വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപനത്തോടെ 2025ലെ നൊബേൽ പുരസ്കാരത്തിന് തുടക്കം കുറിച്ചിരിക്കയാണ്. മേരി ഇ. ബ്രങ്കോ , ഫ്രെഡ് റാംസ്ഡെൽ , ഷിമോൺ സകാഗുച്ചി എന്നിവരാണ് ആദ്യ പുരസ്കാരം പങ്കിട്ടെടുത്തത്. പുരസ്കാര നിറവിൽ നിൽക്കുമ്പോഴും ഇതൊന്നുമറിയാതെ ശാന്ത ജീവിതം നയിക്കുകയാണ് ജേതാക്കളിൽ ഒരാളായ ഫ്രെഡ് റാംസ്ഡെൽ.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം അതിൻ്റെ സ്വന്തം അവയവങ്ങളെ ആക്രമിക്കുന്നത് എങ്ങനെ തടയുന്നു എന്ന് വിശദീകരിക്കുന്ന നിർണായക കണ്ടെത്തലുകൾക്കാണ് സിയാറ്റിലിൽ നിന്നുള്ള മേരി ബ്രൺകോവിനും ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിലെ ഷിമോൺ സകാഗുച്ചിക്കുമൊപ്പം ഫ്രെഡ് റാംസ്ഡെൽ നൊബേൽ പങ്കിട്ടെടുത്തത്.
ഫ്രെഡ് റാംസ്‌ഡെലിനെ ബന്ധപ്പെടാനോ പുരസ്കാരം നേടിയ വിവരമോ അറിയിക്കാൻ നൊബേൽ കമ്മിറ്റി ഇതുവരെ സാധിച്ചിട്ടില്ല. മൊബൈൽ നെറ്റ്‌വർക്ക്, ഇന്റർനെറ്റ്, വൈദ്യുതി തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത നടത്തുന്ന യാത്രകളെയാണ് ഓഫ് ദി ഗ്രിഡ് ഹൈക്കിംഗ് എന്നു പറയുന്നത്. കുറച്ചു കാലങ്ങളായി ഈ രീതി പിന്തുടർന്നു കൊണ്ടുള്ള യാത്രയിലാണ് ഫ്രെഡ് റാംസ്ഡെൽ. ഗവേഷകന്റെ ഈ സ്വഭാവം കൊണ്ട് വെട്ടിലായതാവട്ടെ ലോകത്തെ പരമോന്നത പുരസ്കാര കമ്മിറ്റികളിൽ ഒന്നും.
ഈ ബഹുമതിക്ക് ഗവേഷകൻ തീർച്ചയായും അർഹനാണ്, പക്ഷേ തനിക്കും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് റാംസ്‌ഡെല്ലിൻ്റെ സുഹൃത്തും ലാബിന്റെ സഹസ്ഥാപകനുമായ ജെഫ്രി ബ്ലൂസ്റ്റോൺ പറയുന്നത്. ഞാൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഒരുപക്ഷേ ഐഡാഹോയിലെ ഉൾപ്രദേശങ്ങളിൽ കാൽനടയാത്രയിലായിരിക്കാമെന്ന് ബ്ലൂസ്റ്റോൺ മാധ്യമങ്ങളോട് പറഞ്ഞു.
നൊബേൽ സമ്മാന ജേതാവായ മേരി ബ്രൺകോവിനെ ബന്ധപ്പെടാനും നൊബേൽ കമ്മിറ്റിക്ക് തുടക്കത്തിൽ സാധിച്ചിരുന്നില്ല.
പ്രതിരോധ സംവിധാനത്തിൻ്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കപ്പെടുന്ന റെഗുലേറ്ററി ടി-സെല്ലുകളെ തിരിച്ചറിഞ്ഞതിനുള്ള ഗവേഷണത്തിനാണ് ഈ മൂന്ന് പേർക്കും നൊബേൽ പുരസ്കാരം ലഭിച്ചത്.
ശരീരത്തിന് ദോഷം വരുത്തുന്നതിൽ നിന്ന് പ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ് എന്ന പ്രതിഭാസമാണ് അവരുടെ പഠന വിഷയം. ഇത് പുതിയൊരു ഗവേഷണ മേഖലയ്ക്ക് വഴിയൊരുക്കുകയും നിലവിൽ ക്ലിനിക്കൽ ട്രയലുകളിൽ വിലയിരുത്തുന്ന പുതിയ ചികിത്സാ രീതികളെ കുറേക്കൂടി മെച്ചപ്പെടുത്താനും സഹായിക്കും.
74-കാരനായ സകാഗുച്ചി 1995ൽ ഓട്ടോഇമ്മ്യൂൺ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന, അതുവരെ അറിയപ്പെടാത്ത ഒരുതരം പ്രതിരോധ കോശങ്ങളെ കണ്ടെത്തിക്കൊണ്ട് ആദ്യത്തെ പ്രധാന കണ്ടുപിടിത്തം നടത്തിയത്. 2020ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാര പ്രഖ്യാപിച്ച സമയത്തും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.
2020ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയവരെ ബന്ധപ്പെടാനും നൊബേൽ കമ്മിറ്റിക്ക് സമാനമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. സ്റ്റാൻഫോർഡിൽ വെച്ച് അർദ്ധരാത്രിയിൽ ജേതാവായ ബോബ് വിൽസന്റെ ഫോൺ അടിച്ചപ്പോൾ അദ്ദേഹം അതിന്റെ കണക്ഷൻ വിച്ഛേദിച്ചു. അതിനാൽ പിന്നീട് കമ്മിറ്റി അദ്ദേഹത്തിൻ്റെ ഭാര്യയെ വിളിക്കേണ്ടി വന്നു.
അദ്ദേഹത്തിൻ്റെ സഹജേതാവായ പോൾ മിൽഗ്രോമിനെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോൾ, വിൽസൺ തന്നെ പോയി അദ്ദേഹത്തെ വിളിച്ചുണർത്തുകയായിരുന്നു. നൊബേൽ സമ്മാനം ലഭിച്ച കാര്യം അറിഞ്ഞപ്പോൾ “അതെ, എനിക്കോ? വൗ” എന്ന് മിൽഗ്രോം പ്രതികരിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിൻ്റെ സുരക്ഷാ കാമറയിൽ പതിഞ്ഞിരുന്നു.
content summary: The Nobel committee has been unable to contact prize winner Fred Ramsdell, who is currently off the grid and living his best life hiking
This post was last modified on October 7, 2025 11:46 am
Leave a Comment