July 14, 2026 |
Share on

റെക്കോര്‍ഡുകള്‍ ഭേദിച്ച് വൈദ്യുതി ഉപയോഗം; ഇരുട്ടിലേക്കോ കേരളം?

യൂണിറ്റിന് പത്ത് പൈസ വര്‍ധിക്കാന്‍ സാധ്യത

കേരളം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത വേനല്‍ച്ചൂടിലൂടെ കടന്നുപോകുമ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയും കടുത്ത സമ്മര്‍ദ്ദത്തിലാണ്. താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ എയര്‍ എസിയുടെയും കൂളറുകളുടെയും ഉപയോഗം കുത്തനെ വര്‍ധിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ചരിത്രത്തിലാദ്യമായി സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.

2024 മേയ് മാസത്തില്‍ രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് ഇന്നലെ 116.11 ദശലക്ഷം യൂണിറ്റിലെത്തി.
ചരിത്രത്തിലാദ്യമായി വൈദ്യുതി ആവശ്യകത 6,013 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം ഏകദേശം 8 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപയോഗമായ 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 2026 ഏപ്രില്‍ 14 ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ടായിരുന്നു വൈകുന്നേരത്തെ റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത. ഇത് രണ്ടും ഇന്നലെ മറികടന്നു.

വിതരണ ശ്യംഖലയും പരിമിതികളും

മുന്‍വര്‍ഷങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ വ്യാപകമായി പൊട്ടിത്തെറിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും, വിതരണ ശൃംഖല നവീകരിച്ചത് ഇത്തവണ ആശ്വാസമായി. 2025ല്‍ കെ.എസ്.ഇ.ബി 2,400 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. നിലവില്‍ കേരളത്തിലെ ശൃംഖലയ്ക്ക് 13,000 മെഗാവാട്ട് വരെ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നിരുന്നാലും, 6,300 മെഗാവാട്ട് കടന്നാല്‍ പ്രസരണ ശൃംഖലയുടെ പരമാവധി ശേഷി എത്തും. ഇത് മറികടന്നാല്‍ 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന നിര്‍ബന്ധിത ലോഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

കടുത്ത പ്രതിസന്ധിയില്‍ ഉത്തരമലബാര്‍

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉത്തര മലബാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മലബാറിലേക്ക് വൈദ്യുതി എത്തിക്കുന്ന അരീക്കോട്-കാഞ്ഞിരോട് ലൈനിന്റെ ശേഷി വെറും 600 മെഗാവാട്ട് മാത്രമാണ്. എന്നാല്‍ ആവശ്യകത 900 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. ഉടുപ്പി-കരിന്തളം-വയനാട് 400 കെവി ലൈന്‍ പദ്ധതി പൂര്‍ത്തിയാകാത്തതാണ് പ്രധാന കാരണം. ഇതിന്റെ പ്രവൃത്തികള്‍ 2026 ഒക്ടോബര്‍-ഡിസംബര്‍ മാസത്തോടെ മാത്രമേ പൂര്‍ത്തിയാകൂ. കര്‍ണാടകയിലെ ലൈന്‍ പ്രവൃത്തികള്‍ കാരണം കൊണാജെയില്‍ നിന്നുള്ള അധിക വൈദ്യുതി ലഭിക്കാത്തതും വടക്കന്‍ കേരളത്തില്‍ രാത്രികാല നിയന്ത്രണങ്ങള്‍ക്ക് കാരണമാകുന്നു.

ഡാമുകളിലെ ജലനിരപ്പും സാമ്പത്തിക പ്രതിസന്ധിയും

ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ല. കെ.എസ്.ഇ.ബി ഡാമുകളില്‍ സംഭരണശേഷിയുടെ വെറും 37 ശതമാനം വെള്ളം മാത്രമേയുള്ളൂ. പ്രതിദിനം ഉപയോഗിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും (ഉദാഹരണത്തിന് 112.16 ദശലക്ഷം യൂണിറ്റില്‍ 86.01 യൂണിറ്റും) വന്‍വില കൊടുത്ത് പുറത്തുനിന്നാണ് വാങ്ങുന്നത്. വേനല്‍ക്കാലത്ത് അധിക വൈദ്യുതി വാങ്ങുന്നതിനായി ചെലവാക്കുന്ന തുക വരും മാസങ്ങളില്‍ ഉപഭോക്താക്കളുടെ ബില്ലില്‍ ‘ഇന്ധന സര്‍ചാര്‍ജ്’ ആയി പ്രതിഫലിക്കും. യൂണിറ്റിന് കുറഞ്ഞത് പത്ത് പൈസയെങ്കിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍, പീക്ക് അവര്‍ ആയ വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം.

Content Summary: Power crisis in Kerala: electricity consumption hits all-time high amid extreme heatwave

Leave a Reply

Your email address will not be published. Required fields are marked *

×