ജർമൻ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സഖ്യത്തിന്റെ വിജയം ഉറപ്പിച്ച് പുറത്ത് വന്ന ഫലങ്ങൾ. 28.5 ശതമാനം വോട്ടുകളാണ് സിഡിയു, സിഎസ്യു സഖ്യത്തിന് നേടാനായതെന്ന് പുറത്തുവന്ന റിപ്പോട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്താണെങ്കിലും എക്കാലത്തെയും റെക്കോർഡ് വോട്ടുകളാണ് എഎഫ്ഡി നേടിയത്. 20.8 ശതമാനം വോട്ടുകളാണ് എഎഫ്ഡിയ്ക്ക് നേടാനായത്. നിലവിൽ ഭരണത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 15.6 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. എസ്ഡിപിയുടെ സഖ്യകക്ഷികളിൽ ഒന്നായ ഗ്രീൻസ് 11.6 ശതമാനം വോട്ടുകൾ നേടി. ജർമൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് സഖ്യത്തിന്റെ വിജയം സ്ഥിരീകരിച്ചത് നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രെഡറിക് മെർട്സ് ആണ്. മെർട്സ് ആയിരിക്കും അടുത്ത ചാൻസലർ.
ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനായി മറ്റു പാർട്ടികളുമായി മെർട്സ് ചർച്ച ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ ഡെമോക്രാറ്റിക്സ് പാർട്ടിയുമായി സഖ്യത്തിനൊരുങ്ങുന്നതായാണ് സൂചന. ചരിത്രത്തിലെ ഏറ്റവും നിരാശയേറിയ തിരഞ്ഞെടുപ്പ് ഫലത്തിന് എസ്ഡിപി സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തെ കയ്പ്പേറിയ ഫലമെന്നാണ് നിലവിലെ ചാൻസലറായ ഒലാഫ് ഷോൾസ് വിശേഷിപ്പിച്ചത്. സിഡിയു, സിഎസ്യു സഖ്യവുമായി ചർച്ചകൾക്ക് താൻ നേതൃത്വം നൽകില്ലെന്നും ഷോൾസ് വ്യക്തമാക്കി. ചരിത്രപരമായ ഈ തിരഞ്ഞെടുപ്പ് സായാഹ്നത്തെ അഭിനന്ദിക്കുന്നുവെന്നും വരാനിരിക്കുന്ന ഉത്തരവാദിത്തത്തെ താൻ അംഗീകരിക്കുന്നുവെന്നും മെർസ് വ്യക്തമാക്കി.
നവംബറിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിൽ പരപാജയപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് പിരിച്ച് വിട്ടതോടെയാണ് ജർമനിയിൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നത്. സർക്കരിന്റെ നയത്തിൽ നിന്ന് വ്യതിചലിച്ചതിന്റെ പേരിൽ ഭരണസഖ്യത്തിലെ ഫ്രീ ഡെമോക്രാറ്റിക് സഖ്യത്തിന്റെ മന്ത്രിമാരെല്ലാം രാജി വച്ചതോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. കുടിയേറ്റം ആഭ്യന്തരം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ജർമനി അഭിമുഖീകരിക്കുന്നതിനാൽ നിരവധി വെല്ലുവിളികൾ ആയിരിക്കും പുതിയ സർക്കാരിന് നേരിടേണ്ടി വരിക.
എന്നാൽ വലത് കോട്ട തകർത്ത് ഇടത് മുന്നേറ്റത്തിന് ആയിരിക്കും ജർമൻ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. ഭരണം നേടാൻ കഴിഞ്ഞില്ലെങ്കിലും എക്കാലത്തെയും മികച്ച ഭൂരിപക്ഷം ഇടത് പാർട്ടി തിരഞ്ഞെടുപ്പിൽ നേടിയെടുത്തു. ഇലോൺ മസ്കും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും എഎഫ്ഡിയെ പരസ്യമായി പിന്തുണച്ചതോടെ ആയിരുന്നു ജർമനിയിലെ തിരഞ്ഞെടുപ്പ് മത്സരം കടുത്തത്.
content summary: The results confirm a victory for the conservative coalition in the German election.