അടുത്ത പത്ത് വർഷത്തിനുള്ളിൽ മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്ന് യുഎസിലെയും യുകെയിലെയും ഭൂരിഭാഗം ജനങ്ങളും പ്രവചിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പോളിങ്ങ് വിവരങ്ങൾ പുറത്ത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കറ്റ് റിസർച്ച് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ യു ഗോവ് നടത്തിയ സർവ്വേയിലാണ് ഇക്കാര്യം പറയുന്നത്. റഷ്യയ്ക്കെതിരെയുള്ള അഭിപ്രായ ഭിന്നതയാണ് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകാൻ സാധ്യതയെന്നും സർവ്വേയിൽ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച യൂറോപ്പിന്റെ വിജയ ദിനത്തിന്റെ 80ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചാണ് മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള പോളിങ്ങ് നടന്നത്.
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ 41ശതമാനം മുതൽ 55 ശതമാനം ജനങ്ങൾ 5 മുതൽ10 വർഷത്തിനുള്ളിൽ മറ്റൊരു ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞു. 45 ശതമാനം അമേരിക്കക്കാരും ഇത് ശരിവെച്ചതായി പോളിങ്ങ് ഫലങ്ങൾ കാണിക്കുന്നു. 68 ശതമാനം മുതൽ 76 ശതമാനം ജനങ്ങൾ ഭാവിയിൽ ആണവായുധങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള യുദ്ധത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. മൂന്നാം ലോക മഹായുദ്ധം രണ്ടാം ലോക മഹായുദ്ധത്തേക്കാൾ മാരകമാകുമെന്ന് 57 ശതമാനം മുതൽ 73 ശതമാനം പേർ കരുതുന്നു. 25 ശതമാനം മുതൽ 44 ശതമാനം പേർ ഇത് ലോകജനസംഖ്യയുടെ ഭൂരിഭാഗത്തെയും ഇല്ലാതാക്കുമെന്നും വിശ്വസിക്കുന്നതായി പോളിങ്ങിൽ പറയുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലങ്ങൾ നൽകുന്ന പാഠം വളരെ പ്രധാനമാണെന്നും യുവതലമുറ അത് മനസിലാക്കണമെന്നും യൂ ഗോവ് പോൾ, സർവ്വേ നിഗമനമായി അറിയിച്ചു.
മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ തങ്ങളുടെ രാജ്യങ്ങളും അതിൽ ഉൾപ്പെടുമെന്ന് ഇറ്റലിയിലെ 66 ശതമാനം പേരും യുകെയിലെ 89 ശതമാനം പേരും വിശ്വസിക്കുന്നു. ഇറ്റലിയിൽ 16 ശതമാനം പേർ മാത്രമാണ് തങ്ങളുടെ സൈന്യത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നത്. അതേസമയം, 71 ശതമാനം അമേരിക്കക്കാരും യുദ്ധത്തെ പ്രതിരോധിക്കാൻ യുഎസ് സൈന്യത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെ 72 ശതമാനം മുതൽ 82 ശതമാനം ജനങ്ങളും, അമേരിക്കക്കാരിൽ 69 ശതമാനം പേരും മൂന്നാം ലോക മഹായുദ്ധത്തിൻ്റെ പ്രധാന കാരണമായി കരുതുന്നത് റഷ്യയുടെ പ്രവർത്തനങ്ങളെയാണ്. രണ്ടാമത്തെ വലിയ ആശങ്ക ഇസ്ലാമിക ഭീകരതയാണ് .
യൂറോപ്പിലെ സമാധാനത്തിന് ഭീഷണിയായി സഖ്യകക്ഷിയായ അമേരിക്കയെയാണ് പല യൂറോപ്യന്മാരും കാണുന്നത്. ഫ്രാൻസ് (72%) , ജർമ്മനി (70%) , യുകെ (66%) എന്നിവിടങ്ങളിലെ ജനങ്ങളാണ് രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് പറഞ്ഞതെന്ന് ദി ഗാർഡിയൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് അമേരിക്കയിലും യൂറോപ്പിലുമായി 82 ശതമാനം മുതൽ 90 ശതമാനം പേർ അഭിപ്രായപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന്റെ തിക്തഫലങ്ങൾ ഇപ്പോഴും തങ്ങൾ അനുഭവിക്കുകയാണെന്നും മൂന്നാം ലോക മഹായുദ്ധം നടന്നാൽ സമാനമായ കാര്യങ്ങളാകും ഉണ്ടാവുകയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
Content Summary: third world war will be in ten years, because f Russia; Polling data predicts doom