2019, മാർച്ച്… തിരുവനന്തപുരം കരമനയിൽ, കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഒരു യുവാവ് ഒരു സംഘവുമായി സംഘർഷത്തിലേർപ്പെടുന്നു. തുടർന്ന് യുവാവിനെ 13 പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി കരമന ദേശീയപാതയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ കൊലപാതകം കേരളത്തെയൊന്നാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. പ്രതികളിലൊരാളായ വിഷ്ണു അനന്ദുവിന്റെ കൈയ്യിലെയും കാലുകളിലെയും മാസവും ഞരമ്പും മുറിച്ചെടുക്കുകയും ചെയ്തിരുന്നു.
അതിക്രൂരമായ രീതിയിലാണ് അന്ന് അനന്തുവിനെ പ്രതികൾ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തോളം അനന്ദു ഗിരീഷിനെ പിന്തുടർന്നു നിരീക്ഷിച്ചശേഷമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അനന്ദുവിനെ കൊലപ്പെടുത്തിയവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവർ അനന്ദുവിന്റെ ഇരുകൈകളിലേയും ഞരമ്പുകൾ ആഴത്തിൽ മുറിച്ചു. രണ്ടു കണ്ണുകളിളും സിഗററ്റ് കുത്തി പൊള്ളിച്ചു. തലയിലും കൈകളിലുമടക്കം അഞ്ച് പരിക്കുകളാണ് കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് അനന്തുവിനെ മർദ്ദിച്ചതെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള അരുംകൊലകൾ തുടർക്കഥയാണ്. തിരുവനന്തപുരം, തൈക്കാട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 18 കാരനെ കുത്തിക്കൊലപ്പെടുത്തിയതാണ് ഇതിൽ അവസാനമായി സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ നഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ നിരവധി ഞെട്ടിക്കുന്ന കൊലപാതക പരമ്പരകൾ തിരുവനന്തപുരത്ത് ഉണ്ടായിട്ടുണ്ട്.
പ്രധാന സംഭവങ്ങൾ
ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്ന് കരമന അനന്തു വധക്കേസാണ്. അനന്തു എന്ന 21 കാരനെ ദാരുണമായി മർദ്ദിച്ചു കൊലപ്പെടുത്തിയവർ കെജിഎഫ് എന്ന സിനിമയിലെ നായകനെ പോലെയായി മാറാൻ ആഗ്രഹിച്ചവരായിരുന്നുവെന്നാണ് അന്നത്തെ കേസ് അന്വേഷണത്തിൽ തെളിഞ്ഞത്. റോക്കിഭായി സിനിമയിൽ അധോലോക നായകനായി വളരുന്നതുപോലെ തങ്ങൾക്കും മാറണമെന്നായിരുന്നു ഇവരുടെ ലക്ഷ്യം. അനന്തുവിനെ മർദ്ദിക്കുന്ന സമയത്ത് കെജിഎഫിലെ സംഭാഷണങ്ങളും നായകന്റെ ആക്ഷനുകളും കൊലയാളി സംഘം അനുകരിച്ചിരുന്നുവെന്നും തെളിഞ്ഞിരുന്നു. അനന്തുവിനെ മർദ്ദിച്ചു കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. കൊല നടത്തിയ സ്ഥലത്ത് പ്രതികളിൽ ഒരാളുടെ പിറന്നാൾ ആഘോഷവും നടത്തിയിരുന്നു.
പ്രതികളിൽ ഒരാൾ തന്റെ അച്ഛനെ വിളിച്ച് തങ്ങൾ ചെയ്ത കാര്യം അറിയിച്ചതാണ് അനന്തു കേസിൽ ഒടുവിൽ കൊലയാളികൾ പൊലീസ് പിടിയിലാകാൻ കാരണം. നഗരത്തിലെ കുപ്രസിദ്ധനായൊരു ഗുണ്ട നേതാവ് ആയിരുന്നു, പ്രതിയുടെ അച്ഛൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണയാൾ. ഇയാളാണ് പൊലീസിനെ വിളിച്ച് അനന്തു കൊല്ലപ്പെട്ട വിവരം അറിയിക്കുന്നത്. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും, കൃത്യമായ സ്ഥലം സഹിതം വിവരം നൽകിയതോടെയാണ് പൊലീസ് അന്വേഷിച്ച് എത്തുന്നതും മൃതദേഹം കണ്ടെത്തുന്നത്.
ശ്യാം കൊലപാതകം
നഗരത്തിൽ അക്രമികളുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച സംഭവത്തിലാണ് പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടനെ 2019 മാർച്ചിൽ കുത്തികൊലപ്പെടുത്തിയത്. ശ്രീവരാഹം ക്ഷേത്രക്കുളത്തിനു സമീപം മദ്യപാനം നടത്തിയത് തടഞ്ഞതാണ് ക്രൂരകൃത്യത്തിന് കാരണമായത്. ശ്രീവരാഹം ക്ഷേത്രക്കുളത്തിനു സമീപമുളള ഒഴിഞ്ഞ സ്ഥലത്ത് പ്രതികൾ സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. ശ്യാമും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്യുകയും പറഞ്ഞ് വിലക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് അർജ്ജുൻ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് മൂവരെയും കുത്തിയത്. ശ്യാം സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. കൊലപാതകത്തിലെ പ്രതിയായ അർജുൻ ഗുണ്ടാലിസ്റ്റിൽ പെട്ടയാളായിരുന്നു. ഇയാൾക്കെതിരെ തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിൽ പ്രതിക്ക്, ജീവപര്യന്തം കഠിനതടവും 20 വർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ടുള്ള കോടതി വിധി വന്നത്.
മണക്കാട് രാജേഷ് വധം
2017 മാർച്ച് 27നാണ് മടവൂരിലെ സ്റ്റുഡിയോയിൽ വെച്ച് രാജേഷ് കൊല്ലപ്പെട്ടത്. ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൽ സത്താറിന്റെ ക്വട്ടേഷൻ പ്രകാരം മുഹമ്മദ് സാലിഹും(അലിഭായി) അപ്പുണ്ണിയും തൻസീറും അടങ്ങുന്ന സംഘമാണു രാജേഷിനെ കൊലപ്പെടുത്തിയത്. സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി നാട്ടിലുള്ള സുഹൃത്തായ അപ്പുണ്ണിയെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്റെ സമയവും തീയതിയും മറ്റും തീരുമാനിച്ചത് അപ്പുണ്ണിയായിരുന്നു. വാട്സാപ്പിലൂടെയും ഇന്റർനെറ്റ് കോളിലൂടെയുമായിരുന്നു ആസൂത്രണം.
ഷിബിലി കൊലപാതകം
2024 ഓഗസ്റ്റിലാണ് വാക്കുതർക്കത്തിൻ്റെ പേരിൽ ബീമാപ്പള്ളി സ്വദേശി ഷിബിലി കൊല്ലപ്പെടുന്നത്. സുഹൃത്തായ ഹിജാസ് എന്ന വ്യക്തിയാണ് ഷിബിലിയെ കുത്തിക്കൊലപ്പെടുത്തിയത്. റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിരുന്നയാളാണ് ഷിബിലി. മുൻവൈരാഗ്യമാണ് കൊലയേക്ക് കാരണമെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകപോക്കലുകളും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും തിരുവനന്തപുരത്ത് സ്ഥിരമാണെന്നതാണ് ഇത്തരം സംഭവങ്ങളിലെല്ലാം വ്യക്തമാക്കുന്നത്. ഈ കേസുകളിൽ പലതിലും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു എന്നതും പല കൊലപാതകങ്ങളും പകപോക്കൽ എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടവയാണെന്നതും ശ്രദ്ധേയമാണ്.
Content Summary: thiruvananthapuram becomes the district of Gang murders
This post was last modified on November 19, 2025 8:07 am
Leave a Comment