രചന: കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി; സംവിധാനം : വി.എം.സി ഹനീഫ

'ഹനീഫ് താനെ, കലൈഞ്ജര്‍ക്ക്' ഉങ്കളെ ഉടന്‍ പാക്കണം'

ഇതൊരു ആത്മബന്ധത്തിന്റെ കഥയാണ്. തെന്നിന്ത്യയിലെ ഒരു അതികായനായ രാഷ്ട്രീയ നേതാവും മലയാളി ചലചിത്ര നടനുമായുള്ള അപൂര്‍വ്വ ബന്ധത്തിന്റെ കഥ.

പത്ത് മുപ്പത് വര്‍ഷം മുന്‍പാണ് താന്‍ സംവിധാനം ചെയ്ത ‘ആണ്‍ കിളിയുടെ താരാട്ട്’ എന്നൊരു ഓണപ്പടം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ മദ്രാസില്‍ ഇരിക്കുകയാണ് ആ പടത്തിന്റെ സംവിധായകനും നടന്‍ കൊച്ചിന്‍ ഹനീഫ. ഒരു ശരാശരി പടമാണെങ്കിലും സംഭവം ഹിറ്റായി. ഈ പടം കണ്ട നടി തെലുങ്കു സൂപ്പര്‍ താരം വിജയശാന്തി ഉടനെ തന്നെ തെലുങ്കില്‍ നിര്‍മ്മിക്കാനുള്ള അവകാശം വാങ്ങിയതിനാല്‍ പടത്തിന്റെ നിര്‍മ്മാതാക്കളും ഹനീഫയും ഹാപ്പി.

അങ്ങനെയിരിക്കെ കൊച്ചിന്‍ ഹനീഫക്ക് ഒരു ഫോണ്‍ കോള്‍ വന്നു. തമിഴിലെ ‘പ്രസിദ്ധ നിര്‍മ്മാണക്കമ്പനി പുമ്പുഹാറിന്റെ ഓഫീസില്‍ നിന്നാണ്. വിളിച്ചയാള്‍ പറഞ്ഞു ‘ഹനീഫ് താനെ, കലൈഞ്ജര്‍ക്ക്’ ഉങ്കളെ ഉടന്‍ പാക്കണം’.

കൊച്ചിൻ ഹനീഫ കരുണാ നിധിയോടൊപ്പം

കൊച്ചിന്‍ ഹനീഫ ഒന്നു ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും സാക്ഷാല്‍ കരുണാനിധിയാണ് തന്നെ കാണണമെന്ന് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമാ നിര്‍മ്മാണക്കമ്പനിയാണ് പുമ്പുഹാര്‍’. തമിഴ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍, പേര് കേട്ട പ്രാസംഗികന്‍, ഡിഎംകെ ജനറല്‍ സെക്രട്ടറി, മുന്‍ മുഖ്യമന്ത്രി, തമിഴ് സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്തും എഴുത്തുകാരനും അതാണ് മുത്തുവേല്‍ കരുണാനിധി. അന്ന് തമിഴ്‌നാട് ഭരിക്കുന്നത് എം.ജി.ആറാണെങ്കിലും തമിഴ് നാട്ടില്‍ കരുണാനിധി സര്‍വശക്തന്‍ തന്നെയായിരുന്നു. ഈ ചിന്തകളായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മനസ്സില്‍.

അടുത്ത ദിവസം തന്നെ മദ്രാസിലെ പുമ്പുഹാറിന്റെ ഓഫീസില്‍ ചെന്ന് കൊച്ചിന്‍ ഹനീഫ കരുണാനിധിയെ കാണുന്നു. നിറഞ്ഞ ചിരിയുമായി കലൈഞ്ജര്‍ ഹനീഫയെ സ്വീകരിച്ചു. രണ്ടു മണിക്കൂറോളം അവര്‍ സംസാരിച്ചു. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പടം ‘മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്’ പുമ്പുഹാര്‍ തമിഴില്‍ നിര്‍മ്മിക്കുന്നു. അതാണ് സംഭവം. തിരക്കഥ എഴുതുന്നത് കലൈഞ്ജര്‍ കരുണാനിധി, സംവിധാനം കൊച്ചിന്‍ ഹനീഫ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലൈഞ്ജര്‍ ഒരു സിനിമാ തിരക്കഥ എഴുതുന്നത്. ഇതില്‍പ്പരം ഭാഗ്യമുണ്ടോ? കൊച്ചിന്‍ ഹനീഫ കരാര്‍ ഒപ്പിട്ടു. പടത്തിന്റെ പേര് ‘പാശപ്പറവകള്‍’. കലൈഞ്ജര്‍ കരുണാനിധിയും കൊച്ചിന്‍ ഹനീഫ എന്ന മലയാള ചലചിത്രകാരനും തമ്മിലുള്ള അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കഥ ഇവിടെയാരംഭിക്കുന്നു.

മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസിലായിരിക്കുന്ന കാലത്ത് മിമിക്രിയുടെ പിന്‍ബലത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ നടനാണ് എറണാകുളത്തുകാരന്‍ മുഹമ്മദ് ഹനീഫ. മിമിക്രി ജനകീയമാകുന്ന ആദ്യ കാലത്ത് മലയാളത്തിലെ മികച്ച മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. പിന്നീട് കൊച്ചിന്‍ ഹനീഫയെന്ന പേരില്‍ അറിയപ്പെട്ട മുഹമ്മദ് ഹനീഫ് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ ഡിഗിക്ക് പഠിക്കുമ്പോള്‍ എറണാകുളത്ത് നടന്ന യുണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റുവലില്‍ മോണോ ആക്റ്റിന് ഒന്നാം സമ്മാനം നേടിയപ്പോള്‍ കൂടെ മത്സരിച്ചവരാണ് പിന്നീട് സംവിധായകരായ ബാലചന്ദ്ര മേനോനും ആലപ്പി അഷ്‌റഫും. നസീര്‍, മധു തുടങ്ങിയ അന്നത്തെ ജനപ്രിയ താരങ്ങളെ ഒഴിവാക്കി പകരം സത്യന്‍, കെ.പി. ഉമ്മര്‍, പി.ജെ.ആന്റണി, ആലുംമൂടന്‍, ശങ്കരാടി തുടങ്ങിയ 15 ഓളം വ്യത്യസ്ത നടന്മാരെ ആദ്യമായി സ്റ്റേജില്‍ അനുകരിച്ച് കൈയ്യടി നേടിയത് ഹനീഫയായിരുന്നു.

സിനിമാ നടനാവാനുള്ള മോഹവുമായി മദ്രാസില്‍ എത്തിയ ഹനീഫ ശിവാജി ഗണേശന്റെ കടുത്ത ആരാധകനായിരുന്ന ഹനീഫ. ശിവാജി ഗണേശന്റെ ഏറ്റവും പ്രസിദ്ധമായ ‘വീരപാണ്ഡ്യ കട്ടബൊമ്മന്‍’ നിലെ തീ പാറുന്ന ഡയലോഗുകള്‍ മദ്രാസില്‍ സംവിധായകന്‍ എ.ബി. രാജിന്റെ വീട്ടിലെ സദസില്‍ അവതരിപ്പിച്ചപ്പോള്‍ അവിടെയുള്ള തമിഴന്മാര്‍ ഇത് കേട്ട് ഞെട്ടി തരിച്ചിരുന്നു പോയി. ‘ഒരു മലയാളത്താന്‍ നമ്മ ശിവാജിയെ നടിക്കത്’ റൊമ്പ പ്രമാദം ! അവരെല്ലാം കയ്യടിച്ചഭിനന്ദിച്ചു. അതോടെ ഹനീഫക്ക് സിനിമയിലേക്കുള്ള വഴി തുറന്നു.

മൂന്നു മാസങ്ങൾക്ക് മുൻപ് (1986)

കോളേജ് പഠനകാലത്ത് എറണാകുളത്ത് ശിവാജി ഫാന്‍സ് രൂപീകരിക്കുന്നതില്‍ മുന്‍കൈയെടുത്ത ആരാധകനാണ് ഹനീഫ. അന്നത്തെ പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ജേസിയാണ് ശിവാജി ഫാന്‍സ് ക്ലബ് ഉല്‍ഘാടനം ചെയ്തത്. ജേസി കുറ്റിക്കാടുമായുള്ള അടുപ്പമാണ് ഹനീഫയെ ഒരു സിനിമാ നടനാക്കിയത്.

പി. വിജയന്‍ സംവിധാനം ചെയ്ത അഴിമുഖം (1972)ത്തിന്റെ തിരക്കഥ ജേസിയായിരുന്നു. അതില്‍ കെ. പി. ഉമ്മറിനോടൊപ്പം അഭിനയിച്ചാണ് ഹനീഫ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അന്നു മുതല്‍ 38 വര്‍ഷം ഇടവേളകളില്ലാതെ, 2010 ഫെബ്രുവരി 2 ന് 59-ാം വയസില്‍ അന്തരിക്കും വരെ സിനിമാ രംഗത്ത് കൊച്ചിന്‍ ഹനീഫ സജീവമായിരുന്നു. ഒരിക്കലും ഒഴിവില്ലാത്ത സിനിമാ ജീവിതമായിരുന്നു അത്. മൂന്നുഘട്ടങ്ങളിലൂടെയാണ് കൊച്ചിന്‍ ഹനീഫയെന്ന നടന്റെ അഭിനയ ജീവിതം കടന്നു പോയത്. ആദ്യം വില്ലന്‍ വേഷം അതില്‍ നിന്ന് ഹാസ്യവേഷം പിന്നെ സ്വഭാവ നടനിലേക്കുള്ള വളര്‍ച്ച.

70കളിലെ പ്രശസ്ത സംവിധായകനായ എ.ബി. രാജിന്റെ ‘അവള്‍ ഒരു ദേവാലയം'(1977) എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയാണ് നടനാവാന്‍ അഭിനയ മോഹവുമായി നടന്ന ഹനീഫ അന്നത്തെ മലയാള ചലചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അവരുടെ സ്ഥിരം എഴുത്തുകാരന്‍ എ.ബി. രാജുമായി തെറ്റിപ്പിരിഞ്ഞ് പോയപ്പോള്‍ പകരക്കാരനായി എ.ബി. രാജ് കണ്ടെത്തിയ എഴുത്തുകാരനായിരുന്നു ഹനീഫ. ആ പടം ഹിറ്റായതോടെ തിരക്കഥ, സംഭാഷണം രചനയില്‍ ഹനീഫയെന്ന എഴുത്തുകാരന്‍ മലയാള സിനിമയില്‍ അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് രാജു റഹിം, അടിമച്ചങ്ങല തുടങ്ങിയ വാണിജ്യപരമായി വിജയം നേടിയ പടങ്ങളുടെ സ്ഥിരം എഴുത്തുകാരനായി. ഏതാണ്ട് അതേ സമയത്ത് ക്രോസ് ബെല്‍റ്റ് മണിയുടെ സഹസംവിധായകനായ ജോഷി സ്വതന്ത്ര സംവിധായകനായി ഹനീഫയോടൊപ്പം ചേര്‍ന്നപ്പോള്‍, 80 കള്‍ക്ക് ശേഷം മലയാളത്തിലെ ഒട്ടെറെ കുടുംബ ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയൊക്കെ പണം വാരി പടങ്ങളായിരുന്നു.. ഇതിഹാസം, ആരംഭം, സന്ദര്‍ഭം തുടങ്ങിയവ ഇവയില്‍ ചിലതാണ്. കൊച്ചിന്‍ ഹനീഫ കഥയെഴുതി പാപ്പനംകോട് ലക്ഷ്മണന്‍ തിരക്കഥയും സംഭാഷണമെഴുതി ജോഷി സംവിധാനം ചെയ്ത ‘ഇതിഹാസം’ എന്ന പടം പേര് പോലെ തന്നെ മലയാള സിനിമാ രംഗത്ത് ഇതിഹാസമായി. ഹിന്ദിയടക്കം നാല് ഭാഷകളിലേക്കാണ് ഈ പടം റീമേക്ക് ചെയ്യപ്പെട്ടത്.

ഒരു പടത്തില്‍ പോലും സഹസംവിധായകനായി പ്രവര്‍ത്തിക്കാത്ത കൊച്ചിന്‍ ഹനീഫ 1985 ല്‍ ‘ഒരു സന്ദേശം കൂടി’ എന്ന ചിത്രത്തിലൂടെ സംവിധായകനായി. തുടര്‍ന്ന് 1994 വരെ ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1993 ല്‍ പുറത്ത് വന്ന ‘വാത്സല്യം’ ഏറെ ആവര്‍ത്തിച്ച പ്രമേയമായിട്ടും മികച്ച കുടുംബ ചിത്രം എന്ന പേര് നേടി ഹിറ്റായി. സംവിധായകന്‍ എന്ന നിലയില്‍ കൊച്ചിന്‍ ഹനീഫക്ക് ഏറെ അംഗീകാരം നല്‍കിയ പടമായിരുന്നു അത്. സമാന്തരമായി നടന്‍ എന്ന നിലയില്‍ ഹനീഫ അപ്പോഴും ശ്രദ്ധേയനായിക്കൊണ്ടിരുന്നു. 2001 ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

തമിഴിലെ ഷങ്കറിനേപ്പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകര്‍ പോലും ഹനീഫയെ തങ്ങളുടെ ചിത്രങ്ങളില്‍ (മുതലവര്‍, അന്യന്‍, ശിവാജി) അഭിനയിക്കാന്‍ ക്ഷണിച്ചത് നടന്‍ എന്ന നിലയില്‍ ഹനീഫക്ക് ലഭിച്ച അംഗീകാരമായിരുന്നു. കമലാഹാസന്റെ ‘മഹാനദി’ യിലെ ഹനീഫ ചെയ്ത ധനുഷ് എന്ന കഥാപാത്രം നടന്‍ എന്ന നിലയില്‍ ഹനീഫക്ക് തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അംഗീകാരം നേടിക്കൊടുത്തു. ടിവിയില്‍ ആ പടം പല തവണ വന്നു. ഓരോ തവണയും മഹാനദി ടി വിയില്‍ ടെലികാസ്റ്റ് ചെയ്യുമ്പോഴും ഏതെങ്കിലുമൊരു പുതിയ തമിഴ് പടത്തിലേക്ക് ഹനീഫക്ക് വേഷം കിട്ടും. ശിവാജി ഗണേശന്‍ മഹാനദി കണ്ടിട്ട് കമലാഹാസനോട് ചോദിച്ചു ‘യാര്‍ അന്ത ആക്റ്റര്‍ ? കമലഹാസന്‍ ഒരിക്കല്‍ ഹനീഫയോട് പറഞ്ഞു ‘കുറെ നാള്‍ മുമ്പേ നിങ്ങളെ പരിചയപ്പെട്ടിരുന്നെങ്കില്‍ നായകനില്‍ ജനകരാജ് ചെയ്ത വേഷം നിങ്ങളായേനെ’ നായകനില്‍ കമലാഹാസനോടൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയാണ് ജനകരാജ് അഭിനയിച്ചത്. അത്രയ്ക്ക് മതിപ്പ് തമിഴ് ചലച്ചിത്ര രംഗത്ത് ഹനീഫ ക്കുണ്ടായിരുന്നു.

പാശെ പറവകൾ പോസ്റ്റർ

മലയാള സിനിമകളില്‍ ഹാസ്യത്തിന് പുതിയ മുഖം നല്‍കിയ കിരീടത്തിലെ ഹൈദ്രോസ്, മാന്നാര്‍ മത്തായിയിലെ ‘എല്‍ദോ’ പഞ്ചാബി ഹൗസിലെ ബോട്ടുടമ ഗംഗാധരന്‍,’ പറക്കും തളികയിലെ വീരപ്പന്‍ കുറുപ്പ് എന്നിവയെല്ലാം ഹനീഫയുടെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട വേഷങ്ങളായി. അതേസമയം തന്നെ സ്വഭാവനടനായും അഭിനയിച്ചതിനാല്‍ ഒരിക്കലും ഹനീഫ ടൈപ്പ് കാസ്റ്റായില്ല. അങ്ങനെ മലയാള സിനിമാ വേദിയിലെ ബഹുമുഖ പ്രതിഭയായി മാറിയ കൊച്ചിന്‍ ഹനീഫയെയാണ് കലൈഞ്ജര്‍ കരുണാനിധി തന്റെ തിരക്കഥ സംവിധാനം ചെയ്യാന്‍ ക്ഷണിച്ചത്.

കഥാചര്‍ച്ചക്കിടയില്‍ കലൈഞ്ജര്‍ കരുണാനിധിയും കൊച്ചിന്‍ ഹനീഫയും അടുത്ത സുഹൃത്തുക്കളായി. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റമുള്ള, ശുഭാപ്തി വിശ്വാസക്കാരനായ ഹനീഫയെ കലൈഞ്ജര്‍ക്ക് നല്ല മതിപ്പായിരുന്നു. പഴയ തലമുറയിലെ മുതിര്‍ന്ന സംവിധായകന്‍ എം. കൃഷ്ണന്‍ നായര്‍ തൊട്ട് പുതിയ തലമുറയിലെ ഫാസില്‍ വരെ പല പ്രശസ്ത മലയാള സംവിധായകരും തമിഴ് പടം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കലൈഞ്ജര്‍ കരുണാനിധിയുടെ തിരക്കഥ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ഒരേയൊരു മലയാളി ചലചിത്രകാരന്‍ കൊച്ചിന്‍ ഹനീഫയായിരുന്നു.

‘സിനിമാ ചര്‍ച്ചക്കിടയില്‍ കലൈഞ്ജറും, എം.ജിയാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ ചോദിക്കുമായിരുന്നു. രസകരമായ പല സംഭവങ്ങളും തമിഴ്‌നാട്ടുകാര്‍ പോലും അറിയാത്ത രഹസ്യങ്ങളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് ഹനീഫ ഒരിക്കല്‍ അനുസ്മരിച്ചു. അതില്‍ കലൈഞ്ജറിന് മറക്കാനാവാത്ത ഒരു സംഭവം അദ്ദേഹം പറഞ്ഞത് ഹനീഫ ഓര്‍ക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ കലൈഞ്ജറുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നു. കലൈഞ്ജര്‍ അറസ്റ്റിലായി. ജയില്‍ വിമോചിതനായി സേലത്തു നിന്ന് എഗ്മോര്‍ റെയില്‍വേസ്റ്റഷനില്‍ വന്നിറങ്ങിയ കരുണാ നിധിയെ വരവേറ്റ് സ്വീകരിക്കാന്‍ ഒരു ജനസമുദ്രം തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തി. കമ്പാര്‍ട്ട്‌മെന്റ് തുറന്ന് ആദ്യം പുറത്തിറങ്ങിയ എം.ജി.ആര്‍ കലൈഞ്ജറെ തന്റെ തോളിലേറ്റി ആ ജനകൂട്ടത്തിലൂടെ നടന്ന് ഒരു കാറില്‍ കയറ്റി വിടുകയായിരുന്നു.

‘വലിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. എഴുതിയ തിരക്കഥയിലെ ഏത് സ്വീകന്‍സിനെക്കുറിച്ച് ചോദിച്ചാലും കൃത്യമായി പറയുമായിരുന്നു. അത്രയ്ക്കു ധാരണ സീന്‍ ഓര്‍ഡറില്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കും’ ഹനീഫ ഓര്‍ക്കുന്നു. ഞാന്‍ കഥാ ചര്‍ച്ചക്കിടയില്‍ തമിഴില്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടയ്ക്ക് തെറ്റും. അപ്പോള്‍ അദ്ദേഹം പറയും ‘ഹനീഫ് മലയാളത്തിലെ പേശുങ്കോ എനക്ക് തെരിയും. ഞാനും എം.ജി.ആറും നാല്‍പ്പതു വര്‍ഷം ഒന്നായിപഴകിയതു താനെ’ .

പാശപ്പറവകളില്‍ നായകനായി അപ്പോള്‍ തമിഴില്‍ ഉയര്‍ന്നു വരുന്ന താരമായ സത്യരാജിനെയാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, ചര്‍ച്ചകളില്‍ സംവിധായകനായ കൊച്ചിന്‍ ഹനീഫ പറഞ്ഞു. സത്യരാജ് നല്ല നടന്‍ തന്നെ. പക്ഷേ, ഈ വേഷത്തിന് ശിവകുമാറാണ് നല്ലത്. സത്യരാജിന്റെ രണ്ട് പടങ്ങള്‍ ആ സമയത്ത് നന്നായി ഓടുകയാണ്. ശിവകുമാറിന്റെ സിനിമകള്‍ പൊട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് പടത്തിന്റെ സംവിധായകന്‍ ഹനീഫ ഇത് പറയുന്നത്. സംവിധായകന്‍ – സിനിമാ തിരക്കഥാകൃത്ത് എന്ന അനുഭവസമ്പത്ത് വെച്ചാണ് കൊച്ചിന്‍ ഹനീഫ ഇത് പറഞ്ഞത്. എന്നാല്‍ ഹനീഫയുടെ കഴിവില്‍ കലൈഞ്ജര്‍ക്കും നിര്‍മ്മാണക്കമ്പനിക്കും നല്ല വിശ്വാസമായിരുന്നു.

‘മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച റോളില്‍ അങ്ങനെ ശിവകുമാര്‍ അഭിനയിച്ച് കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തു. വി.എം.സി ഹനീഫ് (വെളുത്തേടത്ത് മുഹമ്മദ് കൊച്ചിന്‍ ഹനീഫ) എന്ന പേരായിരുന്നു ക്രൈഡിറ്റ് ടൈറ്റിലില്‍ വെച്ചത്. അംബികയും ഉര്‍വ്വശിയും ചെയ്ത റോളുകള്‍ ലക്ഷ്മിയും രാധികയും ചെയ്തു.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുന്‍പ് പടം ചെയ്യാതെ പിന്‍വാങ്ങണമെന്ന് ഹനീഫക്ക് ഫോണിലൂടെ ഭീഷണികള്‍ ഉണ്ടായി. ‘നിങ്ങളന്തപടം പണ്ണകൂടാത് ‘ ഇമ്മാതിരി വിരട്ട്. ആരാണ് അതിന് പിന്നിലെന്ന് ഹനീഫക്ക് മനസിലായില്ല.

പടം റിലീസായപ്പോള്‍ വന്‍ ഹിറ്റായി മാറി. തമിഴ്‌നാട്ടില്‍ 150 നാള്‍ ഓടി സിനിമ റെക്കോര്‍ഡ് സൃഷ്ടിച്ചു. ചേട്ടന്റെയും അനുജത്തിയുടേയും കഥ, സഹോദരി സഹോദര ബന്ധങ്ങളുടെ കഥ തമിഴര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
‘പാശമലര്‍’ ന്റെ 150-ാം ദിവസത്തെ ആഘോഷം ഡി. എം. കെ യുടെ സമ്മേളനം പോലെയായിരുന്നു. തിയേറ്ററിന് മുന്നില്‍ സ്റ്റേജ് കെട്ടി മൈലുകളോളം ട്യൂബ് ലൈറ്റൊക്കെയിട്ട് പൊതു ജനാവലിയുടെ സാന്നിധ്യത്തില്‍ വന്‍ ആഘോഷം. അക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.ജി.ആര്‍ ചികിത്സക്കായി അമേരിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലാവധി തീരാറായിരുന്നു. നിയമസഭാ ഇലക്ഷന്‍ പടിവാതില്‍ക്കലും.

പാശപ്പറവകളുടെ ആഘോഷച്ചടങ്ങില്‍ ജനസഹസ്രങ്ങളെ സാക്ഷിനിറുത്തി ആവേശത്തോടെ കൊച്ചിന്‍ ഹനീഫ പ്രസംഗിച്ചു. ‘അടുത്ത തമിഴ്‌നാട്
മുതല്‍വര്‍ ഡോ. കലൈഞ്ജര്‍ താനെ’ വലിയ കൈയ്യടിയോടെ ജനം അത് സ്വീകരിച്ചു. പിറ്റെ നാളില്‍ വന്‍ പ്രാധാന്യത്തോടെ കൊച്ചിന്‍ ഹനീഫയുടെ ‘പ്രസ്താവനയും ഫോട്ടോവും അച്ചടിച്ച് വന്നു.

മാസങ്ങള്‍ക്കു ശേഷം ഇലക്ഷന്‍ പ്രഖ്യാപിച്ചു. ഡി.എം.കെ.യുടെ ആ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഹനീഫ സജീവമായി പങ്കെടുത്തു. ഫലപ്രഖ്യാപനം വന്നപ്പോള്‍ ഡി. എം. കെ. ജയിച്ചു കയറുകയായിരുന്നു. രാവിലെ തന്നെ ഹനീഫ നേരെ ഗോപാലപുരത്തുള്ള കലൈഞ്ജറുടെ വീട്ടില്‍ ചെന്ന് നേരിട്ട് നേരിട്ട് കണ്ട് കൈ കൊടുത്ത് അഭിനന്ദിച്ചു.

കലൈഞ്ജര്‍ ഹനീഫയെ അവിടെ പിടിച്ചിരുത്തി. കലൈഞ്ജരും മുരശൈലി മാരന്റെ അനുജന്‍ മുരശൊലി ശെല്‍വവും മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്നത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമുള്ള തിരിച്ച് വരവ് ആഘോഷിക്കുകയായിരുന്ന ഡി.എം.കെ. വിജയാഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പാര്‍ട്ടി എം.എല്‍.എ മാരും അണികളും സിനിമാക്കാരും ഗോപാലപുരത്ത് തിങ്ങി നിറഞ്ഞു.

സന്ദർഭം (1984)

ഫലപഖ്യാപനം കേള്‍ക്കുന്നതിനിടയില്‍ ഊണ് കഴിക്കാനിരുന്നപ്പോള്‍ കലൈഞ്ജര്‍ കരുണാനിധി കൊച്ചിന്‍ ഹനീഫയോട് പറഞ്ഞു.’ ഈ മുറിയില്‍ ഇതുവരെ രണ്ടു മലയാളികളെ ഇരുന്നിട്ടുള്ളൂ. ഒന്ന് എം.ജി.ആര്‍ ഇപ്പോഴിതാ ഹനീഫ’.

കൊച്ചിന്‍ ഹനീഫ എന്ന വ്യക്തിക്കും നടനും, സംവിധായകനും അഭിമാനം തോന്നിയ അപൂര്‍വ്വ നിമിഷമായിരുന്നു അത്. കലൈഞ്ജര്‍ കരുണാനിധിയുമായുള്ള സ്‌നേഹബന്ധത്തിന്റെ തിരക്കഥയിലെ ഏറ്റവും മികച്ച രംഗമായിരുന്നു അത്. പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം കലൈഞ്ജര്‍ കരുണാനിധി തിരക്കഥയെഴുതിയ ഒരു ചിത്രത്തിന്റെ സംവിധായകന്‍ എന്ന പ്രശസ്തി കൂടി കൊച്ചിന്‍ ഹനീഫക്ക് കിട്ടി. ഈ സിനിമ വന്നതോടെ തമിഴ് നാട്ടില്‍ ഹനീഫ പടം പോലെ തന്നെ ഹിറ്റായി. ഹനീഫയെ എവിടെ കണ്ടാലും പോലീസുകാര്‍ സല്യൂട്ട് അടിക്കും. തലൈവരുടെ ആളാണല്ലോ.

കൊച്ചി ഹനീഫ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് പടം ‘സന്ദര്‍ഭം’ (1984) തമിഴില്‍ ‘പാടാത്ത തേനികള്‍’ (1988)എന്ന പേരില്‍ സംവിധാനം ചെയ്തു.
രചന: കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി
സംവിധാനം : വി. എം. സി. ഹനീഫ
അങ്ങനെ ഒരിക്കല്‍ കൂടി ആ പേരുകള്‍ തമിഴ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കയ്യടിയോടെ വരവേറ്റു. The rare relationship between Karunanidhi and Cochin Haneefa 

Content Summary: The rare relationship between Karunanidhi and Cochin Haneefa

This post was last modified on August 7, 2025 5:27 pm

അമർനാഥ്‌:
Related Post
Leave a Comment