ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളെ സംസ്‌കരിക്കാനാകാതെ മ്യാന്‍മര്‍. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന സാഗൈങ്ങിനെ കൂടുതല്‍ ദുരിതത്തിലാക്കിയാണ് ഇപ്പോള്‍ കുന്നുകൂടി കിടക്കുന്ന മനുഷ്യശരീരങ്ങളുടെ ദുര്‍ഗന്ധവും നിറഞ്ഞിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം മധ്യ മ്യാന്‍മറിനെ പിടിച്ചുലച്ചിരുന്നു. കെട്ടിടങ്ങളും പഗോഡകളും തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് ജീവിതങ്ങളും അതിനടിയില്‍പ്പെട്ട് അവസാനിച്ചു. പക്ഷേ ദിവസങ്ങള്‍ കഴിയുമ്പോഴും ദുരന്തത്തിന്റെ വ്യാപ്ത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന മരണ സംഖ്യയും പരിക്കേറ്റവരുടെ എണ്ണവുമാണ് ദുരന്തത്തിന്റെ ആഴം മനസിലാക്കുന്നതിനുള്ള വഴി.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന സാഗൈങ്ങിലെ ഒരു സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടിക്കിടക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കാതെയിരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടിക്കിടക്കുന്ന ശവശരീരങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം പരിസരമാകെ വ്യാപിക്കുകയാണ്.
‘ഇന്നലെ മുതല്‍ മൃതദേഹങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴത് വിവിവരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. നഗരത്തില്‍ നിന്ന് മൃതദേഹങ്ങള്‍ ഇതുവരെ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ല,’ സാഗൈങ്ങ് സ്വദേശിയായ 20 വയസ്സുള്ള അയ് മോ ദി ഗാര്‍ഡിയനോട് പങ്കുവയ്ക്കുന്ന വിഷമമാണിത്.
ഔദ്യോഗിക കണക്കനുസരിച്ച്, ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,000 കവിഞ്ഞു. അനൗദ്യോഗികമായി പറയുന്നത്, ഈ സംഖ്യ കൂടാതെ ആയിരക്കണക്കിന് പേര്‍ കൂടി കൊലപ്പെട്ടിട്ടുണ്ടെന്നാണ്. മരണസംഖ്യ 10,000 കവിയുമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കുകൂട്ടുന്നത്.
രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം, ഗാര്‍ഡിയനോട് സംസാരിച്ച അയ് മോയുടെ വാക്കുകളിലുണ്ട്. ‘ഒരു ശവക്കുഴിയില്‍ 10 മൃതദേഹങ്ങള്‍ വീതം വെച്ച് ആളുകളെ അടക്കം ചെയ്യണം,’ സാഗൈങ്ങിലെ സാഹചര്യമിതാണെന്ന് ആയ് മോ പറയുന്നു, ‘ഇവിടെ ആവശ്യത്തിന് സ്ഥലമില്ലാതെ വരുന്നതുകൊണ്ട്, മൃതദേഹങ്ങള്‍ മണ്ടാലെയിലേക്ക് കൊണ്ടുപോയി ദഹിപ്പിക്കേണ്ടി വരും, പക്ഷേ അവിടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ആവശ്യത്തിന് ചൂളകളില്ല.’
ശരിക്കും എന്താണ് രാജ്യത്തെ അവസ്ഥയെന്ന് മനസിലാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് മ്യാന്‍മറില്‍ ഉള്ളതെന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. 2021 ല്‍ അട്ടിമറിയിലൂടെ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. അതിനുശേഷം മ്യാന്‍മറിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ വംശീയ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. വിദേശമാധ്യമങ്ങള്‍ക്ക് അവര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭൂകമ്പത്തിനുശേഷമുള്ള രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് തടസങ്ങളുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
സൈനിക അട്ടിമറിയെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധം അടിച്ചമര്‍ത്താന്‍ സൈന്യം കൊടുംക്രൂരതയാണ് നടത്തുന്നത്. ഇത് ലോകം അറിയാതിരിക്കാന്‍ രാജ്യത്തുണ്ടായിരുന്ന വിദേശ മാധ്യമങ്ങളെയെല്ലാം അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്ക് നാടുകടത്തി. അതുകൊണ്ട് സൈനിക അടിച്ചമര്‍ത്തലുകളിലും ഇപ്പോള്‍ പ്രകൃതിദുരന്തത്തിലും രാജ്യം എന്തൊക്കെ ദുരിതം നേരിടുന്നുണ്ടെന്ന് കൃത്യമായി മനസിലാക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് കൃത്യമായി കഴിയുന്നില്ലെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മാധ്യമങ്ങളുള്ളത്.
നിലവില്‍ ജനം വളരെയേറെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയ് മോ കൂടുതല്‍ കാര്യങ്ങള്‍ ഗാര്‍ഡിയനോട് പറയുന്നുണ്ട്.’
‘എല്ലാം സ്വയം ചെയ്യേണ്ടി വരികയാണ് ഞങ്ങള്‍ക്ക്. എത്ര മൃതദേഹങ്ങളുണ്ടെന്ന് ഇപ്പോഴും കൃത്യമായി ഞങ്ങള്‍ക്ക് അറിയില്ല, ‘പ്രധാന ആശുപത്രികളിലെല്ലാം, രോഗികളും ശവശരീരങ്ങളും നിറഞ്ഞിരിക്കുകയാണ്, നിയന്ത്രിക്കാന്‍ കഴിയാത്തവിധമാണ് സാഹചര്യം. ആള്‍ബലമില്ല, ചെറുപ്പക്കാരും അധികമില്ല, ചിലര്‍ കാട്ടിലേക്ക് ഓടിപ്പോയി, മറ്റുള്ളവര്‍ രാജ്യം വിട്ടു’. ഒരു വലിയ ദുരന്തത്തിനിടയില്‍ നിസ്സഹായരായി പോയ മനുഷ്യരുടെ നിരശായും വേദനയും ആയ് മോയുടെ വാക്കുകളിലുണ്ട്. തിങ്കളാഴ്ച്ച വരെ രക്ഷാപ്രവര്‍ത്തകര്‍ സാഗൈങ്ങില്‍ എത്തിയിട്ടില്ലെന്നാണ് ആയ് മോ ഗാര്‍ഡിയനോട് പറയുന്നത്.
നഗരം മൊത്തത്തില്‍ നശിച്ചിരിക്കുന്നുവെന്നാണ് മറ്റൊരു സാഗൈങ് നിവാസിയായ ഓങ് ഗി എന്ന 25 കാരന്‍ ഗാര്‍ഡിയനോട് പറയുന്നത്. ഭക്ഷണം, വെള്ളം തുടങ്ങി ഒരു കൊതുകുതിരി പോലും തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നാണ് ഗി വിലപിക്കുന്നത്. രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീണിട്ടുണ്ട്. ആളുകള്‍ ഇപ്പോഴും അതിനകത്ത് കുടുങ്ങി കിടക്കുകയാണ്. അവരെ പുറത്തെത്തിക്കാന്‍ കഴിയുന്നില്ല’ ആ മനുഷ്യര്‍ നേരിടേണ്ടി വരുന്ന ഭീകരമായ സാഹചര്യമാണ് ഗിയുടെ വാക്കുകളില്‍ ഉള്ളത്. സാഗൈങ്ങിലെ ഒരു പ്രധാന പാലം ഭൂകമ്പത്തില്‍ തകര്‍ന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വലിയ വാഹനങ്ങള്‍ ഇങ്ങോട്ട് വരുന്നത് തടസപ്പെട്ടുവെന്നും ഓങ് ഗി പറയുന്നു.
നഗരത്തില്‍ നിന്നും അകലെയായി ഉയര്‍ന്ന പ്രദേശങ്ങളിലും ഭൂകമ്പം നാശം വിതച്ചിട്ടുണ്ട്. അത്തരം വിദൂര മേഖലകളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമങ്ങള്‍ക്കോ കന്യാസ്ത്രി മഠങ്ങള്‍ക്കോ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെക്കുറിച്ചും ഇപ്പോഴും ഒരുവിവരവുമില്ലെന്നു കൂടി ഓങ് ഗി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അത്തരം മേഖലളില്‍ സംഭവിച്ച നാശനഷ്ടങ്ങളോ ആളപായങ്ങളോ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്.
ചൈന, ഇന്ത്യ, റഷ്യ, യുഎസ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും അടിയന്തര സഹായവും നയ്പിറ്റോ വഴി മ്യാന്‍മറിലേക്ക് എത്തുന്നുണ്ട്. എന്നിരുന്നാലും, ഭൂകമ്പ നാശനഷ്ടങ്ങളും രാജ്യത്ത് തുടരുന്ന ആഭ്യന്തരയുദ്ധവും കാരണം ആവശ്യമുള്ളവര്‍ക്ക് ഈ സഹായം എത്തിക്കുന്നത് വലിയ വെല്ലുവിളിയായിക്കുകയാണ്. ഭൂകമ്പം മ്യാന്‍മറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും തകര്‍ത്തിട്ടുണ്ട്. തകര്‍ന്ന റോഡുകളും, പാലങ്ങളും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായത് ജനങ്ങളുടെ ബുദ്ധിമുട്ട് കൂട്ടുകയാണ്. ഇതിലെല്ലാം വലിയ പ്രതിസന്ധി നിലവിലുള്ള ആഭ്യന്തര സംഘര്‍ഷമാണ്. ഇത്തരത്തില്‍ നിരവധി വെല്ലുവിളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്. Myanmar earthquake: Bodies pile up as cremations are impossible, rescue operations stall
Content Summary; Myanmar earthquake: Bodies pile up as cremations are impossible, rescue operations stall
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.