July 03, 2026 |
Share on

‘ജീവിച്ചിരുന്ന കാലത്ത് ഗാന്ധിയെ വെറുത്തവരാണ് ആർ.എസ്.എസ്സുകാർ, മരിച്ച ഗാന്ധിയെയും അവർ ഭയപ്പെടുന്നു’

ബി.ജെ.പി. പ്രവർത്തകരുടെ നടപടി രാജ്യദ്രോഹം

മലപ്പുറം എടക്കരയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ റീത്ത് വെച്ച ബി.ജെ.പി. പ്രവർത്തകരുടെ നടപടി രാജ്യദ്രോഹമാണെന്ന് സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ. ഗാന്ധിയെ മറയ്ക്കാനും പകരം സവർക്കറെ പ്രതിഷ്ഠിക്കാനുമുള്ള ആർ.എസ്.എസ്സിന്റെ ബോധപൂർവമായ നീക്കങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം ‘അഴിമുഖത്തോട്’ പ്രതികരിച്ചു.

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്ററിലെ സവർക്കറുടെ ചിത്രത്തെക്കുറിച്ചും ഖലീമുദ്ദീൻ പരാമർശിച്ചു. കേരളത്തിൽ നിന്നുള്ള പെട്രോളിയം സഹമന്ത്രിയുടെ പോസ്റ്ററിൽ പോലും ഗാന്ധിയെക്കാൾ മുകളിൽ സവർക്കറെ പ്രതിഷ്ഠിക്കുന്ന സംഭവം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കൊപ്പം വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതായിരുന്നു കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്റർ. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്,എക്സ് പേജുകളിലാണ് വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവർക്കൊപ്പമാണ് സവർക്കറുടെ ചിത്രവും നൽകിയിരിക്കുന്നത്.

ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി സവർക്കറുടെ ചിത്രം സ്ഥാപിച്ചതാണ് പ്രധാനമായും വിമർശനത്തിന് കാരണമായത്. കേരളത്തിൽ നിന്നുള്ള ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി സഹമന്ത്രിയായ വകുപ്പാണ് പെട്രോളിയം മന്ത്രാലയം എന്നതും ശ്രദ്ധേയമാണ്.

“സ്വാതന്ത്ര്യദിനത്തെ ഭയക്കുന്നവരായ സംഘപരിവാറുകാർ, സ്വാതന്ത്ര്യദിനത്തെ തമസ്കരിക്കാൻ ശ്രമിക്കുന്നു. അതിനു മുന്നോടിയായി, ‘വിഭജന ഭീതി ദിനം’ ആചരിക്കാൻ ഗവർണറുടെ നേതൃത്വത്തിൽ എല്ലാ സർവകലാശാലകളിലേക്കും ഉത്തരവിറക്കി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആക്രമണോത്സുകമായ രീതിയിലാണ് ഇത്തവണ സവർക്കറെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടത്തുന്നത്,” ഖലീമുദ്ദീൻ പറഞ്ഞു.

ജീവിച്ചിരുന്ന കാലത്ത് ഗാന്ധിയെ വെറുത്തവരാണ് ആർ.എസ്.എസ്സുകാർ. മരിച്ച ഗാന്ധിയെപ്പോലും അവർ ഭയപ്പെടുന്നു. അതിന്റെ ഭാഗമായാണ് എടക്കരയിൽ നടന്നതുപോലുള്ള ഹീനമായ പ്രവർത്തികൾ. ഇത് രാജ്യദ്രോഹമായി കണക്കാക്കി ഇവർക്കെതിരെ കേസെടുക്കണം. ഈ ആവശ്യം ഉന്നയിച്ചാണ് സി.പി.എം. പരാതി നൽകിയത്. പരാതിയുമായി മുന്നോട്ട് പോകുമെന്നും എന്നാൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, വ്യാഴാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ റീത്ത് വെച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും പോലീസിൽ പരാതി നൽകിയിരുന്നു. റീത്ത് വെച്ചത് പുഷ്പാർച്ചന നടത്തിയതാണെന്നായിരുന്നു ബി.ജെ.പി നൽകിയ വിശദീകരണം.

എന്നാൽ, ഇത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ ഗാന്ധി പ്രതിമ വൃത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളുടെ മരണാനന്തര ചടങ്ങുകളിലാണ് സാധാരണയായി റീത്ത് വെക്കാറുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി.യുടെ നടപടി വിവാദമായത്.

content summary: CPI(M) Leader Calls Wreath on Gandhi Statue in Malappuram a ‘Treasonous’ Act

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×