ദ സീക്രട്ട് ഏജന്റിലെ മഞ്ഞ ടീഷര്‍ട്ട് എങ്ങനെ ബ്രസീലില്‍ തരംഗമായി?

ടീഷര്‍ട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ നിന്ന് നിമിഷനേരം കൊണ്ട് വിറ്റുതീരുകയാണ്

The Secret Agent T Shirt

നാല് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളും രണ്ട് ബാഫ്റ്റ നാമനിര്‍ദ്ദേശങ്ങളും നേടിയ ബ്രസീലിയന്‍ ചിത്രം ‘ദ സീക്രട്ട് ഏജന്റ്’ സിനിമയിലെ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടൊരു മഞ്ഞ ടീഷര്‍ട്ട്, അതിപ്പോള്‍ ബ്രസീലിയന്‍ പുരോഗമനവാദികള്‍ക്കിടയിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ്.

ബ്രസീലിലെ ഒലിന്‍ഡ നഗരത്തിലെ ഒരു കാര്‍ണിവല്‍ ഗ്രൂപ്പായ ‘പിറ്റോംബെയ്‌റ ഡോസ് ക്വാട്രോ കാന്റോസ്’ 1978-ലാണ് ആദ്യമായി ഈ വസ്ത്രം പുറത്തിറക്കിയത്. മുന്‍കാലങ്ങളില്‍ മാസത്തില്‍ കഷ്ടിച്ച് കുറച്ചു ഡസന്‍ മാത്രമായിരുന്നു ഇവ വിറ്റുപോയിരുന്നത്. എന്നാല്‍ അതേ ടീഷര്‍ട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ നിന്ന് നിമിഷനേരം കൊണ്ട് വിറ്റുതീരുകയാണ്.

ചിത്രത്തിലെ നായകന്‍ വാഗ്‌നര്‍ മൗറ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ടീഷര്‍ട്ടിന്റെ ആവശ്യം കുതിച്ചുയര്‍ന്നത്. ബ്രസീലിലെ രണ്ട് പതിറ്റാണ്ട് നീണ്ട ക്രൂരമായ സൈനിക സ്വേച്ഛാധിപത്യ ഭരണകാലത്തെക്കുറിച്ചുള്ള രാഷ്ട്രീയ ത്രില്ലറാണ് ഈ ചിത്രം. മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ തീവ്ര വലതുപക്ഷ അനുകൂലികള്‍ ബ്രസീലിന്റെ ഔദ്യോഗിക ഫുട്‌ബോള്‍ ടീഷര്‍ട്ടിനെ (പച്ചയും മഞ്ഞയും) സ്വന്തം അടയാളമായി മാറ്റിയതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ പ്രതികരണമായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്ക്കും ഈ ടീഷര്‍ട്ട് സമ്മാനമായി ലഭിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഈ ടീഷര്‍ട്ട് ഒരു പ്രധാന പ്രചാരണ ചിഹ്നമായി മാറിയേക്കാം.

സിനിമ റിലീസ് ചെയ്ത നവംബര്‍ മുതല്‍ ഇതുവരെ 10,000-ത്തിലധികം ടീഷര്‍ട്ടുകള്‍ വിറ്റുപോയതായാണ് കണക്ക്. മുന്‍പ് ഒരു വര്‍ഷം മുഴുവന്‍ വിറ്റിരുന്നത് 3,000-ല്‍ താഴെ മാത്രമായിരുന്നു. ഫാക്ടറിയില്‍ നിന്ന് എത്തുന്ന വസ്ത്രങ്ങള്‍ ദിവസവും വിറ്റുതീരുന്നതായി പിറ്റോംബെയ്‌റയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മാറ്റിയൂസ് കാമരോട്ടി പറഞ്ഞു.

ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ ഏകദേശം 1004 രൂപയാണ് ടീ ഷര്‍ട്ടിന്റെ വിലയായി കാണിക്കുന്നത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പിന് 2635 വരെ വിലയുണ്ട്. ഡിമാന്‍ഡ് കൂടിയതോടെ തെരുവ് വിപണികളില്‍ വ്യാജ ടീഷര്‍ട്ടുകളും ഇറങ്ങുന്നുണ്ട്. അവ വാങ്ങരുതെന്ന് ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

റിയോ ഡി ജനീറോയിലെ സാമ്പ നൃത്തത്തില്‍ നിന്ന് വ്യത്യസ്തമായി, ബ്രസീലിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ‘ഫ്രെവോ’ താളത്തിലാണ് ഒലിന്‍ഡയിലെ കാര്‍ണിവലുകള്‍ നടക്കുന്നത്. സൈനിക മാര്‍ച്ചുകളുടെ താളവും ആഫ്രോ-ബ്രസീലിയന്‍ സ്വാധീനവുമുള്ള ഇതില്‍ കാഹളങ്ങളും ട്രോംബോണുകളും ഉപയോഗിക്കുന്നു. കളര്‍ഫുള്‍ കുടകള്‍ ഉപയോഗിച്ചുള്ള പ്രത്യേക ചുവടുകളാണ് ഫ്രെവോയുടെ പ്രത്യേകത.

1970-കളിലെ ഫോട്ടോകള്‍ പരിശോധിച്ചാണ് കോസ്റ്റ്യൂം ഡിസൈനര്‍ റീത്ത അസെവെഡോ ഈ ഷര്‍ട്ട് നായകന് നല്‍കാന്‍ തീരുമാനിച്ചത്. സൈനിക ഭരണകൂടത്തില്‍ നിന്ന് ഒളിവില്‍ കഴിയുന്ന നായകന് കാര്‍ണിവല്‍ ഗ്രാമവാസികള്‍ നല്‍കുന്ന സ്വീകരണ സമ്മാനമായാണ് സിനിമയില്‍ ഈ ഷര്‍ട്ടിനെ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പിന് താങ്ങായി ഈ അപ്രതീക്ഷിത വിജയം പിറ്റോംബെയ്‌റ എന്ന കലാസംഘത്തിന് വലിയ സാമ്പത്തിക സഹായമായി. കാര്‍ണിവല്‍ പരേഡുകള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ ഏകദേശം 15.8 ലക്ഷം തുക ഇപ്പോള്‍ ഷര്‍ട്ട് വില്‍പനയിലൂടെ ലഭിച്ചു കഴിഞ്ഞു. തങ്ങളുടെ കലയെ സഹായിക്കുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചതായി കോസ്റ്റ്യൂം ഡിസൈനര്‍ റീത്ത പറഞ്ഞു.

Content Summary; The Secret Agent movie a vintage yellow T-shirt trending with Brazilian progressives, after Wagner Moura wore it in The Secret Agent

This post was last modified on January 31, 2026 10:52 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment