മാലേഗാവ് ബോംബ് സ്ഫോടന കേസിൽ ബിജെപി മുൻ എംപി സാധ്വി പ്രഗ്യാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 16 പ്രകാരം വധശിക്ഷ നൽകണമെന്നാണ് എൻഐഎയുടെ ആവശ്യം. ശനിയാഴ്ച പ്രത്യേക കോടതിയിൽ സമർപ്പിച്ച 1,500 പേജുകളുള്ള അന്തിമ രേഖാമൂലമുള്ള വാദങ്ങളിലാണ് ഏജൻസി ഈ അപേക്ഷ സമർപ്പിച്ചത്.
2008 സെപ്തംബർ 29നാണ് മാലേഗാവ് സ്ഫോടനമുണ്ടാവുന്നത്. മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ആറു മുസ്ലീങ്ങൾ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സങ്കീർണമായ അന്വേഷണങ്ങളും രാഷ്ട്രീയ വിവാദങ്ങളും കൊണ്ട് 17 വർഷങ്ങൾ നീണ്ടു നിന്ന കേസിലെ സുപ്രധാന വഴിത്തിരിവാണ് എൻഐഎയുടെ ഈ അപേക്ഷ. കേസിലെ പ്രതികളായ പ്രഗ്യാ സിംഗ് താക്കൂർ, ലെഫ്നന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ രമേശ് ഉപാധ്യായ, അജയ് ഹരിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർദേവി, സമീർ കുൽക്കർണി മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് ഒരു ഹിന്ദുത്വ പ്രേരിത ആക്രമണം നടത്തിയതായി ഏജൻസി ആരോപിക്കുന്നു. ആസൂത്രണ യോഗത്തിൽ പ്രഗ്യ താക്കൂർ പങ്കെടുക്കുകയും ബോംബ് കൊണ്ടുപോകാനായി സ്വന്തം മോട്ടോർസൈക്കിൾ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.
മാലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണം ആദ്യം നീണ്ടത് ഇസ്ലാമിക് ഗ്രൂപ്പുകളിലേക്കായിരുന്നു. എന്നാൽ കേസിൽ വലതുപക്ഷ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ അന്വേഷണത്തിന്റെ ചുമതലയുള്ള തീവ്രവാദ വിരുദ്ധ സഘടന കണ്ടെത്തിയത് കേസിന്റ അന്വേഷണത്തിൽ നാടകീയമായ വഴിത്തിരിവായി. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. 2016ലാണ് എൻഐഎ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ വിചാരണയ്ക്കിടെ 323 സാക്ഷികൾ മൊഴി നൽകിയെങ്കിലും 32 പേർ പിന്നീട് മൊഴി മാറ്റി പറയുകയുണ്ടായി രാഷ്ട്രീയ പകപോക്കലിനായി നിരപരാധിയായ തന്നെ മനപൂർവ്വം കേസിൽ ഉൾപ്പെടുത്തിയതാണെന്ന് ആയിരുന്നു പ്രഗ്യാ സിംഗിന്റെ വാദം. ഹിന്ദുത്വയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ വാദത്തിന് പിന്നിലെന്ന് ബിജെപി അനുകൂലികളും ആരോപിച്ചു. കേസിലെ പ്രധാന പ്രതി പ്രഗ്യ തന്നെയെന്ന് വെളിപ്പെടുത്തുന്നതാണ് കേസിൽ എൻഐഎ നിരത്തിയ തെളിവുകൾ. ജീവഹാനിയും ആക്രമണത്തിന് പിന്നിലെ സാമുദായിക ലക്ഷ്യങ്ങൾ മുൻനിർത്തി കേസിൽ പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ വിധി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.
content summary: The NIA is seeking the death penalty for Pragya Thakur in connection with the Malegaon blast case