സംഘപരിവാറിന്റെ താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു യോഗത്തിന്റെ ഉദ്ദേശം
സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത് രാജ്യത്തെ മുപ്പതോളം സുപ്രീം കോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ. സംഘപരിവാർ സംഘടനകൾക്ക് രാജ്യത്തെ കോടതികളിലും ഉദ്യോഗസ്ഥരിലും വലിയ സ്വാധീനം ചെലുത്താനും തീരുമാനങ്ങളിൽ ഇടപെടാനും ആകുമെന്ന വിമർശനങ്ങൾക്കിടയിലാണ് വിഎച്ച്പിയുടെ നിയമ വിഭാഗമായ ‘വിധി പ്രകോഷ്ഠി’ന്റെ യോഗത്തിലാണ് വിവിധ കോടതികളിൽ നിന്ന് വിരമിച്ച രാജ്യത്തെ ന്യായാധിപർ പങ്കെടുത്തത്. ബാബ്‌രിപള്ളി തകർക്കുന്നതിന് ഗൂഢാലോചന, ആക്രമണങ്ങളും നടത്തിയെന്നത് മുതൽ സി ഐ എയുടെ മതതീവ്രവാദ സംഘടന പട്ടികയിൽ ഉൾപ്പെട്ടത് വരെയുള്ള ഗുരുതര ആരോപണങ്ങൾ നേരിടുന്ന സംഘനയാണ് വിശ്വ ഹിന്ദു പരിഷത്ത്. രാജ്യത്തെ പല ഭീകര വാദ ആക്രമണങ്ങളിലും ഈ സംഘടനയുമായി ബന്ധപ്പെട്ടവരുടെ പേരുകൾ ഉയർന്ന് വന്നിട്ടുണ്ട്. കേരളത്തിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി തൃശൂരിൽ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ഉദ്യോഗസ്ഥ-ന്യായാധിപ-സംഘപരിവാർ ബന്ധത്തിന്റെ വ്യക്തമായ തെളിവായി ഈ യോഗത്തിന്റെ വിവരങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. judges attended meeting of the Vishwa Hindu Parishad
വാരണാസിയിലും മഥുരയിലുമുള്ള മുസ്ലീം പള്ളികൾക്ക് മേൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന നിയമ വിവാദവും വഖഫ് ഭേദഗതി ബില്ലും മത പരിവർത്തനം സംബന്ധിച്ച വിഷയങ്ങളുമായിരുന്നു ന്യായാധിപരുടെ യോഗത്തിൽ ചർച്ചചെയ്തതെന്ന് വിഎച്ച്പി അറിയിച്ചു. കേന്ദ്ര നിയമ-മന്ത്രി അർജു രാം മേഖ്‌വാളും യോഗത്തിൽ സംബന്ധിച്ചു. ” ഞങ്ങൾ സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നും വിരമിച്ച ന്യായാധിപരെയാണ് യോഗത്തിന് വിളിച്ചത്”- വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സമൂഹത്തിന് മുന്നിലുള്ള പൊതു താത്പര്യ വിഷയങ്ങളായ വഖഫ് ബോർഡ് ഭേദഗതി ബില്ല്, ക്ഷേത്രങ്ങൾ തിരിച്ച് പിടിക്കുക, സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ പൊതുജനങ്ങൾക്ക് തിരിച്ച് നൽകുക, മത പരിവർത്തനം തുടങ്ങിയ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. മുൻ ജഡ്ജിമാരുടെ കാഴ്ചപ്പാട് മനസിലാക്കുക, വിഎച്ച്പിയുടെ കാഴ്ചപ്പാട് അവരെ അറിയിക്കുക അങ്ങനെ പരസ്പരം മനസിലാക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം” എന്നും അലോക് കുമാർ കൂട്ടിച്ചേർത്തു. ഹിന്ദുത്വത്തെ കുറിച്ചും ദേശീയതയെ കുറിച്ചും ചർച്ച നടന്നുവെന്നും ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങൾ, ഗോഹത്യ എന്നിവയെല്ലാം വിഷയമായിരുന്നുവെന്നും വിഎച്ച്പി വക്താവ് വിനോദ് ബൻസാലും പറഞ്ഞു.
ഞായറാഴ്ച നടന്ന യോഗത്തിന് ശേഷം വിഎച്ച്പി നേതാക്കൾക്കും ജഡ്ജിമാർക്കും ഒപ്പമുള്ള ചിത്രം നിയമമന്ത്രി അർജുൻ മേഘ്‌വാളും എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. നിയമപരിഷ്‌കാരങ്ങളെ കുറിച്ചും ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനെ കുറിച്ചും നടന്ന വിശദമായ ചർച്ചക്ക് ശേഷം എന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. കാശിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഷാഹി മസ്ജിദും പിടിച്ചടക്കുന്നതും അത് വൈകാരിക പ്രശ്‌നമാക്കി അവതരിപ്പിക്കുന്നതും സംബന്ധിച്ച നിയമപരമായ ആലോചനകളും രാജ്യം മുഴുവൻ ന്യായാധിപരുടെ ഒരുശൃംഖല ഇത്തരം നിലപാടുകൾക്ക് അനുകൂലമായി പടുത്തുയർത്തുന്നതുമായാണ് ഈ യോഗം നടത്തിയതെന്നാണ് വിഎച്ച്പി വൃത്തങ്ങൾ പറയുന്നത്.
നിലവിൽ തന്നെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഈ നിയമനിർമ്മാണങ്ങളാകട്ടെ കോടതിയുടെ കടുത്ത നിരീക്ഷണത്തിലാണ്. വഖഫ് ബോർഡ് ഭേദഗതി നിയമവും പാർല്യമെന്റിന്റെ ജോയിന്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ജെ ഡി യുവും എൽ ജെ പിയും അടക്കമുള്ള സഖ്യകക്ഷികൾക്ക് പോലും നിയമഭേദഗതിയിൽ എതിരഭിപ്രായമുണ്ട്- ഇതെല്ലാം മുൻ നിർത്തി സംഘപരിവാറിന്റെ താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു യോഗത്തിന്റെ ഉദ്ദേശം.
content summary; Thirty Supreme Court and High Court judges attended meeting of the Vishwa Hindu Parishad