പ്രപഞ്ചരഹസ്യങ്ങളെ ഒപ്പിയെടുക്കും, മിഴിതുറന്ന് ഭീമൻ ക്യാമറ; 2,100 ഛിന്നഗ്രഹങ്ങളെ കണ്ടെത്തി

രണ്ട് ദശാബ്ദക്കാലത്തോളമെടുത്താണ് ദൂരദർശിനിയുടെ നിർമാണം

ആഗോള ജ്യോതിശാസ്ത്രരംഗത്ത് വലിയ മാറ്റത്തിലേക്കുള്ള ചുവടുവെപ്പാണ് ആദ്യ പരീക്ഷണ ചിത്രത്തിലൂടെ ലോകത്തെ ഏറ്റവും വലിയ ക്യാമറ നടത്തിയിരിക്കുന്നത്. ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ 2,100-ലധികം പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുകയാണ് പുതിയ ഭീമൻ ദൂരദർശിനി. ചിലിയിലെ എൽക്യൂയി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വെര സി റൂബിൻ ഒബ്‌സർവേറ്ററിക്ക് വേണ്ടി നിർമിച്ച ഈ എൽഎസ്എസ്ടി ക്യാമറയ്ക്ക് ഏകദേശം 3000 കിലോഗ്രാം ഭാരവും, മൂന്നു ടൺ ഭാരമുള്ള ഒരു കാറിന്റെ തന്നെ വലിപ്പവുമുണ്ട്. 3200 മെഗാപിക്‌സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ക്യാമറ ആണ് ഇതിലുള്ളത്. കോടിക്കണക്കിന് വിദൂര ഗാലക്‌സികളെ കുറിച്ച് പഠിക്കാൻ ശാസ്ത്രലോകത്തിന് ഈ ഭീമൻ ക്യാമറ വഴിയൊരുക്കും.

രണ്ട് ദശാബ്ദക്കാലത്തോളമെടുത്താണ് ദൂരദർശിനിയുടെ നിർമാണം. പ്രപഞ്ചത്തിന്റെ അൾട്രാ വൈഡ് അൾട്രാ എച്ച്ഡി ചിത്രങ്ങളെടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഒപ്പം ടൈം ലാപ്‌സ് ദൃശ്യങ്ങൾ പകർത്താനുമാവും. ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഉറപ്പാക്കാൻ -100 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് ക്യാമറ സൂക്ഷിക്കുന്നത്. ക്യാമറയിലെ 189 ലൈറ്റ് സെൻസറുകൾ ക്യാമറയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇതുവഴി പിക്‌സൽ പ്രശ്‌നങ്ങൾ കുറയ്ക്കുകയും വ്യക്തത ഉറപ്പാക്കുകയും ചെയ്യും. സങ്കീർണമായ ഫിൽറ്റർ സംവിധാനവും ക്യാമറയിലുണ്ട്. ഏഴോളം കൂറ്റൻ കളർ ഫിൽറ്ററുകളാണിതിലുള്ളത്. അൾട്രാ വയലറ്റ് മുതൽ ഇൻഫ്രാറെഡ് വരെയുള്ള വിവിധങ്ങളായ പ്രകാശ തരംഗദൈർഘ്യങ്ങളെ ഫിൽറ്റർ ചെയ്യാൻ ഇതിന് സാധിക്കും.

30 സെക്കന്റുകൊണ്ട് ഒരു 3200 മെഗാപിക്സൽ ഫോട്ടോ എടുക്കാൻ ശേഷിയുള്ള ക്യാമറ അഞ്ചുസെക്കന്റുകൊണ്ട് അടുത്തചിത്രമെടുക്കാൻ തയ്യാറാവും. മൂന്നു ദിവസം കൊണ്ട് ചിലിയിലെ കാണാവുന്ന ആകാശത്തിന്റെ ആയിരത്തോളം ചിത്രങ്ങൾ പകർത്തിയശേഷം വീണ്ടും ആദ്യം മുതൽ ചിത്രമെടുക്കൽ തുടരും. പോകെപ്പോകെ പ്രപഞ്ചത്തിന്റെ ഒരു ടൈം‌ലാപ്സ് മൂവി ഉണ്ടായിവരും. തൊട്ടുമുൻപ് എടുത്ത ചിത്രത്തിലെ വസ്തുവുമായി അനക്കത്തിലോ, തിളക്കത്തിലോ, അതോ പുതിയതായി കാണുന്നതോ ആയി വല്ലതും കണ്ടാൽ ചിത്രം അയച്ച് ഒരു മിനിട്ടിനുള്ളിൽത്തന്നെ കാലിഫോർണിയയിലെ ലാബറട്ടറിയിൽ അപ്പോൾത്തന്നെ അതിനെപ്പറ്റി സൂചന ലഭിക്കും. ഒറ്റ രാത്രിയിൽത്തന്നെ ഒരു കോടിയോളം വ്യത്യാസങ്ങൾ അവിടെ അനലൈസ് ചെയ്യാനുമാവും.

ഓരോ രാത്രികഴിയുമ്പോഴേക്കും 20 ടെറാബൈറ്റ് ഡാറ്റയാണ് ഈ ടെലസ്കോപ്പ് കൂട്ടിച്ചേർക്കുന്നത്. ഇതുവരെയുള്ള എല്ലാ ടെലസ്ക്കോപ്പിൽ നിന്നും ലഭ്യമായ ഡാറ്റയെക്കാൾ വിവരങ്ങൾ ഒരു വർഷം കൊണ്ടുതന്നെ റൂബിൻ ഉണ്ടാക്കും. 350 ടൺ ഭാരമുള്ള ഈ ടെലസ്കോപ് ഒരു നേരിയ എണ്ണപ്പാടയുടെ മുകളിൽ ആണ് സ്ഥിതിചെയ്യുന്നത്, അതിൽ തെന്നിക്കറങ്ങിയാണ് അടുത്ത ചിത്രമെടുക്കാൻ അഞ്ചു സെക്കന്റിനുള്ളിൽ ടെലസ്കോപ് തയ്യാറാവുന്നത്. ഇതിന്റെ 8.4 മീറ്റർ കണ്ണാടിക്ക് 110 ബില്യൺ പ്രകാശവർഷത്തിനപ്പുറമുള്ള ഗാലക്സികളെപ്പോലും കാണാനാവും. ഈ ശക്തമായ ദൂരദർശിനി ദശലക്ഷക്കണക്കിന് അജ്ഞാത ബഹിരാകാശ വസ്തുക്കളെ കണ്ടെത്തുമെന്നും സൂചിപ്പിച്ചതുപോലെ അപകടകരമായ ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഇന്റർസ്റ്റെല്ലാർ വസ്തുക്കളെയും നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ബഹിരാകാശ ശിലകളെ പോലും കണ്ടെത്തിയേക്കാം.

സ്പേസ്എക്സ് പോലുള്ള കമ്പനികൾ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ആണ് ഇനിയുള്ള കാലത്ത് ബാഹ്യാകാശക്കാഴ്ചകൾക്ക് തടസ്സം ഉണ്ടാക്കുന്നത്. ഇപ്പോൾത്തന്നെ 7500 ഉപഗ്രഹങ്ങൾ ആണ് സ്പേസ് എക്സിനുള്ളത്. താമസിയാതെ അത് 40000 ആവും. അപ്പോൾ റൂബിൻ എടുക്കുന്ന ചിത്രങ്ങളിലും അവ പെടും, അതൊരു പ്രശ്നമാണ്. ഏതായാലും പ്രപഞ്ചത്തെക്കുറിച്ചുള്ള പുതുപുത്തൻ അറിവുകളുമായി റൂബിൻ ടെലസ്കോപ്പ് നിരന്തരം ചിത്രങ്ങൾ അയയ്ക്കാൻ തുടങ്ങുകയാണ്, പുത്തൻ അറിവുകൾക്കായി ലോകമെങ്ങും ഗവേഷകരും ആവേശത്തോടെ തയ്യാറായിക്കഴിഞ്ഞു.

വെരാ സി. റൂബിൻ ആരായിരുന്നു?

1928 മുതൽ 2016 വരെ ജീവിച്ചിരുന്ന ഗാലക്സി ഭ്രമണ നിരക്കുകളെക്കുറിച്ചുള്ള പഠനത്തിന് തുടക്കമിട്ട ഒരു യുഎസ് ജ്യോതിശാസ്ത്രജ്ഞയാണ് വെരാ റൂബിൻ. ഗാലക്സി ഭ്രമണ പ്രശ്നത്തെക്കുറിച്ചുള്ള അവരുടെ പ്രവർത്തനങ്ങളാണ് ‘ഡാർക്ക് മാറ്റർ’ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്.

content summary: Vera Rubin Telescope Quickly Found 1200 New Asteroids

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment