July 03, 2026 |
Share on

തൊഴിലിടങ്ങളിലെ പുതിയ തരംഗം; എന്താണ് ‘കോണ്‍ഷ്യസ് ക്വിറ്റിംഗ്’?

കോര്‍പ്പറേറ്റ് ലോകത്ത് പുതിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ‘കോണ്‍ഷ്യസ് ക്വിറ്റിംഗ്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോള തൊഴില്‍ മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ മുന്‍ഗണനകളും പ്രതീക്ഷകളും മാറുന്നതിനനുസരിച്ച് പുതിയ പല പ്രവണതകളും തൊഴിലിടങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കുറഞ്ഞ ജോലി മാത്രം ചെയ്ത് തടിതപ്പുന്ന ‘ക്വയറ്റ് ക്വിറ്റിംഗ്’ (Quiet Quitting), കഠിനാധ്വാനത്തിന് അമിത പ്രാധാന്യം നല്‍കുന്ന ‘ഹസില്‍ കള്‍ച്ചര്‍’ (Hustle Culture), കൂട്ടത്തോടെ ജോലി രാജിവെക്കുന്ന ‘ഗ്രേറ്റ് റെസിഗ്‌നേഷന്‍’ (The Great Resignation) എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ കോര്‍പ്പറേറ്റ് ലോകത്ത് പുതിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ‘കോണ്‍ഷ്യസ് ക്വിറ്റിംഗ്’ (Conscious Quitting).

എന്താണ് കോണ്‍ഷ്യസ് ക്വിറ്റിംഗ്?

കൂടുതല്‍ ശമ്പളമുള്ള മറ്റൊരു ജോലിക്ക് വേണ്ടിയോ, അല്ലെങ്കില്‍ മെച്ചപ്പെട്ട വര്‍ക്ക്-ലൈഫ് ബാലന്‍സിന് വേണ്ടിയോ ജോലി രാജിവെക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നുമുള്ള മാറ്റമാണിത്. ഒരു കമ്പനി പൊതുജനമധ്യത്തില്‍ പറയുകയും പ്രസ്ഥാവിക്കുകയും ചെയ്യുന്ന മൂല്യങ്ങളും (Company Values), ആ കമ്പനിക്കുള്ളിലെ യഥാര്‍ത്ഥ പ്രവര്‍ത്തന രീതികളും തമ്മിലുള്ള അന്തരം തിരിച്ചറിയുമ്പോള്‍ ജീവനക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി ഉപേക്ഷിക്കുന്ന പ്രവണതയാണ് ‘കോണ്‍ഷ്യസ് ക്വിറ്റിംഗ്’.

ചുരുക്കത്തില്‍, കമ്പനിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ ജീവനക്കാര്‍ തങ്ങളുടെ ആത്മാഭിമാനത്തിനും വ്യക്തിപരമായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കി പ്രത്യേകിച്ച് ബഹളങ്ങളൊന്നുമില്ലാതെ കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നു.

പുതിയ തലമുറയിലെ ജീവനക്കാര്‍, പ്രത്യേകിച്ച് ‘ജെന്‍ സി’, മില്ലേനിയല്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ വെറും ശമ്പളത്തിന് അപ്പുറം തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ധാര്‍മ്മികതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വര്‍ദ്ധിച്ചു വരുന്ന ‘കോണ്‍ഷ്യസ് ക്വിറ്റിംഗ്.

പരിസ്ഥിതി സംരക്ഷണം, ജീവനക്കാരുടെ മാനസികാരോഗ്യം, തുല്യത, സുതാര്യത എന്നിവയെക്കുറിച്ച് കമ്പനി വെബ്സൈറ്റുകളിലും വാര്‍ഷിക റിപ്പോര്‍ട്ടുകളിലും വലിയ തോതില്‍ പരസ്യം ചെയ്യുകയും, എന്നാല്‍ പ്രായോഗിക തലത്തില്‍ ഇതൊന്നും പാലിക്കാതെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ജീവനക്കാരില്‍ അതൃപ്തി പുകയുന്നു. അതോടൊപ്പം തന്നെ ധാര്‍മ്മികവും തങ്ങളുടെ വ്യക്തിപരമായ നിലപാടുകള്‍ക്കും വിരുദ്ധമായി കമ്പനി പ്രവര്‍ത്തിക്കുന്നു എന്ന് കാണുമ്പോള്‍ അവിടെ തുടര്‍ന്നുപോകാന്‍ പലരും താല്പര്യപ്പെടുന്നില്ല. കൂടാതെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇരട്ടത്താപ്പ് ജീവനക്കാര്‍ക്ക് കമ്പനിയോടുള്ള വിശ്വാസം ഇല്ലാതാക്കുന്നു.

മുന്‍കാലങ്ങളില്‍ അമിത ജോലിഭാരവും കുറഞ്ഞ ശമ്പളവുമായിരുന്നു രാജിയിലേക്ക് നയിച്ചിരുന്നതെങ്കില്‍, ഇന്നത് കോര്‍പ്പറേറ്റ് ധാര്‍മ്മികതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡ് മൂല്യം പൊതുമധ്യത്തില്‍ കാണിക്കാന്‍ വെറുതെ മുദ്രാവാക്യങ്ങള്‍ വിളിച്ചാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തിയില്‍ കാണിച്ചില്ലെങ്കില്‍ മിടുക്കരായ ജീവനക്കാരെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് പുതിയ തരംഗം കോര്‍പ്പറേറ്റ് ലോകത്തിന് നല്‍കുന്നത്. സാമ്പത്തിക സുരക്ഷ, കരിയര്‍ വളര്‍ച്ച, എന്നിവ ഇപ്പോഴും പ്രധാന ഘടകമായി തുടരുമ്പോള്‍ തന്നെ, പല പ്രൊഫഷണലുകളും അവരുടെ തൊഴിലിടത്തിന്റെ സംസ്‌കാരം, നേതൃത്വം എന്നിവ സ്വന്തം ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ചോദിക്കുന്നു.

ഒരു കമ്പനി തങ്ങളുടെ പ്രസ്താവനകളില്‍ എഴുതിവയ്ക്കുന്ന വെറും വാക്കുകളില്‍ ചുരുക്കാന്‍ സാധിക്കുന്ന ഒന്നല്ല സംസ്‌കാരം. അധികാരികള്‍ എങ്ങനെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത്, പ്രൊമോഷന്‍ ലഭിക്കുന്നത് ആര്‍ക്കൊക്കെയാണ്, ജോലി നിയമനം, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇത് പ്രതിഫലിക്കും. സ്ഥാപനങ്ങള്‍ തങ്ങളുടെ മൂല്യങ്ങളെ വെറും വാക്കുകളില്‍ ഒതുക്കാതെ, പ്രവൃത്തികളില്‍ കാണിക്കണം എന്ന് ചൂണ്ടിക്കാണിക്കുകയാണ് കോണ്‍ഷ്യസ് ക്വിറ്റിംഗ്. കമ്പനികള്‍ എല്ലാതരത്തിലും മികച്ചതായിരിക്കണം ജീവനക്കാര്‍ പ്രതീക്ഷിക്കുന്നല്ലെങ്കിലും സത്യസന്ധതയുള്ളവരും നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും ജീവനക്കാര്‍ ആഗ്രഹിക്കുന്നു.

Conscious quitting is an emerging workplace trend where employees leave organisations because their personal values no longer align with company culture or leadership.

Leave a Reply

Your email address will not be published. Required fields are marked *

×