July 08, 2025 |
Share on

‘വെടിനിര്‍ത്തലില്‍ പൂര്‍ണ വിശ്വാസമില്ല, എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’ നടുക്കം മാറാതെ പൂഞ്ച് നിവാസികള്‍

പൂഞ്ച് പട്ടണത്തില്‍ പാക് സൈന്യത്തിന്റെ ആക്രമണം ആദ്യം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മോര്‍ട്ടാര്‍, പീരങ്കി ഷെല്ലാക്രമണത്തില്‍ ഏറ്റവും അധികം നാശനഷ്ടമുണ്ടായ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി അതിര്‍ത്തി ജില്ലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുമ്പോഴും എങ്ങും നിരാശയും പ്രതീക്ഷയും ഒരുപോലെ പ്രകടമാണ്.

പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി അടച്ചിട്ടിരുന്ന പൂഞ്ച്, രജൗരി പട്ടണങ്ങളിലെ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന് വിരാമമായതോടെയാണ് വ്യാപാരികളും തൊഴിലാളികളും വീണ്ടും മടങ്ങിയെത്തിയത്.

പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടും വിപണികളില്‍ തിരക്ക് കുറവാണ്. സൈറണുകളോ സ്‌ഫോടനങ്ങളോ ഇല്ലാതെ തന്നെ ഭയാനകതയുടെ ശാന്തതയാണ് നിലനില്‍ക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇതാദ്യമായാണ് പൂഞ്ച് പട്ടണം പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് സാക്ഷ്യം വഹിക്കുന്നത്. 1965, 1975, ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങളും 1999 ലെ കാര്‍ഗില്‍ യുദ്ധവും പൂഞ്ച് പട്ടണത്തെ ബാധിച്ചിരുന്നില്ല’ 60 കാരനായ കടയുടമ ജാവേദ് അഹമ്മദ് പറയുന്നു.

‘ഇക്കുറി നടന്ന സംഘര്‍ഷത്തില്‍ പൂഞ്ച് പട്ടണം മുഴുവന്‍ പാക് സൈന്യത്തിന്റെ അധീനതയിലായി. രണ്ട് ദിവസത്തിനിടെ 200-300 പീരങ്കി ഷെല്ലുകള്‍ പട്ടണത്തില്‍ പതിച്ചിട്ടുണ്ടാകും. ഭയന്നുവിറച്ച പ്രദേശവാസികളായ ഞങ്ങള്‍ ജമ്മുവിലേക്കും മറ്റും കടന്ന് രക്ഷപ്പെടുകയായിരുന്നു’.

‘വെടിനിര്‍ത്തലിന് ശേഷം ആളുകള്‍ തിരികെ എത്തിയതോടെ പ്രദേശം ഇപ്പോള്‍ സാധാരണ നിലയിലാണ്. എന്നാലും വെടിനിര്‍ത്തലില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ഭയപ്പാടിലാണ് ഞങ്ങള്‍’ ജാവേദ് അഹമ്മദ് പറഞ്ഞു.

‘നാല് ദിവസത്തെ ഷെല്ലാക്രമണം ജീവിതത്തെ നരകതുല്യമാക്കിയതായി പൂഞ്ച് നിവാസിയായ അമരീഷ് കൗര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വെടിനിര്‍ത്തലോടെ സമാധാനം തിരിച്ചെത്തിയെങ്കിലും അതിന്റെ ആയുസ് എത്രനാള്‍ എന്ന് ഉറപ്പുനല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നും കൗര്‍ പറയുന്നു.

പാക് ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളെല്ലാം സാധാരണ നിലയിലായെങ്കിലും ഇപ്പോഴും നടുക്കം മാറിയിട്ടില്ല. വടക്കന്‍ കശ്മീരിലെ ഉറി നിവാസികളും ഭയപ്പാടിന്റെ നിഴലിലാണ് ജീവിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അതിര്‍ത്തി കടന്നുള്ള പീരങ്കി ഷെല്ലാക്രമണങ്ങളില്‍ നിരവധി വീടുകള്‍ ഉള്‍പ്പെടെയാണ് തകര്‍ന്നടിഞ്ഞത്.

അതേസമയം, മെയ് 12 ന് ഒപ്പുവച്ച ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ താല്കാലികമാണെന്നും അവസാനിക്കാന്‍ പോകുകയാണെന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയായാണ് പ്രതികരണം. the poonch residence still shock

Content Summary: the poonch residents still shock

Leave a Reply

Your email address will not be published. Required fields are marked *

×