അഹമ്മദാബാദില്‍ ഞായറാഴ്ച്ച ടി20 ലോക കിരീടം മാത്രമല്ല, ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
മൂന്നു ലോക കിരീടങ്ങള്‍
പുരുഷന്മാരുടെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കുന്നത് മൂന്നാമത്തെ കിരീടം. 2007-ലും 2024-ലും കിരീടം നേടിയ ഇന്ത്യ, മൂന്ന് തവണ ഈ ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ടീമായി മാറി. വെസ്റ്റ് ഇന്‍ഡീസും (2012, 2016) ഇംഗ്ലണ്ടും (2010, 2022) രണ്ട് തവണ വീതം കിരീടം നേടിയിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍
തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ഇതിനു മുന്‍പ് നിലവിലെ ചാമ്പ്യന്മാരായ ഒരു ടീമും തൊട്ടടുത്ത ടൂര്‍ണമെന്റില്‍ ഫൈനലില്‍ പോലും എത്തിയിരുന്നില്ല. കൂടാതെ, സ്വന്തം നാട്ടില്‍ ലോകകപ്പ് കിരീടം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി.

തോല്‍വി ശീലം മാറ്റി
ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ജയ-പരാജയ റെക്കോര്‍ഡ് ഇന്നലെ തകര്‍ന്നു. മുന്‍പ് നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ഇന്ത്യക്ക് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ഏക ടീം ശ്രീലങ്കയാണ്.
ഉയര്‍ന്ന ടീം ടോട്ടല്‍
255/5 – ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയ സ്‌കോര്‍, ട്വന്റി20 ലോകകപ്പിലെ ഒരു നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 253/7 എന്ന സ്‌കോറാണ് ഇന്ത്യ തന്നെ മറികടന്നത്. ഇത് പുരുഷ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇതിനുമുമ്പ് ഒരു ടീമും 200 റണ്‍സ് കടന്നിട്ടില്ല.
ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ 96 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. റണ്‍സ് അടിസ്ഥാനത്തില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഈ ലോകകപ്പില്‍ തന്നെ നമീബിയക്കെതിരെ നേടിയ 93 റണ്‍സ് വിജയമായിരുന്നു ഇതിനുമുമ്പത്തെ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റിലെ അവരുടെ ഏറ്റവും വലിയ പരാജയമാണിത്. ന്യൂസിലന്‍ഡിന്റെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ മൂന്ന് തോല്‍വികളില്‍ ഒന്നാണ് അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെയാണ് ഉണ്ടായത്.

ബുംറയുടെ നേട്ടം
ഫൈനലില്‍ ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനം എന്നെന്നും ഓര്‍ത്തിരിക്കുന്നതാണ്. നാലോവറില്‍ വറും 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍. ബുംറയുടെ കരിയറിലെ ആദ്യ ട്വന്റി20 നാല് വിക്കറ്റ് നേട്ടമാണിത്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ നാല് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് ബുംറ. 2012-ല്‍ അജന്ത മെന്‍ഡിസ് (4/12) ആണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. ഫൈനലിലെ താരമായതും ബുംറയായിരുന്നു.
തുടര്‍ച്ചയായി 250 ന് മുകളില്‍
തുടര്‍ച്ചയായ രണ്ട് ട്വന്റി20 മത്സരങ്ങളില്‍ 250-ലധികം റണ്‍സ് നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും (253/7) ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും (255/5) ഇന്ത്യ ഈ നേട്ടം കൈവരിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദ് (ഐപിഎല്‍ 2024) മാത്രമാണ് ഇതിനുമുമ്പ് ട്വന്റി20യില്‍ ഈ നേട്ടം കൈവരിച്ച ടീം.
ഈ ലോകകപ്പില്‍ ഇന്ത്യ 250 റണ്‍സ് കടക്കുന്നത് മൂന്നാം തവണയാണ്. 2026-ല്‍ മാത്രം നാല് തവണ ഇന്ത്യ 250 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇത്രയും തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ.

അഭിഷേകിന്റെ വേഗമേറിയ 50
ന്യൂസിലന്‍ഡിനെതിരെ അഭിഷേക് ശര്‍മ്മ 18 പന്തുകളിലാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറിയാണിത്. സെമിഫൈനലുകളില്‍ ഫിന്‍ അലനും ജേക്കബ് ബെഥലും നേടിയ 19 പന്തിലെ ഫിഫ്റ്റി എന്ന റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്.
റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു
ഫൈനലില്‍ സഞ്ജു സാംസണ്‍ അടിച്ചെടുത്തത് 89 റണ്‍സാണ്. ഒരു ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. മര്‍ലണ്‍ സാമുവല്‍സ് (85*), കെയ്ന്‍ വില്യംസണ്‍ (85) എന്നിവരുടെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്.
ഒരു ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് സഞ്ജു. ഷാഹിദ് അഫ്രീദി (2009), വിരാട് കോഹ്ലി (2014) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ടിം സെയ്ഫെര്‍ട്ടും ഈ മത്സരത്തില്‍ ഫിഫ്റ്റി നേടിയതോടെ ഈ പട്ടികയില്‍ നാലാമനായി.
ചരിത്രം കുറിച്ച ഓപ്പണിംഗ്
അഭിഷേകും സഞ്ജുവും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ഫൈനലില്‍ നേടിയത് 98 റണ്‍സാണ്. ഒരു ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പാണിത്. 2009-ല്‍ കമ്രാന്‍ അക്മലും ഷഹ്സൈബ് ഹസനും ചേര്‍ന്നുകുറിച്ച 48 റണ്‍സ് ആയിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന പാര്‍ട്ണഷിപ്പ്. 50 റണ്‍സ് അധികം നേടി ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അത് തിരുത്തിക്കുറിച്ചു.
പവര്‍ പ്ലേയിലെ പവര്‍
92/0-പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യ നേടിയ സ്‌കോര്‍. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത് (വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനെതിരെ 92/1 നേടിയിട്ടുണ്ട്).
പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ഒരു ബാറ്റര്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന നാലാമത്തെ മത്സരമായിരുന്നു ഫൈനല്‍. അഭിഷേക് ശര്‍മ്മയാണ് ആ റെക്കോര്‍ഡ് ഇട്ടത്. ഈ നേട്ടം ഇത്രയും തവണ കൈവരിക്കുന്ന ആദ്യ താരവും അഭിഷേക് ആണ്.

സഞ്ജുവിന്റെ തുടര്‍ ഫിഫ്റ്റികള്‍
സഞ്ജു സാംസണ്‍ നേടിയ തുടര്‍ച്ചയായ മൂന്നാം 80-പ്ലസ് സ്‌കോറാണ് ഫൈനലില്‍ പിറന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97*, ഇംഗ്ലണ്ടിനെതിരെ 89, ന്യൂസിലന്‍ഡിനെതിരെ 89. 2010ല്‍ മഹേല ജയവര്‍ധനെ മാത്രമാണ് ഇതിനുമുമ്പ് ലോകകപ്പില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ 80-ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. കൂടാതെ സഞ്ജുവിന്റെ കരിയറില്‍ ആദ്യമായാണ് തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്നത്.
ഈ ടൂര്‍ണമെന്റില്‍ സഞ്ജു നേടിയ ആകെ റണ്‍സ് 321. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി സഞ്ജു മാറി. 2014-ല്‍ വിരാട് കോഹ്ലി നേടിയ 319 റണ്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്. ഈ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ സാഹിബ്സാദ ഫര്‍ഹാന്‍ (383), ടിം സെയ്ഫെര്‍ട്ട് (326) എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു.
സെമിഫൈനലിലും ഫൈനലിലുമായി മാത്രം സഞ്ജു 178 റണ്‍സ് നേടി. ഒരു ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഈ ലോകകപ്പില്‍ സഞ്ജു അടിച്ചുകൂട്ടിയത് 24 സിക്‌സറുകളാണ്. ഒരു ട്വന്റി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കി. 20 സിക്‌സറുകള്‍ നേടിയ ഫിന്‍ അലന്‍ ആണ് രണ്ടാമത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.