വിദേശ വിദ്യാർത്ഥികൾക്കായുള്ള വിസ ഇന്റർവ്യൂ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിസ ഇന്റർവ്യൂ നിർത്തിവയ്ക്കാൻ ലോകമെമ്പാടുമുള്ള യുഎസ് എംബസികൾക്ക് ഇതിനകം നിർദേശം നൽകി കഴിഞ്ഞു. അമേരിക്കൻ സർവ്വകലാശാലകൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ തുടരുകയാണ് ട്രംപ് ഭരണകൂടം. വിസയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നീക്കം.
പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതിന് ഹാർഡ്വാർഡ് യൂണിവേഴ്സ്റ്റിയ്ക്ക് എതിരെയുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ സർവ്വകലാശാലകളെ മാർസിസ്റ്റ് ചിന്താഗതിക്കാരുടെ സങ്കേതമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇവർക്ക് നിലവിൽ നൽകി വരുന്ന ഫെഡറൽ ഫണ്ട് നിർത്തി വയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എഫ്, എം, ജെ വിസ അപേക്ഷകൾക്കുള്ള ഇൻ്റർവ്യൂകളെയാണ് ട്രംപിന്റെ ഈ നടപടി ബാധിക്കുക. വിദേശ വിദ്യാർത്ഥികളുടെ ഫീസിനത്തിൽ നിന്ന് വരുമാനം കണ്ടെത്തുന്ന വിദേശ സർവ്വകലാശാലകളെ ഈ നീക്കം കാര്യമായി തന്നെ ബാധിച്ചേക്കാം. തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന സർവ്വകലാശാലകളെ ലക്ഷ്യം വയ്ക്കുന്നതാണ് ട്രംപിന്റെ നടപടിയെന്നാണ് വിലയിരുത്തൽ. പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന വിദ്യാർത്ഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതായി ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഈ നടപടി തുടരുന്നതിനിടയിലാണ് കൂടുതൽ വിദ്യാർത്ഥികളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതായി പ്രഖ്യാപനമുണ്ടാവുന്നത്.
സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പലസ്തീൻ അനുകൂല പ്രചരണങ്ങൾ നടത്തുകയോ പങ്കുവയ്ക്കുകയോ ചെയ്തായി കണ്ടെത്തിയാൽ, പോസ്റ്റ് ഉടമയ്ക്ക് എതിരെ കർശനമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തെളിവായി പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സൂക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണത്താൽ പിന്നീട് പോസ്റ്റ് നീക്കം ചെയ്താലും ഇവർക്കെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. പലസ്തീൻ അനുകൂല നടപടികൾ സ്വീകരിക്കുന്ന ആക്ടിവിസ്റ്റുകളെ മാത്രമല്ല ഈ നടപടി ബാധിക്കുക. വിദ്യാർത്ഥി വിസകൾക്കായി വന്നിട്ടുള്ള മുഴുവൻ അപേക്ഷകൾക്കും ഈ നടപടി ബാധകമാണ്. അപേക്ഷകരുടെ ഇൻസ്റ്റഗ്രാം, എക്സ്, ടിക്ടോക്ക് തുടങ്ങിയ എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകൾ, ഷെയറുകൾ, കമന്റുകൾ എന്നിവയെല്ലാം കോൺസുലാർ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഘടകങ്ങളുണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നാണ് ഭരണകൂടത്തിന്റെ വാദം. സെമിറ്റിസത്തിനെതിരെ പോരാടുകയെന്ന ഭരണകൂട അജണ്ടയുടെ ഭാഗമാണ് ഈ നടപടി. മാർച്ചിൽ ലഭിച്ച വിസ അപേക്ഷകളിൽ നിന്ന് 300ലധികം അപേക്ഷകൾ ഇതിനകം റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നാഫ്സയുടെ കണക്കനുസരിച്ച് നിലവിൽ യുഎസിൽ പത്ത് ലക്ഷത്തിലധികം വിദേശവിദ്യാർത്ഥികളുണ്ട്. പ്രതിവർഷം 43.8 ബില്യൺ ഡോളറാണ് ഇവർ പ്രതിവർഷം യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്. യുഎസ് സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികളെ ട്രംപിന്റെ നടപടി കൂടുതൽ സങ്കീർണമാക്കിയേക്കാമെന്നാണ് വിലയിരുത്തൽ.
content summary: The U.S. has suspended visa interviews for foreign students and ordered the screening of their social media accounts