത്തിലും നിക്ഷേപം ഇറക്കുന്നത് അഥവാ ചാടിയിറങ്ങുന്നത്. 2006 ല്‍ കര്‍ണ്ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചാണ് ഈ വ്യവസായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് വിജയം വരിച്ചത്. അതുവരെ പൊതുമണ്ഡലവുമായി ഒരു ബന്ധവുമില്ലാതിരുന്ന രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുത്തിയത് സാഹിത്യകാരനും പ്രശസ്തനായ രാജ്യാന്തര സോഷ്യലിസ്റ്റ് ബുദ്ധിജീവിയുമായ ഡോ.യു.ആര്‍.അനന്തമൂര്‍ത്തിയെ ആണ്. ജെ.ഡി.(എസ്), ബി.ജെ.പി വോട്ടുകള്‍ സമാഹരിച്ച് സമ്പാദിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഈ ദുരൂഹ വിജയത്തെ അന്ന് വോട്ട് കച്ചവടം എന്നൊക്കെ ആരും ആരോപിക്കാതിരുന്നത് രാജീവ് ചന്ദ്രശേഖര്‍ സമ്പന്ന വ്യവസായി ആയതിനാലാണ്-പണത്തിന്റെ ഊക്ക്.

രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് മാധ്യമവ്യവസായത്തിലേക്കും ഈ ടെലികമ്യൂണിക്കേഷന്‍ വ്യവസായി തിരിയാന്‍ കാരണം, ജനാധിപത്യം രക്ഷിക്കാനുള്ള അദമ്യമായ മോഹമാണ് എന്ന് കരുതരുത്. തന്റെ വ്യവസായത്തെ ബാധിക്കുന്ന ചില സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാനായിരുന്നു. ഏഷ്യനെറ്റിന്റെ വിനോദ, വാര്‍ത്താ ചാനലുകള്‍ മൊത്തമായി വാാങ്ങിയ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് വിനോദ ചാനല്‍ ആഗോള മാധ്യമ ചക്രവര്‍ത്തിയായ റൂപ്പര്‍ട് മര്‍ദോക്കിന്റെ സ്റ്റാര്‍ ടിവിക്ക് വിറ്റു. വാര്‍ത്താ വിഭാഗം മാത്രം കൈവശം വെച്ചു. ശ്രദ്ധിക്കണം, ലാഭം കിട്ടുന്ന വിനോദ ചാനല്‍ കൈവിട്ടാണ് വാര്‍ത്താവിഭാഗം മാത്രം നിലനിര്‍ത്തിയത്! 2017ല്‍ അര്‍നബ് ഗോസാമി തുടങ്ങിയ റിപ്പബ്‌ളിക് ടിവിയില്‍ 30 കോടി രൂപ ജൂപ്പിറ്റര്‍ ഫൈനാന്‍സ് വഴി രാജീവ് ചന്ദ്രശേഖര്‍ നിക്ഷേപിച്ചിരുന്നു.

2019 ല്‍ ജൂപ്പിറ്ററിന്റെ ഓഹരികള്‍ അര്‍നബ് ഗോസാമി വാങ്ങി. ഇപ്പോള്‍ മൈനോറിറ്റി ഓഹരി ഉടമയായ രാജീവ് ചന്ദ്രശേഖര്‍ റിപ്പബ്‌ളിക് ടിവിയുടെ സ്ഥാപകനായാണ് അറിയപ്പെടുന്നത്. ഏഷ്യനെറ്റ് അതിന്റെ സഹോദര ചാനലായും, ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമസ്ഥതയിലായിരുന്ന കന്നട പ്രഭ പത്രത്തിന്റെ 51 ശതമാനം അവകാശവും ജൂപ്പിറ്റര്‍ ഫൈനാന്‍സ് വഴി രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലാണ്. മാതൃഭൂമി പത്രത്തിന്റെ പരോക്ഷ നിയന്ത്രണം ജൂപ്പിറ്ററിന്റെ കൈയ്യിലാണ് എന്ന് ഊഹാപോഹങ്ങള്‍ പ്രചാരത്തിലുണ്ട്. മംഗളം പത്രം ഇദ്ദേഹം വാങ്ങിയേക്കുമെന്ന് ഒരു ഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നു. 2006ല്‍ രാജ്യസഭാംഗമായ ഈ ടെക് വ്യവസായി കുറക്കോലം സര്‍വ്വതന്ത്ര സ്വതന്ത്രനായി നിന്ന് സാധ്യതകള്‍ വിലയിരുത്തിയ ശേഷം 2018ലാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. പിന്നാലെ ബാംഗ്ലൂര്‍ സൗത്തില്‍ നിന്ന് ലോകസഭയിലേക്ക് വിജയിച്ച് മോദി മന്ത്രി സഭയില്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി ആയതും ഈ മൊത്തം സംഭവങ്ങളോട് കൂട്ടിവായിക്കണം.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ പത്രിക നല്കിയപ്പോള്‍ തന്റെ സ്വത്തും വരുമാനവും സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ അപൂര്‍ണ്ണവും വ്യാജവുമാണെന്ന ആരോപണം കേരള ഹൈക്കോടതിയില്‍ വന്നത് ഓര്‍മ്മിക്കുക. അദ്ദേഹത്തിന്റെ ടാക്‌സബിള്‍ ഇന്‍കം 680 രൂപ മാത്രമാണ് എന്നാണ് കാണിച്ചത്. വീടുകള്‍, ആഡംബര കാറുകള്‍, സ്വകാര്യ വിമാനം തുടങ്ങിയവ ഒന്നും പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരപ്രഖ്യാപനത്തില്‍ കാണിച്ചിട്ടില്ല എന്ന കേസ് ഹൈക്കോടതി തള്ളിയത്, ഈ സമയത്ത് ഇത് പരിഗണിക്കാനാവില്ല എന്ന് പറഞ്ഞാണ്. ഈ വസ്തുതകള്‍ തെരഞ്ഞെടുപ്പ് കേസ് ആയി കൊടുത്തോളാന്‍ ആണ് കോടതി നിര്‍ദ്ദേശിച്ചത്.

തന്റെ വ്യവസായത്തെ ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങളുടെ പശ്ചാത്തലത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ പൊതുരംഗത്തും വാര്‍ത്താവ്യവസായത്തിലും മുതലിറക്കിയതെങ്കില്‍ മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ തേക്ക് കൊള്ള മുതലായവയൂടെ പേരില്‍ നാട്ടില്‍ നാടാകെ അറിയപ്പെട്ട ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എന്ന വാര്‍ത്താമാധ്യമത്തിന്റെ അധിപനായത് തന്റെ തട്ടിപ്പുകളെ ബാധിക്കുന്ന അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കാനും മറികടക്കാനുമാണ്. മാത്രമല്ല, ഭാവിയില്‍ നടത്താന്‍ പോകുന്ന ഇത്തരം ‘വ്യവസായ’ങ്ങള്‍ക്ക് മറയായും കൂടിയാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. വയനാട്ടിലെ മുട്ടില്‍ പ്രദേശത്തെ റവന്യൂ ഭൂമിയില്‍ നിന്ന് തേക്ക് മോഷ്ടിച്ച കേസിലെ പ്രതിയായ ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയായി റവന്യൂ മന്ത്രി കെ.രാജനെ വയനാട്ടില്‍ ഉരുള്‍ പൊട്ടിയ സ്ഥലത്ത് വെച്ച് അഭിമുഖം നടത്തുന്നത് കണ്ട് കേരളം വിസ്മയിച്ചതാണ്. ഇങ്ങനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ രാജ്യത്ത് വേറേ കാണില്ല. ഒരു ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും ഈ വ്യക്തി ശ്രമിച്ചിട്ടുണ്ട്. രണ്ട് ഡസന്‍ തട്ടിപ്പു കേസുകളെങ്കിലും ഈ മാന്യന്റെ പേരിലുണ്ട്.

ഇത് രണ്ട് പേരുടെ കാര്യം. ഈ മേഖലയില്‍ വരുന്നവരുടെ ഒരു സാമ്പിള്‍. ഇത്തരത്തില്‍ ചരിത്രപശ്ചാത്തലമുള്ള വാര്‍ത്താവ്യവസായത്തില്‍ നില്‍ക്കുന്ന രണ്ട് വ്യക്തികളാണ് ഇപ്പോള്‍ വാര്‍ത്തയുടെ പേരില്‍ പൊരുതുന്നത്. ഈ പോര് വാര്‍ത്താ വ്യവസായത്തില്‍ ടെലിവിഷന്റെ വരവ് സൃഷ്ടിച്ച ലാഭാക്രാന്തത്തിന്റെ സൃഷ്ടി ആയാണ് കാണേണ്ടത് എന്ന് തോന്നുന്നു. പരസ്പര ബഹുമാനം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഈ വ്യവസായം സഞ്ചരിക്കുന്നതിന്റെ മാര്‍ഗ്ഗമാണ് ഇത് സൂചിപ്പിക്കുന്നത്.

വാര്‍ത്താ വ്യവസായത്തില്‍ ലാഭം പണം മാത്രമായല്ല വരുന്നത്. സാമൂഹികവും രാഷ്ട്രീയവുമായി കൂടിയാണ്-സോഷ്യോ-പൊളിറ്റിക്കല്‍ ഡിവിഡന്റ്റ്. പ്രധാനമായും ലക്ഷ്യമിടുന്നതും അതാണ്. മതപരമായി പോലും ഈ വ്യവസായത്തില്‍ നിന്ന് അളവറ്റ സോഷ്യോ-പൊളിറ്റിക്കല്‍ ഡിവിഡന്റ്റ് ലഭിക്കാനുണ്ട്. അതുകൊണ്ട് പണം വരുന്നതും പോകുന്നതുമായ വഴികള്‍ ആരും തിരക്കാറില്ല. റിപ്പോര്‍ട്ടര്‍ ടിവി കയ്യടക്കിയ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ഈ നിക്ഷേപത്തിനുള്ള പണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യം വരാത്തത് ഇതൊരു വിശുദ്ധ വ്യവസായമായി പരിഗണിക്കപ്പെടുന്നത് കൊണ്ടാണ്. അയാള്‍ ലയണല്‍ മെസ്സിയെ കൊണ്ടുവരാന്‍ കോടികള്‍ മുടക്കുന്നത് എങ്ങനെയാണെന്ന ചോദ്യം വരാത്തതും അതിനാലാണ്. രാജീവ് ചന്ദ്രശേഖര്‍ വെറും 6980 രൂപ വരുമാനക്കാരനാണെന്ന കാര്യം ചര്‍ച്ച ആകാത്തത് അയാള്‍ ഒരു വാര്‍ത്താവ്യവസായി ആയതുകൊണ്ട് കൂടിയാണ്.

രാജ്യത്തെ ഒട്ടുമിക്ക വാര്‍ത്താമാധ്യമ വ്യവസായ സ്ഥാപനങ്ങളുടെ മുതല്‍ മുടക്കിലും ഇത്തരത്തില്‍ അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ളതും ദുരൂഹവുമായ മൂലധന നിക്ഷേപം ഉണ്ട് എന്ന്, ഇന്ന് പരസ്യമായ കാര്യമാണ്. കേരളത്തില്‍ ഏതാനും പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ ഒഴികെ ന്യൂജന്‍ സ്ഥാപനങ്ങളിലെല്ലാം ഇത്തരം നിക്ഷിപ്ത മൂലധനം സുലഭമായിട്ടുണ്ട്. ഗോകുലവാസിയായാലും എത്ര ഭീമനായാലും ഒരു ചിട്ടിക്കമ്പനി ഉടമയ്‌ക്കോ, സ്വര്‍ണ്ണ വ്യാപാരിക്കോ അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കാര്യം നടത്താനും എളുപ്പമല്ല. പക്ഷേ, ഒരു വാര്‍ത്താ വ്യവസായ സ്ഥാപനത്തിന്റെ മേല്‍വിലസം ഉണ്ടെങ്കില്‍ അത് ഏത് വാതിലും തുറക്കുന്ന താക്കോലാണ്. ന്യൂജന്‍ വാര്‍ത്താ വ്യവസായത്തിന് പിന്നിലെ മൂലധനത്തിന്റെ ഉറവിടം നോക്കിയാല്‍ അത് അറിയാനാവും.

നാടിന്റെ പൊതു ജീവിതം നിലനിന്ന് പോകുന്നത് തങ്ങള്‍ പൊട്ടിക്കുന്ന (ബ്രേക്കിംഗ്) വാര്‍ത്തകള്‍ മൂലമാണ് എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ് വാര്‍ത്താ വ്യവസായം. ഭൂരിഭാഗവും പക്ഷെ, അവയുടെ അടുക്കളയില്‍ പാചകം ചെയ്യുന്ന (ബേക്കിംഗ്) വാര്‍ത്തകള്‍ ആണ്. വസ്തുതകള്‍ക്ക് പകരം വിഭ്രമങ്ങള്‍ നല്‍കി വാര്‍ത്താവിപണിയെ തങ്ങള്‍ക്ക് അനുകൂലമാക്കുകയും സമൂഹ മനസ്സിനെ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ ദൗത്യം. കാര്യങ്ങളുടെ കാമ്പിലേക്ക് പോകാതെ ഉപരിപ്ലവതകളില്‍ ആവേശം കൊള്ളിച്ച് വിഷയങ്ങള്‍ ഒഴുക്കിക്കളയുന്ന രീതി. നിസ്സാരങ്ങളെ വാര്‍ത്താവല്‍ക്കരിക്കുകയും വാര്‍ത്തകളെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്ത് മൂലധന താല്‍പര്യാനുസൃതം കാര്യങ്ങളെ ഒതുക്കിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി എത്ര കോടികള്‍ മുടക്കിയാലെന്താ! കേരളം എന്ന ചെറിയ ഒരു ഭൂഭാഗത്ത് 70 കോടി പോയാല്‍ പോട്ടെ എന്ന് വെക്കും എന്ന് ഒരു മാധ്യമ നിക്ഷേപകന്‍ പറയുന്നത് വെറുതേയല്ല.

കേരളം എന്ന ഈ ചെറിയ കാന്‍വാസില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യ എന്ന വിസ്തൃത ഭൂമികയിലെ സ്ഥിതി ആലോചിക്കാവുന്നതേയുള്ളൂ. 4000 കോടി രൂപയാണ് 2014ല്‍ നെറ്റ്‌വര്‍ക്18 എന്ന ടെലിവിഷന്‍ ചാനല്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനി അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വഴി നിക്ഷേപിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 84,000 കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ മീഡിയ & എന്‍ടെര്‍ടെയ്ന്‍മെന്റ് വ്യവസായത്തില്‍ റിലയന്‍സ് വന്‍ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ മെയില്‍ അദ്ദേഹം പറഞ്ഞത് ജനാധിപത്യവും സംസ്‌കാരവും നന്നാക്കാനാവില്ല. 602 കോടി രൂപ പുല്ല് പോലെ വലിച്ചെറിഞ്ഞാണ് ഗൗതം അദാനി എന്‍ഡി ടിവി വാങ്ങിയത്. ഇന്ത്യന്‍ സാറ്റലൈറ്റ് ടെലിവിഷന്റെ പിതാവ് എന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്ര 2,237 കോടിയാണ് 2025 ജൂലൈയില്‍ സീ ടീവിയുടെ വികസനത്തിന് വേണ്ടി ചെലവഴിച്ചത്. ഇത്തരത്തില്‍ ഒട്ടുമിക്ക ടിവി ചാനലുകള്‍ക്കും പിന്നില്‍ വലിയ കോര്‍പ്പറേറ്റ് കരങ്ങള്‍ ഉണ്ട്.

കേരളത്തില്‍ ഈ വ്യവസായം മൂലധനക്കാര്യത്തില്‍ താരതമ്യേനെ സംശുദ്ധമായിരുന്നു. മലയാള മനോരമയും, മാതൃഭൂമിയും മറ്റും കമ്പനികളാണ്; അവ കേര്‍പ്പറേറ്റുകള്‍ ആയിരുന്നില്ല. ആശയപരമായ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ അവ സംരക്ഷിച്ച് പോന്നതിന്റെ കൂഴപ്പങ്ങള്‍ അല്ലാതെ മൂലധനപരമായ കോര്‍പ്പറേറ്റ് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നെയുള്ളത് മത, സാമുദായിക താല്‍പര്യങ്ങള്‍ ഉള്ളവയാണ്.

പുതിയ പ്രവണതകള്‍ കാണിക്കുന്നത് കേരളത്തില്‍ പോലും അത് അവസാനിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അധിനിവേശിച്ച് കഴിഞ്ഞ ഇന്ത്യന്‍ വാര്‍ത്താവ്യവസായത്തില്‍ കേരളത്തിന് മാത്രമായി ഒഴിഞ്ഞ് നില്‍ക്കാനാവില്ലല്ലോ. കടുത്ത മത്സരങ്ങളുടെ കൂട് ഇവിടെയും തുറക്കാന്‍ പോകുന്നു. കേരളം വലിയൊരു കണ്ടന്റ് മാര്‍ക്കറ്റാണ്; ഉപഭോക്ത്രാധിഷ്ഠിതമായ കണ്ടന്റ് മാര്‍ക്കറ്റ്. വാര്‍ത്തകള്‍ക്ക് പകരം കണ്ടന്റ് ഈ വ്യവസായത്തില്‍ ആധിപത്യം നേടുകയാണ്. ആ സാഹചര്യത്തില്‍ കേരളത്തിലെ വാര്‍ത്താവ്യവസായത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളുടെ ഏറ്റെടുക്കലുകള്‍, പുതിയ മാധ്യമ സംരംഭങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. വാര്‍ത്താ മാധ്യമങ്ങളെ കുറിച്ചുള്ള വിശുദ്ധ സങ്കല്‍പങ്ങള്‍ ഗൃഹാതുരത്വമായി നില്‍ക്കട്ടെ.

എല്ലായിടത്തും ലമ്പന്‍ സംസ്‌കാരം അധിനിവേശിച്ച് കൊണ്ടിരിക്കുന്ന കാലത്ത് വാര്‍ത്താ വ്യവസായം മാത്രം സംശുദ്ധമാകണം എന്ന് വാശി പിടിക്കാനാവില്ലല്ലോ.

Content Summary: The media sector dominated by corporate giants

പത്മനാഭന്‍ എന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on October 31, 2025 7:43 pm

പത്മനാഭന്‍ എന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
Related Post
Leave a Comment