മലയാള ചലചിത്ര ഗാനരംഗത്ത് അന്യഭാഷാ ഗായികമാര്‍ അടക്കി വാഴുന്ന കാലത്ത് വ്യത്യസ്തമായ ആലാപനത്തിലൂടെ ആദ്യമായി ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ലതിക. ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതും ആ ഗാനങ്ങള്‍ എസ്. ജാനകിയുടെ ഹൃദ്യമായ സ്വരമാധുരി പോലെ ആസ്വാദകര്‍ സ്വീകരിച്ചതും ലതികയെന്ന ഗായികയ്ക്കുള്ള അംഗീകാരമായിരുന്നു.
ഞായറാഴ്ച പ്രകാശനം ചെയ്യുന്നു, ഗായികയുടെ അനുഭവ കുറിപ്പുകള്‍ ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന കൃതി മലയാള ചലച്ചിത്രഗാനങ്ങളുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.
ഇതാ ഇതാ ഇതാ
പാടാം ഞാനാ ഗാനം വീണ്ടും
ഇതാ ഇതാ ഇതാ, ഈ ഗാനവും ഗായികയും ആ സിനിമയും എങ്ങനെ മറക്കാനാണ്. മോഹന്‍ ലാലിനെ സൂപ്പര്‍ താരപദവിയിലേക്ക് ആനയിച്ച വിന്‍സെന്റ് ഗോമസിന്റെ കഥ പറഞ്ഞ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രത്തിലെ ‘പാടാം ഞാനാ ഗാനം’ ഹിറ്റ് ഗാനം പാടിയ ലതിക തന്റെ ഗാനാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. പ്രശസ്ത ചലചിത്ര പിന്നണി ഗായികയായ ലതികയുടെ 60 വര്‍ഷത്തെ സംഗീതാനുഭവങ്ങള്‍ ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന അനുഭവക്കുറിപ്പിലൂടെ ചലചിത്ര സംഗീതാസ്വാദകരുമായി പങ്കിടുന്നു. സെപ്റ്റംബര്‍ 15, ഈ ഞായറാഴ്ച, വൈകിട്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന അവരുടെ അനുഭവക്കുറിപ്പുകള്‍ പ്രകാശനം ചെയ്യും.

യേശുദാസിനോടൊപ്പം ഗാന റിക്കോഡിംഗിൽ ലതിക. ഇടത്ത് നിൽക്കുന്നത് സംഗീത സംവിധായകൻ രവീന്ദ്രൻ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ മലയാളി സിനിമാ താരങ്ങളുടെ താരനിശ നടക്കുകയാണ്. ‘പരിപാടിയില്‍ ഗാനമേളയും മിമിക്രിയും സ്‌കിറ്റും ഒക്കെയുണ്ട്. ലതികയാണ് ഗാനമേളയിലെ ഗായിക. ഗാനമേള തുടങ്ങും മുന്‍പ് പ്രിയതമാ പ്രിയതമാ’ എന്ന ശകുന്തളയിലെ പാട്ട് ‘ലതികക്ക് അറിയാമെങ്കില്‍ ഒന്ന് പാടാന്‍ പറയൂ എന്ന ആവശ്യവുമായി ഒരാളെത്തി’. ലതിക പറഞ്ഞു, എനിക്ക് ആ പാട്ടറിയാം പക്ഷേ ഓര്‍ഗസ്ട്രക്കാര്‍ക്ക് അറിയില്ലല്ലോ! അങ്ങനെ ആ പാട്ട് പാടാന്‍ പറ്റിയില്ല. അന്ന് അവിടെ ആ ആവശ്യക്കാരന് വേണ്ടി ആ പാട്ട് പാടാന്‍ സാധിക്കാത്തതില്‍ ലതിക വിഷമിച്ചിരിക്കണം.
കാരണം, ഗാനം പാടാന്‍ പറഞ്ഞത് മറ്റാരുമല്ല ‘സാക്ഷാല്‍ പ്രേംനസീര്‍! നിത്യഹരിത നായകന് ഒരു പാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു ഗാനമായതിനാണ് ‘പ്രിയതമ’ എന്ന ഗാനം തന്നെ പാടാന്‍ അദ്ദേഹം പറഞ്ഞത്. ഒരു പക്ഷേ, ആയിരക്കണക്കിന് അനശ്വര ഗാനങ്ങള്‍ സിനിമയില്‍ പാടി പ്രേക്ഷകരെ കോരിത്തരിപ്പിച്ച പ്രേംനസീര്‍ ഏതെങ്കിലും ഒരു ഗായിക – ഗായകനോട് ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടത് ആദ്യമായിട്ടായിരിക്കും. അങ്ങനെ ഒത്തിരിയൊത്തിരിയനുഭവങ്ങളിലുടെ മധുരവും, കയ്പ്പും നിറഞ്ഞ മലയാള ചലചിത്ര ഗാനാനുഭവങ്ങള്‍, ഈ പുസ്തകത്തിലൂടെ. ഏറെ പറയാനുണ്ട് ലതികക്ക്.
തന്റെ പതിനേഴാം വയസില്‍ യേശുദാസിനോടൊപ്പം, 1976 ല്‍ അഭിനന്ദനം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി, കണ്ണൂര്‍ രാജന്‍ ഈണമിട്ട ‘പുഷ്പ തല്‍പ്പത്തില്‍ നീ വീണുറങ്ങി’ എന്ന ആദ്യ ഗാനം പാടിയതു തൊട്ട് ഈയിടെ മധു ബാലകൃഷ്ണനോടൊപ്പം പാടിയ വലയം എന്ന ചിത്രത്തില്‍ ജെറി അമല്‍ ദേവിന്റെ ഈണത്തില്‍ പാടിയ പാട്ടിനെ കുറിച്ച് ലതിക പറയുന്നു. താന്‍ പാടിയ ‘കാതോട് കാതോരം’ എന്ന ഹിറ്റ് ഗാനം മറ്റൊരു പ്രശസ്ത ഗായിക പാടിയതാണ് എന്ന് വിശ്വസിക്കുന്നവരെ കുറിച്ചും, കെ. രാഘവന്റെയും ഭാസ്‌കരന്‍ മാസ്റ്ററുടേയും മനോഹര ഗാനമായ ‘ശ്രീകൃഷ്ണപരുന്തിലെ ‘മനോഹര നിലാവിന്റെ പൂങ്കാറ്റില്‍’ പാടിയിട്ടും അവസരങ്ങള്‍ തേടി വരാത്തതിനെ കുറിച്ചും ഗായിക പറയുന്നു. അങ്ങനെ ഒരു പിടി’ അനുഭവങ്ങള്‍ ലതികയെന്ന ഗായികക്ക് പറയാനുണ്ട്.
70 കളുടെ അവസാനം യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനമേളകളില്‍ സജീവമായി പങ്കെടുത്ത ഗായികയായിരുന്നു ലതിക. 1994 ഓഗസ്റ്റില്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ 50-ാം വാര്‍ഷികം 3 ദിവസങ്ങളായി ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മൂന്ന് കാലഘട്ടങ്ങളിലെ തിരഞ്ഞെടുത്ത 90 ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാതെയിരുന്ന എസ്. ജാനകിയുടെ ഗാനങ്ങള്‍ ആ വേദിയില്‍ ആലപിച്ചത് ലതികയാണ്.
മലയാള സിനിമ മദ്രാസില്‍ കുടിയിരിക്കുന്ന കാലത്ത് ചലചിത്രപിന്നണി ഗാനം പാടാനാരംഭിച്ച ലതിക യേശുദാസിനൊപ്പം പാടിക്കൊണ്ട് ചലച്ചിത്രഗാന രംഗത്തു പ്രവേശിച്ചു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ മുന്നൂറ്റി അമ്പതിലധികം ചിത്രങ്ങളില്‍ പാടി നാലായിരത്തിലധികം വേദികള്‍, ആയിരക്കണക്കിന് ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും പാടി. കാതോടു കാതോരം, താരും തളിരും, നിലാവിന്റെ പൂങ്കാവില്‍, പുലരെ പൂന്തോണി, പൂ വേണം പൂപ്പട വേണം തുടങ്ങിയ ലതിക പാടിയ ഗാനങ്ങള്‍ ശ്രദ്ധേയമായി. പ്രശസ്തമായ പല മലയാള ഗാനങ്ങളുടെ, താളവട്ടം, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ ഹമ്മിംഗും നമ്മള്‍ കേട്ടത് ലതികയുടെ സ്വരത്തിലാണ്.
മലയാളത്തിലും തമിഴിലുമുള്ള ഒട്ടുമിക്ക ഗായകരോടൊപ്പവും പാടിയിട്ടുണ്ട് പതിനെട്ട് വര്‍ഷം പാലക്കാട് ചെമ്പെ സംഗീത കോളെജിലും തുടര്‍ന്ന് എട്ട് വര്‍ഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലും അധ്യാപികയായി ജോലി ചെയ്തു വിരമിച്ചു.
മലയാള ചലചിത്ര ഗാനരംഗത്തെ ഇത്രയും വര്‍ഷത്തെ അനുഭവ സമ്പത്തുള്ള ഒരു ഗായികയുടെ അനുഭവങ്ങള്‍ ഇതാദ്യമായാണ് പുസ്തകരൂപത്തില്‍ വരുന്നത് എന്ന പ്രത്യേകതയും ‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന ലതികയുടെ അനുഭവക്കുറിപ്പിനുണ്ട്. തന്റെ കഴിവിനെ അംഗീകരിച്ച് പാട്ടുകള്‍ പാടിച്ച സംഗീത സംവിധായകരെയും ലതിക ഓര്‍ക്കുന്നു. കൂടാതെ മനഃപൂര്‍വം തഴഞ്ഞ പല പ്രശസ്ത സംഗീത സംവിധായകരെയും ആരോടും പരിഭവം കാണിക്കാതെ പരാമര്‍ശിക്കുന്നുണ്ട്.
തന്റെ അനുഭവക്കുറിപ്പായ ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ ലതിക എഴുതുന്നു.
‘ഒരു മലയാളി ഗായിക സംഗീതരംഗത്തെ ദശാബ്ദങ്ങള്‍ നീണ്ട അനുഭവങ്ങളുടെ ആത്മസംഘര്‍ഷങ്ങളില്‍ നിന്ന് ആര്‍ജിക്കാനായ അചഞ്ചല സംയമനവും നിതാന്ത നിര്‍വൃതിയും സ്‌നേഹിതരുമായി പങ്കിടുക മാത്രമാണ്. ഈ ഉദ്യമത്തിനു പിന്നില്‍ കരിങ്കല്‍ ചീളുകളെയും പച്ചിലപ്പടര്‍പ്പുകളെയും മുട്ടിയുരുമ്മി മുന്നോട്ടൊഴുകുന്ന കാട്ടരുവിയുടെ കാലുഷ്യവും തെളിമയും ഇടകലര്‍ന്ന യാത്രയിലുടനീളം, അരോചകമല്ലാത്ത താളനിബദ്ധമായ ഒരു മൂളിപ്പാട്ട് കേള്‍ക്കാം. അതാണെന്റെ സംഗീതം
‘പരാതിയോ പരിഭവമോ ഇല്ലാത്ത സംഗീതയാത്ര. അപൂര്‍വം സന്ദര്‍ഭങ്ങളിലെങ്കിലും അതൊരു വിങ്ങലായും ആത്മരോദനമായും തോന്നിയേക്കാം, പക്ഷേ തളരാത്ത മനസ്സുമായുള്ള ആ യാത്രയിലുടനീളം എന്റെ സന്തോഷവും ചാരിതാര്‍ത്ഥ്യവും അന്തര്‍ലീനമായിരിക്കുന്നു. എന്റെ യാത്രയില്‍ എന്നെ ആത്മാര്‍ത്ഥമായി സഹായിച്ചവരോടെല്ലാം തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. യാത്രക്കിടയില്‍ നേരിടേണ്ടിവന്ന പ്രതിബന്ധങ്ങള്‍ മുന്നോട്ട് കുതിക്കാനുള്ള ചാലക ശക്തിയായി. ആത്മസുഗന്ധം ഒളിപ്പിച്ചു വയ്ക്കുവാനാവാത്ത പൂവിനെപ്പോലെ എന്നൊരു പാട്ട് ‘ഭദ്രച്ചിറ്റ’ എന്ന ചിത്രത്തില്‍ എനിക്കു പാടാനായി ഒഎന്‍വി സാര്‍ രചിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ കടന്നു പോയെങ്കിലും ആ ഗാനം എന്നെ പിന്നെയും പിന്നെയും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.’
(‘ഹൃദയരാഗ തന്ത്രി മീട്ടി’ എന്ന ലതികയുടെ പുസ്തകത്തിന്റെ മുഖവരയില്‍ നിന്ന്)
പ്രശസ്ത ചലചിത്ര ഗാന രചയിതാവും കവിയുമായ കെ. ജയകുമാര്‍
ലതികയുടെ ഓര്‍മ്മക്കുറിപ്പിന് എഴുതിയ പ്രൗഡമായ തന്റെ അവതാരികയില്‍ പറയുന്നു.
‘ഓര്‍മ്മക്കുറിപ്പുകളിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് ലതികയോട് തോന്നിയത് ആദരവും അത്ഭുതവുമാണ്. മറ്റൊരു ഗായികയുടെയും ജീവിതത്തിന് ഇത്രയും അനുഭവ വൈവിധ്യം ഉണ്ടാകാന്‍ വഴിയില്ല. കണ്ടുമുട്ടിയ വ്യക്തികളെ ലതിക സൂക്ഷ്മമായി ഓര്‍ത്തിരിക്കുന്നതും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങള്‍ പോലും സൂക്ഷ്മതയോടെ ആലേഖനം ചെയ്തിരിക്കുന്നതും വലിയ കൗതുകവും വിസ്മയവും വായനക്കാരില്‍ ഉണര്‍ത്തുക തന്നെ ചെയ്യും തനിക്ക് നഷ്ടങ്ങളും നിരാശയുമൊക്കെ വരുത്തി വച്ചവരെക്കുറിച്ചു പോലും തികഞ്ഞ നിസ്സംഗതയോടെയും ഉദാരതയോടെയും പരാമര്‍ശിച്ചിരിക്കുന്നതാണ് ഈ രചനയുടെ മറ്റൊരു സവിശേഷത. മനഃപൂര്‍വം തഴഞ്ഞ പ്രശസ്തരെയും കഴിവ് മനസ്സിലാക്കി, ഉചിതമായ പാട്ടുകള്‍ പാടിച്ച സംഗീത സംവിധായകരെയും ലതിക കാട്ടിത്തരുന്നു, ആരോടും പരിഭവമില്ലാതെ. ലതികയ്ക്ക് പാട്ടുകള്‍ നല്‍കിയ സംഗീത സംവിധായകരുടെ പട്ടിക വളരെ നീണ്ടതാണ്. പ്രമുഖരായ സംഗീത സംവിധായകരുടെ രീതികളും മികവുകളും കൃത്യമായി ഈ പുസ്തകത്തില്‍ ലതിക പ്രതിപാദിച്ചിരിക്കുന്നു.

പ്രകാശന ചടങ്ങ് ക്ഷണക്കത്ത്
അനുഭവക്കുറിപ്പുകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ ലതികയ്ക്കും ഇത് വായിക്കുന്ന നമുക്കും ബോധ്യമാവുന്നത് കാലത്തിന്റെ കാരുണ്യമാണ്, നിരാര്‍ദ്രതയല്ല. ജീവിതത്തിന്റെ ഉദാരതയാണ്. പരിമിതിയല്ല. ഭാഗധേയത്തിന്റെ നീതിയാണ്, അനീതിയല്ല. അദൃശ്യനായ പരിശീലകന്‍ ലതികയെന്ന ഗായികയെ പ്രാപ്തയാക്കുകയായിരുന്നു. തന്റെ സംഗീത സംഭാവനകള്‍ കൊണ്ട് ജീവിതത്തെ ധന്യമാക്കാന്‍ അനുവദിച്ച കാലത്തിന് കൃതജ്ഞത പറയാന്‍ ഈ കൃതി പ്രേരിപ്പിക്കുന്നു.
ലതികയുടെ രചനാരീതിയെക്കുറിച്ചും പരാമര്‍ശിക്കാതിരിക്കുന്നത് അപരാധമായിരിക്കും. നാട്യങ്ങളില്ലാത്ത സുലളിതമായ ഭാഷയാണ് ലതികയുടേത്. തന്റെ ജീവിതത്തെ ചിലപ്പോള്‍ മറ്റാരുടെയോ ജീവിതമെന്നപോലെ ആവിഷ്‌കരിക്കാന്‍ ലതികയ്ക്ക് സാധിക്കുന്നു. ഈ മുപ്പത് അധ്യായങ്ങളില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്തവും വിപുലവുമായ ജീവിതാനുഭവങ്ങള്‍ വായിക്കുമ്പോള്‍ അനേകം വര്‍ഷങ്ങളിലൂടെ ജീവിച്ച അനുഭവം വായനക്കാര്‍ക്കുമുണ്ടാകുന്നു. രസകരവും ഹൃദ്യവുമാണ് ഈ ആഖ്യാനം, അനേകം പ്രതിഭാശാലികള്‍ ജീവിച്ചിരുന്ന ഒരു മഹിതകാലത്തിന്റെ നേര്‍ചിത്രവുമാണ്,
ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സ് ആണ് ‘ഹൃദയരാഗ തന്ത്രി മീട്ടി’യുടെ പ്രസാധകര്‍. ‘Hridaya raga thanthri meetti’ to be released on Sunday
Content Summary: ‘Hridaya raga thanthri meetti’ to be released on Sunday
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.