പുതിയ റെയിൽ പാതയുടെ ഉദ്ഘാടനത്തിൻ്റെ ആവേശത്തിലായിരുന്ന കശ്മീരിനെ നിരാശയിലാക്കി നോർത്തേൺ റെയിൽവേയുടെ ട്രെയിൻ ഷെഡ്യൂൾ പ്രഖ്യാപനം. ശ്രീനഗറിൽ നിന്നുള്ള യാത്രക്കാർക്ക് മുന്നോട്ടുള്ള യാത്രയ്ക്കായി ഇനി മുതൽ ജമ്മുവിലെ കത്രയിൽ ട്രെയിനുകൾ മാറേണ്ടതുണ്ട്. ചരക്ക് ട്രെയിനുകൾ പുതിയ റൂട്ടിൽ സർവീസ് നടത്തില്ല.
ശ്രീനഗറിൽ നിന്നും ഡൽഹിയിലേക്ക് നേരിട്ട് ട്രെയിൻ ഇല്ലാത്തതിനെ പ്രതിപക്ഷ പാർട്ടിയായ പിഡിപിയും വിമർശിച്ചു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ പ്രായോഗിക കണക്റ്റിവിറ്റിയെക്കാൾ ഹിന്ദു തീർത്ഥാടനത്തിന് മുൻഗണന നൽകുന്നുവെന്ന് പിഡിപി ആരോപിച്ചു. പുതിയ പ്രഖ്യാപനത്തിൽ ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ കീഴിലുള്ള സർക്കാരും അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിഷയത്തെക്കുറിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചതായി ദ വയർ റിപ്പോർട്ട് ചെയ്തു.
കത്രയിൽ നിന്നും ട്രെയിൻ മാറി കയറുകയെന്നത് യാത്രക്കാർക്ക് അധിക ഭാരം അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണെന്നും കശ്മീരികൾക്ക് സൗകര്യപ്രദമായ യാത്ര അനുവദിക്കേണ്ടത് അനിവാര്യമാണെന്നും പിഡിപി വിമർശിച്ചു. ആർട്ടിക്കിൾ 370 ന് ശേഷം രൂപാന്തരപ്പെടുത്തുന്ന അടിസ്ഥാന സൗകര്യ പദ്ധതിയായി പ്രമോട്ട് ചെയ്യപ്പെട്ട റെയിൽ പദ്ധതിയുടെ യഥാർത്ഥ കാഴ്ചപ്പാടിന് ഇത് തിരിച്ചടിയാണെന്ന് പിഡിപി നേതാവ് സയ്യിദ് ബഷാരത്ത് ബുഖാരി പറഞ്ഞു. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ശൃംഖലയ്ക്കായി നോർത്തേൺ റെയിൽവേയുടെ ട്രെയിൻ ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നം ഉടലെടുത്തത്. ശ്രീനഗർ-ലേ ഹൈവേയിലെ ഇസഡ്-മോർ തുരങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
നിലവിൽ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ ഒരു വന്ദേ ഭാരത്, രണ്ട് മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾ ദിവസവും സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഗുഡ്സ് ട്രെയിനുകളൊന്നും തന്നെ സർവീസ് നടത്തില്ല. സുരക്ഷാ ആശങ്കകൾ കാരണമാണ് ഇത്തരത്തിൽ ട്രെയിൻ സർവീസിൽ മാറ്റം വരുത്തിയതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന മറുപടിയെന്നാണ് റിപ്പോർട്ട്.
ഡൽഹിയിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും കശ്മീരിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമാണ് റെയിൽവേ ഉദ്ദേശിച്ചതെന്നും എന്നാൽ ചരക്ക് ട്രെയിനുകളുടെ അഭാവവും റീബോർഡിംഗ് ആവശ്യകതകളും പദ്ധതിയുടെ പോരായ്മയാണെന്നും
കെവിഎഫ്ജിഡിയു പ്രസിഡൻ്റ് ബഷീർ അഹമ്മദ് ബഷീർ പറഞ്ഞു.
ശ്രീനഗറിനും കത്രയ്ക്കും ഇടയിലുള്ള ട്രെയിൻ യാത്രയ്ക്ക് മൂന്ന് മണിക്കൂർ വരെ സമയംമെടുക്കും. തുടർന്ന് ജമ്മുവിലേക്കുള്ള രണ്ട് മണിക്കൂർ ഡ്രൈവ്, രണ്ട് തലസ്ഥാനങ്ങൾക്കിടയിലുള്ള മൊത്തം യാത്രാ സമയം അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാക്കും. അതിനിടെ, പുതിയ ശ്രീനഗർ-ജമ്മു ഹൈവേ, ഉടൻ പൂർത്തിയാകാൻ പോകുന്നതിനാൽ, യാത്രാ സമയം അഞ്ച് മണിക്കൂറിൽ താഴെയായി കുറയ്ക്കും. ഇത് പല കശ്മീരികൾക്കും അസൗകര്യമുണ്ടാക്കുന്നു.
ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് ട്രെയിൻ ഇല്ലാത്തതിനെതിനെ മുൻ ജമ്മു കശ്മീർ ഉദ്യോഗസ്ഥനായ മുഹമ്മദ് സയീദ് മാലികും വിമർശിച്ചു. കത്രയിൽ റീബോർഡിംഗ് ആവശ്യമുള്ളതിനാൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ഇത് അസൗകര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരികൾക്കുള്ള യാത്ര ലഘൂകരിക്കുന്നതിനേക്കാൾ ഹിന്ദു തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ അഫ്താബ് ഖാൻ ആരോപിച്ചു.
Content Summary: There are no direct train services between Srinagar and Delhi; Passengers are disappointed
jammukashmir Srinagar