ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസുകളും സംഘടന സംവിധാനങ്ങളും

ആർ.എസ്.എസിനോട് അവരുടെ വരുമാനമെന്ത് എന്ന് എപ്പോൾ ചോദിച്ചാലും അവരുടെ അംഗങ്ങൾ ഗുരുദക്ഷിണ എന്ന പഴയ സമ്പ്രദായത്തെ കുറിച്ച് പറയും

(കാരവൻ മാസികയിൽ അമൃത സിങ് എഴുതിയ രേഖകളില്ലാത്ത ആർ.എസ്.എസ്, ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീർഘ ലേഖനത്തിന്റെ പരിഭാഷയുടെ അഞ്ചാം ഭാഗം. വിവർത്തനം; ശ്രീജിത്ത് ദിവാകരൻ)

ആർ.എസ്.എസിനോട് അവരുടെ വരുമാനമെന്ത് എന്ന് എപ്പോൾ ചോദിച്ചാലും അവരുടെ അംഗങ്ങൾ ഗുരുദക്ഷിണ എന്ന പഴയ സമ്പ്രദായത്തെ കുറിച്ച് പറയും. 1928 മുതൽ രാജ്യത്തുടനീളമുള്ള ഒരോ ശാഖയിലും ‘ഗുരുപൂർണിമ’ എന്ന വാർഷിക പരിപാടി ആർ.എസ്.എസ് നടത്തുന്നുണ്ട്. ഈ പരിപാടിയിൽ ഒരോ സ്വയം സേവകരും ഒരു കവറിൽ തങ്ങൾക്കാവുന്ന ഒരു തുക പേരെഴുതി ദക്ഷിണയായി ആർ.എസ്.എസിന്റെ കാവിക്കൊടിക്ക് കീഴെ വയ്ക്കണം. ഈ തുക എത്രയാണെന്ന് ഒരിക്കലും പരസ്യമായി വെളിപ്പെടുത്തില്ല. ആരൊക്കെ എത്ര തുകവീതം നൽകിയെന്നതിന്റെ കണക്ക് ആർ.എസ്.എസ് നേതൃത്വം സമാഹരിക്കുമെങ്കിലും അത് വളരെ കുറച്ച് ഉന്നത നേതൃത്വത്തിന് മാത്രമേ അത് പരിശോധിക്കാൻ കഴിയൂ പ്രവർത്തകർ എന്നോട് പറഞ്ഞു. കരോൾ ബാഗ് ജില്ലാ കാര്യവാഹായ അനിൽ ഗുപ്ത പറയുന്നത് ‘ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കുള്ള പണമാണിത്. സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിക്കില്ല. കാരണം ആർ.എസ്.എസ് ഞങ്ങൾ സ്വയം സേവകരുടേതാണ്. ഗുരുദക്ഷിണ കാവിക്കൊടിക്കുള്ള സമർപ്പണമാണ്. എനിക്ക് ഈ കൊടി ഗുരുതുല്യമാണ്.’

ആർ.എസ്.എസിന്റെ ഈ ദുരൂഹമായ സംഭാവനാ സംവിധാനവും ആർക്കും കണ്ടുപിടിക്കാൻ ആകാത്ത അംഗത്വ പ്രക്രിയയും വഴി അവർ ‘ഒരു നിഗൂഢ മതസംഘത്തിന്റേയും മാഫിയയുടേയും ശൈലിയിലാണ്’ പ്രവർത്തിക്കുന്നത് എന്ന് 1979-ൽ ‘രാഷ്ട്രീയ സ്വയം സേവക് സംഘ്’ എന്ന പുസ്തകത്തിൽ ദെസ് രാജ് ഗോയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ‘സംഘടനയ്ക്കുള്ളിൽ പല അഴിമതികളും ഉയർന്ന് വരാൾ കാരണമായി. അതിലെല്ലാം ഉപരി, സ്രോതസ് വെളിപ്പെടുത്തേണ്ടതില്ലാത്ത വലിയ തുകകൾ, അതിന്റെ ഉറവിടം കണ്ടെത്താനുള്ള എല്ലാ സാധ്യതകളും അടച്ച് കൊണ്ട് ഈ സംഘടന സ്വീകരിച്ചു.’ മഹാത്മാഗാന്ധി എങ്ങനെയാണ് ആർ.എസ്.എസിന്റെ ധനസമാഹരണം എന്ന കാര്യം ഹെഡ്‌ഗേവാറിനോട് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം ഇതുതന്നെയാണ്. ഒരു നൂറ്റാണ്ടിന് ശേഷം ഇപ്പോഴിതാ ഒരു ആർ.എസ്.എസ് നേതാവ് കൂടുതൽ വിശദമായും പരിശോധിച്ചറിയാവുന്നതുമായ ഒരു ഉത്തരം നൽകുന്നു. പക്ഷേ എന്തായാലും ഡൽഹിയിലും അയോധ്യയിലും ഞാൻ നടത്തിയ അഭിമുഖങ്ങളിൽ നിന്നും കഴിഞ്ഞ പതിറ്റാണ്ടുകളിലെ രേഖകളിൽ നിന്നും ആർ.എസ്.എസിനെ ദീർഘകാലമായി ധനിക വ്യവസായികൾ സാമ്പത്തികമായി പിന്തുണയ്ക്കുന്നുണ്ട് എന്നുള്ള കാര്യം എനിക്ക് വ്യക്തമായതാണ്.

ഗുരുദക്ഷിണ എന്ന വിശദീകരണം സംഘടനയുടെ പരിപൂർണമായ സാമ്പത്തിക അടിത്തറക്ക് വിശദീകരണമാകുന്നില്ല. ഉദാഹരണത്തിന് അയോധ്യത്തിലും ‘സാകേത് നികം’ എന്ന് പേരിട്ടിട്ടുള്ള ഒരു പുതിയ ഓഫീസും ആളുകൾക്ക് താമസിക്കാനുള്ള സംവിധാനങ്ങളും പണിതു. ഇതും നിർമ്മിച്ചിരിക്കുന്നത് ഒരു രജിസ്‌റ്റേഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്. ഇതിന് വേണ്ടിയും പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചിട്ടുണ്ട്. മിക്കാവാറും ആർ.എസ്.എസ് അനുബന്ധ സ്ഥാപനങ്ങളും ഇതേ ശീലമാണ് പിന്തുടരുന്നത്. ചിലർക്ക് വിദേശ ഫണ്ടും ലഭിക്കുന്നുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ‘വിദ്വേഷം പടർത്തുന്നതിന് ധനസഹായം നൽകുന്നത് നിർത്തുന്നതിനുള്ള പ്രചരണ പരിപാടി’-യുടെ 2002-ലെ റിപ്പോർട്ട് പ്രചാരം അമേരിക്കയിലെ മേരിലാൻഡ് ആസ്ഥാനമായുള്ള ചാരിറ്റി സ്ഥാപനമായ ‘ഇന്ത്യ ഡവലപ്‌മെന്റ് ആൻഡ് റിലീഫ് ഫണ്ട്’ (ഐ.ഡി.എഫ്.ആർ) ഏതാണ്ട് 40 ലക്ഷം ഡോളർ (നിലവിലുള്ള നിരക്കനുസരിച്ച് ഏതാണ്ട് 34.5 കോടി രൂപ) 1994-നും 2000-നും ഇടയിൽ രാഷ്ട്രീയ സേവാഭാരതി അടക്കമുള്ള ആർ.എസ്.എസ് അനുബന്ധ സംഘടനകൾക്ക് നൽകിയിട്ടുണ്ട്. (ഐഡിഎഫ്ആർ പറയുന്നത് മനുഷ്യാവകാശ-വിദ്യാഭ്യാസ പരിപാടികളെ മുൻനിർത്തി രൂപവത്കരിച്ച അവർക്ക് യാതൊരു രാഷ്ട്രീയ ബന്ധവും ഇല്ല എന്നാണ്.) രാഷ്ട്രീയ സേവ ഭാരതിക്കും കേശവ കുഞ്ജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയായ ബാഹു റാവു ദേവറസ് രാഷ്ട്രീയ സേവ ന്യാസിനും വിദേശ സംഭാവനാ (നിയന്ത്രണ) നിയമത്തിൻ കീഴിൽ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് (എഫ്.സി.ആർ.എ) ഉണ്ട്. എഫ്.സി.ആർ.എ കിട്ടുന്നതിനും അത് പുതുക്കുന്നതിനും ബുദ്ധിമുട്ടിയ പല ഇന്ത്യൻ ‘ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളും -നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻസ്-‘-നേയും വിദേശത്ത് നിന്ന് പണം പറ്റുന്ന ദേശദ്രോഹികൾ എന്ന് സംഘപരിവാർ വൃത്തങ്ങൾ കുറ്റപ്പെടുത്തിരുന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

ആർ.എസ്.എസുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്റ്റർ ചെയ്യാത്തതുമായ കണക്കില്ലാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകളുകൾ നിന്ന് അങ്ങോട്ടുമിങ്ങോട്ടും പണം ഒഴുകുന്നുണ്ടെന്ന് എന്ന് -ഉറപ്പിച്ച് പറയാനായില്ലെങ്കിൽ-ഊഹിക്കാവുന്നതാണ്. ആർ.എസ്.എസിന്റെ ഡൽഹി മാധ്യമവിഭാഗം മേധാവിയും കരോൾ ബാഗ് യൂണിറ്റ് അധ്യക്ഷനുമായ അശോക് സച്ച്‌ദേവ എന്നോട് പറഞ്ഞത് അവരുടെ കരോൾ ബാഗ് യൂണിറ്റ് പലപ്പോഴും മനുഷ്യോപകരായപ്രദമായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താറുണ്ട് എന്നാണ്. ഉദാഹരണത്തന് കുംഭമേളയ്ക്ക് പോകുന്നതിനായി ഡൽഹിയിൽ റെയിൽവേസ്റ്റേഷനിൽ എത്തിയ തീർത്ഥാടകർ തിക്കിലും തിരിക്കിലും പെട്ട് മരിക്കുകയും പരിക്കേൽക്കുകയും ചെയ്തപ്പോൾ, അധികൃതർ ശരിയായ നടപടികൾ എടുത്തില്ലെന്നും, അതിനായി സന്നദ്ധ പ്രവർത്തനം നടത്തിയത് തങ്ങളാണെന്നും സച്ച്‌ദേവ് പറയുന്നു. ‘ആരും സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്തല്ലല്ലോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്’ -അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ സ്വയം സേവകർ അരിഷ്ടിച്ചാണ് ജീവിക്കുന്നത് തന്നെ. അവർക്ക് ഇത്തരം കാര്യങ്ങൾക്ക് പണം നൽകാനുള്ള കഴിവില്ല. സേവ ഭാരതി പോലുള്ള സംഘടകളോട് ഞങ്ങൾ ആവശ്യപ്പെടും, പെട്ടെന്നുള്ള ചെലവുകളൊക്കെ അവർ നിർവ്വഹിക്കും.”-അദ്ദേഹം പറഞ്ഞു.

”ആർ.എസ്.എസിന് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്’- അഡ്വ.പ്രശാന്ത് ഭൂഷൺ പറഞ്ഞു. ‘രാഷ്ട്രീയ സ്വഭാവമുള്ള ഒരു സംഘടനയ്ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നത് എഫ്.സി.ആർ.എ വിലക്കിയിട്ടുള്ളതാണ്. ആർ.എസ്.എസും അനുബന്ധ സംഘടനകളും ഏത് തരത്തിൽ നോക്കിയാലും രാഷ്ട്രീയ സംഘടകൾ ആണുതാനും’-പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിച്ചു.

സ്വയംസേവകർ മാത്രമല്ല, ഈ കേശവകുഞ്ജിലെ കെട്ടിടത്തിന് പണം നൽകിയത് എന്ന കാര്യം അനിൽ ഗുപ്ത വ്യക്തമാക്കി. ആർ.എസ്.എസിന്റെ പല ‘സുഹൃത്തുക്കളും’ സംഭാവന നൽകിയിട്ടുണ്ട്. ‘ചെറുപ്പം മുതൽ ശാഖയിൽ പോയിട്ടുള്ള, ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന, പൊതുസമൂഹത്തിലെ ചിലരിൽ നിന്ന് ഞങ്ങൾക്ക് സഹായങ്ങൾ ചെയ്യാറുണ്ട്. ശ്രീ കേശവ് കുഞ്ജ് സ്മാരക് സമിതി (എസ്.കെ.എസ്.എസ്) അധ്യക്ഷൻ അലോക് കുമാറും ഇതു തന്നെ പറഞ്ഞു. കേശവ് കുഞ്ജിന് 2016-ൽ തറക്കല്ലിടുന്ന സമയത്ത് ഇതിന് വേണ്ടി സ്വരൂപിക്കുന്ന പണം ‘പൊതുജനങ്ങളുടെ പക്കൽ നിന്ന് വരുന്നത്’ ആകരുത് എന്നും ‘ആർ.എസ്.എസിന്റെ ഭാഗമായ, ഹിന്ദുത്വ എന്ന ആശയത്തെ സ്‌നേഹിക്കുന്ന ആളുകളിൽ നിന്ന് തന്നെ വേണം’ എന്നും സംഘടനാ മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കിയിരുന്നു.-അദ്ദേഹം പറഞ്ഞു. 2024-ൽ ആർ.എസ്.എസിന് ഈ കെട്ടിട സമുച്ചയം പണിയുന്നത് 150 കോടി ചെലവായി എന്ന് അവകാശപ്പെട്ടു. അലോക് കുമാർ പറയുന്നത് എല്ലാ സംഭാവനകളും വന്നത് എസ്.കെ.എസ്.എസിന്റെ അക്കൗണ്ടിൽ ചെക്കുകളും പരിശോധിക്കാൻ സാധിക്കുന്ന മറ്റ് സാമ്പത്തിക കൈമാറ്റം വഴിയുമാണ് എന്നാണ്. എന്തുകൊണ്ടാണ് ആർ.എസ്.എസും അതിന്റെ അനുബന്ധ സംഘടനകളും അവരുടെ സാമ്പത്തിക ഇടപാടുകൾ പരസ്യമാക്കാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ‘സൊസൈറ്റികൾ അത് ചെയ്യേണ്ട ആവശ്യമില്ല’ എന്നാണ്. ‘നിയമപരമായി റിപ്പോർട്ട് ചെയ്യേണ്ട ഇടങ്ങളിലെല്ലാം അത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.’ ആർ.എസ്.എസ് എല്ലാം നിയമാനുസൃതമായാണ് ചെയ്യുന്നത് എന്നദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ആർ.എസ്.എസ് ശാഖകൾക്ക് ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും അവർ ആദായനികുതി വകുപ്പിന് മുന്നിൽ വരുമാനം വെളിപ്പടുത്താറുണ്ട് എന്നും റിട്ടേണുകൾ കൃത്യതയോടെ സ്ഥിരമായി ഫയൽ ചെയ്യാറുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഞാൻ ഇത് സംബന്ധിച്ച് നൽകിയ ചോദ്യോത്തരങ്ങളോട് ആർ.എസ്.എസ് പ്രതികരിച്ചതേ ഇല്ല.

എസ്.കെ.എസ്.എസ് 2017 ജൂലായിൽ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുന്നത് വേണ്ടി ജി.എസ്.റ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 2019 മാർച്ചിൽ വ്യക്തമല്ലാത്ത കാരണങ്ങളാൽ അവരുടെ ജി.എസ്.റ്റി നമ്പർ റദ്ദാക്കപ്പെട്ടു. കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ആർ.എസ്.എസ് നേതാവ് രവീന്ദർ ഗോയലാകട്ടെ ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. മൂന്നാമത്തെ ഗോപുരത്തിന്റെ ജോലി നടന്ന് കൊണ്ടിരിക്കുകയാണെന്നും പുറമേ നിന്ന് എല്ലാം പൂർത്തിയായി എന്ന് തോന്നുമെങ്കിലും ധാരാളം പണി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.റ്റി ഇപ്പോഴും അടയ്ക്കുന്നുണ്ടോ ഉണ്ടെങ്കിൽ ആരാണിത് അടയ്ക്കുന്നത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഞാൻ ഇക്കാര്യം അലോക് കുമാറിനോട് ചോദിച്ചപ്പോൾ തലവെട്ടിച്ച് അറിയില്ല എന്നാംഗ്യം കാണിച്ചു.

എസ്.കെ.എസ്.എസിന് വെബ്‌സൈറ്റോ സംഭാവന സ്വീകരിക്കാനുള്ള പോർട്ടലോ ഇല്ല. അവരുടെ ധനസമാഹരണ പ്രചരണം ഒരിക്കലും പരസ്യമായിരുന്നില്ല. എന്നാൽ അലോക് എന്നോട് പറഞ്ഞത് പണം ശേഖരിക്കാൻ രണ്ട് പ്രചരണ പരിപാടികൾ നടന്നിരുന്നുവെന്നാണ്. ‘മറ്റെല്ലാം തുടരുകയാണ്’-അദ്ദേഹം പറഞ്ഞു. അതിന്റെ അർത്ഥം, ‘വിവിധ ഘട്ടങ്ങളിൽ നമുക്ക് ഇപ്പോൾ പണമാവശ്യമുണ്ട്, എന്നും ആരോട് വാങ്ങണമെന്നും വിവിധ നേതാക്കൾ ആലോചിക്കുകയും ആർ.എസ്.എസുമായി ബന്ധപ്പെട്ട ആളുകളെ സമീപിക്കുകയും ചെയ്യും’-എന്നാണ്. ‘ഞങ്ങൾ അപരിചിതരിൽ നിന്ന് പണം വാങ്ങില്ല’-അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് എസ്.കെ.എസ്.എസ് പൊതുസമൂഹത്തിൽ മുന്നിട്ടിറങ്ങാതെ ഒതുങ്ങി കൂടുന്നത് എന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് പ്രശസ്തിയിൽ താത്പര്യമില്ല’ എന്നായിരുന്നു മറുപടി. 2006-ന് ശേഷം രണ്ട് ഘട്ടങ്ങളിലായാണ് സംഭാവനകൾ സ്വീകരിച്ചത് എന്ന് അനിൽ ഗുപ്തയും പറഞ്ഞു. എത്രമാത്രമാണ് ഒരോ യൂണിറ്റും ശേഖരിച്ചത് എന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കരോൾ ബാഗ് യൂണിറ്റ് മാത്രം ചുരുങ്ങിയത് എട്ട് കോടി സമാഹരിച്ചിട്ടുണ്ട് എന്ന് അശോക് സച്ച്‌ദേവ പറഞ്ഞു. ‘ഈ സംഭാവന സ്വീകരണത്തിന്റെ കേന്ദ്രങ്ങളിലൊന്ന് ഞങ്ങളായിരുന്നു. ഒരോ ശാഖയും ഒരോ ദിവസം ശേഖരിച്ച് അടുത്ത ദിവസം തന്നെ ആസ്ഥാനത്ത് എത്തിക്കും. ജില്ലാ തലത്തിൽ എത്രമാത്രമാണ് പിരിവ് എന്നുള്ളത് ഞങ്ങൾക്ക് പോലും അറിയില്ല. അതെല്ലാം ബാങ്കുകളിൽ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു.’ -അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പൊതുജനങ്ങളോട് വിശദീകരിക്കാൻ ആർ.എസ്.എസിന് യാതൊരു ബന്ധ്യതയുമില്ല എന്ന് അവർ കരുതുന്നു. ‘എന്തിനാണ് ഒരാൾ ഞങ്ങൾക്ക് ഒരു ലക്ഷം രൂപ തന്നു. മറ്റേയാൾ രണ്ട് ലക്ഷം തന്നുവെന്നൊക്കെ പരസ്യമായി പറയുന്നത്?”-അയോധ്യയിലെ വിശ്വഹിന്ദുപരിഷദ് മാധ്യമ മേധാവി ശാരദ് ശർമ്മ എന്നോട് ചോദിച്ചു. ‘എത്രമാത്രം പണം ഞങ്ങളുടെ പക്കലുണ്ട് എന്ന് പരസ്യപ്പെടുത്തുന്നത് എന്തിനാണ്? അത് സംഭാവന തരുന്നവരും ആർ.എസ്.എസും തമ്മിലുള്ള ഇടപാടാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്കിത് ആരോടും വിശദീകരിക്കേണ്ട ആവശ്യവുമില്ല’-അദ്ദേഹം വ്യക്തമാക്കി.

തുടരും. (നാളെ: കേശവ് കുഞ്ജും ആർ.എസ്.എസിന്റെ ചരിത്ര വീക്ഷണവും)

content summary: The RSS’s financial sources and organizational structures have come under scrutiny

This post was last modified on July 25, 2025 12:02 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment