July 13, 2025 |
Share on

ഒളിമ്പിക്സ് 2036; ആതിഥേയത്വത്തിന് മത്സരിക്കാന്‍ ഇന്ത്യയും

ഡല്‍ഹിയെ തള്ളി അഹമ്മദാബാദ് നഗരത്തെ വേദിയാക്കും

2036-ലെ ഒളിമ്പിക്സ് മത്സരങ്ങളുടെ ആതിഥേയത്വത്തിന് വേണ്ടി ആദ്യമായി ഇന്ത്യ ഔദ്യോഗികമായി രംഗത്തിറങ്ങി. എന്നാല്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്ക് ആതിഥ്യമരുളിയ ഡല്‍ഹി നഗരത്തെ തള്ളി അഹമ്മദാബാദ് നഗരത്തിന് വേണ്ടിയാണ് ഇന്ത്യ ശ്രമം നടത്തുന്നത്. അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഭാവിയിലെ ഒളിമ്പിക്സ് മത്സരങ്ങള്‍ക്കുള്ള ആതിഥേയരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന വേളയിലാണ് ഇന്ത്യന്‍ പ്രതിനിധി സംഘം ഒളിമ്പിക്സ് തലസ്ഥാനം എന്നറിയപ്പെടുന്ന, സ്വിറ്റ്സര്‍ലന്‍ഡിലെ, ലോസാനിലെത്തി ഔദ്യോഗിക ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റേയും ഗുജറാത്ത് സര്‍ക്കാരിന്റെയും പ്രതിനിധികളും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ അധ്യക്ഷ പി.ടി.ഉഷയുമാണ് അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഭാരവാഹികളെ കണ്ട് കൂടിയാലോചന നടത്തിയത്.

2032-ലെ ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെന്‍ ആതിഥ്യമരുളും എന്ന തീരുമാനത്തിന് ശേഷം തുടര്‍ ഒളിമ്പിക്സുകളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് തീരുമാനിച്ച് തിരഞ്ഞെടുക്കല്‍ പ്രക്രിയ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് എന്നായിരുന്നു ഐ.ഒ.സിയുടെ പുതിയ അധ്യക്ഷന്‍ കിര്‍സ്റ്റി കൊവെന്റ്രി അറിയിച്ചിരുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യയും 2036-ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിന് മത്സരിക്കുമെന്ന് ഉറപ്പായി. സൗദി അറേബ്യ, ഇന്തോനേഷ്യ, ടര്‍ക്കി, ചിലി എന്നീ രാജ്യങ്ങള്‍ നിലവില്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈജിപ്തും ദക്ഷിണാഫ്രിക്കയും ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

അഹമ്മദാബാദ് നഗരത്തില്‍ ഒളിമ്പിക്സ് ഗെയിംസ് നടത്തുന്നതിനുള്ള സാധ്യതകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് സാധിച്ചതായി വാര്‍ത്തകുറിപ്പില്‍ ഇവര്‍ അറിയിച്ചു. ഒളിമ്പിക്സ് ആതിഥേയത്വത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ഐ.ഒ.സി വളരെ മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ സംഘത്തിന് നല്‍കിയതായും അവര്‍ പറഞ്ഞു. ‘ഇന്ത്യയില്‍ ഒളിമ്പിക്സ് നടക്കുന്നതോടെ 60 കോടിയോളം വരുന്ന ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് സ്വന്തം മണ്ണില്‍ നടക്കുന്ന ഒളിമ്പിക്സിന് സാക്ഷിയാകാന്‍ കഴിയുമെന്നത് മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ വളര്‍ത്തുന്നതിന് പ്രേരകമായി പ്രവര്‍ത്തിക്കുകയും ചെയ്യും. സാമൂഹ്യ-സാമ്പത്തിക വികസനത്തിനും വിദ്യഭ്യാസത്തിനും സംരംഭകത്വത്തിനും നിര്‍ണായകമായ കുതിച്ച് ചാട്ടത്തിന് ഇതുപകരിക്കും.’-വാര്‍ത്താ കുറിപ്പ് അറിയിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്സ് അതിഗംഭീകരമായ ഒന്നായിരിക്കുമെന്നത് മാത്രമല്ല, പ്രധാനം അത് ഭാവി തലമുറയില്‍ സൃഷ്ടിക്കുന്ന സ്വാധീനം അതിനിര്‍ണായകമായിരിക്കും-പി.ടി.ഉഷ പറഞ്ഞു. ഐ.ഒ.സിയുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഗുജറാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് സംസ്ഥാന കായിക മന്ത്രി ഹര്‍ഷ് സാംഘ്വി അറിയിച്ചു.  2036 Olympic Games bid; India officially put forward as host 

Content Summary; 2036 Olympic Games bid; India officially put forward as host

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×