April 19, 2025 |

മസ്‌കിന്റെ അന്ത്യശാസനം തള്ളി യുഎസ് ഗവണ്‍മെന്റ്, ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമത്തിന് തിരിച്ചടി

ജീവനക്കാരെ വെട്ടികുറയ്ക്കാനുള്ള മസ്കിന്റെ പ്രചാരണത്തിനെതിരായ ആദ്യ തിരിച്ചടിയാണിത്

ഫെഡറൽ ജീവനക്കാർക്കെതിരെ ഇലോൺ മസ്‌ക് പുറപ്പെടുവിച്ച അന്ത്യശാസനം പിൻവലിച്ച് യുഎസ് ഗവൺമെന്റിന്റെ മാനവ വിഭവശേഷി ഓഫീസ്. തങ്ങളുടെ സമീപകാല നേട്ടങ്ങളുടെ ഒരു ബുള്ളറ്റ് പോയിന്റ് ലിസ്റ്റ് സമർപ്പിച്ചില്ലെങ്കിൽ ജീവനക്കാർ രാജിവയ്ക്കേണ്ടിവരുമെന്നാണ് മസ്ക് പറഞ്ഞിരുന്നു. സർക്കാർ ജീവനക്കാരെ വെട്ടികുറയ്ക്കാനുള്ള മസ്കിന്റെ പ്രചാരണത്തിനെതിരായ ആദ്യ തിരിച്ചടിയാണിത്.

10 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഉന്നയിച്ച ആവശ്യങ്ങൾക്കെതിരെ തൊഴിലാളി, അഭിഭാഷക സംഘടനകളുടെ ഒരു കൂട്ടായ്മ ആണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ട്രംപിന്റെയും മസ്കിന്റെയും ചെലവ് ചുരുക്കൽ നയത്തിനെതിരെയുള്ള ആദ്യ തിരിച്ചടിയാണിത്. ഇമെയിലിന് മറുപടി നൽകേണ്ടത് നിർബന്ധമല്ലെന്നും മറുപടി നൽകാതിരുന്നാൽ രാജിയായി കണക്കാക്കില്ലെന്നും ഫെഡറൽ വർക്ക്ഫോഴ്‌സിനെ നിയന്ത്രിക്കുന്ന പേഴ്‌സണൽ മാനേജ്‌മെന്റ് ഓഫീസ് (OPM) പറഞ്ഞു. ഇമെയിലിന് തൊഴിലാളികൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അല്ലാത്ത പക്ഷം അവർക്ക് ജോലി നഷ്ടപ്പെടുമെന്നും മസ്‌ക് വാദിച്ചു. പ്രസിഡന്റിന്റെ വിവേചനാധികാരം മുൻനിർത്തി തൊഴിലാളികൾക്ക് മറ്റൊരു അവസരം നൽകുമെന്നും ഇതിനോട് പ്രതികരിക്കാതിരുന്നാൽ പിരിച്ചുവിടുമെന്നും മസ്‌ക് പറഞ്ഞു. ഇലോൺ മസ്‌കിന്റെ ഇമെയിൽ അന്ത്യശാസനത്തോട് പ്രതികരിക്കാതിരിക്കാൻ ഫെഡറൽ തൊഴിലാളികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് യുഎസ് പേഴ്സണൽ ഓഫീസ് പറയുന്നു. നേരത്തെ ഡൊണാൾഡ് ട്രംപ് ഈ ആവശ്യത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ അഞ്ച് ബുള്ളറ്റ് പോയിന്റുകളായി തരംതിരിക്കാൻ മസ്‌ക് ശനിയാഴ്ച യുഎസ് ഗവൺമെന്റിലെ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വെറും 42 മണിക്കൂർ മാത്രമാണ് തൊഴിലാളികൾക്ക് മസ്ക് അനുവദിച്ച് നൽകിയത്. ഇതിനെതിരെ പ്രതികരിക്കാത്തവരെ പിരിച്ചുവിടുമെന്നും മസ്ക് പറഞ്ഞിരുന്നു. ട്രംപിന്റെ രണ്ടാം ഭരണക്കാലത്തിൽ ആദ്യം നടപ്പിലാക്കിയ നടപടികളിൽ ഒന്നായിരുന്നു തൊഴിലാളികളുടെ പിരിച്ചുവിടൽ. എന്നാൽ ഇതിനെതിരെ രാജ്യത്തിനകത്ത് തന്നെ പല ഭാ​ഗത്ത് നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലെയും ആരോഗ്യ, മനുഷ്യ സേവന വകുപ്പിലെയും തൊഴിലാളികൾ ഇമെയിലിനോട് നി‌‍‍ർബന്ധമായി പ്രതികരിക്കണമെന്നാണ് മസ്ക് ആവശ്യപ്പെട്ടത്. കൂടാതെ ഗതാഗത വകുപ്പിലെ എല്ലാ ജീവനക്കാരോടും മസ്‌കിന്റെ ഇമെയിലിന് സമയപരിധിക്കുള്ളിൽ മറുപടി നൽകണമെന്ന് ഉത്തരവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രൊബേഷണറി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട മസ്കിന്റെ നടപടിയ്ക്കെതിരെ തീരുമാനമെടുക്കണമെന്ന് യൂണിയനുകളും അഭിഭാഷക ഗ്രൂപ്പുകളും, ആവശ്യപ്പെട്ടു. ‘സർക്കാരെ ജീവനക്കാരെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ!’ ‘ഫണ്ട്, മരവിപ്പിക്കരുത്’ തുടങ്ങിയ വാചകങ്ങളെഴുതിയ ബാനറുകളുമായി മസ്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

ട്രംപ് ഭരണകൂടം ഇതുവരെ കുറഞ്ഞത് 20,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട് , അവരിൽ ഭൂരിഭാഗവും തൊഴിൽ സംരക്ഷണമില്ലാത്ത പ്രൊബേഷനറി കാലയളവിൽ അടുത്തിടെ നിയമിക്കപ്പെട്ടവരാണ്. കൂടാതെ, 75,000ത്തിലധികം ജീവനക്കാർ രാജി വാഗ്ദാനം സ്വീകരിച്ചതായും വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.

content summary: The U.S. personnel office retracts an email ultimatum sent by Musk to employees.

Leave a Reply

Your email address will not be published. Required fields are marked *

×