UPDATES

മീന്‍ വില കുത്തനെ വീഴും; കാത്തിരിക്കുന്നത് പുതിയ നിയന്ത്രണങ്ങള്‍- ചാള്‍സ് ജോര്‍ജ്ജ് (കേരള മല്‍സ്യ തൊഴിലാളി ഐക്യ വേദി)

യോജിച്ച പ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ടതുണ്ട്

                       

സംസ്ഥാനത്ത് 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, മത്സ്യബന്ധനത്തിന് കടലില്‍ പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് യാനങ്ങള്‍. 31ന് അര്‍ധരാത്രിയോടെ വിലക്ക് നീങ്ങും. പുത്തന്‍ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ ഹാര്‍ബറുകളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാനായി ഒരുങ്ങുന്നത്. എറണാകുളം ജില്ലയില്‍ മാത്രം 700 ട്രോളിംഗ്, 75 പെര്‍സിന്‍, 300 ചൂണ്ട ബോട്ടുകളാണ് കടലില്‍ പോകുക. അടച്ചിട്ട ഡീസല്‍ പമ്പുകള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവ ഉടന്‍ സജീവമാകും. ബോട്ടുകളില്‍ ഐസുകള്‍ കയറ്റിത്തുടങ്ങിയിട്ടുണ്ട്. ചാകരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളും. കിളിമീന്‍, കരിക്കാടി, കടല്‍ വരാല്‍ എന്നിവ കൂടുതല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ലക്ഷങ്ങളാണ് ഉടമകള്‍ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികള്‍ തീര്‍ത്തത്. എന്നാല്‍ ഇത്തവണ ചാകരയിലൊന്നും വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചാകര പോലുള്ളവ വരുമ്പോള്‍ കയറ്റുമതിക്കാര്‍ അടക്കമുള്ളവരാണ് നേട്ടം ഉണ്ടാക്കാറ്. എന്നാല്‍ അമേരിക്ക നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടലാമ സംരക്ഷണത്തിന്റെ പേരിലുള്ള നിരോധനത്തിന് പിന്നാലെ പുതിയ നിയന്ത്രണങ്ങളാണ് മല്‍സ്യ മേഖലയെ കാത്തിരിക്കുന്നതെന്നാണ് കേരള മല്‍സ്യ തൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്റായ ചാള്‍സ് ജോര്‍ജജ് പറയുന്നത്. മീന്‍ വിലയുടെ കുത്തനെയുള്ള ഇടിച്ചിലിനാണ് ഇവയൊക്കെ വഴി വയ്ക്കുക എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. The price of fish will decrease.

കടലാമയല്ല, പ്രശ്‌നം സങ്കുചിത സാമ്പത്തികതാല്പര്യങ്ങള്‍

കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് 2019-ല്‍ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അമേരിക്ക ഈ നീക്കം ആരംഭിച്ചിട്ട്. കടലാമകള്‍ കേന്ദ്രീകരിക്കുന്ന ഒഡീഷയില്‍ അവയുടെ പ്രജനന കാലത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മദ്ധ്യോല്പാദനഘട്ടത്തിലൊരിക്കല്‍പ്പോലും കടലാമകള്‍ വയലില്‍ കയറുന്നതായി റിപ്പോര്‍ട്ടുമില്ല. അമേരിക്കയിലെ പ്രധാന ഉലപാദകരുടെ സംഘടനയായ സതേണ്‍ ഷിപ് അലയന്‍സിന്റെ സങ്കുചിത സാമ്പത്തികതാല്പര്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നിരോധനം.
നിരോധനത്തെത്തുടര്‍ന്ന് അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തിരുന്ന കൊച്ചിന്‍ ഫ്രോസണ്‍ പോലുള്ള ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മറ്റുപല സ്ഥാപനങ്ങളും പ്രതിസന്ധിയിലുമാണ്. ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം കയറ്റുമതി ചെയ്യപ്പെടുന്ന 67,000 കോടി രൂപയുടെ മത്സ്യ ഉല്പന്നങ്ങളില്‍ 2000 കോടി രൂപയും കടലില്‍ നിന്നും പിടിക്കുന്ന ചെമ്മീനില്‍ നിന്നാണ് ലഭിക്കുന്നത്. ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ചെമ്മീന്‍ 41 ശതമാനം വിലകുറച്ചാണ് എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ ആഭ്യന്തര വിപണിയേയും ഈ നടപടികള്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഒരു കിലോക്ക് 200 രൂപ ലഭിച്ചിരുന്ന പൂവാലന്‍ ചെമ്മീന് ഇപ്പോള്‍ വിലയിടിഞ്ഞ് 100 രൂപയായി. ഉക്രൈയിന്‍ യുദ്ധവും ഇസ്രായേല്‍ അധിനിവേശത്തെതുടര്‍ന്നുള്ള ചെങ്കടല്‍ ഉപരോധവും ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്.

മേഖലയെ തകര്‍ത്തെറിയുന്ന ശാസനകള്‍ The price of fish will decrease

വാണിജ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ ഉപരോധങ്ങളില്‍ ഒന്നുമാത്രമാണ് വലകളില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായി ടെഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിന്റെ പിന്നിലുള്ളത്. ടെഡ് വിഷയം നാം പരിഹരിച്ചാലും മറ്റു നിയന്ത്രണങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. ലോകത്ത് ഇന്ന് ആഴക്കടല്‍ മേഖലയില്‍ 20 മീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ചെറുകിട ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. ആഴക്കടല്‍ മേഖലയില്‍ പ്രാവീണ്യമുള്ള തൂത്തൂര്‍ മേഖലയിലെ തൊഴിലാളികള്‍ ഗില്‍നെറ്റ്, ചൂണ്ട് തുടങ്ങിയ പരിസ്ഥിതി സൗഹ്യദപരമായ സംവിധാനങ്ങളിലൂടെയാണ് ട്യൂണ അടക്കമുള്ള മത്സ്യങ്ങള്‍ പിടിക്കുന്നത്. അമേരിക്കയും ലോക വ്യാപാരസംഘടനയും നിഷ്‌ക്കര്‍ഷിക്കുന്ന ഐ.യു. സംവിധാനം നടപ്പാക്കിയാല്‍ ഇവരുടെ 901 യാനങ്ങളും പ്രതിസന്ധിയിലാകും. സമീപ കാലത്ത് പ്രഖ്യാപിച്ചിരിക്കുന്ന ക്യാച്ച സര്‍ട്ടിഫിക്കേഷന്‍ നടപടികളും, ഭക്ഷണ ശുചിത്വവുമായി ബന്ധപ്പെട്ട ശാസനകളും മേഖലയെ തകര്‍ത്തെറിയും. സര്‍വ്വോപരി വാണിജ്യവുമായി ബന്ധപ്പെട്ട് അവര്‍ നടപ്പാക്കുന്ന ആന്റി ഡംപിള്‍ ഡ്യൂട്ടിയും മൂന്നാം ലോകരാജ്യങ്ങള്‍ക്ക് ഒരു വിലങ്ങുതടിയാണ്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 122 ശതമാനവും, ചൈന വിയറ്റ്‌നാം, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് 550 ശതമാനം വരേയും ആന്റി ഡംപിള്‍ ഡ്യൂട്ടി അവിടത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ്സും ഐ.ടി.സിയും ചുമത്തിയ സമീപകാല അനുഭവം നമ്മുടെ മുന്നിലുണ്ട്.

ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവാത്തത് വെല്ലുവിളി

ഇന്തോനേഷ്യ, ഇക്വഡോര്‍, ഗ്വാട്ടിമാല, വിയറ്റ്‌നാം, ചൈനതുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യ ഇറക്കുമതിക്കുമേല്‍ ചുമത്തുന്ന ആന്റി ഡംപിംഗ് ഡ്യൂട്ടി ഇന്ത്യക്കും ബാധകമാണ്. ടെഡ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍, ഇത് പരിശോധിക്കുവാന്‍ ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യഗവേഷണസ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ. മൂന്നംഗ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. പശ്ചിമ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടല്‍ പെടുന്ന പൂര്‍വ്വ ഇന്ത്യയിലും ഉള്ള 221 സാംപ്ലിംഗ് കേന്ദ്രങ്ങളില്‍ അവരുടെ 100 ജീവനക്കാര്‍ പരിശോധന നടത്തി. 9 തീരസംസ്ഥാനങ്ങളിലേയും 2 കേന്ദ്രഭരണപ്രദേശങ്ങളിലേയും 46 ജില്ലകളിലാണ് പരിശോധന നടത്തപ്പെട്ടത്. വനം വകുപ്പിന്റേയും വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റേയും സ്ഥിതി വിവരക്കണക്കുകളും അവര്‍ പരിശോധിച്ചു.

ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള അഞ്ച് പശ്ചിമ തീര സംസ്ഥാനങ്ങളില്‍ നാമമാത്രമായാണ് വലകളില്‍ കടലാമ കുടുങ്ങുന്നതെന്ന് അവര്‍ കണ്ടെത്തി. അതേസമയം ആന്ധ്ര, തമിഴ്നാട്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒലീവ് റിഡ്ലി, ഗ്രീന്‍ടര്‍ട്ടില്‍ തുടങ്ങിയ ആമകള്‍ ധാരാളമുണ്ടെന്ന് കണ്ടെത്തി. ഒറീസ്സയിലെ ഗഞ്ചാം, കേന്ദ്രപ്പാറതുടങ്ങിയ സ്ഥലങ്ങളില്‍ ഇവ വ്യാപകമാണ്. ഒറീസ്സയിലെ റിഷികൂല്യപോലുള്ള നദീ മുഖങ്ങളില്‍ ഒരു ലക്ഷത്തോളം കടലാമകള്‍ മുട്ടയിടാനെത്താറുണ്ട്. അതിനാല്‍ പശ്ചിമേന്ത്യന്‍ തീരത്ത് ടെഡ് നിര്‍ബന്ധിതമാക്കേണ്ടതില്ല എന്ന് കണക്കുകള്‍ നിരത്തി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് മുന്നില്‍ വെച്ച്‌കൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും സമുദ്രമത്സ്യകയറ്റുമതി വികസന ഏജന്‍സിയും തയ്യാറായില്ല. അതിന്റെ കൂടി ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്.

കടലാമനിര്‍മ്മാര്‍ജ്ജന സംവിധാനം

നിരോധനത്തിനുമുമ്പ് തന്നെ കൊച്ചിയിലെ സി.ഐ.എഫ്.ടി. എന്ന സ്ഥാപനം ട്രോള്‍വലകളില്‍ ഘടിപ്പിക്കുന്ന കടലാമനിര്‍മ്മാര്‍ജ്ജന സംവിധാനം (TED) വിജയകരമായി വികസിപ്പിച്ചിരുന്നു. എന്നാല്‍ 2019-ല്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘം ഇതില്‍ തൃപ്തിരേഖപ്പെടുത്തിയില്ല. തുടര്‍ന്ന് അവര്‍ നിര്‍ദ്ദേശിച്ചപ്രകാരമുള്ള പല പരിഷ്‌കാരങ്ങളും സിഫ്റ്റ് നടപ്പില്‍ വരുത്തി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ അമേരിക്കന്‍ സംഘവും ഇന്ത്യയിലെ ഉദ്യോഗസ്ഥരും പുതിയ സംവിധാനം വലകളില്‍ ഘടിപ്പിച്ച് നടത്തിയ സംയുക്ത പരിശോധനയും വിജയകരമായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ എല്ലാ യാനങ്ങളിലും ഇത് ഘടിപ്പിച്ചതായി ബോധ്യപ്പെട്ടെന്ന് അമേരിക്കന്‍ പരിശോധകസംഘം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട് ചെയ്ത് അംഗീകരിക്കുന്നതോടെയായിരിക്കും നിരോധനം പിന്‍വലിക്കപ്പെടുക.

ബ്ലൂ ഇക്കോണമി എന്ന വെല്ലുവിളി

സമുദ്രോല്പന്നങ്ങളുടെ വിലയിടിക്കുന്ന നടപടികള്‍ക്കെതിരേ പരാജയപരമായ നിലപാടുകളാണ് പലപ്പോഴും കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതും. അതോടൊപ്പം മേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്ന ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെടുന്ന നടപടികളുമുണ്ട്. മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഈ നയങ്ങള്‍ക്കെതിരേ യോജിച്ച പ്രക്ഷോഭം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. 1991-ലെ ”പുത്തന്‍ ആഴക്കടല്‍ മത്സ്യബന്ധനനയത്തിനെതിരേയും 2014-ലെ ഡോ. മീനാകുമാരി റിപ്പോര്‍ട്ടിനെതിരേയും മേഖലയില്‍ നടന്ന വിജയകരമായ ചെറുത്തു നില്‍പ്പുകളാണ് ഇതിന് നമ്മുടെ മുന്നിലെ മാതൃകയെന്നും ചാള്‍സ് ജോര്‍ജ്ജ് ചൂണ്ടികാട്ടി.

 

English summary: The price of fish will decrease; Awaiting new regulations – Charles George



						
						





						 

Share on

മറ്റുവാര്‍ത്തകള്‍