നന്തൻകോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി പറയും. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഒരു കുടുംബത്തിലെ നാല് പേരെയാണ് പ്രതി ജിന്‍സണ്‍ കൊലപ്പെടുത്തിയത്. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2017 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ റിട്ട. പ്രൊഫ. രാജ തങ്കം, അദ്ദേഹത്തിന്റെ ഭാര്യയും റിട്ട. ആര്‍എംഒ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ജീന്‍ പദ്മയുടെ ബന്ധുവായ ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.Nanthancode mass murder case
പ്രതി കേഡല്‍ ജിന്‍സണ്‍ ഒരു കുടുംബത്തിലെ നാല് പേരെ അതി ദാരുണമായി കൊലപ്പെടുത്തി എന്നതാണ് കേസ്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകളിലെ നിലയിലെ ബാത്ത്‌റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും, ലളിതയുടേത് താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ജീനിന്റെയും കരോലിന്റെയും മൃതദേഹം പൂര്‍ണമായും കത്തിയമരുകയും, രാജയുടെ മൃതശരീരം ഭാഗീകമായി കത്തിയ നിലയിലുമായിരുന്നു. മഴു ഉപയോഗിച്ച് തലയില്‍ വെട്ടിയാണ് രാജയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. രാജയുടെ ശരീരത്തിലെ ഒന്‍പത് മുറിവുകളില്‍ ഏഴെണ്ണവും തലയോട്ടിയിലായിരുന്നു.
പ്രതി കേഡല്‍ ജിന്‍സണ്‍ രാജ നന്തന്‍കോട് സ്വദേശിയും ക്ലിഫ് ഹൗസിന് സമീപത്തെ താമസക്കാരനുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കുന്നതിനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതേസമയം ജിന്‍സണ് മാനസികപ്രശ്‌നമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. യാതൊരു ഭാവഭേദങ്ങളുമില്ലാതെയായിരുന്നു ജിന്‍സണിന്റെ മടങ്ങി വരവ്. ജിന്‍സണ്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
പത്ത് വര്‍ഷത്തിലധികമായി കുടുംബം പോലും അറിയാതെ ജിന്‍സണ്‍ സാത്താന്‍ സേവ നടത്താന്‍ തുടങ്ങിയിട്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയായിരുന്നു ജിന്‍സണ്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന, നല്ല വിദ്യാഭ്യാസമുള്ള ജിന്‍സണ്‍ എങ്ങനെ സാത്താന്‍ സേവയിലേക്ക് എത്തി എന്നത് പോലീസിനെ ഏറെ കുഴക്കിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ ജിന്‍സണിന്റേത് അല്ലാതെ മറ്റൊരാളുടെ പങ്ക് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കേഡല്‍ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തന്‍കോടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.
പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍ നടപടികള്‍ വൈകിയിരുന്നു. സഹതടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ ജിന്‍സണിനെ പലപ്പോഴും ജയിലില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വം പാലിക്കാറില്ല എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെ ജയിലില്‍ ഉണ്ടാക്കാറില്ലായിരുന്നു. ഇടയ്ക്ക് ജിന്‍സണിന്റെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ജയിലിലാണെങ്കിലും താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടായിരുന്നു എന്നായിരുന്നു കേഡലിന്റെ വിചിത്രമായ അവകാശവാദം. ആത്മാക്കളുമായി സംവദിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇയാള്‍ പറയുന്നു, ജയിലില്‍ രാത്രികളില്‍ കളിയും ചിരിയുമായി ഇരിക്കുന്ന ജിന്‍സണ്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.Nanthancode mass murder case
content summary; The verdict in the Nanthancode mass murder case will be announced today