UPDATES

ട്രെന്‍ഡിങ്ങ്

കള്ളപ്പണം ഇല്ലാതാക്കണോ? ആദ്യം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഖജനാവ് തുറക്കൂ

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയും അതില്‍ വന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കുള്ള പങ്കുമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടത്. എങ്കില്‍ കള്ളപ്പണത്തിന്റെ പേരില്‍ സാധാരണ ജനത്തിന് ഇതുപോലെ കൂവില്‍ തങ്ങളുടെ ജീവിതം കഴിച്ചുകൂട്ടേണ്ടി വരില്ല.

                       

സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ ചെലവഴിച്ച തുക 30,000 കോടി രൂപ വരും.

ഇതില്‍ തെരഞ്ഞെടുപ്പ് ചെലവിലേക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 7000-8000 കോടി രൂപയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവായി 3,500 കോടി രൂപയും ഉള്‍പ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, റെയില്‍വേ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏതാനും കോടികളും ചെലവഴിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒപ്പം ചില സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബി.ജെ.പി ചെലവഴിച്ചത് 714 കോടി രൂപയും കോണ്‍ഗ്രസിന്റേത് 516 കോടി രൂപയുമാണ്. എന്‍.സി.പി ചെലവഴിച്ചതായി പറയുന്നത് 51 കോടി രൂപയും ബി.എസ്.പിയുടേത് 30 കോടി രൂപയുമാണ്.

ബാക്കി ആരാണ് ചെലവഴിച്ചത്?
ഈ ചോദ്യത്തിനുള്ള യഥാര്‍ഥ ഉത്തരം അറിയാമെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം, ഇന്ത്യന്‍ ജനാധിപത്യം അതിന്റെ സ്വാഭാവിക പക്വതയാര്‍ജിക്കും. ഒപ്പം, ലോകത്തിലെ ഏറ്റവും വേഗത്തിലും വലിപ്പത്തിലും വളരുന്ന സാമ്പത്തിക ശക്തിയുമാകും നമ്മള്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ നോട്ട് നിരോധനം പോലുള്ള പരിപാടികളൊന്നും വേണ്ടി വരില്ല നമ്മുടെ വ്യവസ്ഥാപിത അഴിമതികള്‍ ഇല്ലാതാക്കാന്‍.

ലോകത്തിലെ ഏറ്റവും വലിയ കള്ളപ്പണ ഇടപാടുകാരാണ് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. അതുകൊണ്ടു തന്നെ നോട്ട് നിരോധന പരിപാടി മൂലം സാധാരണ ജനങ്ങള്‍ വലയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെ അത് ബാധിക്കുന്നതേയില്ല. അവര്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല.

അതായത്, 20,000 രൂപയില്‍ കുറഞ്ഞ തുകയാണ് സംഭാവനയാണ് ശേഖരിക്കുന്നതെങ്കില്‍ അവര്‍ക്ക് അതിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിക്കേണ്ടതില്ല. ആ തുക അവരുടെ അക്കൗണ്ടുകളില്‍ ഉണ്ടാവുകയും ചെയ്യും. അതായത്, എത്ര വലിയ തുകയും അവര്‍ക്ക് 20,000-ത്തില്‍ താഴെയുള്ള ചെറിയ തുകകളായി കണക്കില്‍ കാണിച്ചാല്‍ മതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന ഒരാവശ്യം ഇത് 20,000-ത്തില്‍ നിന്ന് 2,000-മായി കുറയ്ക്കണമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് അംഗീകരിച്ചിട്ടുമുണ്ട്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് ശക്തമായ രീതിയില്‍ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നതാണ് നമ്മുടെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ യഥാര്‍ഥത്തില്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതൊന്നുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ പിരിച്ചുണ്ടാക്കുന്ന പണം വെളിപ്പെടുത്താതിരിക്കുമ്പോഴാണ്. അതാണ് നമ്മുടെ രാഷ്ട്രീയ സംവിധാനത്തിലെ ഏറ്റവും വലിയ രഹസ്യവും.

black-2

ആന്ധ്രാ പ്രദേശ് പോലൊരു സംസ്ഥാനത്ത് മത്സരിക്കുന്ന ഒരാള്‍ ശരാശരി 50 കോടി രൂപയൊക്കെ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്നൂണ്ടെങ്കില്‍ കേരളത്തിലത് അഞ്ചു മുതല്‍ 10 കോടി രൂപ വരെയൊക്കെയേ ഉള്ളൂ. അതേ സമയം, ഔദ്യോഗികമായി ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാവുന്ന തുക എത്രയെന്ന് അറിയുമ്പോഴാണ് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കള്ളപ്പണ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മനസിലാകൂ. അതായത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുക 40-70 ലക്ഷം വരെയാണ്. കേരളം, ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളാണെങ്കില്‍ ഇത് 22-54 ലക്ഷവും. 2009 തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച് ഓരോരുത്തരും ചെലവഴിച്ച തുകയുടെ ശരാശരി 14.62 ലക്ഷം രൂപയാണ്. ഇതാണ് 2014-ല്‍ കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ചെലവഴിക്കുന്നത് ഇതിന്റെ എത്രയോ മടങ്ങാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. താന്‍ എട്ടു കോടി രൂപ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമാണ് ചെയ്യുന്നതെന്ന് സംശയമുയര്‍ന്നതോടെ 200-ഓളം രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രത്യക്ഷ ആദായ നികുതി വകുപ്പിന് അവര്‍ കത്തയയ്ക്കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 2005-നു ശേഷം കാര്യമായി തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിക്കാതിരിക്കുകയും കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന 200-ഓളം വരുന്ന ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കുകയാണെന്ന സംശയമാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.

“സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തീര്‍ത്തും കുറ്റമറ്റതാവേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തല്‍ പിഴവുകള്‍ പറ്റിയാല്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ പൗരനുള്ള വിശ്വാസം ഇല്ലാതാകും”- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയും അതില്‍ വന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കുള്ള പങ്കുമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടത്. എങ്കില്‍ കള്ളപ്പണത്തിന്റെ പേരില്‍ സാധാരണ ജനത്തിന് ഇതുപോലെ കൂവില്‍ തങ്ങളുടെ ജീവിതം കഴിച്ചുകൂട്ടേണ്ടി വരില്ല.

 

Share on

മറ്റുവാര്‍ത്തകള്‍