രാഹുൽ മാങ്കൂട്ടത്തിൽ: റീലും റിയലും!

'ഹു കെയര്‍സ്?' എന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് 'കൊല്ലാൻ ആണെങ്കിൽ എത്ര സെക്കന്റ്‌ വേണം?' എന്ന ഭീഷണിയിലേക്ക്

ചാനല്‍ ചര്‍ച്ചകളിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ യുവനിരയിലെ ശബ്ദമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറിയിരുന്നത്. പല കാര്യങ്ങളിലും ആദര്‍ശത്തിന്റെ മുഖംമൂടി അണിഞ്ഞ് കൊണ്ട് സംസാരിച്ച രാഹുലില്‍ ഉന്നയിച്ചതെല്ലാം പൊള്ളവാദങ്ങളാണെന്ന തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ യുവതിയെ നിര്‍ബന്ധിക്കുന്ന ഓഡിയോ സന്ദേശത്തില്‍, അധികാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും സ്വരമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. ‘തന്നെ കൊല്ലാന്‍ സെക്കന്റുകള്‍ മാത്രം മതി’ എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. പല തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടും യുവതി വഴങ്ങാതായതോടെ അത് പിന്നീട് ഭീഷണിയും അസഭ്യവുമായി മാറുന്നു.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഒരു യുവതിയെ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലുകള്‍, പിന്നാലെ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍, തുടരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങള്‍ എല്ലാം വലിച്ചുകീറിയത് ഒരു രാഷ്ട്രീയ നേതാവിന്റെ കപട മുഖംമൂടിയാണ്. ആദ്യം അപേക്ഷയുടെ സ്വരത്തിലായിരുന്ന സംഭാഷണം, യുവതി വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയിലേക്കും സമ്മര്‍ദ്ദത്തിലേക്കും മാറി.

‘ഗര്‍ഭച്ഛിദ്രം ചെയ്തില്ലെങ്കില്‍ എന്റെ ജീവിതം തകരും’ എന്ന് അപേക്ഷിക്കുന്ന രാഹുല്‍, പിന്നീട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ഓഡിയോ ക്ലിപ്പുകളില്‍ കേള്‍ക്കാം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുല്‍ മാനിക്കേണ്ടിയിരുന്ന ധാര്‍മ്മികതയ്ക്കും നൈതികതയ്ക്കും നിരക്കാത്ത പെരുമാറ്റമാണിത്.

ഈ സംഭാഷണങ്ങള്‍, അധികാരം തലയ്ക്ക് പിടിച്ച ഒരു വ്യക്തിയുടെ അഹങ്കാരത്തെയും ക്രൂരമായ മനോഭാവത്തെയുമാണ് വെളിവാക്കുന്നത്. കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി ശ്രദ്ധ നേടിയ രാഹുലിനോട്, ഇതാണോ നിങ്ങളുടെ ആദര്‍ശമെന്നും യുവതിയുടെ ചോദിക്കുന്നുണ്ട്.

പൊതുജനമധ്യത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ സംസാരിക്കുന്ന ഒരു നേതാവിന്റെ സ്വകാര്യജീവിതത്തിലെ ഈ വൈരുധ്യം വര്‍ദ്ധിച്ചുവരുന്ന ധാര്‍മ്മികാധഃപതനത്തിന്റെ ഒരു സൂചന കൂടിയാണ്.

‘ഹു കെയര്‍സ്?’ എന്ന ധാര്‍ഷ്ട്യത്തില്‍ നിന്ന് ‘കൊല്ലാൻ ആണെങ്കിൽ എത്ര സെക്കന്റ്‌ വേണം?’ എന്ന ഭീഷണിയിലേക്ക് എത്തുന്ന ഒരു നേതാവിന്റെ മനോഭാവം, അധികാരത്തിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന അപകടകരമായ മാനസികാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്.

കുഞ്ഞുണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ ഒറ്റയ്ക്ക് നേരിടാമെന്ന് യുവതി പറയുമ്പോഴും, രാഹുല്‍ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും സംഭാഷണം തുടരുകയാണ്. ഗര്‍ഭച്ഛിദ്രത്തിനായി ഡോക്ടറെ കാണാതെ മരുന്ന് കഴിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുന്ന അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍, മനുഷ്യജീവനോടുള്ള നിസ്സാരമായ മനോഭാവത്തെയാണ് കാണിക്കുന്നത്.

അമിത രക്തസ്രാവം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ പോലും, ‘ഡോക്ടറെ കാണണമെന്നില്ല’ എന്ന് വളരെ നിസ്സാരമായാണ് രാഹുല്‍ പറഞ്ഞൊഴിയുന്നത്. ഇത് ഒരു സ്ത്രീയുടെ ആരോഗ്യത്തെയും ജീവിതത്തെയും പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ്. അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍, തന്റെ ഇഷ്ടങ്ങള്‍ക്കായി മറ്റുള്ളവരുടെ ജീവന്‍ പോലും അപകടത്തിലാക്കാന്‍ മടിയില്ലാത്ത ഒരു വ്യക്തിയുടെ അധഃപതനത്തിന്റെ മനോഭാവം.

സമൂഹത്തില്‍ ഒരു യുവ പ്രതിനിധിയായി സ്വയം അടയാളപ്പെടുത്തിയ ഒരു വ്യക്തി, സ്വകാര്യ ജീവിതത്തില്‍ പ്രകടിപ്പിച്ച ഈ ക്രൂരതയും ധിക്കാരവും പൊതുപ്രവര്‍ത്തനത്തില്‍ അയാള്‍ക്ക് എത്രത്തോളം ധാര്‍മ്മികതയുണ്ടെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. രാഷ്ട്രീയ അധികാരം ലഭിക്കുമ്പോള്‍ അത് വ്യക്തിജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ ഒരു ദുരന്ത ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലൂടെ പുറത്തുവരുന്നത്.

content summary: The Unmasking of Rahul Mankootathil

This post was last modified on August 24, 2025 6:20 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment