പൃഥ്വിക്കെതിരെ സകല അതിരുകളും ലംഘിക്കുന്ന സംഘപരിവാര്‍ വിദ്വേഷം

വാരിയംകുന്നൻ മുതൽ തുടങ്ങുന്ന പക

എമ്പുരാൻ സിനിമയുടെ റിലീസിന് പിന്നാലെ സംഘപരിവാർ വൃത്തങ്ങൾ പൃഥ്വിരാജിനെതിരെ ആരംഭിച്ച സൈബർ ആക്രമണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആക്ഷേപിക്കുന്ന തലത്തിലേയ്ക്കും രാജ്യത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന നിലയിലേയ്ക്കും രൂക്ഷമാകുന്നു.sangh parivar targeting prithviraj

സിനിമ റിലീസിന് തൊട്ടുപിന്നാലെ പൃഥ്വിരാജിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണം നടക്കുകയാണ്. സിനിമയിൽ ചർച്ച ചെയ്യുന്ന ഗുജറാത്ത് കലാപമാണ് സൈബർ ആക്രമണത്തിന് പിന്നിൽ. 2002ൽ ഇന്ത്യയെ പിടിച്ച് കുലുക്കിയ മുസ്ലീം വംശഹത്യയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കൃത്യമായി പ്രതിപാദിച്ചതാണ് ഹിന്ദുത്വ അനുഭാവികളെ ചൊടിപ്പിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം സൈബർ ആക്രമണം നേരിടുന്നുണ്ടെങ്കിലും ഏറ്റവും ഹീനമായ രീതിയിൽ പൃഥ്വിരാജിനെ അവഹേളിക്കുകയാണ് ഹിന്ദുത്വവാദികൾ.

ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന ആരോപണവുമായി യുവമേർച്ച നേതാവ് കെ ​ഗണേഷ് രം​ഗത്തെത്തി.

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്.കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നും ​ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജിന്റെയും വീട്ടുകാരുടെയും പോസ്റ്റുകളിലെ കമന്റ് ബോക്‌സുകളിൽ പോലും ഭീഷണിയും അധിക്ഷേപ പരാമർശങ്ങളുമുണ്ട്. ഇവർക്കെതിരെ അശ്ലീലവർഷവും അക്രമണാഹ്വാനങ്ങളും ഉയർന്നിരുന്നു.

പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണ് പാകിസ്ഥാനിൽ പോകണമെന്നും സംഘപരിവാർ അനുകൂലികൾ പറയുന്നു. പല കമന്റുകളിലും മീമുകളിലും പൃഥ്വിരാജിനെ വാരിയംകുന്നൻ എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമയ്‌ക്കെതിരായ വിമർശനം എന്ന പേരിൽ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണവും നടക്കുന്നുണ്ട്.

പൃഥ്വിരാജ് മല്ലികയുടെയും സുകുമാരന്റെയും മകനല്ലെന്നും, സുകുമാരന്റെ സഹോദരിക്ക് ഒരു മുസ്ലീം യുവാവിൽ ഉണ്ടായ മകനാണ് പൃഥ്വിരാജ് എന്ന് പോലും എഴുതാൻ സംഘപരിവാർ അനുയായികൾ മടി കാണിച്ചിരുന്നില്ല.

മുതിർന്ന ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ, ബിജെപി നേതാവ് പി രഘുനാഥ്, സംഘപരിവാർ സംഘടന നേതാക്കളായ ആർ വി ബാബു, പ്രതീഷ് വിശ്വനാഥൻ, കെ പി ശശികല, സംവിധായകൻ രാമസിംഹൻ, യുവമോർച്ച നേതാവ് ലസിത പാലക്കൽ എന്നിവരും സാമൂഹ്യമാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ കാണിക്കുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ പാട്യ കൂട്ടക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംങ് ദൾ നേതാവ് ബാബു ബജ്രംഗിയുമായി സാമ്യമുള്ള കഥാപാത്രമാണ് ചിത്രത്തിലെ വില്ലനായ ബാബ ബജ്റംഗ്.

എമ്പുരാൻ കണ്ടു, ഒരു ഹിന്ദു വിരുദ്ധ പശ്ചാത്തലമുള്ള സിനിമയാണ് ഇതെന്നാണ് സംഘപരിവാർ സംഘടനാ നേതാവായ ആർ വി ബാബു ഫേസബുക്കിൽ കുറിച്ചിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ സിനിമ ചരിത്രത്തോട് ഒരു നീതിയും പുലർത്തിയിട്ടില്ല. അത് കൊണ്ട് തന്നെ എമ്പുരാൻ വിമർശിക്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല. എന്നാണ് ബാബു വ്യക്തമാക്കുന്നത്.

അൽസുഡുവിൻ്റെ ആടുജീവിതം തുടങ്ങുന്നത് ഹലാൽ ഫ്ലാറ്റിൻ്റെ പരസ്യത്തിലൂടെയാണ്. പൃഥ്വിരാജിനെ ഹിന്ദു വിരുദ്ധൻ എന്ന് ആരോപിച്ചായിരുന്നു സംഘപരിവാർ നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൃഥ്വിരാജ് രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ജനഗണമന പോലുള്ള സിനിമകൾ ചെയ്ത് മുസ്ലീം മതവിഭാ​ഗത്തെ നിരന്തരം സന്തോഷിപ്പിക്കുകയാണെന്നും പ്രതീഷ് തന്റെ പോസ്റ്റിലൂടെ പറയുന്നു.

എമ്പുരാൻ എന്ന ചിത്രത്തിൽ ഗുജറാത്ത് കലാപത്തെ പറ്റി പ്രതിപാദിക്കുന്നു എന്ന് അറിഞ്ഞത് മുതൽ ചില സംഘപരിവാർ അനുകൂലികൾ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ചിത്രം ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു.

പൃഥ്വിരാജിനെതിരെയുള്ള ഹിന്ദുത്വ വാദികളുടെ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് പിന്തുണയമായി പൃഥ്വിരാജ് എത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിത രീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുമെന്ന് പൃഥ്വിരാജ് ചോദിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതും ഉൾപ്പെടെയുള്ള പ്രഫൂൽ പട്ടേലിന്റെ നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം. അന്നത്തെ പൃഥ്വിരാജിന്റെ നിലപാട് സംഘപരിവാരത്തെ രോഷാകുലരാക്കിയിരുന്നു. അന്നും സമാനമായ രീതിയിൽ പൃഥ്വിരാജിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ബിജെപി അനുഭാവികൾ നടത്തി.

പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടിൽ പ്രഖ്യാപിച്ച വാരിയൻകുന്നൻ എന്ന സിനിമയും സംഘപരിവാരത്തെ ചൊടിപ്പിച്ച ഒന്നായിരുന്നു. പിന്നീട് പല കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും വാരിയംകുന്നൻ എന്ന സിനിമയുടെ പേരിൽ സിനിമയുടെ അണിയറ പ്രവർത്തകർ ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. പൃഥ്വിരാജ് ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടാവാൻ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല.

മലബാർ കലാപവുമായി ബന്ധപ്പെട്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചായിരുന്നു വാരിയംകുന്നൻ എന്ന ചിത്രം. എന്നാൽ വാരിയംകുന്നൻ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാവില്ലെന്നുമൊക്കെയായിരുന്നു ഹിന്ദുത്വവാദികളുടെ അന്നത്തെ വാദം.

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.sangh parivar targeting prithviraj

content summary; The Sangh Parivar is targeting Prithviraj not only for the movie Empuraan, but also for his stances on Variyamkunnan and Lakshadweep issues

This post was last modified on March 30, 2025 9:46 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment