രാജ്യങ്ങൾക്ക് മേലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നടപടികളിൽ ഏറ്റവും പുതിയതായി വന്നത് ബ്രസീലിന് മേൽ 50 ശതമാനം തീരുവ ചുമത്തിയ റിപ്പോർട്ടാണ്. ഏപ്രിലിൽ ബ്രസീലിനുമേൽ 10 ശതമാനം ഇറക്കുമതി തീരുവ യുഎസ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ഇത് 50 ശതമാനമാക്കി കുത്തനെ കൂട്ടുമെന്നാണ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം.
ട്രംപിന്റെ അടുത്തിടെയുണ്ടായ താരിഫ് പ്രഖ്യാപനങ്ങളിൽ ഏറ്റവും ഉയർന്ന തീരുവയാണ് ബ്രസീലിന് മേൽ ചുമത്തിയിരിക്കുന്നത്. മുൻ ബ്രസീലിയൻ പ്രസിഡന്റും തീവ്ര വലതുപക്ഷ പ്രവർത്തകനുമായ ജെയർ ബോൾസോനാരോയ്‌ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടിയിലുള്ള എതിർപ്പിനെ തുടർന്നാണ് ഈ പ്രതികാര നടപടിയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്തായിരുന്നു ട്രംപിന്റെ കത്ത്?
രാജ്യങ്ങളുടെ പേരുകളിലും നിരക്കുകളിലും മാത്രം വ്യത്യാസം വരുത്തിയ കത്തുകളിലൂടെയാണ് ട്രംപ് തന്റെ തീരുവ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഈ കത്ത് ആരംഭിക്കുന്നത്. ‘ബ്രസീലിലെ ട്രംപ്’എന്ന് അറിയപ്പെടുന്ന തീവ്ര വലതുപക്ഷ നേതാവായ ജെയർ ബോൾസോനാരോയെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്.
ജെയർ ബോൾസോനാരോയ്‌ക്കെതിരെ രാജ്യം നടത്തുന്നത് മന്ത്രവാദ നടപടികളാമെന്നും അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 2023 ജനുവരി 8ന് നടന്ന ഒരു അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബോൾസോനാരോ ഇപ്പോൾ രാജ്യത്തെ സുപ്രീം കോടതിയിൽ വിചാരണ നേരിടുകയാണ്. ബോൾസോനാരോ ആദരണീയനായ നേതാവാണെന്നും ഈ വിചാരണ നടക്കാൻ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശത്തെ തുടർന്ന് ബ്രസീൽ യുഎസ് അംബാസഡറെ വിശദീകരണത്തിനായി വിളിച്ചുവരുത്തിയിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിന്റെ കത്ത് ബ്രസീൽ പൂർണമായും നിരസിക്കുകയും ചെയ്തു. വിദേശ ഇടപെടൽ ബ്രസീൽ ഒരിക്കലും അംഗീകരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ട്രംപിന്റെ ആരോപണങ്ങൾക്ക് വിശദമായ ഒരു മറുപടി നൽകുകയും ചെയ്തു. യുഎസിൻ്റെ തീരുവ നയങ്ങൾക്കെതിരെ സാധ്യമായ പ്രതികാര നടപടികൾ ബ്രസീൽ പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്.
ബ്രസീലുമായി മികച്ച വ്യാപാരബന്ധം പുലർത്തിയിരുന്ന യുഎസിന്റെ പെട്ടെന്നുള്ള നടപടി മറ്റ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തി. അതേസമയം, ജെയർ ബോൾസോനാരോയുടെ മക്കളിൽ ഒരാളും രാഷ്ട്രീയ നേതാവുമായ എഡ്വേർഡോ ബോൾസോനാരോ തീരുവ വർദ്ധനവിനെ തന്റെ
വ്യക്തിപരമായ വിജയമാണെന്ന് അവകാശപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ബോൾസോനാരോയെ പിന്തുണയ്ക്കുന്ന ബ്രസീലിലെ ഭൂരിഭാഗം പേരും യുഎസിന്റെ പ്രഖ്യാപനത്തിൽ ആശങ്കയിലാണ്.
എന്താണ് ബോൾസോനാരോ നേരിടുന്ന വിചാരണ?
2023 ജനുവരി 8 ന് ബ്രസീലിയയിലെ സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ച കലാപത്തിന് നേതൃത്വം നൽകിയെന്നാരോപിച്ചാണ് ജെയർ ബോൾസോനാരോ വിചാരണ നേരിടുന്നത്. വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചതായി ബ്രസീലിലെ തിരഞ്ഞെടുപ്പ് കോടതി വിധിച്ചതിനെത്തുടർന്ന് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. ഇതിനുപുറമെ പ്രസിഡന്റിന്റെ ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചുവെന്നും വ്യാജ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്നും ഉൾപ്പെടെയുള്ള മറ്റ് അന്വേഷണങ്ങഴും ബോൾസോനാരോ നേരിടുന്നുണ്ട്.
പ്രസിഡന്റ് ലുലയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം രാഷ്ട്രീയമായി അദ്ദേഹത്തിന് സഹാകരമാകുമെന്നാണ് റിപ്പോർട്ട്. ലുലയ്ക്ക് ജനപ്രീതി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ബോൾസോനാരോയെ കൂട്ടുപിടിച്ച് കൊണ്ടുള്ള ട്രംപിന്റെ താരിഫ് പ്രഖ്യാപനം. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലുലയ്ക്ക് ഈ അവസരം ജനപിന്തുണ നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Content Summary: Trump supports Bolsonaro; What is the US-Brazil tariff issue?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.