ഒരു നഗ്‌നയോട്ടം ഡയറിക്കുറിപ്പ് പാര്‍ട്ട് 2 @ 50

സംവിധാനം : പി.എ. മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി

സൂപ്പര്‍ താരം മമ്മൂട്ടിയുടെ, സിനിമയില്‍ കാണാത്ത, ഒരു ഓപ്പറേഷന്‍ സ്ട്രീക്കിങ്ങിന്റെ കഥ. കൊച്ചി നഗരത്തിന്റെ ഭരണകൂടത്തെ ഞെട്ടിച്ച്, ചരിത്രത്തിലേക്ക് ഓടിക്കേറി, ചിരിപ്പിച്ച നഗ്‌നയോട്ടത്തിന് ഇന്ന് 50 വയസ്.

അതൊരു ഓര്‍മ്മപ്പെടുത്തലായിരുന്നു. 50 വര്‍ഷം മുന്‍പ് ഇന്ത്യയിലാദ്യമായി തെരുവില്‍ നഗ്‌നയോട്ടം നടത്തി ചരിത്രം സൃഷ്ടിച്ച സംഭവത്തിന്റെ ഒരു ഹ്രസ്വവും, വ്യത്യസ്തവുമായ ഒരു പുനരാവിഷ്‌ക്കാരം. പോലീസിനെയും ജില്ലാ ഭരണകൂടത്തെയും നിശബ്ദമായി പരിഹസിച്ച് ഇളിഭ്യരാക്കിയ ആ രണ്ടാം നഗരയോട്ടത്തിന് ഇന്ന് 50 വയസ്.

അരനൂറ്റാണ്ട് മുന്‍പ് 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് തങ്ങളുടെ ഓഫീസില്‍ കിട്ടിയ ഒരു നോട്ടീസ് വായിച്ച് കൊച്ചി പോലീസ് മേധാവി കെ. ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഉപ്പിലിയപ്പനും ജില്ലാ ഭരണകൂടവും ഞെട്ടി. എറണാകുളം ലോ കോളേജിലെ ചില വിദ്യാത്ഥികള്‍ കൊച്ചി നഗരത്തില്‍ ഏപ്രില്‍ 1 ന് നഗ്‌നരായി തെരുവിലൂടെ ഓടുന്നു എന്നായിരുന്നു ആ നോട്ടീസിലെ പ്രഖ്യാപനം. ലോ കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍, ഈ ഏപ്രില്‍ 1 ന് തങ്ങള്‍ സ്ട്രീക്കിങ് നടത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു നോട്ടീസ് അച്ചടിച്ചു വിതരണവും ചെയ്തു.

പരസ്യപ്പെടുത്തിയൊരു നഗ്‌നയോട്ടം, ചില്ലറക്കാര്യമാണോ? അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പുള്ള കാലമാണ്. ലീഡര്‍ കരുണാകരനാണ് ആഭ്യന്തരമന്ത്രി. നക്‌സലുകളെയൊക്കെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തിയ ജയറാം പടിക്കലൊക്കെയാണ് അക്കാലത്തെ കേരളാ പോലീസിലെ ഉന്നതര്‍. അവരുടെ മൂക്കിന്റെ കീഴിലാണ് ഈ അതിസാഹസം കാണിക്കേണ്ടത്. നോട്ടീസ് കാണേണ്ടവര്‍ കണ്ടു. അധികാരികള്‍ക്ക് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വന്നു. നഗ്‌നയോട്ടം തടയുക. ഓടാന്‍ വന്നാല്‍ അവന്മാരെ പൊക്കി അകത്തിടുക! കരുണാകരനാണ് ആഭ്യന്തര വകുപ്പ് മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തില്‍ പരസ്യമായി തുണിയില്ലാതെ ഓടുകയോ? അതും നോട്ടീസ് നല്‍കി. തീക്കട്ടയില്‍ ഉറുമ്പരിക്കുകയോ? കണ്ടിട്ട് തന്നെ കാര്യം.

ജില്ലാ പോലീസ് മേധാവി കെ. ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഉപ്പിലിയപ്പനും യോഗം ചേര്‍ന്നു കാര്യങ്ങള്‍ തീരുമാനമാക്കി എന്ത് വില കൊടുത്തും നഗ്‌നയോട്ടം തടയണം. അന്നേ ദിവസം രാവിലെ തന്നെ, ജില്ലാ ഭരണകൂടം ബ്രോഡ് വേയടക്കം ലോ കോളേജ് പരിസരം മുഴുവന്‍ വന്‍ പോലിസ് സന്നാഹമൊരുക്കി ഓട്ടം തടയാന്‍ കാത്തുനിന്നു. അപ്പോഴാണ് സംഗതി ഹെന്‍ട്രി കഥയിലെ, ട്വിസ്റ്റ് പോലെ, പഴയ പ്രിയദര്‍ശന്‍ കഥകളിലെ ക്ലൈമാക്‌സ് പോലെ സംഭവത്തിന്റെ പൊരുള്‍ മാറിയത്.

ലോ കോളേജിലെ ധീരന്മാര്‍ പറഞ്ഞപോലെ വാക്ക് പാലിച്ചു. അതിന്റെ സംഘാടകര്‍ അടുത്തുള്ള ഒരു കോളനിയില്‍ നിന്ന് കുറച്ച് കൊച്ചു കുട്ടികളെ സംഘടിപ്പിച്ച് നഗ്‌നരാക്കി അവരുടെ തുണിയില്ലാ ഘോഷയാത്ര പോലീസ് സന്നാഹവും ജനങ്ങളും നോക്കി നില്‍ക്കെ, കൂളായി റോഡിലൂടെ വരിവരിയായി കുഞ്ഞുങ്ങളെ നടത്തിച്ചു. അങ്ങനെ ഭരണകൂടത്തിന്റെ മുഖത്തു നോക്കിയുള്ള ഒരു പരിഹാസമായി പരിണമിച്ചു ഈ ശിശു നഗ്‌നയോട്ടം! ചരിത്രത്തിലേക്ക് ഓടിക്കയറിയ, കൊച്ചിയിലെ ആദ്യത്തെ നഗ്‌നയോട്ടത്തിന്റെ ഒന്നാം വാര്‍ഷികം ലോകത്തെ ഓര്‍മ്മിപ്പിക്കാനായി, നിര്‍ദ്ദോഷമായി ആഘോഷിച്ചതായിരുന്നു ഈ രണ്ടാം നഗ്‌നയോട്ടം.

കെ. ആർ. വിശ്വംഭരനും മമ്മൂട്ടിയും

നോട്ടീസ് ഇറക്കിയതും പരിപാടികള്‍ ആസൂത്രണം ചെയ്തതും റോഡ് ഷോ നടത്തിയതും രണ്ട് ലോ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അതിലൊരാള്‍ കെ.ആര്‍ വിശ്വംഭരന്‍ പിന്നീട് എറണാകുളം ജില്ലാ കളക്ടറായി. മറ്റൊരാള്‍ പി. ഐ മുഹമ്മദ് കുട്ടി. അയാള്‍ പില്‍ക്കാലത്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മഹാനടനും മെഗാ സ്റ്റാറുമായി, അറിയപ്പെട്ടത് മറ്റൊരു പേരിലാണെന്ന് മാത്രം, പേര് മമ്മൂട്ടി. മമ്മൂട്ടിയെന്ന മഹാനടന്റെ എറണാകുളം ലോ കോളേജിലെ പഠന കാലത്തെ, അധികം പേരറിയാത്ത സാഹസങ്ങളിലൊന്നായി ഇത്.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 1 ന് നടന്ന നഗ്‌നയോട്ടം കൊച്ചിയെ ആഗോള പ്രശസ്തമാക്കുകയല്ല മറിച്ച് നാണം കെടുത്തുകയാണ് എന്ന് വിശ്വസിച്ച ഭരണകൂടം ഇനിയൊരു സംഭവം ആവര്‍ത്തിക്കരുതെന്ന് കരുതി മുന്‍കരുതലെടുത്ത നടപടിയെയാണ് മറ്റൊരു നഗ്‌നയോട്ടത്തിലൂടെ അവര്‍ പരിഹസിച്ചത്.

ഇനി ഒറിജിനല്‍ നഗ്‌നയോട്ടത്തിന്റെ ഫ്‌ലാഷ് ബാക്കിലേക്ക്. അതിന്റെ തലേവര്‍ഷം, ഇതേ ദിവസം 1974 ഏപ്രില്‍ 1 നാണ്, കൊച്ചിയില്‍ തിരക്കേറിയ ബ്രോഡ് വേയില്‍ നാല് യുവാക്കള്‍ നഗ്‌നരായി ചരിത്രത്തിലേക്ക് ഓടിക്കേറിയത്. അത് ഇന്ത്യയിലെ ആദ്യത്തെ നഗ്‌നയോട്ടമായിരുന്നു. കൊച്ചി നഗരം കണ്ണുപൊത്തിയ സ്ട്രീക്കിങ്ങ് എന്ന നഗ്‌നയോട്ടം.

എറണാകുളം ലോ കോളേജ്

അര നൂറ്റാണ്ട് പിന്നിട്ട, ആ നഗ്‌നയോട്ടം ആഗോള പ്രശസ്തമായി. ആ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള നഗ്‌നയോട്ടത്തിന്റെ ഫ്‌ലാഷ് ബാക്ക് സംഭവ ബഹുലമായിരുന്നു.

50 കൊല്ലം മുന്‍പ് ഏപ്രില്‍ ഒന്നിന്, ലോക വിഡ്ഡിദിനം- ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ എറണാകുളത്തെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രമായ ബ്രോഡ് വേയില്‍, വൈകിട്ട്, സൂര്യവെളിച്ചത്തില്‍ റോഡിലൂടെ നാല് യുവാക്കള്‍ പൂര്‍ണ്ണ നഗ്‌നരായി കൂളായി ഓടുന്ന കാഴ്ച കണ്ട് റോഡിലെ ജനങ്ങള്‍ കണ്ണ് മിഴിച്ച്, അന്തംവിട്ടു നോക്കി നിന്നു.

പൊതുസ്ഥലത്തെ, ഇന്ത്യയിലെ ആദ്യത്തെ നഗ്‌നയോട്ടമാണ് എറണാകുളത്തുകാര്‍ അന്ന് കണ്ടത്. ഓടിയത്, എറണാകുളം ലോ കോളേജിലെ നാല് മലയാളി വിദ്യാര്‍ഥികള്‍.

മാര്‍ച്ച് മാസത്തിലെ അവസാന ദിവസങ്ങളിലാണ് ചരിത്ര സംഭവത്തിന്റെ തുടക്കം. ഒരു ദിവസം എറണാകുളം ലോ കോളേജിലെ ഹോസ്റ്റലിലെ മുറിയില്‍ രാത്രി നടന്ന വിദ്യാര്‍ത്ഥികളുടെ പാനോപചാര സദസില്‍ കാര്യങ്ങളൊക്കെ വിശകലനം ചെയ്തിരിക്കെ അവര്‍ക്ക് ഒരു ഭൂതോദയമുണ്ടായി. സമൂഹത്തിന്റെ മൊത്തം പോക്ക് ശരിയല്ല. ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണം. പാനീയത്തിന്റെ ലഹരി ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ സമാനമനസ്‌ക്കരായ ആ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് തീരുമാനിച്ചു ‘സ്ട്രീക്കിംഗ് നടത്തുക’ എന്ന് വെച്ചാല്‍ ‘നിരത്തില്‍ നഗ്‌നരായി ഓടുക’ അങ്ങനെ തീരുമാനമായി.

നിയമലംഘനമാണ്. പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കല്‍. ഐപിസി 294, പോലീസ് നിയമമനുസരിച്ച് അഴിയെണ്ണാവുന്ന കുറ്റം. അകത്താകും. എന്തിനെതിരേയും അമര്‍ഷത്തോടെ പ്രതികരിക്കുക. സമൂഹത്തിനും സദാചാരവാദികള്‍ക്കും ഒരു കൊട്ട് കൊടുക്കുക, ഇതായിരുന്നു ഇവരുടെ ലക്ഷ്യം.

ഈ തീരുമാനം എറണാകുളത്തെ വിദ്യാര്‍ത്ഥി നേതാവായ കോമളചന്ദ്രന്‍ വഴി അടുപ്പമുള്ള ഒരു പത്രപ്രവര്‍ത്തകന് രഹസ്യമായി കൈമാറി. പത്രത്തില്‍ മുന്‍ പേജില്‍ വരണ്ടേ വാര്‍ത്തയാണല്ലോ. മാതൃഭൂമി ദിനപത്രത്തിന്റെ കൊച്ചിയിലെ മുതിര്‍ന്ന ലേഖകനായ എന്‍. എന്‍. സത്യവ്രതനായിരുന്നു ഈ ഓപ്പറേഷന്‍ ഏറ്റെടുത്തത്. അദ്ദേഹം ഈ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. നാല് വിദ്യാര്‍ത്ഥികള്‍ തുണിയില്ലാതെ രാത്രി സുഭാഷ് പാര്‍ക്കിന്റെ മുന്നിലൂടെ ഓടും. അത് പിറ്റേന്ന് ഗംഭീര വാര്‍ത്തയായി മുന്‍പേജില്‍ വരണം ഇതായിരുന്നു പദ്ധതി. എല്ലാം രഹസ്യം.

എൻ. എൻ. സത്യവ്രതൻ

ഇത്തരമൊരു സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം നന്നായി അറിയാമായിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു സത്യവ്രതന്‍. അദ്ദേഹം യുവജന സംഘത്തോട് പറഞ്ഞു
‘ഇങ്ങനെ ആരും കാണാത്ത വഴിയിലൂടെ, ആരും കാണാത്ത നേരത്ത് സ്ട്രീക്കിങ് നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ തിരക്കുള്ള, ബ്രോഡ് വേയില്‍ വേണം. അതും വൈകീട്ട് ഇരുട്ടും മുന്‍പ് വേണം ഓടാന്‍ എന്നാലെ വാര്‍ത്താ പ്രാധാന്യമുള്ളൂ.”

അവര്‍ സമ്മതിച്ചു. ഓടാന്‍ തിരഞ്ഞെടുത്ത ദിവസം പ്രാധാന്യമുള്ളതായിരുന്നു. ഏപ്രില്‍ 1, ലോക വിഡ്ഡി ദിനം. പരമ രഹസ്യമായി എറണാകുളത്തെ പ്രശസ്തമായ കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫറായ ജനാര്‍ദ്ദനന്‍ പടം എടുക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

1974 ഏപ്രില്‍ 1 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് തിരക്കേറിയ ബ്രോഡ് വേയിലൂടെ ആളുകള്‍ നടന്നു നീങ്ങുന്ന സമയത്ത് ‘നാല് യുവാക്കള്‍ പൂര്‍ണനഗ്‌നരായി അതാ ഓടിവരുന്നു. ബ്രോഡ് വേ നിശ്ചലമായി. ഈ ലൈവ് ഷോ കണ്ട് ജനങ്ങള്‍ അന്തം വിട്ട് നിന്നു. നാലെണ്ണം പിറന്ന പടി ! സ്ത്രീകള്‍ ഞെട്ടിത്തെറിച്ച് തല താഴ്ത്തി. ജനാര്‍ദ്ദനന്‍ ക്യാമറ ക്ലിക്ക് ചെയ്തതോടെ, യുവാക്കള്‍ ഓടിമാറി കുറെ അകലെ മുന്‍കൂട്ടി തയ്യാറാക്കി നിറുത്തിയിരുന്ന കാറില്‍ കേറി സ്ഥലം വിട്ടു.

പക്ഷെ, സംഗതി പാളിപ്പോയി. ക്യാമറ ജനാര്‍ദ്ദനനെ ചതിച്ചു. ആ പടം ക്യാമറയില്‍ കിട്ടിയില്ല. അവര്‍ പിന്‍മാറിയില്ല. യുവാക്കള്‍ കൂടുതല്‍ ആവേശത്തോടെ വീണ്ടും രംഗത്തെത്തി. ബോട്ട് ജെട്ടി ഓര്‍ത്തഡോക്‌സ് പള്ളിയുടെ അടുത്തുള്ള വഴിയിലൂടെ വീണ്ടും ഓടിയ നഗ്‌ന യുവാക്കളുടെ ഓട്ടത്തിന്റെ പിന്‍കാഴ്ച ജനാര്‍ദനന്‍ ക്യാമറയില്‍ പകര്‍ത്തി. ഇത്തവണ പടം ഒ.കെ.

കൊച്ചിയിലെ നഗ്നയോട്ടക്കാർ 1974 ഏപ്രിൽ 01

ഏപ്രില്‍ 2 ലെ മാതൃഭൂമി പത്രത്തിലെ മുന്‍പേജ് വാര്‍ത്ത കണ്ട് നഗരം അന്തംവിട്ടു. ലൈവ് കാണാത്തവര്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ നഗ്നയോട്ടം പത്രത്തിലെ പടത്തിലൂടെ കണ്ടു. സംഭവം കുറെക്കാലത്തേക്ക് സംസാര വിഷയമായി. സോഷ്യല്‍ മീഡിയ എന്ന പേര് അന്ന് കേട്ടിട്ടു പോലുമില്ല. ഇല്ലെങ്കില്‍ സംഗതി ആഗോള പ്രശസ്തിയാര്‍ജ്ജിച്ചേനെ. ചാനലുകള്‍ തലകുത്തി നിന്ന് പിന്നീടുള്ള വാര്‍ത്തകള്‍ ലൈവാക്കിയേനെ.

പടത്തില്‍ ഓടിയവരുടെ പേരോ, വന്ന റിപ്പോര്‍ട്ടിന് ബൈലൈനോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ത്യയൊട്ടുക്ക് 40 പത്രങ്ങളില്‍ ഈ വാര്‍ത്തയും, ഫോട്ടോയും അച്ചടിച്ചു വന്നു. കേരള കൗമുദി പത്രം മുഖപ്രസംഗം എഴുതി. തലക്കെട്ട്: ”കൊച്ചിയിലെ കുരങ്ങുകള്‍”

ആ നാല് യുവാക്കള്‍ ഓടുന്ന ചിത്രത്തിന് ഡെസ്മണ്ട് മോറീസിന്റെ വിഖ്യാത പുസ്തകത്തിന്റെ ശീര്‍ഷകത്തെ ഓര്‍മ്മിപ്പിച്ച് ഒരു ഇംഗ്ലീഷ് വീക്കിലി അടിക്കുറിപ്പ് കൊടുത്തത് ഇങ്ങനെ,, ‘The Naked Apes of Kerala’. ഇന്ത്യയിലെ അന്നത്തെ ഏറ്റവും മികച്ച പ്രസിദ്ധീകരണമായ, ഇലസ്‌ട്രേറ്റഡ് ഇന്ത്യ വീക്കിലി ഈ പടം കൊടുത്തു. ‘ WHEN COCHIN GETS TOO HOT’എന്നായിരുന്നു അതിന്റെ അടിക്കുറിപ്പിലെ ആദ്യ വാചകം.

ദി ഇലസ്ട്രേറ്റഡ് വീക്കിലിയിൽ കൊച്ചിയിലെ നഗ്നയോട്ടം

വിവാദമായ ഈ സംഭവത്തിലെ പങ്കാളികളായ നാല് വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് കോളേജ് പ്രിന്‍സിപ്പലായ ഫിലിപ്പ് തയ്യില്‍ പറഞ്ഞെങ്കിലും പിന്നീട്, ശക്തമായ താക്കീതില്‍ ഒതുക്കി. ഓടിയത് ആരൊക്കെയാണെന്ന് കുറച്ച് പേര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമായതിനാല്‍ മറ്റ് കുറെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ആ നാല്‍വര്‍ സംഘത്തിലുണ്ടായിരുന്നെന്ന് വീമ്പടിച്ചു നടന്നു.

ഏറ്റവും വലിയ തമാശ, പത്രത്തിലെ ഫോട്ടോ കണ്ട് യഥാര്‍ത്ഥ ഓട്ടക്കാരിലൊരാളുടെ പിന്‍ഭാഗം തന്റെ മകന്റെയാണല്ലോ എന്ന് ഞെട്ടലോടെ ആ പയ്യന്റെ പിതാവ് തിരിച്ചറിഞ്ഞു. ആ പിതാവ് ഉടനെ തന്നെ പ്രതിയെ ഹോസ്റ്റലില്‍ നിന്ന് പൊക്കി വീട്ടിലെത്തിച്ചു. പിതാവിന്റെ അച്ചടക്ക നടപടി കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മകന്‍ ഹോസ്റ്റലില്‍ തിരികെയെത്തിയത്. ചരിത്രം രചിച്ച ഈ നാല് നഗ്‌നയോട്ടക്കാരില്‍ പില്‍ക്കാലത്ത്, ഒരാള്‍ മാത്രം അഭിഭാഷകനായി. മറ്റൊള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍. ബാക്കി രണ്ടുപേര്‍ ബിസിനസുകാരായി.

ഈ നഗ്‌നയോട്ടവും വാര്‍ത്തയും പത്രപ്രവര്‍ത്തകനായ സത്യവ്രതന്റെ സൂപ്പര്‍ വാര്‍ത്താ സ്‌ക്കൂപ്പായിരുന്നു. എറണാകുളം പ്രസ്‌ക്ലബ് പരിസരത്ത് ഈ സംഭവം നടന്നിട്ടും മറ്റൊരു പത്രപ്രവര്‍ത്തകനും ഇത് ആ സമയത്തും, അത് കഴിഞ്ഞിട്ടും അറിഞ്ഞില്ല എന്നതാണ് ഈ വാര്‍ത്തയുടെ മറ്റൊരു സവിശേഷത. ഒരു പത്രലേഖകനും ആ സംഭവത്തിന്റെ പിന്നിലെ കഥ അന്വേഷിച്ച് അന്ന് പോയില്ലയെന്നുള്ളത് ഇന്നും, കേരളത്തിലെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്.

ഏതായാലും മറ്റ് അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. കൊച്ചിയിലെ ഓട്ടത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു എന്ന് തെളിഞ്ഞു. കാരണം കൊച്ചിയിലെ നഗ്‌ന ഓട്ടം കഴിഞ്ഞ് പത്തൊമ്പത് ദിവസത്തിന് ശേഷം ഇംഗ്ലണ്ടില്‍ ഒരു നഗ്‌ന ഓട്ടം ഉണ്ടായി. റോഡിലല്ലെന്ന് മാത്രം..

ഇംഗ്ലണ്ടിലെ ട്വിക്കന്‍ ഹിം സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ റഗ്ബി മത്സരം നടന്നുകൊണ്ടിരിക്കെ ഓസ്‌ട്രേലിയക്കാരനായ മൈക്കേല്‍ ഓബ്രിയന്‍, മൈതാനത്തിലേക്ക് പിറന്നപടി ഓടി വന്നു. റഗ്ബി മത്സരത്തേക്കാള്‍ വലിയ കാഴ്ച കണ്ട് കാണികള്‍ തരിച്ച് നില്‍ക്കേ ലണ്ടന്‍ പോലീസിലെ ബ്രൂസ്  പെറി ഓടിയെത്തി തന്റെ ഹെല്‍മെറ്റ് വെച്ച് അയാളുടെ നഗ്‌നത മറച്ച് ആളെ അറസ്റ്റ് ചെയ്തു. പക്ഷേ, അപ്പോഴേക്കും പ്രസ് ഫോട്ടോ ഗ്രാഫര്‍മാരടക്കം നിരവധി പേരുടെ ക്യാമറ ക്ലിക്കുകള്‍ ആ രംഗം പകര്‍ത്തി കഴിഞ്ഞിരുന്നു, അത് നടന്നത് 1974 ഏപ്രില്‍ 20ന്. അതായത് കൊച്ചിയിലെ ഓട്ടം കഴിഞ്ഞ് 19 ദിവസങ്ങള്‍ക്ക് ശേഷം. പിറ്റേനാളത്തെ പത്രങ്ങളില്‍ ലോകത്തിലെ ആദ്യത്തെ സ്ട്രീക്കറായി മൈക്കേല്‍ ഓബ്രിയന്‍ അവരോധിക്കപ്പെട്ടു. ആധുനിക സ്ട്രീക്കിങ്ങ് ചരിത്രം ഇവിടെ തുടങ്ങുന്നു.

 

ആദ്യ സ്ട്രീക്കർ മൈക്കേൽ ഓബിയനെ ലണ്ടൻ പോലീസ് പിടി കൂടിയപ്പോൾ

1970 കളില്‍ ലോകമെങ്ങും വ്യാപിച്ച ഒരു പുതിയ തരംഗത്തില്‍ നിന്ന് ഉടലെടുത്ത അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ ഹിപ്പി സംസ്‌കാരത്തിന്റെ ഉപോല്‍പ്പന്നമായി വന്നതായിരുന്നു ഈ ”സ്ട്രീക്കിങ്’ പ്രതിഭാസം. യുവത്വത്തിന്റെ ഉന്മാദകാലമായിരുന്നു 70 കള്‍. ബീറ്റില്‍സ് സംഗീതം, ആസ്വദിച്ച് അലന്‍ ഗിന്നസ് ബര്‍ഗിന്റെ കവിതകളും ജാക്ക് കെറുവാക്കിന്റെ നോവലുകളും വായിച്ച് ഹിപ്പികള്‍ കടുത്ത വര്‍ണ്ണമുള്ള വസ്ത്രങ്ങള്‍ ധരിച്ച് പരമ്പരാഗത കുടുംബ ബന്ധങ്ങള്‍ ഉപേക്ഷിച്ച് കൂട്ടായ്മയോടെ പുതിയ ജീവിതമാരംഭിച്ചു.

അക്രമരഹിതമായ അരാജകത്വമായിരുന്നു അത്. ആ സംസ്‌കാരം അക്കാലത്തെ സാഹിത്യത്തേയും കലകളെയും സ്വാധീനിച്ചു. ഫാഷന്‍, ഗ്രാഫിക്‌സ്, സംഗീതം എന്നിവയില്‍ വന്യമായ പരീക്ഷണങ്ങള്‍ ഉണ്ടായി. അത് ചെന്നെത്തിയത് മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തിലായിരുന്നു. സ്വതന്ത്രരായിയെങ്കിലും അത് അനിയന്ത്രിതമായ ജീവിത ശൈലിയില്‍ അവരെ കൊണ്ടെത്തിച്ചു. ബെല്‍ ബോട്ടം പാന്റും വീതിയുള്ള, നീളന്‍കോളറുള്ള കടും നിറങ്ങളിലുള്ള ഉടുപ്പും, നീട്ടിവളര്‍ത്തിയ താടിയും മുടിയും, ഗിറ്റാറും എല്‍.എസ്.ഡി യെന്ന മയക്കുമരുന്നും ഇവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി ഈ അരാജക കലാപത്തില്‍ ആവിര്‍ഭവിച്ച ഒരു പ്രതിഭാസമായിരുന്നു. പ്രതിഷേധിക്കാന്‍ ഒരു പ്രതീകമാക്കിയ നഗ്‌നതാ പ്രദര്‍ശനം.

ക്രിക്കറ്റിലെ ആദ്യത്തെ സ്ട്രീക്കിംങ് വാർത്തയിൽ

1974 മാര്‍ച്ച് 18 ന് അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന കൂട്ടനഗ്‌ന ഓട്ടത്തിന്റെ തത്സമയ വിവരണം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് ഒരു റിപ്പോര്‍ട്ടര്‍ ‘സ്ട്രീക്കിംഗ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ‘ The are streaking past me right now’ ആ റിപ്പോര്‍ട്ടര്‍ പറഞ്ഞു… ‘ഇത് അവിശ്വസനീയമായ കാഴ്ചയാണ്!’ അയാള്‍ പറഞ്ഞു. ഈ വാചകങ്ങള്‍ അസോസിയേറ്റഡ് പ്രസ് തങ്ങളുടെ ന്യൂസ് സ്റ്റോറിയില്‍ ഉപയോഗിച്ചതോടെ സ്ട്രീക്കിംഗ്’ എന്ന പദം ലോകവ്യാപകമായി പ്രചരിച്ചു. നഗ്‌നത പ്രദര്‍ശനത്തെ സൂചിപ്പിക്കുന്ന പദമായി ഇത് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടു.

എന്തിനെതിരേയും അമര്‍ഷത്തോടെ പ്രതികരിക്കുന്നയെന്ന 70 കളിലെ അമേരിക്കന്‍ ആശയങ്ങള്‍ കടലും താണ്ടി കൊച്ചു കേരളത്തിലെത്തിയതിന്റെ ആദ്യ വെടി പൊട്ടലായിരുന്നു കൊച്ചിയിലെ ഈ നഗ്‌നയോട്ടം.

മേരിലാൻ്റ് സർവ്വകലാശാലയിലെ കൂട്ട നഗ്നയോട്ടം

കൊച്ചിയിലെ ആദ്യ നഗ്‌നയോട്ടം കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ മുഴുവന്‍ പ്രസിദ്ധി നേടിയ ഒരു സ്ട്രീക്കിങ് കൂടി നടന്നു. ഒറ്റയാള്‍ ഓട്ടമായിരുന്നു അത്. 1974 ഡിസംബറില്‍. ബോംബെയില്‍ ജുഹു ബീച്ചില്‍ യൗവനവും ലൈംഗികതയും ആഘോഷമാക്കിയിരുന്ന 25 കാരിയായ പ്രൊതിമ ബേദി ബോബെയിലെ ജുഹു ‘നഗ്‌നയോട്ടം’ നടത്തി. ബോളിവുഡിലെ അന്നത്തെ മറ്റൊരു ഗ്ലാമര്‍താരം സീനത്ത് അമന്റെ കവര്‍ ചിത്രത്തോടെ പുറത്തിറങ്ങിയ ആദ്യ ലക്കം സിനി ബ്ലിറ്റ്‌സില്‍ അകത്തെ പേജില്‍ പ്രൊതിമ ബേദിയുടെ നഗ്‌നയോട്ട ചിത്രം തിളങ്ങിനിന്നു. സ്വാഭാവികമായും സിനി ബ്ലിറ്റ്‌സ് ചൂടോടെ വിറ്റുപോയി. പ്രൊതിമയുടെ നഗ്‌നയോട്ട ചിത്രം പ്രസിദ്ധമായ ഒരു ഐക്കണ്‍ ചിത്രമായി ക്രമേണ ഇന്ത്യയില്‍ പ്രചരിച്ചു. ഈ സംഭവം സിനി ബ്ലിറ്റ്‌സിന്റെ എഡിറ്റര്‍ റീത്ത മേത്തയുടെ, വാരികയ്ക്ക് വേണ്ടിയുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നെന്ന് മാത്രം.

1974 ൽ ഓസ്കർ വേദിയിലെ സ്ട്രീക്കിങ്ങ്

1974-ലെ ഓസ്‌കര്‍ വേദിയിലും ഒരു സ്ട്രീക്കര്‍ ഓടിക്കേറി വന്ന് ചരിത്രം സൃഷ്ടിച്ചു. പ്രശസ്ത നടന്‍ ഡേവിഡ് നിവെന്‍ എലിസബത്ത് ടെയ്ലറിന് വേദിയില്‍ അവാര്‍ഡ് നല്‍കുന്ന സമയത്ത് ഡേവിഡ് നിവന്‍ നടിയായ എലിസബത്ത് ടെയ്ലറെ പരിചയപ്പെടുത്തുമ്പോള്‍ സ്ട്രീക്കര്‍ റോബര്‍ട്ട് ഓപ്പല്‍ വിക്ടറി ചിഹ്നം ഉയര്‍ത്തിക്കാട്ടി ഡേവിഡ് നിവനെ മറികടന്ന് നഗ്‌നനായി വേദിക്ക് കുറുകെ ഓടി. ആള് ചില്ലറക്കാരനല്ലായിരുന്നു. അന്നത്തെ കാലിഫോര്‍ണിയ ഗവര്‍ണറും പിന്നീട് അമേരിക്കന്‍ പ്രസിഡന്റുമായ റൊണാള്‍ഡ് റെയ്ഗന്റെ പ്രസംഗമെഴുത്തുകാരനും ഒരു ഫോട്ടോഗ്രാഫറും കൂടിയായിരുന്നു ആക്റ്റിവിസ്റ്റായ ഓപ്പല്‍. ലോസ് ഏഞ്ചല്‍സ് യൂണിഫൈഡ് സ്‌കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപകനുമായിരുന്നു. ഓസ്‌കര്‍ സംഭവത്തെത്തുടര്‍ന്ന് ഓപ്പലിന്റെ അദ്ധ്യാപക ജോലി തെറിച്ചു.

2024 ലെ ഓസ്‌കര്‍ വേദിയിൽ ജോൺ സീന

ഇതിന്റെ 50-ാം വാര്‍ഷികാഘോഷം കഴിഞ്ഞവര്‍ഷം ഓസ്‌കര്‍ വേദിയില്‍ സദസ്യരെ അമ്പരിപ്പിച്ച് കൊണ്ടുനടന്നു. 2024 ഓസ്‌കര്‍ ചടങ്ങിലെ അവതാരകന്‍ ജിമ്മി കിമല്‍ 50 വര്‍ഷം മുന്‍പ് ഓസ്‌കര്‍ വേദിയില്‍ നടന്ന പഴയ സ്ട്രീക്കിങ്ങിനെ കുറിച്ച് പരാമര്‍ശിക്കവേ, വസ്ത്രാലങ്കാര പുരസ്‌കാരം നല്‍കാന്‍ വസ്ത്രമില്ലാതെ ഏതാണ്ട് നഗ്‌നനായി അന്നേരം സ്റ്റേജില്‍ പ്രതൃക്ഷപ്പെട്ട പ്രശസ്ത ബോക്‌സര്‍ ജോണ്‍ സീന ജേതാവിന്റെ പേര് വായിക്കും മുന്‍പ് പറഞ്ഞു. ‘വസ്ത്രാലങ്കാരമെന്നത് വളരെ വളരെ പ്രധാനപ്പെട്ടതാണ് ‘ വേദിയിലുള്ളവര്‍ ഇത് കണ്ട് ചിരിച്ച് മറിഞ്ഞു.

1975 ഓഗസ്റ്റ് 4 ന് ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നടക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാരായ അലന്‍ നോട്ടും ബോബ് വൂളിമറും ബാറ്റ് ചെയ്യുന്ന വേളയില്‍ ഒരു യുവാവ് നഗ്‌നനായി ഓടി വന്നു. അയാള്‍ കാലില്‍ വെള്ള ഷൂവും കറുത്ത സോക്‌സും ധരിച്ചിരുന്നു. ബാറ്റ്‌സ്മാനും അമ്പയറും, കാണികളും നോക്കി നില്‍ക്കെ അയാള്‍ വിക്കറ്റിന് മുകളിലൂടെ കുറുകെ ചാടി.

ലോഡ്സിൽ സ്ട്രീക്കർ വിക്കറ്റിന് മുകളിലൂടെ ചാടുന്നു

അന്ന് ക്രിക്കറ്റിലെ ആദ്യ സ്ട്രീക്കിങ് ചെയ്തത് മര്‍ച്ചന്റ് നേവിയിലെ ഒരു പാചകക്കാരനായ ഇംഗ്ലീഷുകാരന്‍ മൈക്കേല്‍ ആഞ്ചലോ ആയിരുന്നു. ”വിരസമായ ആ ക്രിക്കറ്റ് കളി കണ്ടിരുന്ന കാണികള്‍ അതോടെ ഉഷാറായി’ സ്റ്റേഡിയത്തിലെ കമന്റേറ്റര്‍ ജോണ്‍ ആര്‍ലോട്ട് പ്രേക്ഷകരോട് ആഹ്ലാദത്തോടെ പറഞ്ഞു. ഹര്‍ഷാരവത്തോടെ ഈ രസികന്‍ കാഴ്ച ആസ്വദിച്ച കാണികള്‍ കൈയടിച്ച് സ്ട്രീക്കറെ അഭിനന്ദിച്ചു. ഇതോടെ ക്രിക്കറ്റില്‍ ഇത് സ്ഥിരം കാഴ്ചയായി.

1986 ലെ ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ബാറ്റ്സ്മാൻ ഗവാസ്ക്കറുടെ അടുത്തെത്തിയ നഗ്നയോട്ടക്കാരി

1986 ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബാറ്റ് ചെയ്യുന്ന സുനില്‍ ഗവാസ്‌കര്‍ക്ക് നേരെ ക്രീസിലേക്ക് ഒരു സുന്ദരി അര്‍ധനഗ്‌നയായി ഓടി വന്നത് ലോകം മുഴുവന്‍ ടിവി യിലൂടെ കണ്ടു. ‘ഗവാസ്‌കര്‍ അവരോട് കൈചൂണ്ടി കാണിച്ച് പറഞ്ഞു’ ‘ഹൈ ഹീല്‍ഡ് ചെരുപ്പ് ക്രിക്കറ്റ് പിച്ച് കേടുവരുത്തും’!

1997-ല്‍ പെര്‍ത്തിലെ WACA-യില്‍ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ക്വീന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ഫൈനലില്‍, മത്സരം നടക്കുമ്പോള്‍ അര്‍ദ്ധനഗ്‌നനായ ഒരാള്‍ ഗ്രൗണ്ടിലേക്ക് ഓടിവന്നു. അയാള്‍ ക്രിക്കറ്റ് സ്റ്റമ്പില്‍ നിന്ന് ബെയില്‍സ് എടുക്കാന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നതിന് മുമ്പ്, ഫീല്‍ഡ് ചെയ്യുകയായിരുന്ന അസാമാന്യ കായികക്ഷമതയുള്ള താരമായ ആന്‍ഡ്രൂ സൈമണ്ട്‌സ്. ഓടിയെത്തി അയാളെ പിടികൂടി നിലത്തേക്ക് തള്ളിയിട്ടു. ഒപ്പം വീണ സൈമണ്‍സ് കൈ വെയ്ക്കും മുന്‍പ് അയാള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

1997 ൽ ആൻഡ്രു സൈമൺസ് ഗൗണ്ടിൽ എത്തിയ സ്ട്രീക്കറെ പിടികൂടുന്നു

ലോകത്തിനോടുള്ള പ്രതിഷേധ സൂചകമായി ആരംഭിച്ച, സ്ട്രീക്കിങ് പിന്നെ മാധ്യമ ശ്രദ്ധ നേടാനുള്ള ഒരു സംഭവം മാത്രമായി മാറി. 1992 ല്‍ കൊച്ചിയില്‍ വീണ്ടും ലോ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഉച്ചനേരത്ത് നഗ്‌നരായി ഓടി ചരിത്രം ആവര്‍ത്തിച്ചു. കാലം മാറിയത് അവരറിഞ്ഞില്ല.. പോലീസ് പൊക്കി അകത്തിട്ടു. ഈ നഗ്‌നയോട്ടം റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രലേഖകന് തല്ല് കിട്ടിയതാണ് ഇതിന്റെ ബാക്കി പത്രം. മുന്‍ഗാമികളെപ്പോലെ പത്രക്കാരെ സ്‌നേഹിക്കുന്ന തലമുറയല്ലായിരുന്നു അന്നത്തെ ഓട്ടക്കാര്‍.

പന്ത്രണ്ട് വര്‍ഷം മുന്‍പാണ് അവസാനം കൊച്ചിയില്‍ ഒരു നഗ്‌നയോട്ടം നടന്നത്. അത് ഒറിജിനല്‍ പ്രതിഷേധം. അതൊരു ഒറ്റയാള്‍ ഓട്ടമായിരുന്നു. 2012 ഡിസംബറില്‍, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഒരു യുവാവ് കൊച്ചി നഗരമധ്യത്തില്‍ വൈകിട്ട് നാല് മണിയോടെ നഗ്‌നയോട്ടം നടത്തി. തിരക്കേറിയ എം. ജി. റോഡില്‍ യുവാവ് പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചാണ് നഗ്നനായി ഓടിയത്. അഴിമതിയാരോപിതനായ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്‍ രാജിവെയ്ക്കുകയെന്നും അതിനു താഴെ എറണാകുളം ലോ കോളേജ് എന്നും എഴുതിയിരുന്നു.

2012 ൽ കൊച്ചിയിൽ നടന്ന ഒറ്റയാൻ നഗ്നയോട്ടം

ആദ്യത്തെ നഗ്‌നയോട്ടം റിപ്പോര്‍ട്ട് ചെയ്ത സത്യനെന്ന സത്യവ്രതന്‍ കേരളത്തിലെ തന്നെ, ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്മാരിലൊരാളായിരുന്നു. 30 വര്‍ഷത്തോളം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. ന്യൂസ് കോര്‍ഡിനേറ്ററായി 1988 ല്‍ വിരമിച്ചു. പിന്നീട് കേരളകൗമുദി ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായി. 1993 മുതല്‍ പതിനഞ്ച് വര്‍ഷത്തോളം കേരള പ്രസ് അക്കാഡമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ഡയറക്ടറായിരുന്നു. 2010 ജനുവരി 25 ന് അന്തരിച്ചു.

സോഷ്യല്‍ മീഡിയയോ ചാനലുകളോ ഇല്ലാത്ത ശിലായുഗത്തിലാണ് ഈ സംഭവം നടന്നതെങ്കിലും ബ്രോഡ് വേയിലെ നാല് ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നഗ്‌നയോട്ടം ലൈവ് കണ്ടവരുടെ മനസില്‍ ഇന്നും ഓടുന്നുണ്ട്. അര നൂറ്റാണ്ട് പിന്നിട്ട അനശ്വരമായ, ആ ‘ബ്ലാക്ക് ആന്റ് വൈറ്റ്’ റീല്‍.the second naked running is 50 years old today 

Content Summary: the second naked running is 50 years old today

This post was last modified on April 1, 2025 12:23 pm

അമർനാഥ്‌:
Related Post
Leave a Comment