കവി, പത്രപ്രവർത്തകൻ എന്ന നിലയിൽ 80 കളിൽ പ്രശസ്തനായ യു. ജയചന്ദ്രൻ വിടവാങ്ങി. കവി എന്ന നിലയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെപോലെ ഏറെ ഉയരങ്ങൾ കീഴടക്കുമെന്ന് ഒരു കാലത്ത് സാഹിത്യലോകം കരുതിയ പ്രതിഭയായിരുന്നു ജയചന്ദ്രൻ. 80 കളുടെ ആദ്യം തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘പമ്പരം’ എന്നൊരു ലൈഫ് സ്റ്റെൽ മാസികയുടെ പ്രധാന ലേഖകനായിരുന്നു അക്കാലത്തെ ശ്രദ്ധേയനായ യുവകവിയും എഴുത്തുകാരനായിരുന്ന യു ജയചന്ദ്രൻ. ചെങ്ങന്നൂരിലെ സംസ്കൃത പണ്ഡിതനായ വഞ്ഞിപ്പുഴ ചീഫിൻ്റെ മകനാണ് ജയചന്ദ്രൻ. വഞ്ഞിപ്പുഴ ചീഫ് എന്നാൽ ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ ദേശവാഴിക്ക് ബ്രിട്ടീഷുകാർ നൽകിയ സ്ഥാനപ്പേരാണ്. ആ പരമ്പരയിലെ അവസാന കണ്ണിയായിരുന്നു ജയചന്ദ്രൻ്റെ അച്ഛൻ. അമ്മ സാമൂഹിക പ്രവർത്തകയായ തങ്കം വഞ്ഞിപ്പുഴ. 1958 ലെ അഖിലേന്ത്യാ വിമൻസ് ഫെഡറേഷൻ്റെ കാശിയിൽ വെച്ച് നടന്ന സമ്മേളനത്തിൽ കേരളത്തിൻ്റെ പ്രതിനിധിയായി പങ്കെടുത്തത് ഇവരായിരുന്നു. എം.പി. രേണു ചക്രവർത്തിയൊക്കെയായിരുന്നു സമ്മേളനത്തിൻ്റെ മുൻനിരക്കാർ. ( ഒരു മാതിരിയൊന്നും കണ്ട് കേട്ട് ഞെട്ടാത്ത അന്ന് കാശിയിൽ പഠിക്കുകയായിരുന്ന നാണപ്പൻ എന്ന എം.പി. നാരായണ പിള്ള “വഞ്ഞിപ്പുഴ ചീഫിൻ്റെ” ഭാര്യ എന്ന് കേട്ട് അന്തം വിട്ടു. റെഡ് ഇന്ത്യക്കാരുടേത് പോലെ മലയാളികൾക്കും ടൈബ്രൈൽ ചീഫോ ?)
ആലപ്പുഴയിലെ കർഷക സംഘത്തിൻ്റെ പ്രസിഡൻ്റായിരുന്നതിനാൽ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് കമ്യൂണിസ്റ്റ് ആയതിനാൽ ധാരാളം പോലീസ് പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഒറ്റപ്പാലത്തുകാരിയായ തങ്കം നമ്പൂതിരിയായ വഞ്ഞിപ്പുഴ ചീഫിനെ കല്ലാണം കഴിച്ചു. നമ്പൂതിരിക്ക് നായർ സ്ത്രീയിലുണ്ടായ മക്കൾക്ക് സ്വത്തിൽ അവകാശമില്ല. അതിനിടക്ക് ഭൂനിയമം വരികയും രണ്ട് പേരുടെ സ്വത്തുകൾ നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ രണ്ട് നിയമങ്ങളുടെ ഇടയിൽ പെട്ട നിർധനരായ ഒരു കുടുംബാംഗമായിരുന്നു അയാൾ.
‘ഒറ്റ വസ്ത്രവും അൽപ്പം ഭക്ഷണവും മതി, അയാൾ ഒരു പാട് കാലം ജീവിക്കും. അത്രയധികം മെലിഞ്ഞ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല’, തിരുവന്തപുരം യുണിവേഴ്സിറ്റി കോളേജിൽ സഹപാഠിയും അയാളുടെ ഉറ്റ സുഹൃത്തായ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു. ‘ജയചന്ദ്രൻ്റെ ജീവിതം എപ്പോഴും ദാരിദ്യത്തിൽ തന്നെയായിരുന്നു. നിരവധി രാത്രികളിൽ അയാൾ ഉറങ്ങാതിരിക്കും. അതിൻ്റെ ഇരട്ടി ദിവസം കിടന്നുറങ്ങുകയും ചെയ്യും. നമ്മൾ വിശന്നിട്ട് ഉറക്കം വരുന്നില്ല എന്ന് പറയുമ്പോൾ ജയചന്ദ്രൻ വിശപ്പറിയാതിരിക്കാൻ ഉറങ്ങി !’

യു. ജയചന്ദ്രൻ
അയാളുടെ കവിതകൾ കലാകൗമുദിയിലും, മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നു കൊണ്ടിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ ഒരു നാൾ നാളത്തെ കവിയായി ജയചന്ദ്രൻ അറിയപ്പെടുമെന്ന് അന്നത്തെ സാഹിത്യം ഗൗരവമായി എടുത്ത ചെറുപ്പക്കാരായ ആസ്വാദകർ കരുതിയിരുന്നു.
1977 നവംബറിൽ ആദ്യത്തെ ലോകമലയാള സമ്മേളനം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്നു. പുതുശ്ശേരി രാമചന്ദ്രനാണ് മുഖ്യ സംഘാടകൻ. കൈരളി നഗർ എന്ന് പേരിട്ട സമ്മേളന നഗരിയിൽ എഴുത്തച്ഛൻ മുതൽ ചങ്ങമ്പുഴ വരെ മലയാള സാഹിത്യത്തിലെ എല്ലാ മഹത് വ്യക്തികളുടെ പടം വെച്ച് ഗംഭീരമായ വേദിയൊക്കെയാണ്. കാസർഗോഡ് മുതൽ ആരംഭിച്ച ദീപശിഖ വേദിയിലെത്തിയാണ് ഉൽഘാടന ചടങ്ങ്. മറ്റ് 7 വേദികളിൽ സാഹിത്യം, ഭാഷ , കല, ചരിത്രം, തത്വചിന്ത, ദൃശ്യകല, വികസനം, സ്ത്രീകളും സമൂഹവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെമിനാറുകൾ. ഭാരതീയ ഭാഷകളിലെ പണ്ഡിതന്മാർ പങ്കെടുക്കുന്ന 7 ദിവസത്തെ പരിപാടിയാണ്. എന്നാൽ അമേരിക്കൻ കാശ് വാങ്ങിയാണ് ഇത് നടത്തുന്നതെന്നും അതിനാൽ ഇത് ബൂർഷാ ഇടപാടാണെന്നും എസ്എഫ്ഐക്ക് തോന്നി. എ. കെ. ആൻ്റണി മുഖ്യമന്ത്രിയും. അതിനാൽ ഇതിനെ എതിർക്കാൻ എസ്എഫ്ഐ മുന്നിട്ടിറങ്ങി. യുണിവേഴ്സിറ്റി കോളേജിലെ സമ്മേളന വേദി അവർ പിക്കറ്റ് ചെയ്തു. പോലീസ് ഇടി വണ്ടിയുമായി എത്തി അവരെ പൊക്കി വാനിലിട്ടു.

ലെനിൻ രാജേന്ദ്രൻ
ജയചന്ദ്രൻ വാനിൽ നിന്ന് ഇറങ്ങി നിന്ന് യാതൊരു പ്രകോപനവുമില്ലാതെ അവിടെ വന്ന ഒരു പോലീസ് ഇൻസ്പെക്ടറുടെ നെഞ്ചത്ത് ആഞ്ഞ് ഒറ്റ ചവിട്ട്. ഇത് കണ്ട് എല്ലാവരും സ്തബ്ധരായി നോക്കി നിന്നു. എന്നാൽ പോലീസ് ഇൻസ്പെക്ടർ ഒരക്ഷരം പോലും മിണ്ടിയില്ല. പിന്നീട് അതേക്കുറിച്ച് ചോദിച്ചപ്പോൾ ആ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.” തിരിച്ചടിക്കാൻ വേണ്ടി ഒന്നും അയാളുടെ ശരീരത്തിൽ ഞാൻ കണ്ടില്ല. പിന്നെ ആ ശരീരവും വെച്ച് കൊണ്ട് ഒരാൾക്ക് എന്നെ തല്ലാൻ തോന്നിയല്ലോ, അവനെ തിരിച്ച് തല്ലുന്നത് ശരിയല്ല.”
തിരുവനന്തപുരത്തെ ബി.ജെ.പി നേതാവായിരുന്ന മുൻ ആർ.എസ്.പികാരനായ എം. എസ് കുമാറൊക്കെ ചേർന്ന് ഒരു ഗാനമേള ട്രൂപ്പ് ഉണ്ടാക്കിയപ്പോൾ കവി കൂടിയായ ജയചന്ദ്രനായിരുന്നു പ്രധാന ഗായകൻ. കെ.എസ് ബീന പ്രധാന ഗായികയും. ഒരു ഗാനമേളക്ക് ബീനക്ക് പനി കാരണം പാടാൻ പറ്റിയില്ല. സാമ്പത്തിക നഷ്ടം വരാതിരിക്കാൻ പരിപാടി നടത്തിയെ പറ്റൂ. തൻ്റെ അനുജത്തി പാടുമെന്നും അതിനാൽ അവളോട് സംസാരിക്കാൻ ബീന രഹസ്യമായി അവരെ അറിയിച്ചു. ഇതുവരെ പൊതുവേദിയിലൊന്നും പാടാത്ത ഒരു കൊച്ചു പെൺകുട്ടി. ബീനയുടെ അനുജത്തി പാടാമെന്ന് നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. ഒരു ഉത്സവ പറമ്പിലെ പരിപാടിയിൽ ആ പെൺകുട്ടി പാടി. ആ കൊച്ചു പെൺകുട്ടിയുടെ ശ്രുതിശുദ്ധിയുള്ള ആലാപനം കേട്ട് ജനങ്ങൾ അന്തം വിട്ടു. ആ ഗായികയുടെ പേരാണ് ചിത്ര. അവിടെ നിന്ന് ചിത്രയെന്ന ഗായികയുടെ വളർച്ച തുടങ്ങുകയായിരുന്നു.
ഒരു രാത്രി നന്ദാവനം പോലീസ് ക്യാമ്പിന് മുന്നിൽ നടന്നു പോകുമ്പോൾ കവിതയും ലഹരിയിലും മുങ്ങിയ ജയചന്ദ്രൻ കടമ്മനിട്ടയുടെ ‘കുറത്തി’ ഉറക്കെച്ചൊല്ലി. തോക്കും പിടിച്ച് പാറാവ് നിൽക്കുന്ന പോലിസുകാരൻ്റെ നേരെ കൈ ചൂണ്ടിയാണ് അവിടെ നിന്നുള്ള
കവിതാപ്രയോഗം.
‘നിങ്ങളെൻ്റെ കറുത്ത മക്കളെ ചുട്ടൂന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ?’.. ഇത് കേട്ട പോലീസുകാരൻ പ്രതികരിച്ചില്ല. അയാൾ പ്രതിമ പോലെ നിൽപ്പാണ്. കൂടെയുണ്ടായിരുന്ന ലെനിൻ രാജേന്ദ്രൻ വിട്ട് പോയ വരികൾ ജയചന്ദ്രന് പറഞ്ഞു കൊടുത്തു. ’നീറായ വനത്തിൽ നടുവിൽ നിൽപ്പൂ കാട്ടാളൻ’.. എപ്പോൾ വേണമെങ്കിലും ക്യാമ്പിൽ നിന്ന് പോലീസ് വന്ന് പൊക്കാം. പക്ഷേ, തൊണ്ട പൊട്ടി പാടിയിട്ടും പാറാവുകാരൻ അനങ്ങിയില്ല. മനം മടുത്ത ജയചന്ദ്രൻ പറഞ്ഞു. ‘ഇവനൊരു ബോറനാ, കവിതയറിയാത്ത പോലീസ്, നമുക്ക് പോകാം’
പോകുന്ന വഴി പോലീസ് ജീപ്പ് വന്നു നിറുത്തി ജയചന്ദ്രനെ വലിച്ച് കയറ്റി. മ്യൂസിയം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പിന്നെ കുറെ നേരം കഴിഞ്ഞ് പോലീസ് ഇൻസ്പെക്ടർ വന്നു. ആളെ മനസിലായപ്പോൾ ചായ കൊടുത്തു. പായ വരുത്തി അതിലിരുത്തി ജയചന്ദ്രനെ കൊണ്ട് കവിത ചൊല്ലിച്ചു. അതായിരുന്നു ശിക്ഷ.
കുറച്ച് കാലം ദേശാഭിമാനി പത്രത്തിൽ എഡിറ്റോറിയൽ ട്രെയ്നിയായ് ജോലി നോക്കി. അക്കാലത്താണ് മാധവിക്കുട്ടിയുടെ മകൻ മോനു നാലപ്പാട്ട് ചീഫ് എഡിറ്ററായി പത്രപ്രവർത്തന രംഗത്തേക്ക് വരുന്നത്. ‘പമ്പരം’ എന്ന ലൈഫ് സ്റ്റെൽ മാസിക തുടങ്ങിയത് മാതൃഭൂമി ദിനപത്രത്തിൻ്റെ എഡിറ്ററാകുന്നതിൻ്റെ മുന്നോടിയായിരുന്നു. കളറിൽ നല്ല കടലാസിൽ അച്ചടിച്ച മാസിക, കെട്ടിലും മട്ടിലും മികച്ചതായിരുന്നു. ലേ ഔട്ട് , അവതരണം എന്നിവ മാസികയെ വേറിട്ടതാക്കി. യുവജനങ്ങൾക്കായി എന്നാരു വാചകം മാസികയുടെ തലക്കെട്ടിന് കീഴെ കൊടുത്തു. പ്രശസ്തനായ വാഗ്മിയും പണ്ഡിതനുമായ തിരുവിതാംകൂറിൻ്റെ സ്വാതന്ത സമര സേനാനിയുമായ സി. നാരായണ പിള്ള ഒരു കോളം എഴുതി. കൂടാതെ മാധവിക്കുട്ടി, പവനൻ തുടങ്ങിയവരും എഴുതി. മിഴിവുള്ള ഫോട്ടോകൾ ഒരു പ്രത്യേകതയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കാക്കനാടൻ്റെ നോവൽ ‘ഒറോത’ ആദ്യമായി പ്രസിദ്ധീകരിച്ചത് പമ്പരത്തിലായിരുന്നു. ജെയിംസിൻ്റെ ‘വൈദ്യൻ കുന്ന്’ പമ്പരം അക്കാലത്ത് പ്രസിദ്ധീകരിച്ച മറ്റൊരു പ്രശസ്ത കൃതിയാണ്.
അക്കാലത്ത് പ്രശസ്തനായ ആർട്ടിസ്റ്റ് ആർ. സോമരാജാണ് പമ്പരത്തിൻ്റെ ലേ ഔട്ട് അവതരണം. സോമരാജ് പിന്നിട് മലയാള മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണമായ ‘ബാലരമ’യുടെ ഡിസൈനറായി ശ്രദ്ധേയനായി. അക്കാലത്ത് മലയാള നാട് വാരികയിൽ ‘പമ്മൻ്റെ ഭ്രാന്ത്’ എന്ന നോവലിലെ നായിക മാധവിക്കുട്ടിയാണെന്ന് ഒരു വാർത്ത പരന്നിരുന്നു. കോളിളക്കമുണ്ടാക്കിയ ഈ വാർത്തക്കെതിരെ പമ്പരത്തിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു.
‘ഒലക്കനാട് വാരിക’ ഒരു നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി. കുര്യാക്കോസ് എന്ന പേരിൽ എഴുതിയ നോവലിസ്റ്റ് ആരാണെന്ന് ചിലർക്കെങ്കിലും അറിയാമായിരുന്നു. എസ്. കെ. വലിയാൻ പിള്ളയുടെ ‘ബോംബ യാത്രകൾ’ എന്ന ആദ്യ അദ്ധ്യായത്തിൽ ഗുമ്മൻ എന്നൊരു സാഹിത്യകാരനും കഥാപാത്രമായി. ഇരുവരും ബോബെയിൽ വില കുറഞ്ഞ അഭിസാരികകളെ തേടി നടന്നെന്നും ഇരുവർക്കും രഹസ്യ രോഗം പിടിപെട്ടു എന്നൊക്കെയായിരുന്നു നോവലിൽ. മലയാളനാട് പത്രാധിപരായ എസ്.കെ നായരേയും നോവലിസ്റ്റ് പമ്മനേയും അടിമുടി ആക്ഷേപിച്ചായിരുന്നു ആദ്യ അദ്ധ്യായം. പമ്പരത്തിൻ്റെ പ്രസിദ്ധീകരണം ഏറെ നാൾ നീളാതെ അവസാനിച്ചു.
മലയാള നാടിൽ സാഹിത്യ വാരഫലത്തിൽ എം. കൃഷ്ണനായർ പമ്പരത്തെ നന്നായി കുടഞ്ഞു. ‘പമ്പരം ചുറ്റിക്കുന്നു’ എന്നാണ് അദ്ദേഹം എഴുതിയത്.. സി. നാരായണ പിള്ള പഴയ പല്ലവി പാടുന്നു’ ചവറ്റു കൊട്ട എവിടെ?അദ്ദേഹം എഴുതി. ജയചന്ദ്രൻ്റെ കുറെ ലേഖനങ്ങൾ പമ്പരത്തിൽ വന്നു.
പിന്നീട് ജയചന്ദ്രൻ അധ്യാപകനായി ആഫ്രിക്കയിലേക്ക് പോയി. കൂടെ സ്നേഹിച്ച് വിവാഹം കഴിച്ച ബീനയും. മൂന്നു പതിറ്റാണ്ടു അവിടെ രണ്ടു പേരും അധ്യാപകരായി. ഒടുവിൽ തിരികെ തിരുവനന്തപുരത്ത് താമസമാക്കി. ഒരു മകൾ അപർണ്ണ വിവാഹിതയായി.
തീഷ്ണമായ ഒരു യൗവനത്തെ സാക്ഷ്യം വഹിച്ച തിരുവനന്തപുരത്ത് വെച്ച് തന്നെ ജയചന്ദ്രനെന്ന പഴയ കവി വിടവാങ്ങി.
Content Summary: Poet and journalist U. Jayachandran passed away
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.