ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധം
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മനുഷ്യനും ആനകളും തമ്മിലുളള ബന്ധം. എന്നാൽ അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ അടുത്ത കാലത്ത് സംഭവിച്ചിട്ടുള്ള ചില മാറ്റങ്ങളാണ് കൂടി വരുന്ന ആനയാക്രമണങ്ങളുടെയും അത് മൂലമുണ്ടാകുന്ന നഷ്ടങ്ങളുടെയുമെല്ലാം പ്രധാന കാരണം. കേരളത്തിലെ ആനപരിപാലനത്തിന് മാതൃകയാക്കാൻ കഴിയുന്ന ഒരു വ്യവസ്ഥ നിലവിലുണ്ടായിരുന്നു.
1978- 79 കാലഘട്ടത്തിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാൻ തുടങ്ങുന്നത്. 1980 കളുടെ അവസാനം, 90കളുടെ തുടക്കകാലത്ത് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിൽ എത്തപ്പെടുന്ന ആനകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. ഇതോടെ ആനകൾ വലിയ തോതിൽ വാണിജ്യവത്കരിക്കപ്പെട്ടു. ഈ അവസരത്തിൽ കൂടുതൽ ആന ഉടമകളും പാപ്പാന്മാരും മറ്റ് ആനക്കാരുമൊക്കെ ഉണ്ടായി തുടങ്ങി. പല സാഹചര്യത്തിലും പരിചയ സമ്പത്തില്ലാത്ത ആളുകളും ആനക്കാരായി മാറാൻ ആരംഭിച്ചതോടെ ആനയും ആനക്കാരനും തമ്മിൽ ഒരു ബന്ധം ഉടലെടുക്കാതെയായി. പണ്ട് ഒരു പരിചയ സമ്പന്നനായ ആനപാപ്പാനൊപ്പം നിന്ന് ആറും, ഏഴും വർഷത്തോളം പരിശീലനം ലഭിച്ച ആളുകൾ മാത്രമെ ആനയെ ഒറ്റയ്ക്ക് മേയ്ക്കുമായിരുന്നുള്ളു, എന്നാൽ ഇന്ന് അതല്ല സ്ഥിതി. ആനക്കാരനായി വരുന്നു, ആനയെ കാണുന്നു, അടുത്ത ദിവസം മുതൽ അയാൾ ആനയുടെ പാപ്പാനായി. മനുഷ്യന്മാരെ പോലെ വ്യക്തിഗത വൈശിഷ്ട്യങ്ങളുള്ള ജീവികളാണ് ആനകളും. വർഷങ്ങളോളം ഒരാനയ്‌ക്കൊപ്പം തന്നെ നിൽക്കുന്ന ആളാണ് പാപ്പാനെങ്കിൽ ആനയുടെ പ്രത്യേക സ്വഭാവങ്ങൾ (ദേഷ്യം, പേടി) നേരത്തെ അറിയാൻ കഴിയും, അത്തരത്തിൽ പല അപകടങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞ് ഒഴിവാക്കാനും സാധിക്കുന്നു. പണ്ടത്തെ ആനക്കാർ എട്ടോ, പത്തോ, പതിനഞ്ചോ വർഷത്തോളം ഒരാനയോടൊപ്പം തന്നെ നിൽക്കും, അപ്പോൾ ആ ആനയുടെ എല്ലാ സ്വഭാവങ്ങളും അയാൾക്ക് അറിയാനും കഴിയുന്നു.
ഒരുപാട് പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമെല്ലാം ഒരുമിച്ച് പോകുന്ന ചില ആനകളും, പാപ്പാന്മാരും ഉണ്ടായിരിക്കും. ഇത്തരത്തിൽ പോകുമ്പോൾ ഒരു ആനയ്ക്ക് മറ്റൊരാനയോട് മേധവിത്വ ശ്രേണിയിലുള്ള ചില പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. കാട്ടിലാണെങ്കിൽ ഒരാന മറ്റൊരു ആനയോട് മേധാവിത്വം പ്രകടിപ്പിക്കുന്നതിനുള്ള അക്രമസ്വഭാവം കാണിക്കാനിടയുണ്ട്. എന്നാൽ ആൾക്കൂട്ടത്തിനിടയിൽ വച്ച് ആന ഇത്തരത്തിൽ പെരുമാറുന്നത് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾക്ക് ആനകൾ വിധേയരാകുന്നതിന് മുൻപ് കൃത്യമായി സ്വഭാവ വ്യത്യാനങ്ങൾ കാണിക്കും, എന്നാൽ അത് മനസിലാക്കാനും അതിന് വേണ്ട മുൻകരുതലുകളെടുക്കാനും കഴിയാത്തതിലുള്ള വലിയ പ്രശ്‌നങ്ങളാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.കാലാവസ്ഥ വ്യത്യാനവും ആനകളെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്.
ആനകളെ സംരക്ഷിക്കുക എന്ന നിലയിലായിരുന്നു കേരള നാട്ടാന പരിപാലന ചട്ടത്തിൽ ആനകളെ ദൂരദേശത്തേക്ക് കൊണ്ടുപോകുന്നതിന് ലോറികൾ മാത്രം ഉപയോഗിക്കുക എന്ന ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ അത് വിപരീത ഫലമാണ് കൊണ്ടുവന്നത്. പണ്ട് ആനകളെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് (ദൂരെ) എത്തിക്കാൻ രണ്ട് മുതൽ അഞ്ച് ദിവസം വരെ(ദൂരത്തിനനുസരിച്ച്) സമയം എടുത്തിരുന്നു. ഇങ്ങനെ നടക്കുമ്പോൾ ഒരു ദിവസം 15 മുതൽ 20 കിലോമീറ്റർ വരെയാണ് നടക്കുക. രാവിലെ നാലുമണി മുതല എട്ടുമണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ ഏഴ് മണി വരെയുള്ള സമയവുമൊക്കെയാണ് ഇവർ നടക്കുന്നതിന് തിരഞ്ഞെടുക്കുക. നടക്കുന്നതിനിടെ പുഴയോ, കുളമോ, തോടോ കാണുമ്പോൾ ആനകൾക്ക് ദേഹം തണുപ്പിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. ഈ നടന്നു പോകുന്ന അഞ്ച് ദിവസങ്ങളിൽ ആന തീർത്തും സമാധാനമുള്ള അന്തരീക്ഷത്തിലായിരിക്കും. എന്നാൽ ലോറി വന്നതോടെ ആനകൾ വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഒരു ദിവസം തന്നെ പലയിടങ്ങളിലേക്ക് ലോറി യാത്ര ചെയ്ത് ആനകളെ കൊണ്ടു പോകുന്ന സാഹചര്യം നിലവിൽ വന്നു. ഈ സാഹചര്യത്തിൽ ആനകൾ അക്രമാസക്തരാകുന്നതിൽ അത്ഭുതമില്ല.
ആനയ്ക്ക് മനുഷ്യനുമായുള്ള ആത്മബന്ധം
ആനയ്ക്കും തീർച്ചയായും ആത്മബന്ധം പുലർത്താൻ കഴിയും. എന്നാൽ, പട്ടിയും, പൂച്ചയും, പശുവുമായുമൊന്നും താരതമ്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ബന്ധമല്ല ഇത്. അതിന്റെ അടിസ്ഥാനപരമായ വ്യത്യാസം പട്ടി, പൂച്ച, പശു, കുതിര എന്നീ മൃഗങ്ങൾ നൂറ്റാണ്ടുകളായി മനുഷ്യൻ ബ്രീഡ് ചെയ്ത് നമുക്ക് ആവിശ്യമായ രീതിയിലേക്ക് എത്തിച്ചിട്ടുള്ള മൃഗങ്ങളാണ്. അതുകൊണ്ട് തന്നെ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ഈ മൃഗങ്ങളുടെ പല വന്യമായ സ്വഭാവങ്ങൾ മാറ്റുകയും പകരം നമുക്ക് ആവിശ്യമായവ മാത്രം നിലനിർത്തുകയും ചെയ്തിട്ടുണ്ട്. ആനയുടെ കാര്യം അങ്ങനെയല്ല, വളരെ ചുരുക്കം ആനകളൊഴികെ ബാക്കിയെല്ലാം കാട്ടിൽ ജനിച്ച് മനുഷ്യൻ നാട്ടിലേക്ക് പിടിച്ചുകൊണ്ടു വന്നവയാണ്. എത്രയൊക്കെ മെരുക്കിയാലും അടിസ്ഥാനപരമായി ഇവ വന്യ മൃഗങ്ങൾ തന്നെയാണ്.
ആനയ്ക്ക് മുകളിൽ ആനക്കാരൻ സ്ഥാപിച്ചെടുക്കുന്ന മേധാവിത്വത്തിലൂടെയാണ് മെരുക്കൽ പ്രക്രിയ നടക്കുന്നത്. 2000 കാലഘട്ടത്തിലൊക്കെ ഉണ്ടായിരുന്ന ചില ആനക്കാർ ആനയുമായ ഒരു ആത്മബന്ധത്തിനുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഒരു ആനയെ അവരുടെ കൈയ്യിൽ കിട്ടുമ്പോൾ അതിന്റെ വ്യക്തിഗത വൈശിഷ്ട്യങ്ങൾ മനസിലാക്കാൻ ആനകൾ പാപ്പാന്മാർ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആനയ്ക്ക് വലിയ തരത്തിലുള്ള ശിക്ഷകളൊന്നുമില്ലാതെ ഒരു പരിധി വരെ ആനക്കാരന് ആനയെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. പണ്ട് കാലത്ത് ആനകളെ കെട്ടി പൂട്ടിയിട്ട് കൊണ്ടു നടക്കുന്ന രീതി വളരെ കുറവായിരുന്നു, ആനയും ആനക്കാരനും മാത്രമുള്ള സാഹചര്യങ്ങളിൽ പരമാവധി ആനകളെയും കെട്ടാറോ, പൂട്ടിയിടാറോ ഇല്ല. എന്നാൽ ഉത്സവങ്ങൾക്കോ, ആഘോഷങ്ങൾക്കോ, ആളുകൾക്കിടയിലേക്കോ പോകുമ്പോൾ കൃത്യമായ സുരക്ഷയോടെ മാത്രമേ പോകുമായിരുന്നുള്ളു.
നാട്ടാന പരിപാലന ചട്ടത്തിൽ പറയുന്നത് പ്രകാരം എങ്ങനെ ചങ്ങലയിടണം എന്നത് തുടങ്ങി, പടക്കം പൊട്ടിക്കുന്നുവെങ്കിൽ എത്ര അകലെ നിന്ന് വേണം തുടങ്ങിയ കാര്യങ്ങളിൽ നിയമങ്ങളുണ്ട്. പണ്ട് കാലത്ത് ആനക്കാർ അമരത്ത് (പിൻകാലുകളിൽ) ഇടയാട്ടം വച്ചുകൊണ്ടാണ് ആനകളെ നിയന്ത്രിച്ചിരുന്നത്. അമരത്ത് ഇടയാട്ടം (കൂച്ച് വിലങ്ങ് കൊണ്ട് കൂട്ടി കെട്ടുക) വയ്ക്കുമ്പോൾ ആനയ്ക്ക് നടക്കാൻ കഴിയും എന്നാൽ ഓടാൻ കഴിയില്ല, നിശ്ചിത വേഗത്തിൽ മാത്രമേ ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളു. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ആനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വഭാവ വ്യത്യാസങ്ങൾ കാണുകയാണെങ്കിൽ അന്നത്തെ പാപ്പാന്മാർ പരമാവധി ആനയെ ഉപദ്രവിക്കാതെ അതിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുക.
ആനകൾ പൊതുവേ അൽപം പേടിയുള്ള സ്വാഭാവക്കാരാണ്. ഒരു ഇളകിയ പ്രതലത്തിലൂടെയോ, പാലങ്ങളിലൂടെയോ കടന്ന് പോകുമ്പോൾ ആനകൾ അൽപം സംശയിക്കാറുണ്ട്.
ആനയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ നൂറു കണക്കിന് ആളുകളെയാണ് അവയ്ക്ക് ഓരോ സമയത്തും കാണേണ്ടി വരുന്നത്. കാട്ടിലാണെങ്കിൽ അവർ കൂടുതൽ സമയവും കാണുന്നത് കൂട്ടത്തിലുള്ള ആനകളെ തന്നെയാണ്. എന്നാൽ ഉത്സവങ്ങളിലും മറ്റുമുള്ളത് അപരിചിതരായ ആനകളും, ശബ്ദങ്ങളുമുണ്ട് കൂടാതെ വലിയ ആൾക്കൂട്ടത്തിലെ ആളുകൾ എങ്ങനെയാണ് പെരുമാറുന്നത് എന്ന് പറയാൻ നമുക്ക് കഴിയില്ല. ചില ആളുകൾ ആനയുടെ വാലിലും കൊമ്പിലുമെല്ലാം പിടിക്കുകയും അടുത്ത് പോയി നിൽക്കുകയും ചെയ്യും, ഇത് ആനകൾക്ക് പ്രകോപനവുമാണ്.
ആനയ്ക്ക് ഒരു പേടിയോ പ്രശ്‌നങ്ങളോ വരുന്ന സമയത്ത് അതിനെ സമാധാനിപ്പിക്കാൻ ആനക്കാരന് കഴിഞ്ഞില്ലെങ്കിൽ അത് വലിയ പ്രശ്‌നത്തിൽ കലാശിക്കും. പലപ്പോഴും ആനകൾ പേടിച്ച് ഓടുകയാണ് ചെയ്യുന്നത്. ആന മദംപൊട്ടി ഓടുന്നു എന്ന വാചകം തന്നെ തെറ്റാണ്. ഇത്തരത്തിൽ ആനകൾ വിരണ്ടോടുന്നതിന് പിന്നിൽ ആനയും ആനക്കാരനും തമ്മിലുള്ള അടുപ്പമില്ലായ്മയാണ്. ഇത്തരത്തിൽ ആന പരിപാലനം വളരെ മോശം രീതിയിലൂടെ കടന്ന് പോകുന്നതിന്റെ പ്രധാന കാരണം വലിയ തോതിലുള്ള വ്യവസായവത്കരണമാണ്.
ആനയുടെ തലപ്പൊക്ക മത്സരമെന്ന പേരിൽ അതിന്റെ താടിക്ക് കുത്തി തല പൊക്കി നിർത്തിപ്പിക്കുന്ന രീതിയുണ്ട്. സ്വാഭാവികമായി ഇത്തരത്തിൽ കാട്ടിൽ ആനകൾ തലപൊക്കി നിൽക്കുന്നത് തന്റെ മേധാവിത്വം മറ്റൊരു ആനയെ കാണിക്കുന്നതിനാണ്. ആനയ്ക്ക് അത്തരത്തിലൊരു പ്രകോപനം നാട്ടിൽ വച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ആന പരിപാലനത്തിന് നിരവധി ശാസ്ത്രമുണ്ട്, എന്നാൽ ആരും തന്നെ ഇന്ന് അതിനെക്കുറിച്ച് സംസാരിക്കാറില്ല.
ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഏത് വാദം ഉന്നയിച്ചാലും ആളുകൾ ആചാര സംരക്ഷണം എന്ന പ്രതിവാദം കൊണ്ടുവരാം. ആചാരം സംരക്ഷിക്കുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങളുമുണ്ട്. നിരവധി ആനകളാണ് ഉത്സവങ്ങൾക്കിടയിലും മറ്റുമായി ഇടഞ്ഞ് ഓടുന്നത്, ഇതിൽ തന്നെ നിരവധിയെണ്ണം മരണപ്പെടുന്നുമുണ്ട്. അകാലത്തിൽ മരണപ്പെടുന്ന ആനകളുടെ എണ്ണവും വളരെ വലുതാണ്.
ആനയുടെ ആരോഗ്യം
പനമ്പട്ട മാത്രം കഴിക്കുന്ന ആനകൾക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പണ്ട് ആനകൾ നടന്ന് സഞ്ചരിച്ചിരുന്ന സമയത്ത് മേച്ചിൽ പുറങ്ങളിലോ, പറമ്പുകളിലോ ഉണ്ടായിരുന്ന പുല്ല്, പ്ലാവില പോലുള്ളവ നൽകിയിരുന്നു. എന്നാൽ ഇന്ന് ആനകളുടെ യാത്രകൾ മുഴുവൻ വാഹനത്തിലായതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് പെട്ടെന്ന് എത്തുന്നു. ഇത്തരത്തിൽ പോകുന്ന സ്ഥലങ്ങളിലെല്ലാം സുലഭമായി എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുള്ള പനമ്പട്ട ആനകൾക്ക് നൽകുന്നു. എങ്കിലും വളരെ ചുരുക്കം ആനക്കാരെങ്കിലും ആനകൾക്ക് പുല്ല് പോലുള്ളവയുടെ പ്രാധാന്യം മനസിലാക്കി എത്തിച്ച് നൽകാറുണ്ട്.
ആനകൾക്ക് വ്യായാമം ചെയ്യാനുള്ള ഒരു സാഹചര്യമില്ല. അത് തന്നെ വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കാട്ടിൽ ആനകൾ ഭക്ഷണത്തിന് വേണ്ടി 15 മണിക്കൂറോളം ചിലവഴിക്കുന്ന മൃഗമാണ്. ഇത്തരത്തിൽ മേഞ്ഞു നടക്കുന്ന മൃഗങ്ങളെ ഒരിടത്ത് കെട്ടിയിട്ട് പരിപാലിക്കുന്നത് അവയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിദേശരാജ്യങ്ങളിലെല്ലാം മൃഗശാലയിലുള്ള മൃഗങ്ങളുടെ ചുറ്റുപാട് വളർത്താൻ ശ്രമിക്കുകയാണ്. ഇത് മൃഗങ്ങളെ അവയുടെ സ്വാഭാവികതയിൽ തന്നെ വളർത്തി അവയ്ക്ക് ആവിശ്യമായ വ്യായാമം ഒരുക്കുന്നതിന് വേണ്ടിയാണ്. എന്നാൽ ഇത് പലപ്പോഴും ആനകളുടെ കാര്യത്തിൽ നമ്മുടെ നാട്ടിൽ നടത്താൻ കഴിയാത്ത ഒന്നാണ്. ആനകൾ ഉത്സവ പറമ്പുകളിലൂടെയോ അതിന്റെ ആവിശ്യങ്ങൾക്കായോ നടക്കുന്നതിനെ നമുക്ക് വ്യായാമം എന്ന് പറയാൻ കഴിയില്ല. ആ നടത്തം നിയന്ത്രിക്കപ്പെട്ടതാണ്, ആനകൾക്ക് ഇഷ്ടമുള്ള രീതിയിൽ നടക്കാൻ കഴിയില്ല, അതിന് കൃത്യമായ തുടക്കവും ഒടുക്കവും തീരുമാനിക്കപ്പെട്ടതായിരിക്കും. പണ്ടത്തേതിൽ നിന്ന് ഇപ്പോൾ ഇതിലുണ്ടായിരിക്കുന്ന മാറ്റം ആനകളുടെ ജോലി ഭാരമാണ്, പണ്ട് അഞ്ച് ദിവസത്തിൽ ഒരിക്കലാണ് ഒരു ആന ഉത്സവത്തിന് പോയിരുന്നത് എങ്കിൽ ഇന്ന് ഒരു ദിവസം അഞ്ച് എന്നതിലേക്ക് മാറി.
ആനയുടെ സംരക്ഷണത്തിന് എന്ന നിലയിൽ ആളുകൾ ഉന്നയിക്കുന്ന മറ്റൊരു വാദം കൂടുതൽ ആനകളെ കേരളത്തിൽ എത്തിക്കണം എന്നതാണ്. ഇത്രയധികം ആനകൾ മുൻപ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല, എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ തുടങ്ങിയതോടെ ആനകളുടെ എണ്ണം വർധിച്ചു. ഇതോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണത്തിലും വർധനവ് ഉണ്ടാക്കി. അൻപതോ, അറുപതോ ആനകളെ ഒരേ സമയം എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ തീർത്തും വിരളമായിരുന്നു.
മദപ്പാട്
മദപ്പാട് കാലം എന്നത് ആനകളെ സംബന്ധിച്ച് തീർത്തും വത്യസ്തമായ സമയമാണ്. ആന തെറ്റിപ്പോവുക, കൈവിട്ടു പോവുക എന്നിങ്ങനെയുള്ള ഭൂരിപക്ഷം സാഹചര്യങ്ങളിലും മദപ്പാടുമായി ബന്ധമൊന്നും ഉണ്ടാവുകയില്ല. മദപ്പാട് എന്നത് ആനയുടെ ഒരു നൈസർഗിക പ്രക്രിയയാണ്. ആനയുടെ പ്രചനനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഒന്നാണ് മദപ്പാട്. മദപ്പാട് ഉണ്ടാകുന്നതിന് പ്രത്യേക സീസണുണ്ട് എന്നത് തീർത്തും മിഥ്യാ ധാരണയാണ്. ആരോഗ്യവാനായ ഒരാനയ്ക്ക് ഈ വർഷം മദപ്പാട് ഉണ്ടായെങ്കിൽ അടുത്ത വർഷം ഇതേ സമയത്തും മദപ്പാടുണ്ടാകാനുള്ള സാധ്യതയുണ്ട്. മദപ്പാട് എന്ന പ്രക്രിയ വളരെ ആരോഗ്യവാനായ ആനകൾക്ക് മാത്രം ഉണ്ടാകുന്ന ഒന്നാണ്.
ആനയുടെ മദപ്പാട് തുടങ്ങുന്നതിനെ കോള് തുടങ്ങുക എന്നാണ് പറയാറ്. ആനകളെക്കുറിച്ച് അറിയാവുന്ന, പരിചയ സമ്പത്തുള്ള പാപ്പാന്മാർക്ക് കോള് തുടങ്ങുന്നത് നേരത്തെ മനസിലാക്കാൻ സാധിക്കും. ആനയുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടാവുകയും, കന്നത്തിൽ വീക്കം കാണാൻ കഴിയുകയും ചെയ്യും. ഇത്തരത്തിലുള്ള കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കി, അതിന് ആവിശ്യമായ മുൻകരുതലുകളെടുക്കുക. ഇത്തരം ആനകളെ എഴുന്നള്ളത്തിനും മറ്റ് ആഘോഷങ്ങൾക്കും കൊണ്ടുപോവാതെ ഇരിക്കുക. ഇത്തരം കാര്യങ്ങളിൽ വലിയ വീഴ്ച്ചകൾ സംഭവിക്കാറില്ല. എന്നാൽ മദപ്പാടിന് ശേഷം 15 മുതൽ 20 ദിവസം വരെ ആനയെ നന്നായി സംരക്ഷിക്കേണ്ടതുണ്ട്. മദപ്പാടിന് ശേഷം ഈ ദിവസങ്ങളിലും ആനയിൽ ഹോർമോണുകളുടെ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ ആനയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ പുറമെ നിന്ന് നോക്കി മനസിലാക്കാൻ സാധിക്കുന്നവയായിരിക്കില്ല.
പരിചയ സമ്പന്നരായ പാപ്പാന്മാർ മതപ്പാടിന് ശേഷം ആനകളെ അതിന് വിശ്രമത്തിന് അനുവദിക്കുന്ന സ്ഥലത്ത് കൂടുതൽ നേരം നടത്തി നോക്കുകയും, സ്വഭാവത്തിലെ വ്യത്യാസങ്ങൾ മനസിലാക്കാൻ ഓരോ കാര്യങ്ങൾ പറയുമ്പോഴുള്ള ആനയുടെ പ്രതികരണം ശ്രദ്ധിക്കുകയും ചെയ്യും. ഈ പ്രതികരണങ്ങളിലെ വ്യത്യാസങ്ങൾ മനസിലാക്കിയ ശേഷം പൂർണമായും ആന പഴയ നിലയിലേക്ക് എത്തി എന്ന് മനസിലാക്കിയ ശേഷം മാത്രമെ അവയെ വീണ്ടും ആളുകൾക്ക് ഇടയിലേക്ക് എത്തിക്കുകയുള്ളു. എന്നാൽ ഇന്ന് അത്തരത്തിൽ ആനകളെ ശ്രദ്ധിക്കുന്നതിനോ സമയം കൊടുക്കുന്നതിനോ ഉള്ള അവസരങ്ങൾ ഇല്ല.
(കേരളത്തിൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമിടെ ആന ഇടയുന്നത് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടുതൽ ആക്രമണങ്ങൾ സംഭവിക്കുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആനയും മനുഷ്യനും എന്ന വിഷയത്തിൽ വന്യജീവി ശാസ്ത്രജ്ഞനും , സെന്റർ ഫോർ കൺസർവേഷൻ ആൻഡ് റിസർച്ച്, ശ്രീലങ്കയിലെ അഫിലിയേറ്റ് ഫെല്ലോയുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ അഴിമുഖത്തോട് പങ്കുവച്ച വിവരങ്ങൾ.)
content summary; The well-being of the elephants should take precedence over tradition