July 04, 2026 |
Share on

അഹമ്മദാബാദ് വിമാനപകടം; വിമാനം തകർന്ന് വീണത് മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുകളിലായി

അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലായാണ് വിമാനം പതിച്ചത്

അഹമ്മദാബാദ് വിമാനപകടത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്ത്. ജനവാസ മേഖലയിൽ വച്ച് തകർന്ന് വീണ വിമാനം പതിച്ചത് അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുകളിലെന്ന് റിപ്പോർട്ട്. അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലായാണ് വിമാനം പതിച്ചത്.

ഹോസ്റ്റലിന്റെ മെസ് ഏരിയ മുഴുവനായി തകർന്ന നിലയിലാണ്. ഉച്ച ഭക്ഷണ സമയമായതിനാൽ ഹോസ്റ്റലിന്റെ മെസിനകത്ത് ആളപായമുണ്ടായോ എന്നും സംശയങ്ങളുണ്ട്. അപകടത്തിൽ നൂറോളം പേർ മരണപ്പെട്ടിട്ടുണ്ടാവാം എന്നാണ് ഊഹം. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുണ്ട്. യാത്രക്കാരുടെ ബന്ധുക്കൾക്ക് അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ജനവാസ മേഖലയിൽ വച്ചാണ് അപകടമുണ്ടാവുന്നത്. വിമാനത്തിനുള്ളിൽ അപകടസമയത്ത് 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൌരൻന്മാരും 1 കനേഡിയൻ പൌരനും 7 പോർച്ചുഗീസ് പൌരനും ഉണ്ടായിരുന്നതായി എയർ ഇന്ത്യ അറിയിച്ചു.

വിമാനം ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചേക്കും. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 1:38 ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററി​ഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യോമയാന മന്ത്രിയുമടക്കമുള്ളവർ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.

content summary: Air India Plane Crashes into Hostel Mess at BJ Medical College in Ahmedabad

Leave a Reply

Your email address will not be published. Required fields are marked *

×