വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലായി കനത്ത മഴ തുടരുന്ന സാഹചര്യമാണ്. മഴയെ തുടർന്ന് ഇന്നലെ പുഴയിലുണ്ടായ കുത്തൊഴുക്കിൽ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചു പോയതും പാലത്തിന്റെ സംരക്ഷണഭിത്തിയിലുണ്ടായ വിള്ളലും ആളുകളെ പരിഭ്രാന്തിയിലാക്കിയിരുന്നു. നിലവിൽ പാലം വഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും ജനം ആശങ്കയിലാണ്. ജില്ലാഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
ജില്ലാഭരണകൂടമാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകേണ്ടത് എന്നാൽ കൃത്യമായ ഇടപെടൽ നടത്താൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് ചൂരൽമല സ്വദേശിയും ആശപ്രവർത്തകയുമായ ഷൈജ അഴിമുഖത്തോട് പ്രതികരിച്ചു. കേരളത്തിൽ എല്ലാ സ്ഥലത്തും പെയ്യുന്ന അതേ തോതിൽ തന്നെയാണ് വയനാട്ടിലും മഴ പെയ്യുന്നത്. പക്ഷേ വയനാട്ടിൽ സ്വാഭാവികമായിട്ടും രണ്ടു മൂന്ന് തവണ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശമായത് കൊണ്ട് തന്നെ ഒരു മുൻകരുതൽ എടുക്കേണ്ട് ആവശ്യമാണ്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഇടപെട്ടു കൊണ്ട് തന്നെ ആളുകളെ അവിടെ നിന്ന് മാറ്റേണ്ടതാണ്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ടതും അനിവാര്യമാണ്. പുഴയുടെ അതിശക്തമായ ഒഴുക്കിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായതിന് ശേഷമാണ് ജില്ലാ ഭരണകൂടം പ്രദേശത്തേക്ക് എത്തുന്നതെന്ന് ഷൈജ വ്യക്തമാക്കി.
പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ ആളുകൾ പരിഭ്രാന്തിയിലായതായി ചൂരൽമല സ്വദേശി ഫസീല അഴിമുഖത്തോട് പ്രതികരിച്ചു. മണ്ണിടിച്ചിൽ മൂലമുണ്ടായ കനത്ത കുത്തൊഴുക്ക് മൂലമാണ് ബെയ്ലി പാലത്തിന് വിള്ളൽ സംഭവിച്ചത്. മണ്ണിടിച്ചിലിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. നിലവിൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് അറിയാൻ സാധിച്ചതെന്നും ഫസീല വ്യക്തമാക്കി.
ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് തങ്ങൾക്ക് ലഭിച്ച മുന്നറിയിപ്പ് ഉടൻ തന്നെ ജനങ്ങൾക്ക് കൈമാറിയിരുന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വാദം.
‘ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് പ്രകാരം ഇന്നലെ വയനാട് യെല്ലോ അലർട്ട് ആയിരുന്നു. ഈ മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് കൈമാറിയിരുന്നതായി ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായ ഡിസ്ട്രിക്ട് ഓപ്പറേഷൻ സെന്റർ അഴിമുഖത്തോട് വ്യക്തമാക്കി. ഈ നിർദേശം അനുസരിച്ച് രാവിലെ 8 മണി മുതൽ ബെയ്ലി പാലത്തിന്റെ അപ്പുറത്തേക്ക് പോകുന്നവർക്ക് പാസ് നൽകിയാണ് വിട്ടിരുന്നത്. പാസ് കൊടുത്ത സമയത്ത് ബെയ്ലി പാലത്തിന് താഴെ ജലനിരപ്പ് സാധാരണ നിലയിൽ ആയിരുന്നു. 9 മണിക്ക് ശേഷമാണ് ജലനിരപ്പ് ഉയരുന്നതും പുഴ കരകവിഞ്ഞ് ഒഴുകുന്നതെന്നും ഡിസ്ട്രിക്ട് ഓപ്പറേഷൻ സെന്റർ കൂട്ടിച്ചേർത്തു.
ഇന്നലെ വയനാട് റിപ്പോർട്ട് ചെയ്തത് ഉരുൾപ്പൊട്ടൽ അല്ല. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപ്പൊട്ടലിന്റെ ഭാഗമായി കിടക്കുന്ന മണ്ണുകളൊക്കെ ശക്തമായ മഴയിൽ കുത്തിയൊലിച്ച് വന്നതാണ്. ഉരുൾപ്പൊട്ടലിന്റെ പരിണിതഫലമായി എല്ലാ ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നത് കൊണ്ട് തന്നെ മഴ ശക്തമായപ്പോഴേക്കും എല്ലാ ഭാഗങ്ങളിലൂടെയും വെള്ളം ശക്തമായി ഒഴുകുകയായിരുന്നുവെന്ന് ഷൈജ പറഞ്ഞു. നേരത്തെ പുഴയിൽക്കൂടി മാത്രം ഒഴുകിയിരുന്ന വെള്ളം നിലവിൽ റോഡുകളിലൂടെയും കൂടി ഒഴുകാൻ തുടങ്ങിയതിന്റെ ഭീതി ആളുകളിലുണ്ട്. ഒരു ഉരുൾപ്പൊട്ടൽ സാധ്യത ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. നിലവിൽ ബെയ്ലി പാലത്തിന്റെ അപ്പുറത്ത് ഒരാളു പോലും താമസിക്കുന്നില്ല. ഇടിഞ്ഞ സ്ഥലത്ത് ഇനി ഇടിയില്ലെന്നും നമുക്ക് ഉറപ്പു പറയാൻ സാദിക്കില്ല. ആ സാധ്യത മുന്നിൽക്കണ്ടു കൊണ്ട് തന്നെയാവണം ഇനിയുള്ള പ്രവർത്തനങ്ങൾ. 2020ലെ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ അടിയിൽ നിന്ന് മണ്ണ് മുഴുവനായി ഒലിച്ചു പോയിട്ട് അവിടെ മരങ്ങൾ മാത്രം നിന്നിരുന്നു. ആ ഭാഗത്ത് നിന്ന് തന്നെയാണ് 2024 ജൂലൈയിൽ വീണ്ടും ഉരുൾപ്പൊട്ടിയത്. ആ പ്രദേശത്ത് നിലവിൽ മണ്ണൊക്കെ പോയി പാറകൾ മാത്രമാണുള്ളത്. ഇവ മൂലമുണ്ടാവുന്ന അപകടം നമ്മൾ മുന്നിൽ കാണണമെന്ന് ഷൈജ വ്യക്തമാക്കി.
content summary: There is a risk of a landslide in Mundakai, but the district authorities have not taken any action on the issue
This post was last modified on June 27, 2025 6:16 am
Leave a Comment