കണ്ണൂര്‍ സീറ്റില്‍ കെ. സുധാകരന് സീറ്റില്ല എന്ന് വാര്‍ത്ത വന്നപ്പോള്‍ മുതല്‍ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു. അത് വല്ലാതെ ഉയര്‍ന്നപ്പോള്‍ സുധാകരന് സീറ്റ് കൊടുത്തു എന്ന് വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ലിസ്റ്റ് വന്നപ്പോള്‍ സീറ്റില്ല. വളരെ ശാന്തനായി താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍ അതിന് മുന്‍പ് കണ്ണൂര്‍ സീറ്റിനായി നടത്തിയ സമ്മര്‍ദ്ദതന്ത്രം ഈ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും ശ്രദ്ദേയമായ മഹായുദ്ധമായിരുന്നു. ഈ അവസരത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് പി.ടി. തോമസ് എന്ന കറകളഞ്ഞ കോണ്‍ഗ്രസ് നേതാവിന്റെ സീറ്റ് നിഷേധവും, ശവമഞ്ചം ചുമന്ന രംഗവും ചര്‍ച്ചയാകുന്നത് സ്വാഭാവികം. പരിസ്ഥിതി സ്‌നേഹിയായ പി.ടി. ശക്തമായ പിന്തുണയാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് നല്‍കിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ഇടുക്കി രൂപതയുടെയും ചില രാഷ്ട്രീയ ഗ്രൂപ്പുകളുടെയും നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു. പക്ഷേ പി.ടി. തോമസ് നിലകൊണ്ടത് പരിസ്ഥിതിക്ക് വേണ്ടിയായിരുന്നു. പി.ടി. തോമസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇടുക്കിയിലെ പ്രാദേശിക രാഷ്ട്രീയ, മത നേതൃത്വത്തിന് അസ്വാരസ്യങ്ങള്‍ക്ക് കാരണമായിരുന്നു.
മാധവ് ഗാഡ്ഗില്‍ സമിതിയുടെ പരിസ്ഥിതി റിപ്പോര്‍ട്ട് സംബന്ധിച്ച് ഒട്ടേറെ വിയോജിപ്പുകളുണ്ടായി. കോണ്‍ഗ്രസ് അടക്കം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ വിലയിരുത്തിയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്ന നിര്‍ദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളെ തത്വത്തില്‍ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗന്‍ സമിതിയും മുന്നോട്ടുവച്ചത്. പശ്ചിമഘട്ട മലനിരകളുടെ നാലില്‍ മൂന്ന് ഭാഗവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ടുള്ള ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരംഗന്‍ സമിതി വിലയിരുത്തി. പശ്ചിമഘട്ട മലനിരകളുടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അല്‍പ്പം മയപ്പെടുത്തിയെങ്കിലും പി.ടി. മയപ്പെട്ടില്ല. മാധവ് ഗാഡ്ഗില്‍ സമിതിയുടെ പരിസ്ഥിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് പരസ്യമായി പറഞ്ഞ പി.ടി. തോമസ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരുന്നില്ല.
അതേസമയം ഗാര്‍ഡില്‍ നിര്‍ദ്ദേശങ്ങളെ കോണ്‍ഗ്രസ് അടക്കം മുഖ്യധാര പാര്‍ട്ടികള്‍ അവഗണിച്ച് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അംഗീകരിച്ചത് കേരള ചരിത്രത്തിലെ ഏടാണ്. അതിന്റെ പ്രത്യാഘാതം 2018 ലെ വെള്ളപ്പൊക്കം മുതല്‍ നമ്മള്‍ കാണുന്നുണ്ട്. സഭയ്‌ക്കെതിരെ നിലപാടെടുത്തതിന് ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ യഥാര്‍ത്ഥ വൈദികര്‍ തന്നെ ഒപ്പീസ് ചൊല്ലി പി.ടിയുടെ ശവഘോഷ യാത്ര നടത്തി. ഇരട്ടയാറിലും കട്ടപ്പനയിലും ഒക്കെ പിടിയുടെ മരണം പോത്തിനെ വെട്ടി ആഘോഷിച്ചു. കോണ്‍ഗ്രസ് പി.ടിക്ക് സീറ്റ് നിഷേധിച്ചു. പക്ഷേ പി.ടി അതിശക്തമായി തിരിച്ചെത്തി. സുധാകരന്റെയും പി.ടിയുടേയും സീറ്റ് നിഷേധവും, തുടര്‍ സംഭവങ്ങളും ജനം മറക്കില്ല. വരുംനാളില്‍ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഈ സംഭവം ചര്‍ച്ച ചെയ്യപ്പെടും.
Content Summary: The mock funeral of PT Thomas and Sudhakaran’s pressure tactics; A tale of two leaders