കേരളത്തില്‍ 1952 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി നൂല് കെട്ടിയിറങ്ങിയ രണ്ടു പ്രമുഖര്‍ കോട്ടയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായി വന്നു. ജോണ്‍ എബ്രഹാമിന്റെ കഥയുടെ തലക്കെട്ടിന് ഉത്തരം പോലെ, ‘രണ്ട് മത്തായിമാര്‍’ ഒടുവില്‍ രണ്ടുപേരും മത്സരിക്കാന്‍ കഴിയാതെ വ്യത്യസ്തമായ വിധത്തില്‍ ഒഴിവാക്കപ്പെട്ടു. ഒരാള്‍ സങ്കേതികമായി അയോഗ്യതയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുറംതള്ളപ്പെട്ടെങ്കില് മറ്റെയാള്‍ മത്സരിക്കാന്‍ ‘ഒരിക്കലും യോഗ്യനല്ല’ എന്ന് മുദ്രകുത്തി ഉപജാപം നടത്തി ചിലര്‍ അയാളെ ഒഴിവാക്കി.
ആ തെരഞ്ഞടുപ്പ് കഥകള്‍ ഇങ്ങനെ:
സാക്ഷാല്‍ ജോണ്‍ എബ്രഹാം ‘കോട്ടയത്ത് എത്ര മത്തായിമാര്‍? എന്ന പ്രശസ്ത കഥ എഴുതുന്നതിന് എത്രയോ മുന്‍പ് നടന്ന സംഭവമാണ്, എന്നാല്‍ കഥയുമായി ഒരു ബന്ധവും ഇതിനില്ല. ഇത് രണ്ട് മത്തായിമാര്‍ കോട്ടയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ ചരിത്രം. കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ നൂല് കെട്ടിയിറക്കുന്ന പരിപാടി ആദ്യം തുടങ്ങിയത് കോണ്‍ഗ്രസാണ്. 1952 ലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ അത് നടന്നു. ആദ്യത്തെ ഇറക്കുമതി സ്ഥാനാര്‍ത്ഥി കേരളത്തിലെത്തി. അങ്ങനെ മത്സരിക്കാന്‍ ആദ്യത്തെ മത്തായി കേന്ദ്രത്തില്‍ നിന്ന് കോട്ടയത്ത് എത്തി. ഡോക്ടര്‍ ജോണ്‍ മത്തായി. പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍. അന്ന് തിരുകൊച്ചി പാര്‍ലമെന്റ് മണ്ഡലമായിരുന്നു കോട്ടയം. പക്ഷേ, വന്നയാള്‍ സാധാരണക്കാരനല്ലായിരുന്നു.

മലയാളിയായിരുന്ന മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി ഡോക്ടര്‍ ജോണ്‍ മത്തായി. അമ്മ കോട്ടയംകാരി. പിതാവായ തോമസ് മത്തായിയും തിരുവിതാംകൂറുകാരന്. അദ്ദേഹം കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ്, അവിടെ വെച്ച് ജോണ്‍ മത്തായി ജനിച്ചത്. ജോണ്‍ മത്തായി ഉയര്‍ന്ന വിദ്യഭ്യാസം ചെയ്തതൊക്കെ, വടക്കേ ഇന്ത്യയിലും വിദേശത്തും.
ഇന്ത്യ കണ്ട ഏറ്റവും സമര്‍ത്ഥനായ ധനകാര്യ വിദഗ്ദ്ധന്മാരിലൊരാള്. ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം 1950 ഫെബ്രുവരി 28 ന് പ്രഥമ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി. ബജറ്റിന്റെ ആദ്യ ഭാഗം അവതരിപ്പിച്ചത് പ്രസംഗ രൂപത്തില്‍. ഒരു കടലാസ് പോലും നോക്കാതെ, വരവ് ചിലവ് കണക്ക് നിരത്തി ശതമാനവും, സഖ്യകളും ഒക്കെ വാക്കാല്‍ പറഞ്ഞ് വള്ളി പുള്ളി തെറ്റാതെ പടി പടിയായി ബജറ്റ് അവതരണം നടത്തി പാര്‍ലമെന്റിനെ അമ്പരിപ്പിച്ചു. കൂടാതെ എസ്ബിഐയുടെ ആദ്യത്തെ ചെയര്മാന്. ബോംബെ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍, National Book Trust 1957 ല്‍ സ്ഥാപിച്ചപ്പോള്‍ ആദ്യത്തെ ചെയര്മാന് തുടങ്ങിയ ഉയര്‍ന്ന പദവികളിലിരുന്ന വ്യക്തിയാണ്.
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമായി നയപരമായി വിയോജിച്ച് മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് ബോംബെയില്‍ ടാറ്റയില്‍ ഡയറക്ടറായി. കോട്ടയത്തെ പ്രശസ്തമായ ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായിരുന്നു ജോണ്‍ മത്തായിയുടെ അമ്മ. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ ഇത്രയൊക്കെ യോഗ്യത അന്ന് ധാരാളം…
1951 ല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ജോണ്‍ മത്തായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരു-കൊച്ചി പാര്‍ലമെന്റ് മണ്ഡലമായ കോട്ടയമാണ് അദ്ദേഹം മത്സരിക്കാന്‍ തിരഞ്ഞെടുത്തത്. 1951 ഒക്ടോബറില്‍ ജോണ്‍ മത്തായി സി.എസ്.ഐ. സഭയുടെ ബിഷപ്പായ സി.കെ. ജേക്കബിന് ബോംബെയില്‍ നിന്ന് ഒരു കത്തെഴുതി.
”തിരുവിതാംകൂറുമായി എനിക്ക് കഴിഞ്ഞ കാലങ്ങളില്‍ നേരിട്ടുള്ള ബന്ധങ്ങള്‍ കുറവായിരുന്നു. തിരുവിതാംകൂറിനെ സേവിക്കാന്‍ ഒരവസരം തിരഞ്ഞെടുപ്പ് മൂലം എനിക്ക് ലഭിക്കുകയാണ്. കോട്ടയത്തോട് എനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. എന്റെ കുടുംബ ബന്ധങ്ങള്‍ കോട്ടയവുമായിട്ടാണ്. കോട്ടയത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ കഴിവുള്ളതെല്ലാം ചെയ്യാമെന്നുറപ്പുണ്ട്.”

ജോണ്‍ മത്തായി മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ട്യൂട്ടര്‍ ആയിരുന്നപ്പോള്‍ സി. കെ ജേക്കബ് അവിടെ അന്ന് വിദ്യാര്‍ത്ഥിയായിരുന്നു. അതിനാല്‍ ബിഷപ്പ് ജോണ്‍ മത്തായിക്ക് ഉറച്ച പിന്തുണ നല്കി. കോട്ടയത്തെ പ്രമുഖരെല്ലാം ജോണ്‍ മത്തായിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്തുണയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ആ കാലത്തെ തിരുവിതാംകൂറിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് പ്രമുഖ വ്യക്തികളായിരുന്നു കെ.സി. മാമ്മന്‍ മാപ്പിളയും എ.വി. ജോര്‍ജും. ഇരുവരും പ്രസിദ്ധീകരിച്ചിരുന്ന ദിനപത്രങ്ങളായിരുന്നു, മലയാള മനോരമയും, കേരളഭൂഷണവും.
ജോണ്‍ മത്തായിയെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയുന്നയിച്ച് മാമ്മന്‍ മാപ്പിള മനോരമയില്‍ തുടര്‍ച്ചയായി നാല് നാള് മുഖപ്രസംഗം തന്നെ എഴുതി. അതിനിടയില്‍ ഡല്‍ഹിയില്‍ മറ്റൊരു പരിപാടി അരങ്ങേറി. ജോണ്‍ മത്തായി തിരഞ്ഞെടുപ്പില്‍ തോല്‍ക്കണം. ആവശ്യം ജവഹര്‍ലാല്‍ നെഹ്റുവിന്റെത്. മത്തായി ജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ തന്നെ വെള്ളം കുടിപ്പിക്കുമെന്നറിയാവുന്ന സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു കരുനീക്കി. നെഹ്റുവിന്റെ ഒത്താശയോടെ
കോണ്‍ഗ്രസ് ഹൈക്കമാന്റ് ജോണ്‍ മത്തായിക്കെതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അദ്ധ്യാപകനായ പി.എസ്. ജോര്‍ജ്ജ്, അഭിഭാഷകനും സാമ്പത്തിക വിദ്ഗദ്ധനുമാണ്. ഓര്‍ക്കുക, മഹാനായ നെഹ്റു ശക്തനായ ഒരു രാഷ്ടീയക്കാരന് കൂടിയായിരുന്നു.

കോട്ടയത്ത് കേരള ഭൂഷണം പത്രയുടമ എ.വി. ജോര്‍ജ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പ് രംഗത്തെത്തിച്ചു. റിപ്പബ്ലിക്കന്‍ പ്രജാ പാര്‍ട്ടിയിലെ ജസ്റ്റിസ് ഗോപാല മേനോന്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഗോപാല മേനോന് കെ.പി.എസ്. മേനോന്റെ മൂത്ത സഹോദരനായിരുന്നു. തോട്ടം ഉടമകളുടെ പ്രാദേശികമായുള്ള ഒരു പാര്‍ട്ടിയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. എ.വി. ജോര്‍ജിന്റെ നിരന്തരമായ സമര്‍ദ്ദം മൂലമാണ് ഗോപാല മേനോന് മത്സരിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ താന്‍ അടുത്തറിയുന്ന ജോണ്‍ മത്തായിയോട് മത്സരിക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല.
കോട്ടയത്തെ സി.എം.എസ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. പി.സി. ജോസഫിന്റെ കോട്ടയത്തെ വസതിയിലായിരുന്നു മത്സരിക്കാനെത്തിയ ജോണ്‍ മത്തായി താമസിച്ചിരുന്നത്. ഗോപാല മേനോന്റെ ഇംഗിതം എങ്ങനെയോ അറിഞ്ഞ പി.സി. ജോസഫ് അദ്ദേഹത്തോട് സംസാരിച്ച്, ഇടപെട്ടതോടെ ഗോപാലമേനോന്‍ മത്സരത്തില്‍ നിന്ന് പിന്മാറി. കമ്മ്യൂണിസ്റ്റുകാരുടെ സ്ഥാനാര്‍ത്ഥി വര്‍ക്കി ശാന്തിസ്ഥാനായിരുന്നു. പിന്നീട് ഇദ്ദേഹം പാര്‍ട്ടി വിട്ട് സര്‍വോദയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി.
തുടക്കത്തിലെ ജോണ്‍ മത്തായിക്ക് ശകുന പിഴയായിരുന്നു. സമ്മതിദായകരുടെ പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്രമനമ്പര്‍ ചേര്‍ക്കുന്ന ഒരു കോളം ഉണ്ടായിരുന്നു. ഈ ക്രമനമ്പര്‍ അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജോണ്‍ മത്തായി ബോംബെയില്‍ നിന്ന് ഇലക്ഷന് കമ്മീഷന് സെക്രട്ടറിക്ക് എഴുതി. ഡല്‍ഹിയിലെ പാര്‍ലമെന്ററി നിയോജക മണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്റെ പേര് അക്കാലത്ത് ഉള്‍പ്പെടുത്തിയിരുന്നത്. 1951 ഒക്ടോബര്‍ 16-ാം തീയതി സെക്രട്ടറി മറുപടി കൊടുത്തു. പക്ഷേ, മറുപടി ജോണ്‍ മത്തായിയുടെ ബോംബെ മേല്‍വിലാസത്തിലാണ് അയച്ചത്. കോട്ടയത്ത് മറുപടി കിട്ടാതിരുന്നപ്പോള്‍ ജോണ്‍ മത്തായി 1951 ഒക്ടോബര്‍ 25-ാംതീയതി ഒരു എക്സ്പ്രസ് ടെലഗ്രാം അയച്ചു:

‘ക്രമനമ്പര്‍ കൊടുക്കാതിരുന്നതുകൊണ്ട് എന്റെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അവസാനതീയതിക്ക് മുമ്പായി കോട്ടയത്തെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദയവായി ടെലഗ്രാം അടിക്കുക.’
1951 ഒക്ടോബര്‍ 27-ാംതീയതിയായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി. അങ്ങനെ ആദ്യത്തെ തടസ്സം നീങ്ങി. നാമനിര്‍ദേശിക പത്രിക നല്‍കാനായി സ്ഥാനാര്‍ത്ഥി പി.എസ്. ജോര്‍ജ് വന്നപ്പോഴാണ് സംഭവം ചൂടായത്. മറ്റൊരാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്കാന് എത്തിയിരിക്കുന്നു. ആലുവ യു.സി. കോളേജ് സ്ഥാപകന്മാരിലൊരാളായ സി.പി. മാത്യു. കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസുകാര്‍ തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ സി.പി. മാത്യു പറഞ്ഞു.
‘നെഹ്റു ആവശ്യപ്പെട്ടാല്‍ ഞാന്‍ പിന്മാറാം’
ഏതായാലും സ്ഥാനാര്‍ത്ഥികള്‍ മൂന്നുപേരും പത്രിക സമര്‍പ്പണം നടത്തി.
എല്ലാ സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ജോണ്‍ മത്തായിയെ ചെന്ന് കണ്ടിരുന്നു. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയും, ജയിക്കേണ്ട ആളും അദ്ദേഹം തന്നെയാണെന്ന് അവര്‍ക്കറിയാമായിരുന്നു. സി.പി. മാത്യു അക്കാലത്ത് ആലുവയിലെ യു.സി. കോളേജ് പ്രിന്‍സിപ്പാളായിരുന്നു. ഡോക്ടര്‍ ജോണ്‍ മത്തായിയോട് വളരെ ആദരവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മത്തായിക്കെതിരെ മത്സരിക്കണമെന്ന് ആഗ്രഹിക്കുകയോ എതിര്‍ക്കണമെന്ന് ഒരിക്കലും ചിന്തിക്കാത്ത ആളായിരുന്നു സി.പി. മാത്യു. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം മലയാള മനോരമ ലേഖകനോട് പറഞ്ഞത്, ‘ഡല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദത്തിന് താന്‍ വഴങ്ങേണ്ടി വന്നു’ എന്നാണ്.

1951 ഒക്ടോബര്‍ 30-ാം തീയതി 11 മണിക്ക് ജില്ലാ കളക്ടറും റിട്ടേണിങ് ഓഫീസറുമായ സയ്യിദ് ഫക്രുദീന്‍ ഷായുടെ ഓഫീസില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. ജില്ലാകലക്ടറായ വരണാധികാരിയുടെ മുന്പില് വെച്ച് പി.എസ്. ജോര്‍ജ് ജോണ്‍ മത്തായിയോട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചു.
1.താങ്കള്‍ ടാറ്റാ ഇന്‍ഡസ്ട്രീറ്റ് ലിമിറ്റഡ് ഡയറക്ടറാണോ?
2.അതിന് വേതനം കൈപറ്റുന്നുണ്ടോ?
3.സര്‍ക്കാരിന് ഓഹരിയുള്ള സ്വകാര്യകമ്പനിയല്ലേ ഇത്?
ജോണ്‍ മത്തായി മൂന്ന് ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം നല്കി. യെസ് !
തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഉദ്ധരിച്ച് അഭിഭാഷകന് കൂടിയായ പി.എസ് ജോര്‍ജ് കത്തിക്കേറി. സര്‍ക്കാരിന് ഓഹരിയുള്ള കമ്പനിയില്‍ ഡയറക്ടറായ, ഈ കമ്പനിയില്‍ വേതനം പറ്റുന്ന വ്യക്തിയാണ് സ്ഥാനാര്‍ത്ഥി. അതിനാല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്ക്കെതിരായതിനാല് പത്രിക തള്ളണം. പി.എസ്. ജോര്‍ജ് വാദിച്ചു.
വാദം ശരിയാണ്. റിട്ടേണിങ്ങ് ഓഫീസറായ കളക്ടര്‍ അത് അംഗീകരിച്ചു പത്രിക തള്ളി. അങ്ങനെ കോട്ടയത്ത് മത്സരിക്കാനെത്തിയ ഡോക്ടര്‍ ജോണ്‍ മത്തായിയുടെ പത്രിക തള്ളി. ജോണ്‍ മത്തായി TATA യില്‍ നിന്ന് മൂന്ന് മാസത്തെ അവധിയെടുത്തായിരുന്നു മത്സരിക്കാനെത്തിയത്. പദവി രാജി വെച്ചായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അങ്ങനെ സാങ്കേതികത്വത്തിന്റെ പേരില്‍ പത്രിക തള്ളപ്പെട്ടു, കോട്ടയത്ത് മത്സരിക്കാനായില്ല ഡോക്ടര്‍ ജോണ്‍ മത്തായിക്ക്.
ഇലക്ഷന് മുന്‍പ് തന്നെ ജോണ്‍ മത്തായിയെ മലര്‍ത്തിയടിച്ച പി.എസ്. ജോര്‍ജ് പത്രിക നല്‍കിയെങ്കിലും ഇലക്ഷനില്‍ മത്സരിക്കാതെ പത്രിക
പിന്‍വലിച്ചു. കാരണം ഡല്‍ഹിയില്‍ നിന്ന് വന്ന ഒരു ടെലഗ്രാം. ”സി.പി മാത്യു സ്ഥാനാര്‍ത്ഥിയാകട്ടെ താങ്കള്‍ പിന്‍വാങ്ങുക”: ടെലഗ്രാം അടിച്ചത് ജവഹര്‍ ലാല്‍ നെഹ്റു.
അങ്ങനെ ജോര്‍ജ് പിന്‍വാങ്ങി. സി.പി. മാത്യു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. ഇലക്ഷനില്‍ ജയിക്കുകയും ചെയ്തു.

അതിന്റെ പിന്നിലും ഒരു കളി നടന്നു. കോട്ടയത്തല്ല അങ്ങ് ഡല്‍ഹിയില്‍. കളിച്ചത് മറ്റൊരു മത്തായി. ജവഹര്‍ലാല്‍ നെഹ്റു ജോണ്‍ മത്തായി ജയിക്കുമോ എന്ന ആശങ്കയിലായിരുന്നു. കേരളത്തിലെ സാഹചര്യം നന്നായി അറിയാവുന്ന ഒരാളോട് നെഹ്റു തന്റെ പാര്‍ട്ടി പി.എസ്. ജോര്‍ജിന്റെ വിജയ സാധ്യതയെ കുറിച്ച് ചോദിച്ചു. ചോദിച്ചത് മലയാളിയും തിരുവിതാംകൂറുകാരനുമായ തന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് എം.ഒ മത്തായിയോടും. മത്തായി നെഹ്റുവിനോട് പറഞ്ഞത് പി. എസ് ജോര്‍ജ് സുഖമായി തോല്‍ക്കും എന്നാണ്.
സി.പി. മാത്യുവാണെങ്കില് ജയിക്കും എന്നായിരുന്നു. സി. പി. മാത്യു, എം. ഒ. മത്തായിയുടെ ഗുരുവായിരുന്നു. ഗുരുവിന് സീറ്റ് കിട്ടാന്‍ പണ്ടേ കുശാഗ്ര ബുദ്ധിയുള്ള ശിഷ്യന് ഒപ്പിച്ച വേലയായിരുന്നു പിന്നീട് നെഹ്റുവിന്റെ ടെലഗ്രാമായി വന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള ആദ്യത്തെ കേന്ദ്ര ഇടപെടലായിരുന്നു അത്.
പത്രിക തള്ളിയതിനെതിരെ ഡോക്ടര്‍ ജോണ്‍ മത്തായി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ബോംബെയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകന് എന്‍.പി. എഞ്ചിനീയറായിരുന്നു ജോണ്‍ മത്തായിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. പക്ഷേ, തിരഞ്ഞെടുപ്പ് കേസ് ഇലക്ഷന് കമ്മീഷനാണ് നിശ്ചയിക്കേണ്ടന്ന കാരണം പറഞ്ഞ് ഹൈക്കോടതി കേസ് തള്ളി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞടുപ്പ് കേസായിരുന്നു അത്.

മലയാള മനോരമ ജോണ്‍ മത്തായിയെ ജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയുന്നയിച്ച് മാമ്മന്‍ മാപ്പിള മനോരമയില്‍ തുടര്‍ച്ചയായി നാല് നാള് മുഖപ്രസംഗം തന്നെ എഴുതിയല്ലോ – ഡിസി കിഴക്കേ മുറി കേരള ഭൂഷണത്തില്‍ തന്റെ പ്രശസ്തമായ പങ്തി ‘കറുപ്പും വെളുപ്പും’ എഴുതുന്ന കാലമാണ്. ഒരു വാര്‍ത്താശകലം കൊടുത്തിട്ട് അതിന് കമന്റ് ഡി.സി. എഴുതുന്നതാണ് ‘ഡി സി യുടെ കറുപ്പും വെളുപ്പും’ പങ്തി.
ആ സമയത്ത് കറുപ്പും വെളുപ്പില്‍ വന്ന ഒരു വാര്‍ത്തയും അതിന്റെ കമന്റും ഇങ്ങനെ:
വാര്‍ത്ത: ഡോ. ജോണ്‍ മത്തായി ടാറ്റാസില്‍ നിന്ന് മൂന്ന് മാസത്തെ അവധിയെടുത്തു.
കമന്റ് : മനോരമയുടെ മുഖപ്രസംഗം വായിച്ച് തീര്‍ക്കാനായിരിക്കും!
ഡോക്ടര്‍ ജോണ്‍ മത്തായിക്ക് ശേഷം മറ്റൊരു മത്തായി കോട്ടയം ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങി. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ പരാമര്‍ശിക്കപ്പെട്ട വിവാദപുരുഷനായിരുന്നു എം.ഒ.മത്തായി. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ്.
കുറെ നാള് തിരുവിതാംകൂര്‍ നാഷണല്‍ ക്വയ്ലോണ് ബാങ്കിന്റെ ഡയറക്ടറായ സി.പി. മാത്തന്റെ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ദിവാന് സര് സി.പി ബാങ്ക് പൊളിച്ചപ്പോള്‍ ബാങ്കിന് വേണ്ടി കേസ് വാദിക്കാന്‍ വന്ന ഒരു ബാരിസ്റ്ററിന് കേസിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മത്തായിയെ ബാങ്ക് ചുമതലപ്പെടുത്തി. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ സുഹൃത്തായിരുന്ന ഈ ബാരിസ്റ്റര്‍ പിന്നീട് ഉത്തരേന്ത്യയിലേക്ക് പോയപ്പോള്‍ മത്തായിയും കൂടെപോയി. അവിടെ വെച്ച് മത്തായിയെ അന്ന് നേതാവായ നെഹ്റുവിനെ പരിചയപ്പെടുത്തി. ഭാവിയില്‍ ജവഹര്‍ലാല്‍ നെഹ്റു ആരായിരിക്കുമെന്ന് മുന്‍കൂട്ടി ഊഹിച്ച എം.ഒ. മത്തായി 1946 മുതല്‍ നെഹ്റുവിന്റെ സഹായിയായി. പിന്നീട് നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ആയി. ക്രമേണ തീന് മൂര്‍ത്തി ഭവനിലെ സര്‍വാധികാരിയായി.

അങ്ങനെ ഡല്‍ഹിയിലെ മറ്റൊരു അധികാരകേന്ദ്രമായി മാറിയ മത്തായിക്കെതിരെ 1960 ല്‍ ഒരു ആരോപണം പുറത്ത് വന്നു. ”A Guard Fly in Prime Minister’s Office.’ എന്ന പേരില്‍ പത്രപ്രവര്‍ത്തകനായ നിഖില്‍ ചക്രവര്‍ത്തിയുടെ ഇന്ത്യാ പ്രസ് എജന്‍സി പുറത്തുവിട്ട ഈ വാര്‍ത്തയില്‍ എം. ഒ. മത്തായിയുടെ അനധകൃതമായ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് മത്തായി ചേച്ചമ്മ എന്ന ട്രസ്റ്റ് ഉണ്ടാക്കിയതും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ഇതേച്ചൊല്ലി പാര്‍ലമെന്റില്‍ ഒച്ചപ്പാട് ഉണ്ടായതോടെ എം.ഒ. മത്തായിക്ക് സ്പെഷ്യല്‍ അസിസ്റ്റന്റ് പദവി രാജി വെയ്ക്കേണ്ടി വന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയില്‍ നിന്ന് നിഷ്ക്കാസിതനായ മത്തായി ഇനി കേരളത്തിലെ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാമെന്നാഗ്രഹിച്ച് കോട്ടയത്തെ പാര്‍ലിമെന്റ് സീറ്റിന് വേണ്ടി ശ്രമം തുടങ്ങി കേരളത്തില്‍ വിമോചന സമരത്തിന് ശേഷം നടന്ന പാര്‍ലിമെന്റ് ഇലക്ഷനില്‍ കോട്ടയത്ത് നിന്ന് എം. ഒ മത്തായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നു. പാര്‍ടിയിലെ ഉന്നതരില്‍ അപ്പോഴും നല്ല സ്വാധീനമുണ്ടായിരുന്ന മത്തായിയുടെ ആഗ്രഹം പോലെ തന്നെ ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വം മത്തായിയുടെ പേര് ശുപാര്‍ശ ചെയ്തു.
അക്കാലത്ത് മന്നത്ത് പത്മനാഭന്റെ വിശ്വസ്തനായ സഹപ്രവര്ത്തകന്
പി. സദാശിവന് പിള്ള ഡല്‍ഹിയില്‍ വന്നപ്പോള്‍ മത്തായി അദ്ദേഹത്തെ ചെന്ന് കണ്ട് NSS ന് താന്‍ 7 ലക്ഷം രൂപ സംഭാവന നല്‍കാമെന്നും (60 കൊല്ലം മുന്‍പുള്ള 7 ലക്ഷം.) മന്നത്തിന്റെ സ്വാധീനം ഉപയോഗിച്ച് പാര്‍ലിമെന്റ് സീറ്റ് വാങ്ങി കൊടുക്കണമെന്നും ഒരു നിവേദനം രഹസ്യമായി നടത്തി. പിന്നിട് സദാശിവന് പിള്ളയില്‍ നിന്ന് ഇക്കാര്യമറിഞ്ഞ മന്നം പൊട്ടിത്തെറിച്ചു, കൈക്കൂലി വാഗ്ധാനം ചെയ്ത് തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നോ? അദ്ദേഹം രൂക്ഷമായി പ്രതികരിച്ചതിനാല്‍ മത്തായിയുടെ പദ്ധതി നടന്നില്ല. ക്രിസ്ത്യന്‍ സമുദായത്തിന്റെ മുഴുവന്‍ പിന്തുണയും കോട്ടയത്ത് തനിക്കു ലഭിക്കുമെന്നാണ് മത്തായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ കോട്ടയത്ത് കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ മത്തായിയേപ്പോലെ അഴിമതിയാരോപണം നേരിട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ മത്തായിയുടെ സീറ്റ് അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കി. കോണ്‍ഗ്രസിന്റെ സജീവ യുവ പ്രവര്‍ത്തകരായ കെ.ടി. തോമസ്, (പിന്നീട് സുപ്രീം കോടതി ജസ്റ്റീസായ കെ.ടി. തോമസ് തന്നെ) പാലാ കെ. എം. മാത്യു തുടങ്ങിയ യുവകോണ്‍ഗ്രസുകാര്‍ സംഘടിച്ച് അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ ഗോവിന്ദന് നായരെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. എം.ഒ. മത്തായി കോട്ടയത്ത് മത്സരിക്കണമെന്നത് പണ്ഡിറ്റ് നെഹറുവിന്റ ആഗ്രഹമാണ് എന്നാണ് സി.കെ.ജി അവരോട് മറുപടി പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷകനായി എത്തിയ യു. എസ്. മല്ലയ്യ കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചതും ഇതാണ്. സി.കെ.ജി അവരോട് പറഞ്ഞു. ആദര്‍ശവാനായ സി.കെ.ജിയും മത്തായി മത്സരിക്കുന്നതിനെതിരായിരുന്നു.
അതോടെ അവരെല്ലാം ആശങ്കകുലരായി. അന്ന് അഭിഭാഷകനായിരുന്ന കെ. ടി. തോമസ് കാര്യങ്ങളൊക്കെ വിശദ്ദീകരിച്ച് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത ഒരു കത്ത് സാക്ഷാല്‍ ജവഹര്‍ ലാല്‍ നെഹറുവിന് പോസ്റ്റ് ചെയ്തു.
‘ നെഹ്റുവിനേപ്പോലെ ആദര്‍ശ സമ്പന്നനായ ഒരു നേതാവ് എം. ഒ. മത്തായിയെപ്പോലെ അഴിമതിയുടെ പൂര്‍വ്വ ചരിത്രമുള്ള ഒരാള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
അഞ്ചാം നാള് മറുപടി കിട്ടി. താന്‍ ഒരിക്കലും മത്തായിക്ക് വേണ്ടി ശുപാര്‍ശ നടത്തിയിട്ടില്ലെന്നും മത്തായിയുടെ പേര് പരിഗണിക്കുന്നതില്‍ എതിര്‍പ്പ് ഉണ്ടോ എന്ന് കേരള കമ്മറ്റി ചോദിച്ചപ്പോള്‍ ഇല്ല എന്ന് മറുപടി കൊടുത്തിട്ടുണ്ട് എന്നായിരുന്നു. നെഹ്റു തന്നെ ഒപ്പിട്ട ആ മറുപടിയില്‍ എഴുതിയിരുന്നത്.
ഇതൊക്കെയാണെങ്കിലും ഉന്നത പാര്‍ട്ടി വൃത്തങ്ങളില്‍ സ്വാധീനമുള്ള
എം.ഒ മത്തായിയെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ എളുപ്പമല്ലെന്ന് മനസിലാക്കിയ കെ. ടി. തോമസും സംഘവും അവസാന ശ്രമത്തിനായി നേരെ ഡല്‍ഹിക്ക് ട്രെയിന്‍ കയറി.
ഡല്‍ഹിയില്‍ അവരെ സഹായിക്കാനെത്തിയത് മാതൃഭൂമിയുടെ വി.കെ മാധവന് കുട്ടിയായിരുന്നു. വി.കെ. കൃഷ്ണമേനോനെതിരെയുള്ള ഉപജാപസംഘത്തിലെ പ്രധാനിയായി എം.ഒ. മത്തായിയെ വെറുത്തിരുന്ന മാധവന് കുട്ടി ശരിയായി എങ്ങനെ നീങ്ങണമെന്ന് അവര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു . ഡല്‍ഹി രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ നന്നായി അറിയാവുന്ന മാധവന് കുട്ടിക്ക് ഇത്തരം കാര്യങ്ങളില്‍ അസാമാന്യ വൈഭവമുണ്ടായിരുന്നു.
ആദ്യം തന്നെ കെ.ടി. തോമസും പാലാ കെ.എം. മാത്യുവും ചേര്‍ന്ന് ഇന്ദിരാ ഗാന്ധിയെ ചെന്നു തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു. അന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റിയിലും കേന്ദ്ര ഇലക്ഷന് കമ്മറ്റിയിലും അംഗമായിരുന്നു ഇന്ദിരാ ഗാന്ധി. കൂടാതെ എം. ഒ മത്തായി കോട്ടയത്തെ മതാദ്ധ്യക്ഷന്മാര്‍ക്ക് എഴുതിയ കത്തുകളുടെ കോപ്പികള്‍ കെ.ടി. തോമസ് കേരളത്തിലെ പാര്‍ട്ടി കാര്യം നോക്കുന്ന ടി. എസ്. പട്ടാഭിരാമന് എം.പിയേയും കാണിച്ച് രേഖകള്‍ നല്കി. കൂടതെ കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളെയും കണ്ട് എതിര്‍പ്പ് അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യം ചര്‍ച്ചക്കെടുത്തു. കോട്ടയത്തെ കാര്യം വന്നപ്പോള്‍ സി.കെ. ഗോവിന്ദന് നായര്‍ പറഞ്ഞു.’ എം.ഒ മത്തായി കോട്ടയത്ത് നിന്നാല്‍ ജയിക്കുന്ന കാര്യം കഷ്ടിയാണ്. മത്തായിക്ക് കേരള രാഷ്ട്രീയവും പൊതുജീവിതവുമായി വലിയ ബന്ധമൊന്നുമില്ല. ആരും അറിയുക തന്നെയില്ല. പിന്നെ ഇന്ദിരാഗാന്ധിക്കു വേണമെന്ന് പറഞ്ഞതു കൊണ്ട് ആ പേര് ഉള്‍പ്പെടുത്തി എന്ന് മാത്രം’
‘ഞാനോ? ഇന്ദിരാ ഗാന്ധി ഉടന്‍ പ്രതികരിച്ചു. അങ്ങനെ ഒരാവശ്യവും ഞാനുന്നയിച്ചിട്ടില്ല’ അതോടെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്ന്
എം. ഒ മത്തായി എന്ന പേര് വെട്ടി മാറ്റി.
ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടതിനാലാണ് താന്‍ ടിക്കറ്റിന് അപേക്ഷിച്ചത് എന്നാണ് മത്തായി സി.കെ.ജിയോട് പറഞ്ഞിരുന്നത്. ബുദ്ധിമാനായ സി.കെ.ജി അവസരം വന്നപ്പോള്‍ ഇന്ദിരാഗാന്ധിയോട് തന്നെ നേരിട്ട് ചോദിച്ചു അത് ഇല്ലാതാക്കി. അങ്ങനെ കോട്ടയം പാര്‍ലമെന്റ് സീറ്റെന്ന മത്തായിയുടെ സ്വപ്നം പൊലിഞ്ഞു. പിറ്റേന്ന് എം. ഒ. മത്തായിക്ക് ടിക്കറ്റ് നിഷേധിച്ചു” എന്നായിരുന്നു 8 കോളം തലകെട്ടില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത നല്കി ആഘോഷിച്ചത്. സംഭവത്തിന്റെ വാര്‍ത്താപ്രാധാന്യം അത്രയുണ്ടായിരുന്നെര്ഥം.
അങ്ങനെ കോട്ടയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞ മത്തായിമാരുടെ എണ്ണം രണ്ട്.
Content Summary: The tale of two Matthais: how national giants lost the battle for Kottayam in 1952