April 20, 2025 |

ഹെഡ്‌ഗേവറും രണഗീതവും ആചാരങ്ങളുടെ ഭാഗമാക്കുന്ന സംഘപരിവാര്‍ അജണ്ട

അമ്പലത്തില്‍ വിപ്ലവഗാനം വേണ്ടെന്നു പറയുന്നവര്‍ തന്നെയാണ് തങ്ങളുടെ രാഷ്ട്രീയം ഒളിച്ചു കടത്തുന്നതും

കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ പൂരത്തിനിടെ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയതായി വിമർശനങ്ങൾ ഉയർന്നിരുന്നു. ആർഎസ്എസിന്റെ ഇത്തരം പ്രവർത്തികൾ കേരളത്തിൽ ആദ്യമല്ല. ആചാരപരമായ കാര്യങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സംഘപരിവാർ രാഷ്ട്രീയം ഉയർത്തിക്കാണിക്കുന്നതിനുള്ള നിരവധി ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ള നിരവധി ഉദാഹരണങ്ങളാണ് തൃശ്ശൂർ പൂരം മുതൽ കൊല്ലം പൂരം വരെയുള്ള ക്ഷേത്ര പരിപാടികളിൽ സംഘപരിവാർ അനുയായികളെ മഹത്വവത്കരിക്കാനുള്ള ശ്രമം.

കഴിഞ്ഞ ദിവസമാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ്‌ സ്‌കൂളിന്‌ ഹെഡ്ഗേവാറിന്റെ പേരിട്ടിരുന്നു. എന്നാൽ ഇത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചു.. സ്‌കൂളിന് തറക്കല്ലിട്ടതിന് മുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടിരുന്നു.

ഭിന്നശേഷിക്കാർക്കുള്ള പദ്ധതി എന്ന ആശയം സ്വാഗതാർഹമാണെങ്കിലും അതിലെ ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കാൻ കഴിയുന്നതല്ല. സംഭവത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് ആയി ജീവിച്ച് ആർഎസ്എസ് ആയി മരിച്ച, രാജ്യത്തിന് വേണ്ടി സംഭാവനകളൊന്നും ചെയ്യാത്ത രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച ഒരു മനുഷ്യന്റെ പേരിൽ സ്മാരകം പണിയുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

ബിജെപി ആചാരത്തിന്റെ മറവിൽ രാഷ്ട്രീയം കയറ്റുന്നതിന് മറ്റൊരു ഉദാഹരണമായിരുന്നു കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ചെന്ന പേരിൽ അലോഷിക്കെതിരെ കേസെടുത്ത സംഭവം. ക്ഷേത്രത്തിൽ ഗാനമേളയുടെ കാണികൾ ആവശ്യപ്പെട്ടതു പ്രകാരം വിപ്ലവഗാനം പാടിയെന്നതിനായിരുന്നു അലോഷിക്കെതിരെ കേസെടുത്തത്. എന്നാൽ ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ക്ഷേത്രങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും കേസെടുക്കുകയും ഗായകനെ ഒന്നാം പ്രതിയാക്കുന്നതുമൊക്കെ വിരളമാണ്. സംഭവത്തിൽ ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ബിജെപി ആചാരത്തിന്റെ മറവിൽ രാഷ്ട്രീയം കയറ്റുന്നതിന് മറ്റൊരു ഉദാഹരണമായിരുന്നു കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയിൽ ആർഎസ്എസ് രണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കൊല്ലം ജില്ലയിലെ ക്ഷേത്രത്തിലാണ് ഗാനമേളയ്ക്കിടെ ആർഎസ്എസ് രണഗീതം ആലപിച്ചത്. ഇത് കൂടാതെ ക്ഷേത്രപരിസരത്ത് നിറയെ ആർഎസ്എസിന്റെ കൊടി തോരണങ്ങൾ തൂക്കിയിരുന്നു.

തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാംലല്ലയെ അടയാളപ്പെടുത്തിയ കൊടികൾ കെട്ടിത്തൂക്കിയത് നാം കണ്ടതാണ്. ഇന്ത്യയിൽ ജീവിക്കുന്ന ഓരോരുത്തർക്കും അറിയാം അയോധ്യയിലെ രാക്ഷേത്രവും രാംലല്ലയും സംഘപരിവാറിന്റ അജണ്ടയിലെ പ്രധാനപ്പെട്ട ഇനങ്ങളാണ് എന്നത്. എന്നിട്ടും ഉത്സവത്തിന്റെ ഭാഗമായി ഇത് പ്രദർശിപ്പിക്കുന്നത് തികച്ചും ഭക്തിയാണെന്നത് വിശ്വസിക്കാൻ കഴിയുന്നതല്ല.

Content summary; The Sangh Parivar attempts to blend tradition with its own agenda

Leave a Reply

Your email address will not be published. Required fields are marked *

×